Wednesday 10 July 2019 11:36 AM IST : By സ്വന്തം ലേഖകൻ

‘ രാക്ഷസ ട്യൂമർ എന്നെ വിഴുങ്ങും മുമ്പ് അത് ചെയ്യണം’; അപൂർവ രോഗവും പേറി ജീവിതം; കരീനയുടെ സ്വപ്നം ഇതാണ്

kareena

ആൽബത്തിനുള്ളില്‍ നിറം മങ്ങാതിരുന്ന തന്റെ കുട്ടിക്കാല ഫൊട്ടോയിലേക്ക് ഇരുപത്തിയെട്ടുകാരി കരീന ഒന്നുകൂടി ഇരുത്തി നോക്കി. കുസൃതിയൊളിപ്പിച്ചൊരു സുന്ദരി കുരുന്ന്.

‘അന്ന് ഞാനെത്ര സുന്ദരിയായിരുന്നുവെന്ന് അറിയോ...ഇന്നും അതേ...എന്റെ അമ്മയുടെ ചന്തം ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. സുന്ദരമായ മുഖം...നല്ല കണ്ണുകൾ...ഒത്ത ശരീരം...പക്ഷേ....’

പറഞ്ഞു മുഴുമിക്കാത്ത ആ വാക്കുകളെ മുറിച്ചത് രണ്ടിറ്റ് കണ്ണുനീർ തുള്ളികളാണ്. സുന്ദരിയായിരിന്നിട്ടു കൂടിയും അവളുടെ മിഴികളെ ഈറനണിയിച്ചത് ആ അപൂർവ രോഗമാണ്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം പിടിപ്പെടുന്ന അപൂർവ രോഗം. പതിനാല് വയസു വരേയും എല്ലാ വിധ അംഗസൗകുമാര്യങ്ങളോടും കൂടി വളർന്നു വന്ന തന്നെ കണ്ണീർക്കയത്തിലേക്ക് തള്ളിവിട്ട അപൂർവ രോഗമെന്ത്? ബ്രസീലുകാരിയായ കരീനയുടെ ശരീരം തന്നെയാണ് അതിനുള്ള ഉത്തരം.

പറഞ്ഞല്ലോ എന്റെ ശരീരത്തിലുണ്ട് ഞാനിന്ന് അനുഭവിക്കുന്ന വേദനയുടെ ആഴം. അരയ്ക്കു കീഴ്പ്പോട്ട്...കൃത്യമായി പറഞ്ഞാൽ വയറിന് കീഴ്ഭാഗത്തായി വളർന്നിറങ്ങിയിരിക്കുന്ന ഈ ‘രാക്ഷസ ട്യൂമറാണ്’ കരീനയെ വേദനയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.– കരീന പറഞ്ഞു തുടങ്ങുകയാണ്.

പതിനാല് വയസു വരെ എനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഒരു മുഖക്കുരു കൊണ്ട് പോലും ദൈവം എന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഒരു ദിവസം നോക്കുമ്പോൾ പൊട്ടിനേക്കാൾ വലുപ്പത്തിൽ തുടയുടെ ഭാഗത്ത് ചില പാടുകൾ കാണായി. ആദ്യമൊന്നും കാര്യമാക്കിയില്ല. പക്ഷേ ദിനങ്ങൾ മാസങ്ങളായി മാറിയപ്പോൾ ആ പൊട്ടുപോലത്തെ പാടുകൾ വലുപ്പം വയ്ക്കാൻ തുടങ്ങി. ആശങ്കയുടെ നാളുകള്‍ അവിടെ തുടങ്ങുകയാണ്. അത് വളർന്ന് വലുതാകുന്നതിനൊപ്പം എന്തെന്നില്ലാത്ത പേടിയും എന്നെച്ചുറ്റി വളരാൻ തുടങ്ങി. ആശുപത്രികളായ ആശുപത്രികളിലേക്ക് ഓടി. ഒരു ഡോക്ടറിനും ഇത് എന്താണ് സംഭവമെന്നോ, എന്ത് ചികിത്സ നൽകുമെന്നെ കൃത്യമായി ഉത്തരമില്ല. നാളുകൾ കഴിഞ്ഞപ്പോൾ ആ വേദനയുടെ വലുപ്പം ഉച്ഛസ്ഥായിലായി. എന്നെ ചുറ്റി കാടു പോലെ വളർന്ന ആ ട്യൂമർ ഭീമാകാരനായി. ഇന്നതിന്റെ ഭാരം 40 കിലോയോളം വരും. പറഞ്ഞാൽ വിശ്വസിക്കുമോ?–കരിന ചോദിക്കുന്നു.

kareena-1

ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 (Neurofibromatosis type 1 (NF1)) എന്ന നെടുനീളൻ പേരാണ് ശാസ്ത്ര ലോകം ഈയവസ്ഥയ്ക്ക് നൽകിയിരിക്കുന്നത്. ഒരു തരം ജനിതകം രോഗം. തൊലിയിലെ കോശങ്ങളിലോ, തലച്ചോറിലോ, മറ്റ് ഭാഗങ്ങളിലോ ഇത്തരം അവസ്ഥകൾ സംഭവിക്കാമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പക്ഷേ ഇത് നീക്കം ചെയ്യാവുന്ന ഘട്ടമെത്തിയപ്പോൾ പല വിദഗ്ധർക്കും കരിനയുടെ ജീവൻ തുലാസിലാകുമോ എന്ന് പേടി. അത് കൊണ്ട് തന്നെ ഇന്നും ആ ‘ശരീര ഭാരവും’ ഏന്തി കരിന ജീവിതം തള്ളനീക്കുന്നു.

ഒരു സുപ്രഭാതത്തിൽ ഡോക്ടർ എന്നെ കാണാൻ വരും. എന്നിട്ട് എന്നോട് പറയും. ‘കരീനാ...നിന്റെ ഈ ട്യൂമർ ഞാൻ നീക്കം. നിന്നെ ചികിത്സിച്ച് ഭേദപ്പെടുത്താം.’ ഇങ്ങനെയൊരാൾ വന്നു പറയുന്ന നാളിനായി കാത്തിരിപ്പാണ് ഞാൻ. എനിക്കുറപ്പുണ്ട് അത് സംഭവിക്കും. പിന്നെ ഈ അസുഖത്തിന്റെ പേരിൽ വീട്ടിൽ അടങ്ങിക്കൂടിയിരിക്കാന്‍ ഞാൻ ഒരുക്കമല്ല. എനിക്ക് പറക്കണം. എന്റെ സ്വപ്നങ്ങൾക്കൊപ്പം. ബാക്കിയെല്ലാം വരുന്നത് പോലെ വരട്ടെ– ശുഭാപ്തി വിശ്വാസത്തോടെ കരിന പറഞ്ഞു നിർത്തി.