പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ നിന്ന് നീന ടീച്ചർ നേടിയെടുത്ത ജീവിതമാണിത്. നൃത്തസംഗീതങ്ങളുടെ സ്നേഹത്തലോടലുള്ള ജീവിതം...
ജീവിതത്തിന്റെയും തോൽവിയുടെ മധുരത്തിന്റെയും രസതന്ത്രം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയായി അറിയപ്പെടാനാണ് നീന ടീച്ചർക്കിഷ്ടം. പ്രിയപ്പെട്ടവരുടെ നഷ്ടം പോലും ഊർജമാക്കാനുള്ള രാസവാക്യങ്ങളാണ് ടീച്ചർ തേടിയത്.
വേദനയുടെ തീജ്വാലയിലൂടെ നടന്നാലും ‘രാസമാറ്റ’ങ്ങൾക്ക് വിധേയമാകാതെ പുറത്തെത്താൻ നീന ശബരീഷ് പഠിച്ചതും ജീവിതം നൽകിയ പരീക്ഷണങ്ങളിലൂടെ. ഭക്തിയും കലയും പ്രേരകങ്ങളാക്കിയാൽ എന്നെന്നും തിളങ്ങിക്കൊണ്ടിരിക്കുന്ന ‘പ്രൊഡക്റ്റ്’ ആക്കാം ജീവിതമെന്ന് ഇന്ന് ടീച്ചറിലൂടെ പലരും തിരിച്ചറിയുന്നു.
മലപ്പുറം എംഎസ്പി സ്കൂളിൽ ഹയർസെക്കൻഡറി കെമിസ്ട്രി അധ്യാപികയായ നീനാ ശബരീഷിന്റെ ജീവിതം പതറാതെ മുന്നോട്ട് പോകാൻ ആർക്കും ഉൾക്കരുത്ത് പകരുന്നൊരു രാസവാക്യമാണ്.
വലിയ പൊട്ടുവച്ച കുട്ടി
‘‘ചെറുപ്പം മുതലേ വലിയ പൊട്ടുവച്ച് നന്നായി അണിഞ്ഞൊരുങ്ങിയേ എല്ലാവരും എന്നെ കണ്ടിട്ടുള്ളൂ. മൂന്നു വയസ്സിൽ തുടങ്ങിയതാണ് നൃത്ത പഠനം. സംഗീതവും പഠിച്ചു. 18 വർഷം തുടർച്ചയായി വേദികളിൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാടി. ജില്ലാതലത്തിലും ഇന്റർസോൺ തലത്തിലും കലാതിലകമായി. പതിനാറ് ഇനങ്ങൾക്കു വരെ പങ്കെടുത്ത് കൂടുതൽ ഇനങ്ങളിൽ പങ്കെടുത്തതിനുള്ള പ്രോത്സാഹന സമ്മാനമെങ്കിലും നേടിയേ മടങ്ങിയുള്ളൂ.
നൃത്തം പ്രഫഷൻ ആക്കാൻ ആഗ്രഹമില്ലെങ്കിലും മരണം വരെ കൂടെ കൊണ്ടുപോകണം എന്നു കരുതി. അതുകൊണ്ട് നൃത്തപഠനം നിർത്തിവച്ചുള്ള അക്കാദമിക് പഠനം ഉണ്ടായിട്ടുമില്ല.
കെമിസ്ട്രി ബിഎഡും എംഎ മലയാളവും കഴിഞ്ഞ് പല പല തടസ്സങ്ങൾക്കു ശേഷമാണ് എം എഡിന് ചേരാൻ കഴിഞ്ഞത്. ക്ലാസ് തുടങ്ങിയതും മഞ്ചേരി എൻഎസ്എസില്‍ എന്റെ സീനിയർ ആയി പഠിച്ചിരുന്ന ശബരീഷുമായി വിവാഹമായി.
സാബുവേട്ടൻ എന്നാണ് ശബരീഷേട്ടനെ ഞാൻ വിളിക്കാറ്. പ്രണയമായിരുന്നോ എന്നെല്ലാവരും ചോദിക്കും. കണ്ടിട്ടുണ്ട് എന്നല്ലാതെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തിനു വേണ്ടി ഒരു പുസ്തകം വാങ്ങാൻ അവരുടെ വീട്ടിൽ പോയപ്പോൾ അമ്മയ്ക്ക് എന്നെ ഇഷ്ടമായി. അങ്ങനെ ആ ലോചനയുമായി എത്തിയതായിരുന്നു.

