Thursday 31 December 2020 12:56 PM IST

കുളം കുഴിച്ചപ്പോൾ കിട്ടിയ തലയോട്ടി, കല്ലറ തുറന്നുള്ള പരിശോധന: അന്വേഷണ വഴിയിലെ ഏടുകൾ: കെജി സൈമൺ പറയുന്നു

Rakhy Raz

Sub Editor

kgs-family

ഉത്തരം കിട്ടാതെ പോയതും പ്രമാദമായതുമായകൊലക്കേസുകളുടെ കുരുക്കുകളഴിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. കേരളത്തെ ഞെട്ടിച്ച  ‘കൂടത്തായി’  കൊലപാതകങ്ങൾ വരെ നീളുന്ന കേസുകളിൽ ആ മനുഷ്യന്റെ കർമ്മ കുശലത കേരളം ദർശിച്ചു. കർമ്മവഴിയിൽ സമാനതകളില്ലാത്ത മേൻമയും മികവും കാഴ്ച വച്ച് പത്തംനിട്ട ജില്ല പൊലീസ് മേധാവി കെജി സൈമൺ പടിയിറങ്ങുകയാണ്.

ഓർമ്മകളെ ചികയുമ്പോൾ സൈമന്റെ അന്വേഷണ ബുദ്ധിയിൽ വെളിച്ചം കണ്ടത് അമ്പത്തി രണ്ടോളം കൊലപാതക കേസുകൾ. ‘വനിതയോട്’ സംസാരിക്കുമ്പോഴും സൈമൺ വാചാലനായത് തന്റെ കർമ്മ മേഖലയെക്കുറിച്ചാണ്. 2020 ജൂലൈ രണ്ടാം ലക്കം വനിതയ്ക്ക് കെജി സൈമൺ നൽകിയ അഭിമുഖം ചുവടെ വായിക്കാം:

‘‘കുറ്റാന്വേഷണം ഒരു ഗെയിം ആണ്. ജയിക്കാനായി മാത്രം കുറ്റാന്വേഷകന്‍ കുറ്റവാളിയോടൊപ്പം കളിക്കുന്ന ഗെയിം.’’ - ജോളി കേസ് ഉൾപ്പടെ സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിയിച്ച കെ.ജി. സൈമണ്‍ തന്‍റെ അനുഭവങ്ങളിലൂടെ...

വിജയങ്ങളും പുരസ്‌കാരങ്ങളും തരുന്ന ആനന്ദം കെ. ജി. സൈമൺ എന്ന കുറ്റാന്വേഷകൻ ഒരളവിൽ കവിഞ്ഞു മനസ്സിലേക്ക് എടുക്കാറില്ല. ഓ രോ വിജയങ്ങളും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഊർജമാക്കി മാറ്റുകയാണ് പതിവ്. ഈ സമചിത്തതയും നിയന്ത്രണവും ആണ് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കെ. ജി. സൈമൺ എന്ന പേര് എഴുതിചേർത്തത്. 35 വർഷത്തെ സർവീസിൽ തെളിയിച്ചത് 52 കേസുകൾ.

മൂന്നാറിൽ ഇൻസ്പെക്ടർ ആയിരിക്കെ, പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാത്ത ഏഴു കേസുകൾ ഒരു വർഷത്തിനുള്ളിൽ തെളിയിച്ചതിന് മെറിറ്റോറിയൽ സർവീസ് എൻട്രി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ആയിരിക്കെ 19 കേസുകൾ തെളിയിച്ചു. കാസർകോട് സേവനം അനുഷ്ഠിക്കെ ഒരു വർഷത്തിനുള്ളിൽ പത്തു കേസുകൾ തെളിയിച്ച റെക്കോർഡോടെ കോഴിക്കോട്ടേക്ക്. അവിെട റൂറൽ എസ്പി ആയി ചുമതലയേറ്റ ശേഷമാണ് കേരളത്തെ ഞെട്ടിച്ച, ഏറ്റവും വിവാദമായ കൂടത്തായി െകാലക്കേസ് ചുരുളഴിയുന്നത്. 2002 മുതൽ 2016 വരെ കാലയളവിൽ നടന്ന, ‘ഇനി പിടിക്കപ്പെടില്ല’ എന്ന് പ്രതി ഉറപ്പിച്ച, കൂടത്തായി കൊലക്കേസിെല പ്രതിയെ കണ്ടെത്തിയതോടെ, കെ. ജി. സൈമൺ എന്ന പേര് മലയാളികൾ ഓരോരുത്തർക്കും സുപരിചിതമായി.

