ഭാര്യ വിളിച്ചിട്ടും അത് ശ്രദ്ധിക്കാതെ ഭർത്താവു ടിവിയിൽ തന്നെ നോക്കിയിരുന്നു. അരിശം വന്ന ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി. ചുമലിൽ ആഴത്തിൽ മുറിവുമായി ഭർത്താവ് ആശുപത്രിയിലായി. മുംബൈയിലെ ചെമ്പൂർ മാഡ കോളനിയിലാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഏജന്റായ സുരേഷിനാണ് ഭാര്യ ശാന്തിയുടെ കുത്തേറ്റത്.
വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന ഭർത്താവിനോട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും അവഗണിച്ചതാണ് പ്രകോപനത്തിന് കാരണം. ശാന്തിയുടെ ബഹളത്തിനൊടുവിൽ സുരേഷ് ടിവി ഓഫ് ചെയ്തെങ്കിലും ശാന്തി അടുക്കളയിൽ ചെന്ന് കറിക്കത്തിയെടുത്ത് രണ്ടു വട്ടം സുരേഷിന്റെ ചുമലിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിന്റെ മുറിവിൽ തുന്നലിട്ടു. സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.