വിവാഹത്തിനു മുൻപ്, ഇരുപത്തിമൂന്നാം വയസ്സിലുണ്ടായ ബൈക്ക് അപകടത്തിൽ അദ്ദേഹത്തിൻെറ വലതുകാൽ അറ്റുപോയി. അസാമാന്യമായ മനഃശക്തി കൊണ്ട് അദ്ദേഹം അതിനെ ധൈര്യത്തോടെ നേരിട്ടു. പിന്നീട് കൃത്രിമക്കാലുപയോഗിച്ചാണ് നടന്നിരുന്നത്. പലർക്കും അദ്ദേഹം കൃത്രിമക്കാൽ ഉപയോഗിച്ചിരുന്നു എന്നത് അറിയുക പോലുമില്ലായിരുന്നു. വിവാഹം ആലോചിക്കുന്ന സമയം വരെ എനിക്കും.
ആ കാലു വച്ച് അദ്ദേഹം ചെയ്യാത്തതായി ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഏതോ ഒൗദ്യോഗിക മീറ്റിങ്ങിന് ലക്ഷദ്വീപിൽ ചെന്നപ്പോൾ കൃത്രിമക്കാൽ ഊരി വച്ച് കടലില്‍ നീന്തിയിട്ടുപോലുമുണ്ട്.
കൃഷ്ണൻ നൽകിയ സൂചന
കല്യാണം ആലോചിച്ചപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ എനിക്കൊരു പ്രശ്നമായിട്ടേ തോന്നിയില്ല. 2001ലായിരുന്നു വിവാഹം. ഉയർന്ന ചിന്താഗതി, ആത്മാഭിമാനമുള്ള വ്യക്തിത്വം, സാത്വികൻ,ശാന്തൻ... അച്ഛനമ്മമാർക്ക് നല്ല മകൻ. ഇതായിരുന്നു സാബുവേട്ടൻ.
ഞാൻ എംഎഡ് പൂർത്തിയാക്കിയതും എംഎസ്‌സി പഠിച്ചതും മോളുണ്ടായതിനു ശേഷമാണ്. ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനം ഈ വിവാഹമായിരുന്നു എന്ന് പിന്നീട് എപ്പോഴും തോന്നിയിട്ടുണ്ട്. കിട്ടാവുന്നതിൽ ഏറ്റവും നല്ല ഭർത്താവും വൈഷ്ണവിക്ക് നല്ല അച്ഛനുമായി അദ്ദേഹം.
അപകടത്തിനു ശേഷം അദ്ദേഹം ബിഎഡ് ചെയ്തത് മക്കരപ്പറമ്പ് ജിഎച്ച്എസിൽ അധ്യാപകനായി. കംപ്യൂട്ടറിൽ നല്ല അറിവുണ്ടായിരുന്ന അദ്ദേഹം പിന്നീട് ഐടി അറ്റ് സ്കൂൾ പ ദ്ധതിയുടെ ആദ്യ ടീമിൽ അംഗവും മാസ്റ്റർ ട്രെയിനറുമായി. കേരളത്തിലെ എല്ലാ സ്കൂളുകളുടെയും ഡേറ്റകൾ അടങ്ങിയ സ്കൂൾ വിക്കി ആസൂത്രണം ചെയ്ത ടീമിലും അദ്ദേഹമുണ്ടായി. അതിന്റെ ലോഗോ വീട്ടിലിരുന്ന് വരച്ചതൊക്കെ ഓർമയുണ്ട്. ഫ്രീ സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായി, അതിനെക്കുറിച്ച് രണ്ട് പുസ്തകങ്ങളും എഴുതി. പല ഐഐടികളിലും കേരളത്തിന്റെ പ്രതിനിധിയായി മീറ്റിങ്ങുകളിൽ പങ്കെടുത്തു. ഇതിലെല്ലാം ഉപരി കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട അധ്യാപകനും.