കോഴിക്കോട്ട് നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സൈമൺ എത്തിയതിനു പിന്നാലെ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത, രണ്ടു വർഷമായി നടപടിയാകാതെ തുടർന്ന ജെസ്ന തിരോധാന കേസിൽ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. കേരളാ പൊലീസിലെ അഭിമാന താരം കെ. ജി സൈമൺ തന്റെ അനുഭവങ്ങളിലേക്ക്...

കല്ലറ തുറക്കുന്നതു പോലുള്ള കാര്യങ്ങൾ നടത്തിയെടുക്കുക നമ്മുടെ നാട്ടിൽ പ്രയാസമല്ലേ?

നമ്മുടെ വിശ്വാസവും അന്വേഷണവുമായി കൂട്ടിക്കലർത്താനാകില്ല. ‘ഇതിന്റെ പേരിൽ എന്തു പ്രശ്നം വന്നാലും ഞാൻ മാത്രം ആയിരിക്കും ഉത്തരവാദി, കല്ലറ തുറക്കുന്നത് ഞാൻ തീരുമാനം എടുത്തു നടപ്പാക്കുന്നതാണ്...’ എന്ന് അറിയിച്ചിരുന്നു. കൂടാതെ, ‘ഡിപ്പാർട്മെന്റിന്റെയോ  ഗവൺമെന്റിന്റെയോ തീരുമാനമോ, കൂടെ ഉള്ള ഉദ്യോഗസ്ഥരുടെയോ ഡോക്ടർമാരുടെയോ പങ്കോ, ഇതിൽ ഇല്ല...’ എന്നും വ്യക്തമായി മനസ്സിലാക്കി. ആദ്യം എതിർപ്പുകൾ ഉണ്ടായി. നല്ല കുടുംബം ആണ്, കല്ലറ തുറക്കുന്നത് അവർക്ക് മാനക്കേടാണ് തുടങ്ങിയ വാദങ്ങൾ. ‘ഇത് ചെയ്യേണ്ട കാര്യമാണ്, മരിച്ചവർക്ക് ലഭിക്കേണ്ട നീതിയുടെ പ്രശ്നമാണ്, അനുവദിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങേണ്ടി വരും’ എന്നു ബോധ്യപ്പെടുത്തി. എന്തെങ്കിലും പാളിച്ച പറ്റിയാൽ സമാധാനം പറയുക എളുപ്പമല്ല എന്ന് പേടിയോടെ ഓർമിപ്പിച്ചവർ ഉണ്ട്. എനിക്കു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. നീതി വെളിപ്പെടും എന്ന് ഉറപ്പാണെങ്കിലും സഹപ്രവർത്തകർക്ക് ഒരുവിധ ബുദ്ധിമുട്ടും വരരുത് എന്ന നിർബന്ധവും ഉണ്ടായിരുന്നു. തുടക്കത്തിൽ എതിർത്തെങ്കിലും  കല്ലറ തുറക്കാൻ പണിക്കാരെ വരെ ഏർപ്പെടുത്തിത്തന്ന് പള്ളിക്കാരും ജനങ്ങളും കൂടെ നിന്നതിൽ അതിയായ നന്ദി ഉണ്ട്.

