Thursday 14 February 2019 11:01 AM IST

ലില്ലിക്കുട്ടി ചേടത്തിയുടെ രുചിക്കൂട്ടിൽ കണമ്പ് പാൽകറി, ഞണ്ട് വഴറ്റിയത്, ബീഫ് വറുത്തു പൊടിച്ചത്... കുമ്പളങ്ങിയിലെ നൈറ്റ്സിൽ ഈ രുചികൾ മിസ് ചെയ്യരുത്

Baiju Govind

Sub Editor Manorama Traveller

lilly

ഏത് ആംഗിളിൽ കാമറ വച്ചാലും കിടിലൻ സ്നാപ്പ് കിട്ടുന്ന സ്ഥലമാണു കുമ്പളങ്ങിയെന്നു ഫോട്ടൊഗ്രഫർ ശ്രീകാന്ത് കളരിക്കൽ പറഞ്ഞു. ചേർത്തലയിൽ നിന്നു ചെല്ലാനം വഴി കുമ്പളങ്ങിയിലേക്ക് പോകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കൗതുകം ഇരട്ടിക്കാൻ വേറെ കാരണം വേണ്ടല്ലോ. കുമ്പളങ്ങി ഗ്രാമത്തിലേക്ക് തിരിയുന്നിടത്തുള്ള കണ്ടൽക്കാടിന്റെ അരികിൽ എത്തിയപ്പോഴാണ് ‘കിടിലൻ’ എന്ന വാക്കുകൊണ്ട് ശ്രീകാന്ത് ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായത്. ചാഞ്ഞു നിൽക്കുന്ന തെങ്ങുകളും ചീനവലകളും മനോഹരമായ പെയിന്റിങ് പോലെ കൈത്തോടുകളിൽ നിഴൽ വിരിച്ചു നിൽക്കുന്നു. ഓടുമേഞ്ഞ വീടിന്റെ മുറ്റത്തു പന്തു കളിക്കുന്ന കുട്ടികളാണ് ഫസ്റ്റ് വിഷ്വൽ. പ്ലാസ്റ്റിക് കുടം ഒക്കത്തു വച്ച് പൈപ്പിന്റെ ചുവട്ടിലേക്ക് നടക്കുന്ന വീട്ടമ്മമാരുടെ നിരയാണ് അടുത്ത കാഴ്ച. ആകാശം മുഖം നോക്കുന്ന കണ്ണാടി പോലെ നിശബ്ദമൊഴുകുന്ന കുമ്പളങ്ങി കായലിൽ ഗ്രാമ ജീവിതം സമ്പൂർണം. 

കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴി പുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. ഇതിലേതു വഴിക്കു ചെന്നാലും കുമ്പളങ്ങിക്ക് ഒരേ മുഖം. നീട്ടിക്കെട്ടിയ ചൂണ്ടയിൽ കൊരുത്തിട്ട കുമ്പളങ്ങ പോലെ കൊച്ചിക്കായലിൽ പൊങ്ങിക്കിടക്കുന്നു കുമ്പളങ്ങി ഗ്രാമം. വെള്ളത്തിൽ മുങ്ങിയ പാടങ്ങളും വള്ളങ്ങളോടുന്ന വെള്ളക്കെട്ടും ഇതിനിടയിലേക്കു ചാഞ്ഞു കിടക്കുന്ന ചീനവലകളും ചേർന്ന് ആകെപ്പാടെ ജഗപൊക.

