Saturday 09 February 2019 05:53 PM IST : By സ്വന്തം ലേഖകൻ

ഗൾഫിലുള്ള അച്ഛൻ സർപ്രൈസ് നൽകി വീട്ടിൽ; കണ്ണീരുപൊടിയും ഈ മക്കളുടെ സ്നേഹം കണ്ടാൽ; വിഡിയോ

nri

‘വിരഹത്തിൻ വേദനയറിയണമെങ്കിൽ ഒരിക്കലെങ്കിലുമൊരു പ്രവാസിയാകണം.’ സോഷ്യൽ മീഡിയയിൽ ആരോ കുറിച്ചിട്ട വാക്കുകളാണ്. ഒന്നോർത്താൽ ആ വാക്കുകള്‍ അക്ഷരംപ്രതി ശരിയെന്നു തന്നെ പറയേണ്ടി വരും. ആ വേദനയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി എത്രയോ ജീവിതങ്ങൾ നമുക്ക് മുന്നിലുണ്ട്. സ്വന്തം മക്കളെ വിട്ട്, പ്രിയതമയെ പിരിഞ്ഞ്, ഉറ്റവരേയും ഉടയവരേയും കാണാതെ മണലാരാണ്യത്തിൽ നൊന്തു നീറി കഴിയുന്ന എത്രയോ പ്രവാസികൾ.

നിമിഷങ്ങൾ അളന്നു മുറിച്ചുള്ള കാത്തിരിപ്പിനൊടുവിൽ അവർ നാട്ടിലേക്ക് വണ്ടികയറുമ്പോൾ പലപ്പോഴും ഹൃദ്യമായ ഒരുപിടി നിമിഷങ്ങളും പിറക്കാറുണ്ട്. കാത്തിരിപ്പും വിട്ടുപിരിയിലിന്റെ വേദനയുമെല്ലാം ഒരൊറ്റ പുനസമാഗമത്തിലൂടെ അലിഞ്ഞില്ലാതാകും. കാത്തിരിപ്പിനൊടുവിൽ പ്രവാസിയായ അച്ഛനെ കണ്ടു മുട്ടിയ ഈ മക്കളും അക്കൂട്ടത്തിലെ ഒടുവിലത്തെ ഉദാഹരണമാണ്. അവിചാരിതമായി വീട്ടിലേക്ക് കടന്നുവന്ന പ്രവാസിയായ അച്ഛനെ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ഇൗ കുഞ്ഞുങ്ങൾ. എന്നാൽ ആദ്യമുള്ള അമ്പരപ്പിന് ശേഷം ഇളയകുട്ടിയുടെ പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്.

പാൽക്കുപ്പിയുമായി എത്തിയ ഇളയവൾക്ക് അച്ഛനെക്കണ്ട സന്തോഷത്തിൽ ചിരിയടക്കാനായില്ല. പാൽക്കുപ്പിയുമായി സെറ്റിയിൽക്കിടന്ന് ചിരിയോട് ചിരി. ഇടയ്ക്ക് ഒന്ന് അച്ഛനെ നോക്കും മുഖം പൊത്തി വീണ്ടും ചിരിക്കും. ഇങ്ങനെ പലകുറി ആവർത്തിച്ചു. പിന്നാലെ എത്തിയ മൂത്തമകനാകട്ടെ ഷോക്കേറ്റപോലെ ഒറ്റ നിൽപ്പാണ്. അവന്റെ അമ്പരപ്പ് മുഖത്ത് നിന്നും വ്യക്തം. കാരണം വായ തുറന്നിരിക്കുകയായിരുന്നു. ഒടുവിൽ രണ്ടാമത്തെ മകൾ വന്നതോടെ വിഡിയോ കൈമാക്സിലേക്ക് കടക്കുകയാണ്. അവൾ ഒാടിയെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകൾ കൊണ്ട് വരവേറ്റു. ഇൗ സ്നേഹവീടിനെ മലയാളി നെഞ്ചേറ്റുകയാണ്.