‘ഞങ്ങൾ ജന്മം നൽകിയത് ഒരാൺകുട്ടിക്കാണ്. ഇനിയും അതങ്ങനെ തന്നെയാകണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ആണായി ജീവിക്കാമെങ്കിൽ നിനക്കീ വീട്ടിൽ കഴിയാം. ഇനി അതല്ല, കണ്ട ‘അവളുമാരെ’ പോലെ അണിഞ്ഞൊരുങ്ങി നടന്ന് വീടിന് ചീത്തപ്പേരുണ്ടാക്കാനാണ് ഭാവമെങ്കിൽ ഈ പടി കടക്കാം. തീരുമാനം നിന്റേതാണ്...’
ഉത്തരം, അത് ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെ ദിശാസൂചികയായി മാറുെമന്ന് ഹെയ്ദി സാദിയക്ക് ഉറപ്പായിരുന്നു. ആൺകുട്ടി എന്ന ‘വച്ചു കെട്ടലുമായി’ ജീവിക്കാമെന്ന് വീട്ടുകാർക്ക് വാക്കു കൊടുത്താൽ ഇക്കഥ അവർക്ക് ശുഭപര്യവസായിയാകും. പക്ഷേ പണയം വയ്ക്കേണ്ടി വരുന്നത് സ്വന്തം സ്വത്വത്തേയാണ്, അസ്തിത്വത്തേയാണ്. ഇനി അതല്ല മനസു പറയുന്നത് കേട്ടാൽ ആ വീടും വീട്ടുകാരും തനിക്ക് ആരുമല്ലാതായി തീരും. കുടുംബത്തിന്റെ മാനം കളഞ്ഞവളെന്നും പിഴച്ചവളെന്നുമുള്ള മേൽവിലാസവും പേറി ഒരു പക്ഷേ ജീവിക്കേണ്ടി വരും. ജീവിക്കണോ അതോ മരിക്കണോ എന്ന ചോദ്യം ഇതിനേക്കാൾ എത്രയോ ലളിതമാണ് എന്ന് ഹെയ്ദിക്ക് ആദ്യമായി തോന്നി.

അത്ഭുതവും ട്വിസ്റ്റും ഹാപ്പി എൻഡിംഗും തിരശീലയിൽ മാത്രമാണ്. ഇവിടെ സ്വന്തം സ്വത്വത്തിന്റെ പേരിൽ ‘പെണ്ണൊരുത്തി’ വീട്ടുകാർക്ക് വില്ലനായി മാറുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിക്കുന്നത്. സ്വത്വം കുഴിച്ചുമൂടിയുള്ള വീർപ്പുമുട്ടലിനേക്കാൾ ശുദ്ധവായു ശ്വസിച്ച് ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നിയ നിമിഷം ആദ്യം വീട്ടുകാരോടും തന്നെ നോക്കി പരിഹാസമെറിഞ്ഞ നാട്ടാരോടും അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

‘ഞാൻ ഹെയ്ദി സാദിയ... ജന്മം കൊണ്ട് ആണാണെങ്കിലും മനസു കൊണ്ട് പെണ്ണായി മാറിയവൾ...’
വീട്ടുകാർ കൽപ്പിച്ചു നൽകിയ ഭ്രഷ്ടുമായി പുറത്തേക്കിറങ്ങിയവൾക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം പക്ഷേ ആ കരളുറപ്പിനു മുന്നിൽ കാലം പുതിയ ആകാശങ്ങൾ തുറന്നിട്ടു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ അര നൂറ്റാണ്ട് ചരിത്രത്തിലാദ്യമായി ഹെയ്ദി സാദിയ എന്ന ട്രാൻസ് വുമൺ മിന്നുന്ന വിജയത്തോടെ പഠനം പൂർത്തിയായത് നേട്ടങ്ങളുടെ ചരടിലെ ഒടുവിലത്തെ മുത്തായിരുന്നു. ലോകം കാതോർത്ത ആ വിജയഗാഥ ‘വനിത ഓൺലൈൻ’ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

ഹെയ്ദി സാദിയ, ഞാനെന്ന പെണ്ണ്
ആണായി ജീവിക്കുന്നോ പെണ്ണായി ജീവിക്കുന്നോ എന്ന് ചോദിക്കുന്നതിനേക്കാളും ജീവിക്കുന്നോ മരിക്കുന്നോ എന്ന് ചോദിക്കുന്നതാണ് നല്ലത്. ജന്മം കൊണ്ട് ഞാൻ പുരുഷനാണ്. പൊന്നാനി സ്വദേശികളായ ഉപ്പയുടേയും ഉമ്മയുടേയും ഇളയ മകൻ. മനസു നോക്കാതെ ലിംഗം നോക്കി ആണിനേയും പെണ്ണിനേയും അളക്കുന്ന ലോകത്ത് ജനിച്ചു പോയ നിർഭാഗ്യവതി– ഒരു ദീർഘനിശ്വാസമിട്ട് ഹെയ്ദി പറഞ്ഞു തുടങ്ങുകയാണ്.

