Friday 15 May 2020 02:11 PM IST

ഇലക്ട്രിസിറ്റി ബില്ലില്‍ തൊട്ട് ഷോക്ക് അടിക്കാതിരിക്കണ്ടേ ; ഊർജവും പണവും ലാഭിക്കാൻ ചില ടിപ്സുകൾ!

V N Rakhi

Sub Editor

current-1

ചൂടുകാലം... പോരാത്തതിന് ലോക്ഡൗണും. വീട്ടിനകത്തു തന്നെയിരിക്കുമ്പോള്‍ ടിവിയും ഫാനും എസിയും ഫ്രിഡ്ജുമൊക്കെ പതിവിലേറെ കറന്റ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ബില്‍ വരുമ്പോള്‍ കാര്‍ട്ടൂണ്‍ കഥകളിലെപ്പോലെ കണ്ണ് തള്ളിയിട്ട് കാര്യമുണ്ടോ? അത്തരം ഷോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പണവും ഊര്‍ജവും ലാഭിക്കുകയും ചെയ്യാം.

ഫോണ്‍ മുഴുവനായി ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ എളുപ്പത്തില്‍ ഫോണ്‍ മാത്രം ഊരിയെടുക്കുന്നതാണ് ശീലം. സ്വിച്ചും ചാര്‍ജറും (പ്ലഗും) ഒക്കെ മറവിയിലാകും. എന്നാല്‍ ആ ശീലം മാറ്റിക്കോളൂ. ഫോണ്‍ കുത്തിയിട്ടിട്ടില്ലെങ്കിലും ചാര്‍ജര്‍ കറന്റ് വലിക്കും. ഫോണ്‍ ചാര്‍ജര്‍ മാത്രമല്ല, മൈക്രോവേവ്‌സ്, ഗെയ്മിങ് കണ്‍സോളുകള്‍, ടി വി, കംപ്യൂട്ടര്‍, അഡാപ്റ്ററുകള്‍, ടോസ്റ്റര്‍, വാട്ടര്‍ ബോയ്‌ലര്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിടുക. പ്ലഗ് ഊരിയിടുന്നതാണ് കൂടുതല്‍ അഭികാമ്യം. വയറിങ്ങില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ സ്വിച്ച് ഓഫ് ചെയ്തിട്ടാലും ഉപകരണം കറന്റ് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഇതിലൂടെ നല്ലൊരു ശതമാനം ഊര്‍ജം പാഴാകുന്നത് തടയാം.

കുറച്ച് കുറച്ചായി പലതവണ വാഷിങ്‌മെഷീനില്‍ വസ്ത്രങ്ങള്‍ അലക്കുന്നത് ഒരുപാട് ഊര്‍ജനഷ്ടമാണെന്ന് പറയേണ്ടതില്ല. ഫുള്‍ ലോഡ് ആയി അലക്കത്തക്കവിധം മുഷിഞ്ഞ വസ്ത്രങ്ങളാകുന്നതു വരെ കാത്തിരുന്ന് എല്ലാം ഒരുമിച്ച് അലക്കുന്നതാണ് ലാഭകരം. തണുത്തവെള്ളം ഉപയോഗിച്ച് അലക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും.

ഒറ്റത്തവണ വാഷിങ്‌മെഷീന്‍ ഉപയോഗിക്കുന്നതു പോലെത്തന്നെ പ്രധാനമാണ് ഡ്രയറിന്റെ ഉപയോഗവും. കഴിയുന്നതും ഡ്രയര്‍ ഉപയോഗിക്കാതെ അലക്കിയ തുണികള്‍ വിരിച്ചിട്ട് ഉണക്കുക. കുറച്ച് ബുദ്ധിമുട്ടാകുമെങ്കിലും ഇലക്ട്രിസിറ്റി ബില്‍ നല്ല മാറ്റം വരുത്തും ഇത്.

എയര്‍ കണ്ടിഷണറിനു പകരം ഫാന്‍ ഉപയോഗിക്കാം. ഇത് 20ശതമാനത്തോളം കറന്റ് ലാഭിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമായി എസിയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് മുഴുവന്‍ സമയവും വീട്ടിലിരിക്കേണ്ടി വരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍.

കാലപ്പഴക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ മാറ്റി പകരം പുതിയത് വാങ്ങാന്‍ മടിക്കേണ്ട.കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഉപകരണം വാങ്ങാന്‍ വേണ്ടി വന്ന പണം ഇലക്ട്രിസിറ്റി ബില്ലിലൂടെ സേവ് ചെയ്യാം.

പീക്ക് അവര്‍ അതായത് പൊതുവില്‍ കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്ന മണിക്കൂറുകളില്‍(വൈകുന്നേരം 6 മുതല്‍ 10 വരെയുള്ള സമയം) വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ബി്ല്‍ കൂടാനിടയാക്കും.

ട്യൂബ് ലൈറ്റുകള്‍ക്കും മറ്റും പകരം കഴിയുന്നിടങ്ങളിലെല്ലാം എല്‍ഇഡി, സിഎഫ്എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുക. വളരെയേറെ ഊര്‍ജലാഭമുണ്ടാകും. വീട്ടിലെ വയറിങ്ങില്‍ ലീക്കുകളൊന്നുമില്ല എന്നുറപ്പാക്കുക. പഴയ വയറിങ്ങുകള്‍ മാറ്റി പുതിയതാക്കാനും ശ്രദ്ധിക്കുക. ആളുകളില്ലാത്ത റൂമുകളിലെയും മറ്റും ഫാനുകളും ലൈറ്റുകളും ഓഫ് ചെയ്യാന്‍ പ്രത്യേകം ഓര്‍മ വയ്ക്കുക.

സൗരോര്‍ജ പാനല്‍ സ്ഥാപിച്ചാല്‍ നല്ലൊരു പരിധി വരെ ഇലക്ട്രിക് ബില്ലില്‍ പണം ലാഭിക്കാം. വീടുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ധനസഹായവും കിട്ടുന്നുണ്ട്.

Tags:
  • Spotlight