Friday 17 August 2018 04:02 PM IST : By സ്വന്തം ലേഖകൻ

കട്ടപ്പനയാറിന്റെ ആഴക്കയത്തിൽനിന്ന് ജീവിതത്തിലേക്ക്; ജാസിലിനിത് രണ്ടാംജന്മം

idukki-bund-safe.jpg.image.784.410

കട്ടപ്പനയാറിന്റെ ഇരുപതേക്കർ ഭാഗത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി കയത്തിൽപെട്ട് പത്തു മിനിറ്റോളം വെള്ളത്തിൽ കിടന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽമൂലം രക്ഷപ്പെടുത്തി. കട്ടപ്പന പുത്തൻപറമ്പിൽ അർഷദിന്റെ മകൻ ജാസിൽ സമാൻ (13) ആണ് രക്ഷപ്പെട്ടത്. ഇരുപതേക്കർ കപ്പൂച്ചിൻ ആശ്രമത്തിനു സമീപത്തുകൂടിയുള്ള ദർശന നഗർ റോഡിലൂടെ ഏതാനും മീറ്റർ സഞ്ചരിച്ച് നടപ്പുവഴിയിലൂടെ ഇറങ്ങിയെത്തുന്ന ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.

ജാസിൽ ഉൾപ്പെട്ട നാലംഗ വിദ്യാർഥി സംഘമാണു കുളിക്കാനായി സ്ഥലത്തെത്തിയത്. മറ്റുള്ളവർ കരയിൽ ഇരുന്നപ്പോൾ ജാസിൽ ആറ്റിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി. ഇതിനിടെ അപകടത്തിൽപെടുകയായിരുന്നു. ഏറെ ആഴമുള്ള ഭാഗത്ത് ജാസിലിന്റെ കാൽ ചെളിയിൽ പുതഞ്ഞ് അകപ്പെടുകയായിരുന്നെന്നാണു വിവരം. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് സമീപത്തു നിർമാണജോലിയിൽ ഏർപ്പെട്ടിരുന്ന നാട്ടുകാരായ എം.ആർ.സജിത്ത്, ജസ്റ്റിൻ ജയിംസ്, ലിബിൻ ബേബി, റോബിൻ കുര്യാക്കോസ് എന്നിവർ ഓടിയെത്തിയാണു ജാസിലിനെ രക്ഷിച്ചത്.

കരയ്ക്കുകയറ്റിയശേഷം താങ്ങിയെടുത്തു റോഡിൽകൊണ്ടുവന്നു വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസാധ്യതയേറെയുള്ള ഇവിടെ അനവധി കുട്ടികളാണു കുളിക്കാൻ എത്തുന്നത്. മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും കുട്ടികൾ അവഗണിക്കുന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു.

ഇന്നലെ അപകടത്തിൽപെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചശേഷം ഏതാനും സമയം കഴിഞ്ഞപ്പോൾ വീണ്ടും വിദ്യാർഥികൾ ഇവിടെ എത്തിയിരുന്നു. ഇവരെ നാട്ടുകാർ ഇടപെട്ടു മടക്കി അയയ്ക്കുകയായിരുന്നു. വൈകുന്നേരമായാൽ ഇവിടെ സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്. മദ്യപാനത്തിനും മറ്റുമായി അനവധിപേർ ഇവിടേക്ക് എത്തുന്നതു പ്രദേശവാസികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുകയാണ്. അപകട സാധ്യത ഒഴിവാക്കാനും സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കാനും നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

കൂടുതൽ വായനയ്ക്ക്