എട്ടിലോ ഒൺപതിലോ പഠിക്കുമ്പോഴാണ് എന്നിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഓപ്പോസിറ്റ് സെക്സിനോട് ആകർഷണമുണ്ടാകുന്ന സാധാരണത്വത്തിൽ നിന്നും അസാധാരണത്വത്തിലേക്ക് എന്റെ മനസു പാറിപ്പറക്കുകയാണ്. താത്പര്യവും ഇഷ്ടവും അഭിരുചിയും എല്ലാം ഒരു പെണ്ണ് ചിന്തിക്കും പോലെ. അന്നൊക്കെ അത് പുറത്തു പറഞ്ഞാൽ ഭൂകമ്പം ഉറപ്പ്. പ്രത്യേകിച്ച് യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ. പ്ലസ്ടു കഴിഞ്ഞ് മംഗലാപുരം ശ്രീനിവാസ് കോളേജിലേക്ക് ഉപരി പഠനത്തിനായി പോകുമ്പോഴാണ് ഉള്ളിന്റെയുള്ളിൽ ഒരു വലിയ സ്ഫോടനം തന്നെ നടക്കുന്നത്. ശരിക്കും പറഞ്ഞാൽ പെണ്ണിലേക്കുള്ള എന്റെ ആദ്യ ചുവടു വയ്പ്. അവിടുത്തെ ട്രാൻസ് സമൂഹത്തോട് അടുത്ത് ഇടപഴികയപ്പോൾ, ട്രാൻസ് ജെൻഡർ എന്നത് പ്രകൃതി വിരുദ്ധതയല്ല എന്ന് അടുത്തറിഞ്ഞപ്പോള്‍ ‘ജെൻഡർ’ ചിന്തകൾ ഉണ്ടായി. പുരുഷനായി പിറന്ന് സ്ത്രീയുടെ മനസ്സുമായി നടന്ന ഞാൻ ഒടുവിൽ പെൺ ഉടൽ സ്വന്തമാക്കാൻ തീരുമാനിക്കുന്നതും അവിടെവെച്ചാണ്. കല്ലും മുള്ളും നിറഞ്ഞതായിരുന്നു പിന്നീട് എനിക്കു മുന്നിൽ തുറക്കപ്പെട്ട പാത. ഉള്ളു പൊള്ളിക്കുന്ന ഒറ്റപ്പെടല്‍ ആദ്യം അനുഭവിക്കുന്നത് സഹപാഠികളില്‍ നിന്നാണ്. എന്റെ വ്യക്തിത്വത്തെ ഉൾക്കൊള്ളുന്നത് പോട്ടെ, കുത്തുവാക്കുകളും അപമാനങ്ങളും ആവോളം. വ്യക്തിഹത്യകളും കളിയാക്കലുകളും നിത്യ സംഭവമായി. ഒരിക്കൽ കോളജിലെ സീനിയർ വിദ്യാർത്ഥികൾ പൊതു ഇടത്തിൽവച്ച് എന്റെ വസ്ത്രമെല്ലാം ഉരിഞ്ഞ് ‘ആണാണോ പെണ്ണാണോ’ എന്ന ചോദ്യവുമായി അപമാനിച്ചു. തകർന്ന മനസുമായി വീട്ടിലേക്ക് പോരുന്നത് അങ്ങനെയാണ്.