പല കേസിലും ഇരകൾ പാവപ്പെട്ടവർ ആണ്. അവർക്കു ചോദിക്കാൻ ആരുമില്ല. അവർക്കു വേണ്ടിയാണ് െപാലീസ് എന്നാണു താങ്കളുെട അഭിപ്രായം. പക്ഷേ, പൊലീസിനെക്കുറിച്ചു ജനങ്ങളുടെ ധാരണ തിരിച്ചല്ലേ ?

ശരിയാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഞാൻ അന്വേഷി ച്ച ബഹുഭൂരിപക്ഷം കേസുകളിലും ഇരകൾ പാവപ്പെട്ടവർ ആ യിരുന്നു. ചില കേസുകളിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആക്‌ഷൻ കമ്മിറ്റി രൂപീകരിക്കാനും ആരും ഉണ്ടാകില്ല. അങ്ങനെ ഉള്ള അവസരത്തിൽ മരിച്ചവർക്ക് നീതി ഉറപ്പാക്കുക എന്ന തത്വം അന്വേഷണ ഉദ്യോഗസ്ഥർ ഏറ്റെടുക്കണം. എന്റെ മുന്നിൽ വരുന്ന കേസുകളിൽ ഞാൻ അത് പാലിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ തെരുവിൽ അലഞ്ഞ സ്ത്രീയെ കൊലപ്പെടുത്തിയ കേസ്, കാസർകോട് ഒറ്റയ്ക്ക് താമസിച്ച ഉമ്മയെ മൂന്നു പേർ ചേർന്ന് കൊലപ്പെടുത്തിയ കേസ്, വണ്ടിപെരിയാറിൽ അമ്മയെയും മകളെയും ബലാത്സംഗം ചെയ്തു കൊല പ്പെടുത്തിയ കേസ് എന്നിവ അക്കൂട്ടത്തിൽ പെടും.

പൊലീസിനെക്കുറിച്ചു ജനങ്ങളുടെ ധാരണ തിരിച്ചാണ്   എന്നു പറയുന്നത് ശരിയല്ല. ചില കേസുകളിൽ തെറ്റ് പറ്റുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിന്റെ കാരണമായി പറയുന്ന വ്യാഖ്യാനങ്ങൾ എല്ലാം ശരിയായിക്കൊള്ളണം എന്നില്ല.

ധനവാന്മാരുടെ കേസിലും നീതി ബോധം കുറയുന്നില്ല. അബ്കാരി കോണ്‍ട്രാക്ടര്‍ മിഥിലാ മോഹൻ കേസും ചീമേനി കൊലക്കേസും ഉദാഹരണം. സ്പിരിറ്റ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള പക മൂലം മോഹന്റെ ബിസിനസ് പങ്കാളിയായ, ‘കുരുമുളക് അണ്ണൻ’ എന്നു വിളിക്കുന്നയാൾ ഗൂഢാലോചന നടത്തി തമിഴ്നാട് സ്വദേശികളെ ഉപയോഗിച്ചു മിഥിലാ മോഹനെ കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് ചീമേനിയിലെ അധ്യാപികയെ കൊലപ്പെടുത്തിയത് സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് വരെ നീണ്ട അന്വേഷണത്തിനൊടുവിൽ അയൽവാസികളെ പിടികൂടി. സസൂക്ഷ്മം നിരീക്ഷിച്ചു തന്ത്രപരമായ നീക്കം നടത്തിയാണ് ചീമേനി പ്രതികളെ പിടിച്ചത്.