വൈഷ്ണവിയും അച്ഛനും തമ്മിൽ അഗാധബന്ധമായിരുന്നു. പറമ്പിൽ കിളയ്ക്കാനും വാഴ വയ്ക്കാനും വരെ അവളെ ശീലിപ്പിച്ചു. പെൺകുട്ടിയായതുകൊണ്ട് ഇന്നത് ചെയ്യരുത് എന്നൊരിക്കലും പറഞ്ഞില്ല. മോൾക്ക് ഒരു വയസ്സുള്ളപ്പോൾ സാബുവേട്ടന്റെ ഹൃദയവാൽവിന് ചെറിയ പ്രശ്നമുണ്ടായി. മൂന്നു വർഷം ആയുർവേദ ചികിത്സ ചെയ്തു. ജീവിതം നീട്ടിക്കിട്ടാൻ ശസ്ത്രക്രിയ വേണമെന്നായി ഡോക്ടർമാർ. സാബുവേട്ടനില്ലാത്ത ഒരു ജീവിതം സങ്കൽപിക്കാൻ പോലുമാവില്ലായിരുന്നു. ഓരോ ചെറിയ കാര്യത്തിനും വരെ അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ദൈവത്തിൽ മനസ്സുറപ്പിച്ച് 2009ൽ ശ്രീചിത്രയിൽ ഹൃദയവാൽവ് മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പോയി.
പേടിച്ചതു പോലെ സംഭവിച്ചില്ല. സാബുവേട്ടനെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടി. മരുന്ന് സ്ഥിരമായി കഴിക്കണമെന്നു മാത്രം. ആശുപത്രിയിലായിരിക്കുമ്പോൾ കലോത്സവത്തിനു വേണ്ടി ഒരു മോഹിനിയാട്ടം വർണം എഴുതിക്കൊടുക്കേണ്ടതായി വന്നു. അതിലെ ‘കൃഷ്ണനില്ലാത്തൊരവനിയിൽ കൃഷ്ണമാത്രമെന്തിനിനി മാധവാ...എന്നൊക്കെ എഴുതി. കൃഷ്ണൻ എനിക്കു തന്ന സൂചനയായിരുന്നു അതെന്ന് പിന്നീടാണ് അറിഞ്ഞത്.
കലയിലേക്കൊരു തിരിച്ചു പോക്ക്
പഠനവും വിവാഹവുമൊക്കെയായി എന്റെ കലാജീവിതത്തിൽ പത്ത് പന്ത്രണ്ട് വർഷത്തെ വിടവ് വന്നിരുന്നു. അതിനുശേഷം 2004ൽ കാവ്യതളിരുകൾ എന്ന പേരിൽ കുട്ടികൾക്കു വേണ്ടി കഥയും പാട്ടുമൊക്കെ എഴുതുന്ന ബ്ലോഗ് തുടങ്ങി. സാബുവേട്ടൻ കംപ്യൂട്ടറിന്റെ ഉസ്താദ് ആയതുകൊണ്ട് സഹായമെല്ലാം അവിടെ നിന്നു കിട്ടി.
ആ സമയത്ത് എന്റെ സുഹൃത്താണ് ‘നിനക്ക് പാട്ടെഴുതാൻ കഴിയും, ഒന്നു ശ്രമിച്ചു നോക്ക് ’ എന്നു പറയുന്നത്. ആദ്യമായി എഴുതിയ പാട്ട് ശിവദാസ് വാരിയരുടെ ഈണത്തിൽ ‘ചിങ്ങമണിത്തെന്നൽ’ എന്ന പരിപാടിയിൽ ദൂരദർശനിൽ വന്നു. പാട്ടുകളെല്ലാം ചേർത്ത് പിന്നീട് ‘പറയുവാനാകാതെ’, ‘മഴച്ചിലമ്പൊലി’ എന്നിങ്ങനെ രണ്ട് ആൽബങ്ങളിറക്കി. അകലെ ഖയാലു പോലെ....എന്നു തുടങ്ങുന്ന ലളിതഗാനം കലോത്സവങ്ങളിൽ സ്ഥിരമായി സമ്മാനം നേടിക്കൊടുക്കാറുണ്ടിപ്പോഴും. എംഎസ്പി സ്കൂളിലെ കുട്ടികൾക്കായി എഴുതിയ സംഘഗാനങ്ങളും ദേശഭക്തിഗാനങ്ങളും കഴിഞ്ഞ എട്ടു വർഷവും സംസ്ഥാനകലോത്സവത്തിൽ ഞങ്ങൾക്ക് സമ്മാനമുറപ്പാക്കി.
