Friday 01 January 2021 04:22 PM IST

കോവിഡിനെ തൊൽപ്പിച്ച് കുഞ്ഞ് മഗ്ദലീൻ വന്നു, അമ്മ അവളെ കണ്ടത് പുതുവർഷപ്പുലരിയിൽ! പരീക്ഷണങ്ങൾക്കൊടുവിൽ മകൾ ജനിച്ച കഥ പറഞ്ഞ് അഞ്ജുവും മിഥുനും

Rakhy Raz

Sub Editor

mithun

കോവിഡിന്റെ പിടിയിൽ നിന്നും പറന്നുയർന്ന കുഞ്ഞു മാലാഖ മഗ്ദലീൻ മരിയ പുതുവർഷത്തിൽ പ്രതീക്ഷയുടെ മുഖമായി മാറിയിരിക്കയാണ്. ഗർഭിണിയായിരിക്കെ കോവിഡ് ബാധിതയായ അഞ്ജുവിന്റെയും മിഥുന്റെയും ജീവിതം ഏറെ പരീക്ഷണങ്ങൾക്കൊടുവിലാണ് പുഞ്ചിരിയിലേക്ക് എത്തിയത്. അമ്മ കോവിഡ് ബാധിതയായതിനാൽ മഗ്ദലീനെ മുപ്പത്തിരണ്ടാം ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്നു. കോവിഡ് ഗുരുതരമായ അമ്മ അഞ്ചുവിന് പുതുവർഷപ്പുലരിയിലാണ് മകളെ ആദ്യമായി എടുക്കാനായത്. എട്ടു വർഷത്തെ കാത്തിരിപ്പിനും ചികിത്സകൾക്കും ശേഷമാണ് മൂവാറ്റുപുഴ തൃക്കളത്തൂർ മുണ്ടയ്ക്കൽ വീട്ടിൽ മിഥുൻ ജോർജിനും അഞ്ജുവിനും നല്ല വാർത്ത കേൾക്കാനായത്. എന്നാൽ അഞ്ജു ഏഴു മാസം ഗർഭിണിയായിരിക്കെ മിഥുനും അഞ്ജുവും കോവിഡ് ബാധിതരായി. ‘‘ എങ്ങിനെയാണ് കോവിഡ് കിട്ടിയത് എന്നറിയില്ല. ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഡെന്റൽ ഹോസ്പിറ്റലിൽ ടെക്നീഷ്യനാണ് ഞാൻ. മിധുൻ വെൽഡിങ് ടെക്നീഷ്യനാണ്.

ഡിസംബർ ഒന്നാം തീയതി നല്ല പനിയുണ്ടായിരുന്നതു കൊണ്ട് ഹെൽത്ത് സെന്ററിൽ പോയി. അവർ പനിക്ക് മരുന്ന് തന്നിട്ട് കോവിഡ് ടെസ്റ്റ് ചെയ്യണം എന്നു പറഞ്ഞിരുന്നു.’’ ‘‘ പിറ്റേന്നും പനി കുറഞ്ഞില്ല, മാത്രമല്ല കുഞ്ഞിന് ചെറിയ അനക്കക്കുറവും തോന്നിയതുകൊണ്ട് സ്വകാര്യ ആപത്രിയിലെത്തി. അവർ അവിടെ അഡ്മിറ്റാക്കി കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റിവ് ആണെന്ന് അറിഞ്ഞ് ചികിത്സിച്ചു. എന്നാൽ ചുമ നിൽക്കാതെയായപ്പോൾ ന്യൂമോണിയ ആയേക്കാം എന്ന സംശയം കൊണ്ടും വേണ്ട സൗകര്യം അവിടെ ഇല്ലാത്തതു കൊണ്ടും കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ആ ജില്ലയിലുള്ളവരേയേ എടുക്കൂ എന്നറിഞ്ഞ് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് എത്തി. ആറാം തീയതിയാണ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തുന്നത്. അന്ന് ശ്വാസംമുട്ട് വല്ലാതെ കൂടി. അതിനു ശേഷം എനിക്ക് ബോധം ഉണ്ടായിരുന്നില്ല.’’ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ന്യൂമോണിയ കൂടുകയും സ്ഥിതി ഗുരുതരമാകുകയും ചെയ്തതോടെ ഡിസംബർ ഏഴിന് മൊബൈൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അഞ്ജുവിനെ ആസ്റ്റർ മെഡി സിറ്റിയിലേക്ക് മാറ്റി. ‘‘ കളമശ്ശേരി മെഡിക്കൽ കോളജിൽ ശ്വാസകോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്ന എക്‌മോ മെഷീൻ ഉണ്ടായിരുന്നില്ല. അതിനാലാണ് ആസ്റ്ററിലേക്ക് മാറ്റിയത്.