ഞാൻ കോട്ടയത്തു െപാലീസ് സൂപ്രണ്ട്  ആയിരിക്കുമ്പോഴാണ്, തലയോലപ്പറമ്പിൽ ബ്ലേഡ് ബിസിനസ് നടത്തിയിരുന്ന മാത്യുവിന്റെ കൊലപാതകം. പലിശയ്ക്ക് പണം വാങ്ങിയ ഒരാൾ ആണ് അതു നടത്തിയത്. പണം തിരികെ കൊടുക്കാൻ എന്നു പറഞ്ഞു മാത്യുവിന്റെ ബിസിനസ്  സ്ഥാപനത്തിൽ എ ത്തിയ പ്രതി അദ്ദേഹത്തെ കൊന്ന് കെട്ടിടത്തിനു പുറകിൽ വെറുതെ കിടന്ന സ്ഥലത്തു കുഴിച്ചിട്ടു. ഇതറിയാതെ സ്ഥലം ഉടമ അവിടെ നാലു നില കെട്ടിടം പണിതു. അതോടെ ഇനി പിടിക്കപ്പെടില്ല എന്നു കരുതി പ്രതി. പക്ഷേ, പിടികൂടി. എട്ടു വർഷം മുൻപുള്ള കേസാണ്. അന്ന് അയാളുടെ കൂട്ടുപ്രതി തിരുവനന്തപുരം സെൻട്രൽ ജയിലിൽ മറ്റൊരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു കിടക്കുകയാണ്.

തിരുവനന്തപുരത്തേക്ക് ഒരു സിഐയെ അയക്കുകയും കോട്ടയത്തു പ്രതിക്കൊപ്പം ഞാൻ നിൽക്കുകയും ചെയ്തു കൊണ്ട് ടെലിഫോൺ ചോദ്യം ചെയ്യലിലൂടെയാണ് കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്. പത്തു ദിവസം എടുത്തു കെട്ടിടത്തിന്റെ തറ കുഴിച്ച്, മാത്യുവിന്റെ എല്ലുകളും വാച്ചും കണ്ടെത്തി കേസ് തെളിയിച്ചു.

പഠിച്ചത് ചരിത്രം, പൊലീസ് ജോലി സ്വപ്നമായിരുന്നില്ല, എങ്ങനെയാണ് കുറ്റാന്വേഷണത്തിൽ താൽപര്യം തുടങ്ങിയത് ?

നിരീക്ഷണം ആണ് കുറ്റാന്വേഷകന്റെ പ്രധാന ഗുണം. താഴെ വീണു പോകുന്ന ചെറിയ വസ്തു കണ്ടെത്തുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകളായിരിക്കും എന്നു ഞാൻ മനസ്സിലാക്കി. അത് നിരീക്ഷണം ഉള്ളതു കൊണ്ടാണ്. അത് ഇപ്പോഴും തിരുത്തേണ്ടി വന്നിട്ടില്ല.

കുട്ടിക്കാലത്തു കളിക്കുമ്പോൾ ബോൾ കുറ്റിക്കാട്ടിലും പറമ്പിലും നഷ്ടപ്പെടുമ്പോൾ സ്ഥലത്തെ കോളം ആക്കി തിരിച്ചു തിരയുമായിരുന്നു. കേസന്വേഷണത്തിൽ എത്തിയപ്പോൾ ആണ് അത്തരം ഒരു അന്വേഷണ രീതി തന്നെ ഉണ്ടെന്ന് മനസിലായത്. ‘സ്ട്രിപ്പ് മേത്തേഡ്’ എന്നാണ് അതിനു പറയുക. പല കുട്ടികൾക്കും ഈ നിരീക്ഷണ ബുദ്ധി ഉണ്ട്. അതിനെ പരിപോഷിപ്പിച്ചാൽ നല്ല കുറ്റാന്വേഷകൻ ആകാം. ശാസ്ത്രീയമായ അന്വേഷണ രീതികളെക്കുറിച്ചുള്ള പുസ്തകങ്ങൾ കിട്ടും. അവ വായിക്കണം. നമുക്ക് എന്തൊക്കെ കഴിവ് ഉണ്ട്, ഇല്ല എ ന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. ഇല്ലാത്ത കഴിവുകൾ വ ളർത്തിയെടുക്കണം.

കൂടത്തായി കേസിന്റെ തുടക്കത്തിൽ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായ ഡോക്ടർ ഹാരോൾഡ്‌ ഷിപ്മാനെ കുറിച്ചു പറഞ്ഞിരുന്നു ?