ദൃഢമായ കൃഷ്ണഭക്തി പണ്ടും ഇന്നും എനിക്ക് കൂട്ടാണ്. പീലി ചൂടി ഓടക്കുഴൽ വിളിച്ചു വരുന്നയാളല്ല, തളരുമ്പോൾ താങ്ങി നിർത്തുന്നവനാണെന്റെ കൃഷ്ണൻ. നാൽപതാം വയസ്സിലാണ് ഞാൻ കഥകളി പഠിക്കുന്നത്.പാഞ്ചാലിയായി ഗുരുവായൂരിലായിരുന്നു അരങ്ങേറ്റം. നാല് വേദികളിൽ കൃഷ്ണനും അർജുനനുമായി മോൾക്കൊപ്പം ഗീതോപദേശം ആടി. ആയിടയ്ക്ക് വീണ്ടും മോഹിനിയാട്ടം പഠിച്ചു, എട്ട് വർണങ്ങളും രചിച്ചു.
ചെറാട്ടുകുഴി അമ്പലത്തിലെ സപ്താഹത്തിന് രുഗ്മിണി സ്വയംവരം ചടങ്ങുണ്ട്. പഴയകാല നർത്തകരായിരുന്ന ഞ ങ്ങൾ കുറച്ച് അധ്യാപികമാർ ചേർന്ന് 2012ൽ ആ ചടങ്ങിന് തിരുവാതിര കളിക്കാൻ തീരുമാനിച്ചു. പാട്ടും കുമ്മിയുമെല്ലാം ഞാൻ പുതിയതായി എഴുതി. രാജലക്ഷ്മി പ്രദീപ് നൃത്തസംവിധാനം ചെയ്ത് മോഹിനിയാട്ടത്തിന്റെ ലാസ്യഭാവവും ചേരുന്നൊരു രൂപമാണ് അന്ന് അവതരിപ്പിച്ചത്. അരമണിക്കൂർ നീളുന്ന ക്ലാസിക്കൽ തിരുവാതിര ഉണ്ടായത് അങ്ങനെയാണ്. ലാസ്യധ്വനി എന്നാണ് പത്ത് പേരുള്ള ഞങ്ങളുടെ ടീമിന്റെ പേര്. വ്യത്യസ്തമായ പുരാണകഥകളാണ് ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. കഥയോടിണങ്ങുന്ന ഒരു ശ്ലോകത്തോടെ തുടങ്ങി, ഗണപതി, സരസ്വതി സ്തുതികളും പിന്നെ പദം, കുറത്തി, വഞ്ചിപ്പാട്ട്, കുമ്മി, മംഗളം...ഇങ്ങനെയാണ് ഘടന.
പരമ്പരാഗത തിരുവാതിരയിൽ തുടക്കത്തിലെ ശ്ലോകം ഉണ്ടാകില്ല. തിരുവാതിരപ്പാട്ടിൽ ഉപയോഗിക്കാത്ത രാഗങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. വടക്കാഞ്ചേരി ബാബുരാജ് മാഷാണ് സംഗീതസംവിധാനം. ഫ്ലൂട്ട്, ഇടയ്ക്ക, വീണ, മൃദംഗം തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിക്കും. സാങ്കേതികകാര്യങ്ങൾക്ക് സാബുവേട്ടൻ നൽകിയ സഹായവും പിന്തുണയും വളരെ വലുതാണ്.

കൃഷ്ണന്റെ നായിക
മോളുടെ ഇഷ്ടമനുസരിച്ച് അവളെ പഠിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഐഐടിയിൽ ചേരണമെന്നവൾ പറഞ്ഞപ്പോൾ 2018 ഏപ്രിലിൽ മോളെ പാലായിൽ കോച്ചിങ്ങിനും അവിടെത്തന്നെ സ്കൂളില്‍ പ്ലസ് വണ്ണിനും ചേർത്തു.
