‘എത്രയും ബഹുമാനപ്പെട്ട പ്രിയ ഭർത്താവ് വായിക്കുവാൻ’. പ്രവാസി മലയാളികളുടെ മലയാളിയുടെ ഇന്നലെകളെ ത്രസിപ്പിച്ച ഹിറ്റ് ഗാനങ്ങളിലൊന്നാണിത്. വിദേശത്തുള്ള ഭർത്താവിന് ഭാര്യ അയക്കുന്ന കത്തിന്റെ രൂപത്തിലാണ് ഈ പാട്ടിലെ വരികള്‍. വിരഹവും വേദനയും നിറഞ്ഞു നിൽക്കുന്ന ഈ ഗാനത്തിന് അന്നും ഇന്നും ആരാധകരേറെ. എസ്.എ ജമീലാണ് ആ പാട്ടിന് ജീവൻ നൽകിയിട്ടുള്ളത്.
ഹിറ്റായ ആ കത്ത് പാട്ടിന്റെ ഈണത്തിനൊപ്പം തന്റെ ജീവിതം ചേർത്തു വച്ച് ഒരു മനുഷ്യൻ ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുകയാണ്. ‘എൻ കരൾ വേദന കാണുവാനാരുണ്ട്..’ എന്ന് ഈ മനുഷ്യൻ പാടുമ്പോൾ കേൾക്കുന്നവരുടെ കണ്ണുകൾ അറിയാതെയെങ്കിലും നിറയും. ഭാര്യയെ നോക്കിയാണ് ഈ വൈറൽ നായകന്റെ സങ്കടപ്പാട്ട്. സങ്കടത്തിനൊപ്പം അൽപം ചിരിയും കുസൃതിയും കൂടിയാകുമ്പോൾ പാട്ട് ഉഷാറാകുന്നുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് ഈ നന്മനിറഞ്ഞ കാഴ്ച സോഷ്യൽ ലോകം ലൈക്കേറ്റിക്കഴിഞ്ഞു. ‘എത്രയും ബഹുമാനപ്പെട്ട എന്റെ മോൻ കണ്ടറിയുവാൻ..’ എന്ന വരികളോടെ ഇൗ വാപ്പ ഉമ്മാനെ അടുത്തിരുത്തി മകനോട് പാടുന്നത് പലയാവർത്തി കേട്ടാലും മടുക്കില്ലെന്നാണ് ലഭിക്കുന്ന കമന്റുകൾ. രസകരമായ വരികളിൽ സങ്കടം പറയുമ്പോൾ അടുത്തിരുന്ന് ചിരിക്കുന്ന ഉമ്മയെയും വിഡിയോയിൽ കാണാം.