ആസ്റ്ററിലുള്ളവരാണ് ഗുരുതരാവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നതും കുഞ്ഞിനെ എത്രയും പെട്ടെന്ന് പുറത്തെടുക്കണം എന്നു പറയുന്നതും. ഞാൻ ഹോം ക്വാറന്റീനിലായിരുന്നു ആ സമയം. കളമശേരിയിൽ ബെഡ് ഒഴിവില്ലാത്തതിനാലാണ് എന്നെ വീട്ടിൽ ക്വാറന്റീനിൽ വിട്ടത്. കൂടെ ആരും ഇല്ലാതെയാണ് അഞ്ജുവിനെ ആസ്റ്ററിലേക്ക് മാറ്റിയത്. കോവിഡ് ആയതിനാൽ ബൈ സ്റ്റാൻഡറെ അനുവദിക്കാൻ പറ്റില്ലല്ലോ. ആസ്റ്ററിലെ ഡോക്ടർമാരാണ് കുഞ്ഞിനെ രക്ഷിക്കാൻ ഉടൻ കുഞ്ഞിനെ പുറത്തെടുക്കണം എന്നു പറയുന്നത്’’ മിഥുൻ കാണാക്കാഴ്ചകളുടെ വിവരം പറഞ്ഞു. മുപ്പത്തിരണ്ട് ആഴ്ച മാത്രം പ്രായമായ കുഞ്ഞിനെ അന്നു തന്നെ അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

mithun-2

മാസം തികയാതെ പിറന്നതിനാൽ എൻഐസിയു വെന്റിലേറ്ററിലാക്കി. അമ്മയുടെ നില അപ്പോഴും ഗുരുതരമായി തുടരുകയായിരുന്നു. എക്‌മോ യന്ത്രത്തിന്റെയും വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. പിന്നീട് ട്രക്കിയസ്റ്റമി വഴി കഴുത്തിൽ ഘടിപ്പിച്ച ട്യൂബിലൂടെ ഓക്സിജൻ നൽകി. സ്ഥിതി മെച്ചപ്പെട്ടപ്പോൾ ഏഴ് ദിവസത്തിനു ശേഷം എക്‌മോ യന്ത്രവും പതിനൊന്ന് ദിവസത്തിനു ശേഷം വെന്റിലേറ്ററും നീക്കി. ആസ്റ്റർ മെഡി സിറ്റിയിലെ ഡോ. സെറീന ഖാലിദ്, ഡോ. സുരേജ് ജി. നായർ, ഡോ. പ്രവീൺ വത്സലൻ, ഡോ. ജോസ് പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ‘‘ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കുഞ്ഞിനും ശ്വാസകോശ ഇൻഫെക്ഷൻ ഉണ്ടായിരുന്നു. അതെല്ലാം തരണം ചെയ്തു മോളും അഞ്ജുവും തിരിച്ചെത്തി. ഏതായാലും ഇന്ന് പുതുവർഷണായിട്ട് അഞ്ജുവിന് കുഞ്ഞിനെ ആദ്യമായി കാണാനായി.’’ ‘‘ ഇനി അഞ്ജുവും കുഞ്ഞും കളമശ്ശേരിയിൽ എന്റെ പെങ്ങളുടെ വീട്ടിലായിരിക്കും നിൽക്കുക. ആശുപത്രിയിൽ ചെക്കപ്പിന് പോകാനുള്ള സൗകര്യം കണക്കാക്കിയാണ് ഈ തിരുമാനം.