ഒന്നു രണ്ടു മാസത്തിനു ശേഷം സാബുവേട്ടന് വല്ലാത്തൊരു തലവേദന വന്നു. തലച്ചോറിൽ ബ്ലീഡിങ് ആയതുകൊണ്ട് 20 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. മോൾ രണ്ടു തവണ വന്ന് കണ്ടിട്ടു പോയി. ആ ദിവസങ്ങളിലെപ്പോഴോ സാബുവേട്ടൻ എന്നോടു പറഞ്ഞു, ‘നിന്റെയീ വലിയ പൊട്ടും അണിഞ്ഞൊരുങ്ങലുമൊന്നും ഒരിക്കലും വേണ്ടെന്നു വയ്ക്കരുത്. നീ നീയായിത്തന്നെ ജീവിക്കണം’ എന്ന്.
അസുഖം ഭേദമാകും എന്നു തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ, ജൂലായ് 19ന്, ആദ്യപ്രളയകാലത്തിന് തൊട്ടുമുൻപ്,നാൽപത്തഞ്ചാം വയസ്സിലെ സെറിബ്രൽ ഹെമറേജ് അദ്ദേഹത്തെയും കൊണ്ടുപോയി.
വേദനകളെ ഊർജമാക്കി സാബുവേട്ടൻ. കാൽ നഷ്ടപ്പെടുമ്പോഴും ഹൃദയം നുറുങ്ങുമാറ് വേദനിച്ചപ്പോഴും ഒരിക്കൽ പോലും ഒരിറ്റു കണ്ണീർ വീഴ്ത്തിയില്ല. ‘അമ്മ കരഞ്ഞാൽ അച്ഛന് ഇഷ്ടപ്പെടില്ല. അച്ഛൻ ഉള്ളപ്പോൾ എങ്ങനെയായിരുന്നോ അതുപോലെത്തന്നെയായിരിക്കണം, ഒരിക്കലും തളരരുത്’ എന്ന് വൈഷ്ണവി എനിക്ക് ഊർജം തന്നു. അവളും ധൈര്യത്തോടെ ആ സാഹചര്യത്തെ നേരിട്ടു.
മോൾ തന്നെയാണ് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയതും കർമങ്ങളെല്ലാം ചെയ്തതും. അവൾക്ക് അതെല്ലാം അച്ഛൻ പറഞ്ഞു കൊടുത്തിരുന്നു. മൂന്നാം ദിവസം വൈഷ്ണവി ഹോസ്റ്റലിലേക്ക് മടങ്ങി. പത്തൊമ്പതാം ദിവസം ഞാനും സ്കൂളിൽ പോയിത്തുടങ്ങി.
ആരുെടയും സഹതാപത്തിന്റെ തണലിലാകരുതിനി ജീവിതം എന്ന് ദൃഢനിശ്ചയം ചെയ്തു. സാബുവേട്ടന്റെ ആഗ്രഹമായിരുന്നു ഞാൻ ഡ്രൈവിങ് പഠിക്കണമെന്നത്. അദ്ദേഹത്തിന്റെ വണ്ടിയിൽ ഡ്രൈവിങ് പഠിച്ചു, സാബുവേട്ടൻ അമ്മയെ കൊണ്ടുപോകുന്നതു പോലെ അമ്മയെ എല്ലായിടത്തും കൊണ്ടുപോകാൻ വേണ്ടി...
2019 മാർച്ച് 8ന് ലോങ്ഡ്രൈവ് ചെയ്തു പോയി മോളെ ഹോസ്റ്റലിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നു. അതുപോലെയെല്ലാം സ്വന്തമായി ചെയ്യാൻ ശീലിച്ചു. എന്റെ ജീവിതം അറിഞ്ഞ് ക്ലാസിൽ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ കുട്ടികളുണ്ട്. വേദനയിൽ ഉരുകി ജീവിച്ച സാധാരണ സ്ത്രീയായിരുന്നെങ്കിൽ ഞാനൊരു മാതൃകയാകുമായിരുന്നില്ല. മനഃപൂർവം മാറ്റിയെടുത്തതാണ് ഞാനെന്നെ. സാബുവേട്ടന്റെ അമ്മയും വൈഷ്ണവിയും പിന്തുണയും ധൈര്യവുമേകി. എന്റെ കൃഷ്ണൻ ഭർത്താവായി വന്നു, ഒരു വ്യാഴാഴ്ച നിർമാല്യം തൊഴാൻ നേരത്ത് തിരിച്ചു പോയി. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം...