കായലോളങ്ങൾ പാടുമെന്നും അതുകേട്ടാൽ കരയാകെ നീർമുത്തു പൊഴിയുമെന്നും സിനിമാ പാട്ടുകൾ ഉണ്ടായതു വെറുതെയല്ല. നട്ടുച്ച നേരത്ത് ചന്തക്കടവ് വഴി കുമ്പളങ്ങിയിൽ നിന്നു ചെല്ലാനത്തേക്ക് ഒരു യാത്ര നടത്തിയാൽ അതു ബോധ്യമാകും. റോഡിന്റെ രണ്ടരികിലും കിലോമീറ്ററോളം പരന്നു കിടക്കുന്ന കായൽപ്പരപ്പ്. മീൻ വളർത്തുന്ന പാടങ്ങളുടെ വരമ്പുകളിൽ തെങ്ങുകൾ വൈദ്യുതി പോസ്റ്റുകൾക്കു മീതെ തലയുയർത്തി നിൽക്കുന്നു. കൊക്കും കുളക്കോഴിയും മാത്രമല്ല, കുമരകത്തു കാണുന്ന പക്ഷികളിൽ ചിലതും വട്ടമിട്ടു പറക്കുന്നു. ഇവിടെയുള്ള കൈത്തോടുകളിൽ കെട്ടിയിട്ട കളിവള്ളവും നാട്ടുവഞ്ചിയും എത്രയോ സിനിമകൾക്കു പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.

km-3 കുമ്പളങ്ങി കാണാനെത്തിയ വിദേശികൾ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കണമ്പും കരിമീനും തിന്നാനുള്ള യാത്രയായി കുമ്പളങ്ങി ടൂറിനെ ഒതുക്കിയില്ലെങ്കിൽ കൂടുതൽ കാഴ്ചകൾ ഉൾപ്പെടുത്തി ഈ സഞ്ചാരം രസകരമാക്കി മാറ്റാം. കടൽപ്പെരുക്കത്തിന്റെ തീരമാണ് തെക്കൻ‌ കൊച്ചിയുടെ മത്സ്യകേന്ദ്രമായ ചെല്ലാനം. ചന്തക്കടവ് പാലം കടന്ന് വളവു തിരിയുന്നിടത്ത് തിരമാലകളെ തടയാൻ പാറകൊണ്ടു വേലികെട്ടിയിട്ടുണ്ട്. വേലിയേറ്റത്തിനു തടയിടാൻ നിരത്തിയിട്ടുള്ള പാറക്കൂട്ടത്തിനു മുകളിൽ കയറിയാൽ, തോണിപ്പാട്ടും പാടി മീൻ പിടിക്കാൻ പോകുന്നവരെ കാണാം. തുഴയെറിഞ്ഞു ജീവിതം നെയ്യുന്നവരുടെ നിഴൽ ചെല്ലാനം കടപ്പുറത്തിന്റെ പടിഞ്ഞാറേ കടവിൽ കത്തിജ്ജ്വലിക്കുന്ന കാഴ്ച ഈ നാടിന്റെ സ്പന്ദനമാണ്.

ചെല്ലാനത്തു നിന്ന് എരമല്ലൂരിലേക്കുള്ള വഴിയരികിൽ പൊരിവെയിലത്തു കൂട്ടിയിട്ട കൊപ്രയ്ക്കു കാവലിരിക്കുന്ന ഒരു അമ്മച്ചിയെ കണ്ടു. നീട്ടി വിളിച്ചു പേരു ചോദിച്ചിട്ടും പ്രായം അടച്ചിട്ട ആ കാതുകൾക്കു മുന്നിൽ ശബ്ദം നിശ്ചലമായി. ജീവിതത്തിന്റെ സായാഹ്നം സുരക്ഷിതമാക്കാൻ വെയിലത്തുണങ്ങുന്ന തേങ്ങാക്കഷണങ്ങൾക്കു കാവലിരിക്കുകയായിരുന്നു എൺപതാണ്ടുകളെങ്കിലും പിന്നിട്ട ആ ജീവിതം. എല്ലാ ഗ്രാമങ്ങളുടെയും സൗന്ദര്യത്തിനരികെ ഇത്തരം കണ്ണീർച്ചാലുകളുമുണ്ട്. സുഖമുള്ള കാഴ്ചകൾക്കു സംവരണം ചെയ്ത കണ്ണുകൾ അതു കാണാതെ പോകുന്നു എന്നുമാത്രം.