അതു ഞാൻ വായിച്ചറിഞ്ഞതാണ്. ആ സമയത്ത് ഷിപ്മാനെക്കുറിച്ച് ഓർമിപ്പിച്ചത് മൂത്ത മകനാണ്. കഠിനാധ്വാനിയും രോഗികളോട് അലിവുമുള്ള ഡോക്ടറായി പേരെടുത്ത ഷിപ്മാൻ കൊല നടത്തും എന്ന് ഊഹിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അവസാനം കൊലപ്പെടുത്തിയ കാത്‌ലീൻ ഗ്രണ്ടി എന്ന വൃദ്ധയുടെ പേരിൽ കള്ള വിൽപത്രം ഉണ്ടാക്കി സ്വത്തു തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുടുങ്ങി. വായിച്ചു മനസ്സിലാക്കാമെങ്കിലും കുറ്റാന്വേഷണത്തിൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെടുത്താനാകില്ല. അത് മുൻവിധിയായിപോകും. സമയം വന്നപ്പോ ൾ ഓർത്തു പറഞ്ഞു എന്നേയുള്ളൂ.

എന്തെല്ലാം ടെക്നിക്കുകൾ ആണ് േകസ് അേന്വഷണത്തിന് ഉപയോഗിക്കുക ?

പ്രതിയെ കേസുമായി കൂട്ടിക്കെട്ടുന്ന നിരവധി കാര്യങ്ങൾ ചുറ്റും ഉണ്ട്. അതു കണ്ടെത്താനുള്ള മാർഗങ്ങളും. അവ വിശദമായി വെളിപ്പെടുത്താനാകില്ല. കാരണം രക്ഷപ്പെടാനുള്ള മാർഗമായി ആളുകൾ ആ അറിവിനെ ഉപയോഗിക്കും. പൊലീസിന് പണി കൂടും. അന്വേഷണത്തെ ‘ഷേപ്’ ചെയ്യുകയാണ് ആദ്യ പടി. ചില സാക്ഷികൾ പൊലീസ് നേരിട്ടു ചോദിച്ചാൽ ഒന്നും പറയില്ല. പ്രതികളെ പുറത്തെത്തിക്കുന്നതും പലപ്പോഴും മനഃശാസ്ത്രപരമായ തന്ത്രങ്ങളിലൂടെ ആയിരിക്കും.

എന്റെ കരിയറിലെ പ്രധാന കേസായ ചങ്ങനാശേരി മഹാദേവൻ മിസ്സിങ് കേസിനെക്കുറിച്ചു പറയാം. േകസ് തുടങ്ങി 18 വർഷത്തിനു ശേഷമാണ് ഞാന്‍ അന്വേഷണം ആരംഭിക്കുന്നത്. മഹാദേവൻ എന്ന പതിമൂന്നുകാരൻ നാടുവിട്ടുപോയി എന്നു തന്നെ നാട്ടുകാർ വിശ്വസിച്ചു. നാടു വിട്ടുപോകുന്ന സ്വഭാവം മഹാദേവനുണ്ട്. കാണാതായ ശേഷം മഹാദേവൻ വീട്ടിലേക്ക് കത്തെഴുതിയിട്ടുണ്ട്. പലയിടത്തും കണ്ടതായി പലരും പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ബന്ധുക്കൾക്ക് ഇതിൽ വിശ്വാസമില്ല.

മഹാദേവന്റെ സ്വഭാവത്തെപ്പറ്റി വിശദമായി പഠിച്ചു. നാടുവിടുമെങ്കിലും കയ്യിലെ പണം തീർന്നാൽ തിരികെ വരുന്ന സ്വഭാവക്കാരൻ ആണ്. നാട്ടിലെ ചതയ ദിന റാലിക്ക് മുൻപ് മഹാദേവനെ അവസാനമായി ടൗണിൽ കണ്ടവരുണ്ട്. അന്ന് ആ സ്ഥലത്തു നിന്നു വാഹനങ്ങളൊന്നും പുറത്തേക്കു പോയിട്ടില്ല. അപ്പോൾ പുറത്തേക്കുള്ള അന്വേഷണം വേണ്ട. എത്രയോ പേരെ ചോദ്യം ചെയ്തതിനു ശേഷമാണ് അയാള്‍ നാട്ടിലെ സൈക്കിൾ കടയിലേക്കു പോകുന്നതു കണ്ടു എന്ന വിവരം കിട്ടിയത്.