വീട്ടുകാരും ഒറ്റപ്പെടുത്തുന്നു
വീട്ടില്‍ വന്ന് കാര്യങ്ങൾ വിശദമായി പറയുമ്പോൾ അനുഭവിച്ചതിലും വലിയ ഭൂകമ്പമാണ് ഉണ്ടായത്. എനിക്ക് മാനസിക രോഗമാണെന്ന് വരെ വീട്ടുകാർ തെറ്റിദ്ധരിച്ചു. ഡോക്ടറെ കാണിക്കാനും ചികിത്സിച്ച് ഭേദമാക്കാനുമുള്ള ശ്രമമായി പിന്നീട്. ഇതൊരു അസുഖമല്ല, മാനസികാവസ്ഥയാണ്, പ്രകൃതി നിയമങ്ങളുടെ ഭാഗമാണ് എന്ന് ആരെ പറഞ്ഞു മനസിലാക്കാൻ. ഞാൻ പിൻവാങ്ങുന്നില്ലെന്ന് കണ്ടപ്പോൾ പീഡനങ്ങളും കുത്തുവാക്കുകളും കലശലായി. മനസു മാറാൻ വേണ്ടി മാസങ്ങളോളം വീട്ടുകാർ ഇരുട്ടറയിൽ പൂട്ടിയിട്ടു. ആ കാലയളവിൽ സ്വന്തം വീട്ടിലുള്ളവരോട് സംസാരിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. മനസ്സ് മാറാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയതാണ് മറ്റൊരു ക്രൂരമായ തമാശ. പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് വരെ ഉപ്പ തന്നോട് പറഞ്ഞിട്ടുണ്ട്. തുണയാകുമെന്ന് കരുതിയൊരു ഇക്കയുണ്ട്, എന്റെ സഹോദരൻ, പുള്ളിക്കാരൻ മസ്ക്കറ്റിൽ ജോലി ചെയ്യുന്നു. സഹായവും പിന്തുണയും കണ്ട് അദ്ദേഹത്തേയും പലകുറി വിളിച്ചിരുന്നു. പക്ഷേ ഇക്കയും എന്നെ ഒഴിവാക്കുന്ന മട്ടായിരുന്നു. അതിൽ പിന്നെ ഞാനാ വഴിക്ക് പോയിട്ടില്ല.

ഒടുവിൽ സഹികെട്ടപ്പോൾ അവസരം പോലെ ഞാനാ നരകത്തിൽ നിന്നും രക്ഷപ്പെട്ടു.. അന്ന് രഞ്ജു രഞ്ജിമാറും ശീതൾ ശ്യാമുമാണ് എനിക്ക് അഭയം നൽകിയത്. പിന്നീട് അവർ പോലുമറിയാതെ പെൺ ഉടൽ സ്വന്തമാക്കാനുള്ള ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്താനായി ബെംഗളുരുവിലേക്ക്….
ചൂഷണങ്ങളുടെ ബംഗളുരു
വീട്ടുകാരില്‍ നിന്നും രക്ഷപ്പെട്ട് ചെന്നിറങ്ങുന്നത് ബംഗളുരുവിലെ ഹിജഡ വിഭാഗത്തിന്റെ ഇടയിലേക്ക്. പെൺ ഉടൽ സ്വന്തമാക്കാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹത്തിന് അവരുടെ സഹായവും പ്രചോദനവുമായിരുന്നു വളം. ശസ്ത്രക്രിയയ്ക്കുള്ള പണം നൽകാമെന്ന് വരെ അവർ വാഗ്ദാനം ചെയ്തു. പക്ഷേ എനിക്കു ചുറ്റും ചതിയുടെ വലിയൊരു വലയം രൂപപ്പെടുന്നത് ഞാൻ വൈകിയാണ് അറിഞ്ഞത്. അവർ എന്നെ ചൂഷണം ചെയ്തു, പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ലൈംഗിക–വേശ്യാ വൃത്തി തൊഴിലായി സ്വീകരിച്ചവരായിരുന്നു അവരിൽ അധികവും. സ്വസ്ഥമായൊരു ജീവിതം സ്വപ്നം കണ്ടു നടക്കുന്ന എനിക്ക് പറ്റിയ ഇടമല്ലെന്ന് മനസിലാക്കിയപ്പോൾ അവിടുന്ന് കരകയറാനുള്ള ശ്രമമായി. ട്രാൻസ്ജെൻഡർ എന്നാൽ ശരീരം വിറ്റ് ജീവിക്കേണ്ടവരല്ല എന്ന് ആദ്യം വീട്ടുകാരോടും പിന്നെ ഈ ലോകത്തോടും എനിക്ക് തെളിയിക്കണമായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് തന്നെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താണ് ഞാൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്.എന്നെ ആ ചതിക്കുഴിയിൽ നിന്നും രക്ഷപ്പെടുത്തിയ എൻറെ സുഹൃത്തും ട്രാൻസ്‍വുമണുമായ ആലിയയെ ഈ നിമിഷം ഓർക്കുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം അവസാന ശ്രമമെന്നോണം ഞാന്‍ ഒരിക്കൽ കൂടി എന്റെ ഉപ്പയേയും ഉമ്മയേയും വിളിച്ചു. എല്ലാം നശിപ്പിച്ചില്ലേ... കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ എന്നൊക്കെയായിരുന്നു അവരുടെ മറുപടി. പുറത്തിറങ്ങി നടക്കുമ്പോള്‍ എന്നെ നോക്കി ആൾക്കാര്‍ കല്ലെറിയും എന്നാതായിരുന്നു അവരുടെ വാദം. ദേ നോക്കൂ...എന്റെരൂപം കണ്ടാൽ ഞാനൊരു ആണാണെന്ന് ആരെങ്കിലും പറയുമോ... ഇത് ഉടൽ കൊണ്ടുള്ള എന്റെ മറുപടിയാണ്. – ഹെയ്ദിയുടെ മുഖത്ത് ആത്മവിശ്വാസം
ജീവിതം മാറ്റിയ രഞ്ജു രഞ്ജിമാർ
എല്ലാം നഷ്ടപ്പെട്ടവൾക്ക് തുണയാകാന്‍ ആരെയെങ്കിലും പടച്ചവൻ ആരെയെങ്കിലും അയക്കുമെന്ന് കേട്ടിട്ടില്ലേ. എന്റെ ജീവിതത്തിൽ ദൈവ തുല്യയായി എനിക്കു മുന്നിലെത്തിയത് രഞ്ജു രഞ്ജിമാറാണ്. ഒരർഥത്തിൽ എന്റെ അമ്മ. എന്നെ പഠനത്തിനായി സഹായിക്കുന്നതെല്ലാം രഞ്ജുവാണ്. എനിക്ക് പുതിയൊരു ജീവിതം തരുന്നത് ആ സ്ത്രീയാണ്. ഇന്ധിരാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ഞാൻ മാധ്യമപ്രവർത്തനമാണ് വഴിയെന്ന് തിരിച്ചറിഞ്ഞു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടാനായി നിരവധി കേളജുകളെ സമീപിച്ചുവെങ്കിലും ‘ട്രാൻസ്‌ജെൻഡറാണ്’ എന്ന ഒറ്റക്കാരണത്താൽ ഞാൻ ഒഴിവാക്കപ്പെട്ടു.
ആ സമയത്താണ് തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ട്രാൻസ്‌ജെൻഡറുകൾക്കായി സീറ്റ് റിസർവ് ചെയ്യുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കഥ പറയുന്ന ‘അവളിലേക്കുള്ള ദൂരം’ എന്ന ഹ്രസ്വചിത്രം കണ്ട് പ്രചോദനമുൾകൊണ്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരമൊരു നടപടിക്ക് ഒരുങ്ങിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലുമെല്ലാം നല്ല മാർക്ക് വാങ്ങി അവിടെ അഡ്മിഷൻ സ്വന്തമാക്കി. അവിടെ പഠനവും സൗജന്യമായിരുന്നു. ദുഷിപ്പുകളുടേയും അവഗണനകളുടേയും ലോകം കണ്ടു പരിചയിച്ച എനിക്കു മുന്നിൽ പ്രസ് ക്ലബ് ക്യാമ്പസിൽ പുതിയൊരു ലോകം രൂപപ്പെട്ടു. സഹപാഠികളും അധ്യാപകരുമെല്ലാം എന്നെ സ്നേഹം കൊണ്ടു പൊതിഞ്ഞു. പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഞാൻ താമസിച്ചിരുന്നത്.