കല്ലഞ്ചേരിൽ റിട്രീറ്റ് 

കുടംപുളിയിട്ടു വച്ച ചെമ്മീൻ കറിയെക്കുറിച്ച് പഴയ സിനിമാ പാട്ടിൽ മാത്രമേ ലില്ലിക്കുട്ടി കേട്ടിട്ടുള്ളൂ. ചെമ്മീൻ ഉലർത്തി രസകരമായ സൈഡ് ഡിഷ് ഉണ്ടാക്കാനാണ് ലില്ലിക്കുട്ടിയെ അന്നമ്മ പഠിച്ചിട്ടുള്ളത്. ഇവരൊക്കെ ആരാണെന്ന് മനസ്സിലാകണമെങ്കിൽ കുമ്പളങ്ങി രുചിയുടെ കല്ലഞ്ചേരിപ്പെരുമ അറിയണം. 

പത്തു വർഷത്തിലേറെയായി കുമ്പളങ്ങിയുടെ തനത് രുചി അതിഥികൾക്കായി ഒരുക്കുന്നവരാണ് ലോറൻസ് – ലില്ലിക്കുട്ടി ദമ്പതികൾ. പാലമിറങ്ങി കുമ്പളങ്ങിയിലെത്തി കല്ലഞ്ചേരിക്കാരുടെ വീട് ചോദിച്ചാൽ കൊച്ചു കുട്ടികൾ പോലും വഴി കാണിച്ചു തരും. എത്രയാളാണ് വരുന്നതെന്നും എന്തെല്ലാം വിഭവങ്ങളാണു വേണ്ടതെന്നും തലേന്നു വിളിച്ചു പറയണം. ഊണിന് സമയമാകുമ്പോഴേക്കും ലില്ലിക്കുട്ടി അതെല്ലാം റെഡിയാക്കി വയ്ക്കും. സിനിമാ നടന്മാരും സംവിധായകരും മുതൽ രാഷ്ട്ര നേതാക്കന്മാർ വരെ ഇവിടെ വന്ന് കക്കയും കൊഞ്ചും കണമ്പ് കറിയും രുചിച്ചു മടങ്ങുന്നു. ലോറൻസിന്റെ അമ്മ അന്നമ്മ പകർന്നു നൽകിയ കൈപ്പുണ്യമാണു ലില്ലിക്കുട്ടി തയാറാക്കുന്ന വിഭവങ്ങളുടെ രുചിക്കൂട്ട്. 

km-2 കല്ലഞ്ചേരിൽ റിട്രീറ്റ് ഉടമ ലോറൻസും ഭാര്യ ലില്ലിക്കുട്ടിയും, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ



കല്ലഞ്ചേരിൽ റിട്രീറ്റ് ഉടമ ലോറൻസും ഭാര്യ ലില്ലിക്കുട്ടിയും, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കുമ്പളങ്ങിയിൽ ജനിച്ചു വളർന്ന ലോറൻസിന് കുട്ടിക്കാലത്ത് കഞ്ഞിയും മീൻ കറിയുമായിരുന്നു ഇഷ്ടം. ലോറൻസ് കല്യാണം കഴിച്ചുകൊണ്ടു വന്ന ലില്ലിക്കുട്ടി കല്ലഞ്ചേരിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോഴേയ്ക്കും മീൻ വിഭവങ്ങളിൽ പുതിയ ചേരുവകൾ സൃഷ്ടിച്ചു. ഉണക്കച്ചെമ്മീൻ വറുത്തത്, തേങ്ങാപ്പാലൊഴിച്ച മീൻ കറി, ചെമ്മീൻ മാങ്ങാക്കറി, കണമ്പ് പാൽകറി, കക്ക വറുത്തത്, കരിമീൻ പൊരിച്ചത്, ചെമ്മീൻ ഉലർത്തിയത്, ഞണ്ട് വഴറ്റിയത്, ബീഫ് വറുത്തു പൊടിച്ചത്... അങ്ങനെ പാചകത്തിൽ ഗവേഷണം നടത്തിയ ലില്ലിക്കുട്ടി സ്വാദ് ഇരട്ടിയാക്കി. ടൂറിസം ഗ്രാമമായി കുമ്പളങ്ങി മാറിയപ്പോൾ ആളുകൾ ഉച്ചയൂണു കഴിക്കാൻ ലോറൻസ് ചേട്ടന്റെ വീട്ടിലെത്തി. അമ്മായിയമ്മ പഠിപ്പിച്ച പാചകവിദ്യകൾ അതേപടി കറിച്ചട്ടിയിലേക്കൊഴിച്ച് ലില്ലിക്കുട്ടി വിരുന്നുകാരെ തൃപ്തരാക്കി. അങ്ങനെ വന്നവരും പോയവരും പറഞ്ഞുപറഞ്ഞ് കുമ്പളങ്ങി സ്പെഷൽ വിഭവങ്ങളുടെ തറവാടായി മാറി കല്ലഞ്ചേരി. 

ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് കല്ലഞ്ചേരിലെത്തിയത്. വീടിനു പിന്നാമ്പുറത്ത് കായലിനോടു ചേർന്നുള്ള പുൽത്തകിടിയിലെ മേശപ്പുറത്ത് വിഭവങ്ങൾ തയാറായിരുന്നു. വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ച കരിമീൻ, ചെമ്മീൻ വറുത്തത്, പുളിശ്ശേരി, കായത്തീയൽ, ബീറ്റ്റൂട്ട് തോരൻ, അച്ചാർ, സാലഡ്, ഞാലിപ്പൂവൻ പഴം – ഇത്രയുമാണു സദ്യവട്ടം. മൊരിച്ചെടുത്ത കരിമീനിൽ പൊതിഞ്ഞ മസാലക്കൂട്ടിനു സുഖിക്കുന്ന സ്വാദ്.  ഉലർത്തിയ ചെമ്മീൻ കഷണം കടിച്ചപ്പോൾ തേങ്ങാപ്പൂളിന്റെ മൃദുലത. മധുരമുള്ള അച്ചാറും എരിവില്ലാത്ത തോരനും ചേർന്നതോടെ ഉച്ചയൂണ് ബലേഭേഷ്. 

മോരു കൂട്ടി കുറച്ചു കൂടി ചോറുണ്ണാൻ ലോറൻസ് ചേട്ടൻ നിർബന്ധിച്ചപ്പോൾ വേണ്ടെന്നു പറയാൻ തോന്നിയില്ല. നെയ്യ് കിനിയുന്ന കരിമീനിന്റെ ബാക്കി കഷണം അതോടെ കാലിയായി. ഇതൊക്കെ വായിച്ച് കൊതി തോന്നിയെങ്കിൽ നേരെ കുമ്പളങ്ങിക്കു വച്ചു പിടിച്ചോളൂ. അമ്പതിൽ കൂടുതുലാളുണ്ടെങ്കിൽ നേരത്തേ വിളിച്ചു പറയണം. കാരണം, വച്ചു വിളമ്പാൻ അവിടെ ലില്ലിക്കൂട്ടിയൊരാളേയുള്ളൂ. 

km4 കുമ്പളങ്ങി മീൽസ് (ലില്ലിക്കുട്ടി തയാറാക്കിയത്), ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചീനവലയും കായലും

