Wednesday 15 April 2020 03:32 PM IST

അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് വിലങ്ങു തടിയായി ഭാരത് ബന്ദ്, മകന് ലോക് ഡൗണ്‍! ആ അപൂർവ യാദൃശ്ചികതയുടെ കഥ

Binsha Muhammed

m1

1990ലാണ് ഈ കഥ നടക്കുന്നത്, അന്ന് കല്ലും മുള്ളും മരക്കഷണണങ്ങളും താണ്ടി കതിര്‍മണ്ഡപത്തിലേക്കെത്തിയ അച്ഛനായിരുന്നു വാര്‍ത്താ താരം. പുലയനാര്‍ കോട്ട സ്വദേശി ബി മധുസൂധനന്‍. മുപ്പതു കൊല്ലം പിന്നിടുമ്പോള്‍ മണവാളനായ മകന്‍ അരുണ്‍ പ്രകാശിനെ കാത്തിരിക്കുന്നത് ഒരു ലോക് ഡൗണാണ്. ഒരേയൊരു വ്യത്യാസം, ആര്‍ഭാടമായി കൊണ്ടാടേണ്ട അച്ഛന്റെ കല്യാണത്തിന് വിലങ്ങു തടിയായി ഭാരത ബന്ദ്, മകന്റെ കാര്യം വരുമ്പോള്‍ ഈ മാസം 19ന് നടക്കേണ്ട കല്യാണത്തിന് അള്ളുവച്ചിരിക്കുന്നത് ലോക് ഡൗണ്‍. കേട്ടുകേള്‍വിയില്ലാത്ത ഈ ലെഗസിയും, ലെഗസിക്കഥയിലെ നായകന്‍മാരും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ അതിന് സാക്ഷിയാകുന്നവര്‍ക്കും അമ്പരപ്പ്. ഇതെന്താ...കഥയെന്ന് ചോദിച്ചവര്‍ക്ക് മറുപടി പറയാന്‍ കഥ തുടങ്ങിവച്ച നായകന്‍ വനിത ഓണ്‍ലൈനിനു മുമ്പാകെ എത്തുകയാണ്... മകന്റെ അച്ഛന്‍ പറയുന്നു ആ അപൂര്‍വ ലെഗസി പിറന്ന കഥ.

അധ്യായം ഒന്ന്, ഭാരത് ബന്ദ്

1990 ഒക്ടോബര്‍ 24നാണ് എന്റേയും സുനിത കുമാരിയുടേയും കല്യാണം നടത്താന് നിശ്ചയിക്കുന്നത്. അന്നെനിക്ക് വയസ്, 31, അവള്‍ക്ക് 25. കോണ്‍ട്രാക്ടര്‍ ആയിരുന്നു ഞാന്‍. കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതി. നാടും വീടും നാട്ടാരും കല്യാണം കെങ്കേമമാക്കാന്‍ റെഡിയായി നില്‍പ്പാണ്. അന്നേരമാണ് പിള്ളേര് പറയുന്ന മാതിരി ഒരു എട്ടിന്റെ പണി കിട്ടുന്നത്. കല്യാണത്തിനും കല്യാണ ഒരുക്കങ്ങള്‍ക്കും മേല്‍ ആശങ്ക വിതറി ഭാരത് ബന്ദ് പ്രഖ്യാപനം.- ലോക്കിടാത്ത ഓര്‍മകളെ തിരിച്ചു വിളിച്ച് മധുസൂധനന്‍ തുടങ്ങുകയാണ്.

ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ രഥയാത്ര മുലായം സിങ് തടഞ്ഞുവെന്ന കാരണത്താല്‍ ബിജെപിയാണ് ബന്ദ് പ്രഖ്യാപിച്ചത്. അന്ന് അതിനു പേര് ഹര്‍ത്താല്‍ എന്നല്ല. പുലയനാര്‍കോട്ടയിലെ വീട്ടില്‍ നിന്നും വിവാഹ വേദിയായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലേക്കാണ് എത്തേണ്ടത്. വിവാഹ യാത്രയേയും ഒരുക്കങ്ങളേയും ബന്ദ് ബാധിക്കില്ല എന്നതായിരുന്നു ആദ്യത്തെ കരക്കമ്പി. ഞാനും അതു കേട്ട് ആശ്വസിച്ചു. പക്ഷേ വിവാഹ തലേന്ന് വൈകുന്നേരത്തോടെ കഥമാറി. തടിക്കഷണങ്ങളും കരിങ്കല്ലുമൊക്കെയായി വഴി തടയുകയാണ് ബന്ദ് അനുകൂലികള്‍. ഭാഗ്യത്തിന് പെണ്‍വീട്ടുകാര്‍ തലേന്നു തന്നെ ഓഡിറ്റോറിയത്തില്‍ അഭയം പ്രാപിച്ചു. പക്ഷേ അനിശ്ചിതത്വച്ചിലായത് ഞങ്ങള്‍. പക്ഷേ പിന്നോട്ടു പോയില്ല, ഞാന്‍ ആഗ്രഹിച്ച മാതിരി മഠാധിപതി അമൃതാനന്ദ സ്വാമിയുടെ അനുഗ്രഹത്തോടെ നിശ്ചയിച്ച ദിവസം മുഹൂര്‍ത്തത്തില്‍ അവളുടെ െൈകപിടിക്കും എന്നുറപ്പിച്ചു. വരാനിരുന്ന വീട്ടുകാരുടേയു നാട്ടുകാരുടേയും എണ്ണം വെട്ടിച്ചുരുക്കി. ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വിവാഹ വേദിയിലേക്ക്, അതും ചുരുങ്ങിയ ആളുകളേയും കൂട്ടി. ടൂ വീലറായിരുന്നു പ്രധാന ആശ്രയം. അതൊന്നും അധികം പേരില്‍ ഇല്ലതാനും. എങ്കിലും കിട്ടിയത് സംഘടിപ്പിച്ച് മണവാളനായ ഞാന്‍ ഒരു സ്‌കൂട്ടറില്‍ കയറിപ്പറ്റി. ബാക്കിയുള്ളവര്‍ പിന്നാലെ. മണ്ഡപം എ്ത്തുന്നതിന് മൈലുകള്‍ മുമ്പ് ഞങ്ങളുടെ യാത്രയ്ക്ക് സ്റ്റോപ്പ്. ബന്ദ് അനുകൂലികള്‍ വഴി തടഞ്ഞിരിക്കുകയാണ്. സ്‌കൂട്ടിറില്‍ നിന്നിറങ്ങി വന്നപ്പോള്‍ പതിയിരുന്നവര്‍ രംഗത്തേക്കിറങ്ങി. കല്ല് മാറ്റാന്‍ പറ്റില്ലെന്ന് കല്‍പന. പക്ഷേ അവരോട് സൗമ്യമായി കാര്യം പറഞ്ഞു. ഞാന്‍ മണവാളനാണ് എന്നു കൂടി പറഞ്ഞപ്പോള്‍ എന്നെ കടത്തി വിട്ടു. പോകും മുമ്പ് ഒന്നു കൂടി അവരോട് ഞാന്‍ പറഞ്ഞു. ചേട്ടന്‍മാരേ... തിരികെ വരുമ്പോള്‍ എന്റൊപ്പം ഒരു പെണ്ണു കൂടികാണും, അന്നേരം എനിക്കിറങ്ങി കല്ല് മാറ്റാന്‍ പറ്റില്ല എന്ന് പറഞ്ഞു. അതോടെ അവരുടെ മനസ് അലിഞ്ഞു. പിന്നെ മുന്നോട്ടുള്ള യാത്രയ്ക്കും എന്റെ കല്യാണത്തിനും അവരായിരുന്നു വഴികാട്ടിയത്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ആഢംബരങ്ങേതുമില്ലാതെ അന്ന് അവളുടെ കൈപിടിച്ചു. തീര്‍ന്നില്ല കഥ, തിരികെ വീട്ടിലെത്തിയ ശേഷം, കല്യാണ പെണ്ണ് ഉള്‍പ്പെടെയുള്ളവരെ അടുക്കളയില്‍ കയറ്റിയാണ് വിവാഹ സദ്യ ഒരുക്കിയത്. തിരികെയെത്തുമ്പോള്‍ ഞാനും എന്റെ വിവാഹവും വാര്‍ത്തയായിരുന്നു. എന്തിനേറെ, തമിഴ് പത്രങ്ങളില്‍ വരെ എന്റെ കല്യാണം വാര്‍ത്തയായി. അതെല്ലാം ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. മായാതെ മങ്ങാതെ എല്ലാം ഓര്‍മകളായി ഇപ്പോഴുമുണ്ട്. മാറിയത് ഞാനും സുനിതയുമാണ്. അന്നത്തെ കല്യാണ ചെക്കനായ എനിക്ക് വയസ് 62, അവള്‍ക്ക് 56 കഴിയുന്നു.