സൈക്കിൾ കടക്കാരനെ വിളിപ്പിക്കാതെ അന്വേഷണം വഴിമുട്ടി എന്ന മട്ടിൽ പൊലീസ് പിന്മാറി. സാധാരണക്കാരായി ചമഞ്ഞ് പൊലീസുകാർ സൈക്കിൾ കടക്കാരനുമായി ചങ്ങാത്തം കൂടി. അയാളുടെയും സുഹൃത്തുക്കളുടെയും മദ്യപാനത്തിൽ സ്പോൺസർമാരായി. മദ്യത്തിന്റെ ലഹരിയിൽ കൊലപാതക സൂചന വീണുകിട്ടി. ചോദ്യം ചെയ്തപ്പോൾ ഒന്നല്ല, രണ്ട് കൊലയാണ് ചുരുളഴിഞ്ഞത്. കടയിൽ നടന്ന വാക്കുതർക്കത്തിൽ അയാൾ മഹാദേവനെ അടിച്ചു കൊന്ന് സുഹൃത്തിന്റെ സഹായത്തോടെ പാറക്കുളത്തിൽ താഴ്ത്തി. സഹായിച്ചയാൾ സംഭവം വെളിപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തി പണം വാങ്ങി തുടങ്ങിയതോടെ മദ്യത്തിൽ സയനൈഡ് കലർത്തി നൽകി അയാളെയും കൊലപ്പെടുത്തി പാറക്കുളത്തിൽ താഴ്ത്തി. 18 ദിവസം കുളം കുഴിച്ചു നോക്കിയ ശേഷം ആണ് കുട്ടിയുടെ തലയോട്ടി കണ്ടെടുക്കാനായത്.

ഇത്തരം ടെക്നിക്കുകളിലൂടെയാണ് പലപ്പോഴും കേസ് തെളിയിക്കുന്നത്. അല്ലാതെ സിനിമകളിൽ കാണുന്ന പോലെ അടിച്ചും ഒച്ചയെടുത്തു പേടിപ്പിച്ചും തലകീഴായി കെട്ടിത്തൂക്കിയും ഒന്നുമല്ല. കഴിവില്ലാത്തവർ ആണ് ദേഷ്യപ്പെടുകയും മർ ദിക്കുകയും ചെയ്യുന്നത്.

ജോളിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ല എന്ന് പറഞ്ഞിരുന്നു. സാഹചര്യമാണോ ക്രിമിനലിസത്തിന് കാരണം ?

സൈക്കോ ക്രിമിനലുകൾ വേറൊരു വിഭാഗം ആണ്. സാഹചര്യം കൊണ്ട് ഒരാൾ ക്രിമിനൽ ആകില്ല. കഠിനമായ ഹൃദയം ആണ് ക്രിമിനലിസത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സ്വാർഥ ലാഭത്തിനു വേണ്ടിയാണ് ആളുകൾ ക്രൈം ചെയ്യുന്നത്. ഉദ്ദേശിക്കുന്ന കാര്യം സാധിക്കുക എന്ന ലക്ഷ്യത്തോടാണ് അവർക്ക് കൂറ്.

സമൂഹത്തിൽ സ്ഥാനം, പണം, സുഖം, അങ്ങനെ പലതാകും ലക്ഷ്യങ്ങൾ. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതു തന്നെ ചിലർക്ക് ആനന്ദമാണ്. കാര്യം സാധിക്കാൻ അവർ ചെയ്യുന്ന ക്രൂരത, ക്രൂരതയായി അവർക്ക് തോന്നില്ല. അലിവുള്ള ഹൃദയം ഉള്ളവർക്കാണ് ഇതെല്ലാം ക്രൂരതയായി തോന്നുന്നത്.

