നടന വൈഭവത്തിന്റെ കൊടുമുടി കയറിയ നെടുമുടിക്കാരൻ പോയ്മറയുകയാണ്. മരണത്തിന്റെ ലോകത്തേക്ക്... ആ അഭിനയ ചാരുതയെ ഹൃദയത്തിലേക്ക് ചേർത്തു നിർത്തുമ്പോൾ ഓർമ്മകളുടെ റീലുകൾ ഒത്തിരിയുണ്ട് ‘വനിതയുടെയും’ ഷെൽഫിൽ. ജ്വലിക്കുന്ന ഓർമകൾക്കു മുന്നിലുള്ള ആദരമെന്നോണം ആ നല്ല നിമിഷങ്ങളെ ഞങ്ങള്‍ തിരികെ വിളിക്കുകയാണ്, വേദനയോടെ. നെടുമുടി വേണു ജീവിതം, സിനിമ, സൗഹൃദം.... ഓർമ്മകളുടെ സ്റ്റോറേജ് എന്ന ടാഗ്‍ലൈനിൽ വിജീഷ് ഗോപിനാഥ് എഴുതിയ ലേഖനം വായിക്കാം ചുവടെ...
ജോണിന്റെ വാക്ക്, സുശീലയിലയ്ക്ക് അരികിലേക്ക്...
ഇനി സുശീലയെക്കുറിച്ചാണു പറയേണ്ടത്. എന്റെ ജീവിതം ഇത്രയും ശാന്തമായത് സുശീലയുടെ തണലുള്ളതു കൊണ്ടുകൂടിയാണ്... ഈ മുഖം എന്നാണ് ആദ്യമായി കണ്ടതെന്ന് പറയാനാവില്ല. കാരണം ഓര്‍മ വച്ചപ്പോള്‍ മുതല്‍ സുശീലയെ ഞാന്‍ കാണുന്നുണ്ട്. ഒരേ നാട്ടുകാര്‍.
പക്ഷേ, അന്നൊന്നും സംസാരിച്ചിട്ടില്ല. കാണുമ്പോള്‍ തന്നെ സുശീല ഒഴിഞ്ഞു മാറുകയാണ് പതിവ്. വീട്ടുകാര്‍ തമ്മില്‍ നല്ല പരിചയമാണ്. അങ്ങനെ ഒരേ നാട്ടുകാരായിട്ടും അപരിചിതരെപ്പോലെ ഞങ്ങളങ്ങനെ മുന്നോട്ടു പോവുമ്പോഴാണ് ജോണ്‍ എബ്രഹാമിന്റെ രംഗ പ്രവേശനം. ഞാനന്ന് തമ്പിലും ആരവത്തിലും അഭിനയിച്ച സമയം. ജോണ്‍ സംവിധാനം ചെയ്യുന്ന ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലും പരിസരത്തും നടക്കുന്നു.
ഒരു ദിവസം ജോണ്‍ എബ്രഹാം വീട്ടിലേക്കു വന്നു. ജോണിനൊരു പ്രത്യേകതയുണ്ട്. വന്നാല്‍ നേരെ അടുക്കളിയിലേക്കാണ് കയറുക. തിളക്കമുള്ള കണ്ണില്‍ സൂത്രമോ അനാവശ്യമോ ഒന്നുമില്ലല്ലോ... അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടമാവും.
ജോണിന്റെ അച്ഛനെ അമ്മയ്ക്കറിയാമായിരുന്നു. ആ ഒരടുപ്പം കൂടി ജോണിനോടുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ജോണ്‍ രഹസ്യമായി പറഞ്ഞു, 'എനിക്ക് കുറച്ച് ചാരായം വേണം.' ഞാന്‍ ഞെട്ടി. അമ്മ അറിഞ്ഞാല്‍ വലിയ കുഴപ്പമാകും. എങ്ങനെയെങ്കിലും സംഘടിപ്പിക്കണമെന്ന് ജോണ്‍ !നിര്‍ബന്ധിച്ചു തുടങ്ങി. അമ്മയോട് ഞാന്‍ കാര്യം പറഞ്ഞു, 'സാറിന്റെ മോനല്ലേ, അവനെ സങ്കടപ്പെടുത്തണ്ട. പക്ഷേ, അധികമാവണ്ട.
അങ്ങനെ ചാരായം വന്നു. കുറേ നേരം സംസാരിച്ചു ഉറങ്ങി. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ ജോണിനോടു ഒരു കാര്യം പറഞ്ഞു–'' സിനിമാക്കാരെല്ലാം വഴിപിഴച്ചു പോവും എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീവിഷയത്തില്‍. എന്റെ മോനും...''