m3

അധ്യായം രണ്ട്, കൊറോണക്കാലം

മകന്‍ അരുണ്‍ പ്രകാശും ആര്യനാട് സ്വദേശി അര്‍ച്ചനയുടേയും കല്യാണം നിശ്ചയിച്ചത് ഏപ്രില്‍ 19ന്. ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറാണ് മകന്‍. കാര്‍ന്നോമ്മാരായിട്ട് ആ ദിവസം നിശ്ചയിക്കുമ്പോള്‍ കൊറോണയും കോവിഡുമൊന്നും ഞങ്ങളുടെ ലിസ്റ്റിലേ ഇല്ലായിരുന്നു. എന്നിട്ടും വിളിക്കാത്ത കല്യാണത്തിന് അതിഥിയായി പുള്ളിക്കാരന്‍ കയറി വന്നു. പുതിയതലമുറയല്ലേ... അവര്‍ ആഗ്രഹിച്ച മാതിരി ആഘോഷപൂര്‍വം നടത്താനിരുന്നതാണ്. അതിന്റെ നിരാശ അവര്‍ക്ക് ആവോളമുണ്ട്. എങ്കിലും വിവാഹം മാറ്റിവയ്‌ക്കേണ്ട എന്നാണ് തീരുമാനം. നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് നിശ്ചയിച്ചുറപ്പിച്ച പോലെ കല്യാണം നടക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് കഴിയുന്ന ആളുകളെ പങ്കെടുപ്പിക്കും. ഏപ്രില്‍ 19ന് ആര്യനാട് വധുഗൃഹത്തില്‍ വച്ചായിരിക്കും കല്യാണം. ആകെയൊരു വിഷമമേ ഉള്ളൂ, എന്റെ കല്യാണത്തിന് മുഖ്യകാര്‍മികത്വം വഹിച്ച അമൃതാനന്ദ സ്വാമി എന്റെ മകന്റെ കല്യാണത്തിനും എത്തുക എന്നത്. അദ്ദേഹം സമാധിയായി.

m2

ബന്ദിലും ലോക്ക് ഡൗണിലുമായി ഒതുങ്ങിപ്പോയ രണ്ട് വിവാഹങ്ങള്‍ കാണുമ്പോള്‍ അമ്പരപ്പ് മാത്രമല്ല, ചില തമാശകളും പിന്നാലെയെത്തിയിട്ടുണ്ട്. അച്ഛന്റെ കല്യാണത്തിന് ഭാരതബന്ദ്, മകന്റെ കല്യാണത്തിന് കൊറോണ. ഇനി ഇളയവന്‍, അനുപ്രസാദിന്റെ കല്യാണത്തിന് എന്ത് സംഭവിക്കുമെന്നാണ് പലരുടേയും ചോദ്യം. എല്ലാം ദൈവ നിശ്ചയമെന്ന് ഞാനും മറുപടി പറയും.-മധുസൂദനന്‍ പറഞ്ഞുനിര്‍ത്തി.