ജോളിക്ക് മാറാനുള്ള വസ്ത്രം വാങ്ങി നൽകി എന്നു പത്രവാര്‍ത്തകളില്‍ വായിച്ചു?

അതേ. കൊലപാതകി ആണെങ്കിലും മനുഷ്യസ്ത്രീ ആണ് അവര്‍. ഒരേ വസ്ത്രം ധരിച്ച് എത്ര ദിവസം കഴിയും? ‘സാറിനു വേറെ പണിയില്ലേ ?’ എന്നു ചോദിച്ചു കുറേ മെസ്സേജുകൾ വന്നു. സ്റ്റേഷനിൽ നേരിട്ടെത്തി എതിർപ്പ് പറഞ്ഞു ചിലർ. സ്ത്രീകൾ ആയിരുന്നു കൂടുതൽ.

ജോളി ചെയ്ത തെറ്റിന്റെ ശിക്ഷ കോടതി വിധിക്കും. അന്വേഷണത്തിൽ ഒരു ഇളവും അവർക്ക് വേണ്ടി ചെയ്തില്ല. വസ്ത്രം വാങ്ങി നൽകിയത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള മാന്യമായ പെരുമാറ്റം ആയി കണ്ടാൽ മതി. ഭക്ഷണം നൽകിയതും പൊലീസ് ആണല്ലോ.

കൂടത്തായി കഴിഞ്ഞപ്പോള്‍ എല്ലാവരും അറിഞ്ഞു

ഭാര്യ അനില അഡീഷനൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്‌ഷൻ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. മൂത്തമകൻ അവിനാശ് സൈമൺ കാലടി സർവകലാശാലയിൽ ഹിസ്റ്ററി റിസർച്ച് സ്കോളർ ആണ്. ഇളയ മകൻ സൂരജ് സൈമൺ മദ്രാസ് ഐഐടിയിൽ നിന്ന് ഇംഗ്ലിഷിൽ ഇന്റഗ്രേറ്റഡ് എംഎ കഴിഞ്ഞു റിസർച്ച് ചെയ്യാൻ ഒരുങ്ങുന്നു. 

അവസാന ഔദ്യോഗിക വർഷങ്ങളിൽ അനില തിരുവനന്തപുരത്തായിരുന്നെങ്കിലും ബാക്കി സമയങ്ങളിലെല്ലാം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. കേസ് സംബന്ധമായി ആ രെയും താമസിക്കുന്ന സ്ഥലത്തേക്ക് ഞാൻ വരുത്താറില്ല. ഓഫിസിലേ കാണൂ. കുട്ടികൾ ചെറുതായിരുന്നപ്പോൾ അച്ഛൻ എന്ത് ജോലി ചെയ്യുന്നു എന്നൊന്നും അവർ ആ രോടും പറയുമായിരുന്നില്ല. ‘കൂടത്തായി’ കഴിഞ്ഞപ്പോൾ  മാത്രമാണ്, സഹപാഠികള്‍ പോലും അവർ എന്റെ മക്കളാണെന്ന് അറിഞ്ഞത്. 

എന്നെക്കുറിച്ചും കൂടുതല്‍ ആളുകൾ അറിഞ്ഞതും അ പ്പോൾ മാത്രം. പബ്ലിസിറ്റി അല്ല റിസൽറ്റ് ആണ് ആവശ്യം. സമൂഹത്തിൽ മനുഷ്യർക്ക് നീതി കൊടുക്കുകയാണ് ഡ്യൂട്ടി. ഭാര്യയും മക്കളും അനാവശ്യമായി എന്റെ ജോലിയിൽ ഇടപെടില്ല. ഈ ജോലിയുടെ സ്വഭാവം ശരിക്കും മനസ്സിലാക്കാൻ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. മൂത്ത മകൻ വായിക്കുന്ന അറിവുകൾ എന്നോട് പങ്കുവയ്ക്കാറുമുണ്ട്.