പുതിയ സ്വപ്നങ്ങൾക്ക് സ്വാഗതം
തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേണലിസം കോഴ്സ് നല്ല രീതിയിൽ പാസായി. നല്ലൊരു ജോലി എവിടെയോ ഇരിപ്പുണ്ട്. എല്ലാം വിധി പോലെ നടക്കും. ഇത്രയും അനുഗ്രഹം തന്ന ദൈവം ഇനി അതും തരും ഷുവറാ... അത്യാവശ്യം മോഡലിങ്ങിലും സിനിമയിലുമൊക്കെ കമ്പമുണ്ട്. അങ്ങനെയൊരു തലവര തെളിഞ്ഞാലും ബോണസല്ലേ... പ്രധാന വിശേഷം അതു മാത്രമല്ല, കരിയർ ഒരു കരയ്ക്കടുപ്പിച്ചാൽ എന്റെ ജീവിതത്തിൽ ഒരാൾ കൂടി വരും. എനിക്ക് ഇണയായി തുണയായി... എന്റെ അമ്മ രഞ്ജു രഞ്ജിമാർ വഴി വന്ന ആലോചനയാണ്. പുള്ളിക്കാരന്റെ പേര് അഥർവ് മോഹൻ. ഒഫീഷ്യല്‍ പെണ്ണു കാണലൊക്കെ കഴിഞ്ഞു. ബാക്കി വിശേഷം വഴിയേ അറിയിക്കാം... പറയുമ്പോൾ ഹെയ്ദിയുടെ മുഖം നാണത്താൽ തുടുത്തു. അവളുടെ മൊഞ്ച് ഒന്നു കൂടി തെളിഞ്ഞു.