ആ വാചകം മുഴുമിപ്പിക്കാന്‍ ജോണ്‍ സമ്മതിച്ചില്ല. അമ്മയെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ കൈ വച്ചു കൊണ്ടു പറഞ്ഞു, ''അമ്മയുെട മോന്‍ ഒരിക്കലും വഴി തെറ്റില്ല. ആ ഭയം വേണ്ട, ഇതു പറയുന്നത് ജോണ്‍ ആണ്, ജോണ്‍ എബ്രഹാം...''
നെറുകയില്‍ നിന്ന് കൈയെടുത്ത് തിരിഞ്ഞു നടന്ന ജോണിനൊരു സന്യാസിയുടെ ഭാവമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, ഇതു പറഞ്ഞു കഴിഞ്ഞതും എന്റെ മനസ്സിലേക്ക് സുശീലയുടെ രൂപമാണ് കടന്നു വന്നത്. അതിന്റെ കാരണം ഇപ്പോഴും അറിയുകയുമില്ല.
ജോണിനെ ബസ്സ് കയറ്റി വിട്ട് ഞാന്‍ നേരെ സുശീലയുടെ വീട്ടിലേക്കാണു പോയത്. അവിടെത്തുമ്പോള്‍ ആള്‍ പനിച്ചു വിറച്ചു കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞ് കട്ടിലിനരികില്‍ ഇരുന്നു. അന്നാണ് ആദ്യമായി മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നത്.
കുറേ നാട്ടുകാര്യങ്ങള്‍ പറഞ്ഞു. അതിനിടയില്‍ സുശീല കഞ്ഞി കുടിച്ചു. എല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ നേരം ഞാന്‍ ചോദിച്ചു, ''എന്റെ കൂടെ ജീവിക്കാന്‍ തയാറാണോ?''
എനിക്ക് എതിര്‍പ്പൊന്നുമില്ല എന്നായിരുന്നു സുശീല മറുപടി പറഞ്ഞത്. വീട്ടുകാരുമായി ആലോചിച്ചു. ആദ്യം കുഴപ്പമൊന്നുമില്ലായിരുന്നെങ്കിലും എന്റെ സിനിമാഭിനയം സുശീലയുടെ വീട്ടിലൊരു പ്രശ്‌നമായി. അവര്‍ വിവാഹത്തിന് എതിരായി. അങ്ങനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു.
ജോണിന്റെ വാചകവും അപ്പോള്‍ സുശീലയുടെ മുഖം മനസ്സിലേക്കു വന്നതും വിവാഹവും എല്ലാം നിമിത്തങ്ങള്‍ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റായ പലരിലേക്കും വഴിമാറിയൊഴുകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇല്ലാതെ ദൈവം സുരക്ഷിതമായ കരങ്ങളാലാണ് എന്നെ ഏല്‍പ്പിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നു.
അതു വേണ്ട, പാടില്ല എന്നൊന്നും സുശീല ഇതു വരെ പറഞ്ഞിട്ടില്ല. പക്ഷേ അതു ഭംഗിയായി അവതരിപ്പിച്ച് ആ വഴിയിലേയ്ക്കു തന്നെ എന്നെ എത്തിക്കാനറിയാം. കേന്ദ്രസര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് എനിക്കും മക്കള്‍ക്കും വേണ്ടിയായിരുന്നു. കൂടെ ജോലി ചെയ്തവരൊക്കെ വലിയ സ്ഥാനത്തെത്തി പെന്‍ഷനായി. പക്ഷേ, ജോലി വേണ്ടെന്നു വച്ച തീരുമാനത്തില്‍ സുശീല ഇതു വരെ സങ്കടപ്പെട്ടിട്ടില്ല.
മക്കളുടെ കുട്ടിക്കാലത്ത് ഞാന്‍ വീട്ടിലെത്തുന്നത് വല്ലപ്പോഴുമാണ്. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള ഓട്ടമായിരുന്നു.
ഒരിക്കല്‍ അപൂര്‍വം എന്ന വാക്ക്, വാക്യത്തില്‍ പ്രയോഗിക്കാന്‍ മകന്‍ ഉണ്ണിയോടു ടീച്ചര്‍ പറഞ്ഞു. അവന്‍ എഴുതിയ ഉത്തരം ഇങ്ങനെയായിരുന്നു.'' അപൂര്‍വമായി മാത്രം വീട്ടിലെത്തുന്ന ജീവിയാണ് അച്ഛന്‍.''
ഫോട്ടോ; ശ്രീകാന്ത് കളരിക്കല്‍