ഫായിസിന്റെ വിഖ്യാതമായ മോട്ടിവേഷന്‍ കോപ്പിയടിച്ച മിൽമ ഒടുവിൽ അവനെ കാണാന്‍ സമ്മാനങ്ങളുമായെത്തി. ‘ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല’ എന്ന് തുടങ്ങുന്ന വാചകം കടമായെടുത്ത മിൽമ മധുരവും മനസു നിറയ്ക്കുന്ന സമ്മാനങ്ങളം നൽകിയാണ് കടംവീട്ടിയത്. ഇന്ന് ഉച്ചയോടെ ഫായിസിന്റെ മലപ്പുറത്തെ വീട്ടിലെത്തിയ മിൽമ അധികൃതർ പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടി.വിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഈ മിടുക്കന് നൽകിയത്. സമ്മാനമായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു.
പേപ്പർ കൊണ്ട് പൂവുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ക്ലൈമാക്സിൽ നൈസായി പാളിയപ്പോഴാണ് ഫായിസിന്റെ സ്വതസിദ്ധമായ ശൈലിയിൽ ആ ഡയലോഗ് പിറന്നത്.‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. എന്റേത് റെഡ്യായിട്ടില്ല’ എന്ന് തുടങ്ങുന്ന വാചകം ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയുടെ ചങ്കിൽ കുടിയേറി. പരാജയം രുചിക്കുമ്പോഴും അതിനെ കൂളായി എടുക്കാനുള്ള വലിയ ജീവിത പാഠമാണ് ഫായിസ് നൽകിയതെന്ന് ലോകം സാക്ഷ്യപ്പെടുത്തി. ലോകം ഫായിസിനേയും പ്രചോദനം പകരുന്ന ആ വാക്കുകളേയും ഏറ്റെടുക്കുന്നതിനിടെയാണ് മിൽമയും ആ വാക്ക് കടം കൊണ്ടത്. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ..’ ഇങ്ങനെ പോകുന്നു മിൽമയുടെ പരസ്യ വാചകം. സംഭവം സോഷ്യൽ മീഡിയയിൽ കണ്ടതോടെ മിൽമ ഫായിസിന്റെ ഡയലോഗ് അടിച്ചുമാറ്റിയെന്നായിരുന്നു ജനസംസാരം. ഫായിസിന് കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയതോടെ ചർച്ചകളും സജീവമായി. ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയർന്നു. പിന്നാലെയാണ് ഫായിസിനെ തേടി മിൽമ അധികൃതര്‍ എത്തിയത്.

കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കൂടിയാണ് ഫായിസ്. ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീര്‍ സഖാഫിക്ക് സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്. വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്.