കുമ്പളങ്ങി പാലത്തിനു താഴെയുള്ള പാർക്കിനു സമീപത്തും സ്വകാര്യ റിസോർട്ടുകളിലും വള്ളങ്ങളും കൈവഞ്ചികളുമുണ്ട്. കായലിന്റെ ഭംഗി ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് വള്ളത്തിൽ കയറിയൊരു സവാരി ആവാം. കല്ലഞ്ചേരിൽ വച്ചു പരിചയപ്പെട്ട പീറ്റർ ‘ചീനവല ഓപ്പറേറ്റർ കം വള്ളം ഡ്രൈവറാണ്’. സൂര്യനസ്തമിക്കുന്നതിനു മുമ്പ് ചീനവലയ്ക്കരികിലൂടെ വള്ളത്തിലൊന്നു കറങ്ങാൻ കൊണ്ടുപോകാമോയെന്നു പീറ്ററിനോടു ചോദിച്ചു. കേൾക്കേണ്ട താമസം, ആറാൾക്കു കയറാവുന്ന വള്ളവുമായി പീറ്ററേട്ടൻ കായലിലിറങ്ങി. ‘‘പേടിക്കണ്ട. വീണാലും ചാവില്ല. കഴുത്തറ്റം വെള്ളമേയുള്ളൂ. ബലം പിടിക്കാതെ ഇരുന്നാൽ മതി’’. ഓളപ്പരപ്പിൽ വള്ളം ചാഞ്ചാടിയപ്പോൾ പീറ്റർ ധൈര്യം പകർന്നത് ഇങ്ങനെ.

ചീനവലയ്ക്കരികിലൂടെ കൊതുമ്പു വള്ളം കായലിനു നടുവിലേക്കു നീങ്ങി. സൂര്യാസ്തമയത്തിനു തൊട്ടു മുമ്പുള്ള കുമ്പളങ്ങിയുടെ മുഖം കായലോളങ്ങളിൽ ചിത്രം വരച്ചു. പകലന്തിയോളം പിടിച്ച മീനുമായി ചെറുവള്ളങ്ങൾ തലങ്ങും വിലങ്ങും കടന്നു പോയി. ഇതിനിടെയാണ് ഒരു കുത്തു വള്ളത്തിൽ രണ്ടു വിദേശികൾ വിരുന്നെത്തിയത്. ഫ്രാൻസിൽ നിന്നുള്ളവരാണ്. കൊതുമ്പു വള്ളം കണ്ടപ്പോൾ ഫ്രഞ്ചുകാർക്ക് അതിൽ കയറാനൊരു പൂതി. പക്ഷേ, രണ്ടാൾക്കും ഇംഗ്ലീഷ് വശമില്ല. തുഴക്കാരനാണെങ്കിൽ ഫ്രഞ്ച് ഭാഷയും അറിയില്ല. വള്ളത്തിൽ യാത്ര ചെയ്യാനും നീന്താനും ഭാഷയൊരു തടസ്സമേയല്ലെന്ന് പീറ്ററുടെ കമന്റ്. പീറ്ററേട്ടൻ ചിരിക്കുന്നതു കണ്ട് വിദേശികളും സന്തോഷത്തോടെ പുഞ്ചിരിച്ചു! 

കുമ്പളങ്ങിയിൽ രസകരമായ ഒരുപാട് കാഴ്ചകളുണ്ട്. എന്നാൽ, എക്കാലത്തും ഓർത്തിരിക്കും വിധം മനസ്സിലും നാവിലും പതിയുന്നത് കരിമീനിന്റെ സ്വാദാണ്. അപ്പോൾ ചെമ്മീനിന്റെയും ഞണ്ടുലർത്തിയതിന്റെയും കാര്യമോ...? കുമ്പളങ്ങിക്കാർ വച്ചുണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആദ്യത്തെ ടൂറിസം വില്ലേജ് എന്ന പ്രശസ്തിപോലെ, കൈപ്പുണ്യം കൈമുതലാക്കിയ നാട് എന്നൊരു വിശേഷണം കൂടി കുമ്പളങ്ങി അർഹിക്കുന്നുണ്ട്. സംശയമുള്ളവർ നേരിൽ കണ്ടു മനസ്സിലാക്കുക...