‘അച്ഛന്‍’ റോളിൽ പിണറായി വിജയന്റെ ഭൂരിപക്ഷം എത്രയായിരിക്കും?
മറുപടിയായി വീണ പറഞ്ഞത് വർഷങ്ങൾക്കു മുൻപുള്ള ഒരനുഭവമാണ്.
‘‘ഞാൻ ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ ഒരുങ്ങി നിൽക്കുന്നു. അന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ എന്തോ വലിയ സമരം നടക്കുന്നുണ്ട്. ആൾക്കടലിനു മുന്നിൽ നിൽക്കുന്ന അച്ഛനെ ഞാൻ ലൈവ് ആയി ടിവിയിൽ കാണുന്നുമുണ്ട്.
വീട്ടിൽ നിന്നിറങ്ങേണ്ട സമയമാകുമ്പോൾ സാധാരണ അച്ഛൻ എന്നെ വിളിക്കാറുള്ളതാണ്. അന്നു വിളിക്കില്ല എന്നോർത്തു. പക്ഷേ, കൃത്യസമയത്ത് വിളിച്ചു, ‘ഇറങ്ങാറായില്ലേ’ എന്നു ചോദിച്ചു. ഏതു തിരക്കിലായാലും വീട് മറക്കാറില്ല. അതാണ് അച്ഛൻ’’ വീണ ഒാർക്കുന്നു,
നാടിനു വേണ്ടി ‘പിണറായി’യും വീടിനു വേണ്ടി ‘വിജയനു’മായി നി ൽക്കാനുള്ള രഹസ്യം പഠിച്ചതു കൊണ്ടു കൂടിയാണ് പിണറായി വിജ യൻ എന്ന ‘സഖാവ്’ ജനഹൃദയങ്ങളിൽ ചെന്താരകമായി നിൽക്കുന്നത്. അതുകൊണ്ടു തന്നെയാണ് മകൾ വീണ പറയുന്നത്, ‘അച്ഛനെ ഒരിക്കലും ഞങ്ങൾക്ക് കിട്ടാതിരുന്നിട്ടില്ല. എത്ര തിരക്കിലാണെങ്കിലും ഒപ്പമുണ്ടെന്ന തോന്നൽ അനുഭവിച്ചാണ് ഞങ്ങൾ വളർന്നത്. ഒരുപാതിയിൽ സഖാവും മറുപാതിയിൽ അച്ഛനും.’
‘സമയമില്ല’ എന്ന വാക്കിനെ പണ്ടേ പടിക്കു പുറത്താക്കിയ ആളാണ് പിണറായി വിജയൻ. അളന്നു മുറിച്ചുള്ള മറുപടി പോ ലെ എല്ലാത്തിനും കൃത്യ സമയമുണ്ട്. പ്രസംഗിക്കാനും ഊ ണു കഴിക്കാനും മക്കളെ വിളിക്കാനും, പത്രസമ്മേളനം തുടങ്ങാനും അത് നിർത്താനും...
പിണറായിയിലെ കുട്ടിക്കാലം
‘‘എട്ടാം ക്ലാസു വരെ ഞാൻ പിണറായിയിലെ വീട്ടിലായിരുന്നു.’’ അച്ഛന്റെ തിരക്ക് അറിഞ്ഞു തുടങ്ങിയ നാളുകളെക്കുറിച്ച് വീണ ഒാർമിച്ചു തുടങ്ങി. ‘‘അച്ഛനും അമ്മയും ഏട്ടനും ഞാനും അച്ഛമ്മയും ആയിരുന്നു അവിെട താമസം. അച്ഛന്റെ വിവാഹത്തിനു മുന്നേ ഉണ്ടാക്കിയ വീടായിരുന്നു അത്. ‘പ്രവിക്’ എന്നാണു വീട്ടുപേര്. ആ പേരിൽ തന്നെ ഒരു കൗതുകമുണ്ട്, വീട്ടുപേരിലെ മൂന്ന് അക്ഷരങ്ങളും ഒാരോ പേരാണ്. അച്ഛന്റെ മൂത്ത ഏട്ടന്റെ മോൻ പ്രഭാകരൻ, അച്ഛന്‍ വിജയൻ, അച്ഛമ്മ കല്യാണി എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ‘പ്രവിക്’ എന്നു പേരിട്ടത്.
അച്ഛൻ മിക്കപ്പോഴും ആഴ്ചയുടെ അവസാന ദിവസമായിരിക്കും വീട്ടിലെത്തുക. പക്ഷേ, എല്ലാ ദിവസവും ഫോണിൽ സംസാരിക്കും. ഇന്നും തുടരുന്ന ശീലം. വീട്ടിൽ നടക്കുന്ന ചെറിയ കാര്യം പോലും അച്ഛൻ അറിയാറുണ്ട്.
തലശേരി സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലായിരുന്നു എട്ടാം ക്ലാസു വരെ ഞാൻ പഠിച്ചത്. അഞ്ചാം ക്ലാസ് ആയപ്പോഴേക്കും സെന്റ്ജോസഫ് ബോയ്സ് സ്കൂളിലേക്ക് ഏ ട്ടനും എത്തി. ആ സ്കൂളിലെ ടീച്ചറായിരുന്നു അമ്മ. ഞങ്ങ ൾ മൂന്നാളും കൂടി രാവിലെ വീട്ടിൽ നിന്നിറങ്ങും. ഇപ്പോഴും ഒാർക്കാൻ രസമുള്ള കാലമാണത്. വീട്ടിലെത്തിയാൽ പ ത്തു പതിനഞ്ച് കൂട്ടുകാർ. അവർക്കൊപ്പമുള്ള തമാശകൾ. ഇന്നും അവരെല്ലാം കൂട്ടുകാർ തന്നെ. ഞാൻ ഒൻപതാം ക്ലാസ്സിൽ ആയപ്പോഴേക്കും അച്ഛൻ വൈദ്യുതി മന്ത്രിയായി. അതോടെ ഞങ്ങള്‍ തിരുവനന്തപുരത്തേക്കു പോന്നു. പിന്നീട് കോട്ടൺഹിൽ സ്കൂളിലാണ് പഠിച്ചത്.
പഠനകാലത്തും ‘പിണറായിയുടെ മകൾ’ എന്ന വിശേഷണം കൊണ്ട് ഒന്നും നേടാൻ ശ്രമിച്ചിട്ടില്ല. സാധാരണക്കാരായിട്ടാണ് വളർന്നത്. അക്കാലത്ത് അപരിചിതരായ ആളുകൾ അച്ഛന്റെ ജോലി എന്താണെന്നു ചോദിക്കുമ്പോൾ പലപ്പോഴും സർക്കാർ ജീവനക്കാരനാണെന്നേ പ റയൂ. മന്ത്രിയുടെ മകളെന്നൊക്കെ പറയുമ്പോൾ അവർ ന മ്മളെ കാണുന്ന രീതിയിൽ മാറ്റം വരും.
ഇപ്പോഴും ‘മുഖ്യമന്ത്രിയുടെ മക്കൾ’ എന്ന തോന്നൽ എനിക്കും ഏട്ടനും ഇല്ല. അങ്ങനെ വളർത്തിയതിനുള്ള ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കുമാണ്. പറഞ്ഞു പഠിപ്പിക്കാതെ തന്നെ ഞങ്ങൾക്ക് അത് മനസ്സിലാക്കി തന്നു.
ജീവിതത്തിൽ ഇങ്ങനെയാകണം, ഈ രീതിയിൽ ജീവിക്കണം എന്നൊന്നും അച്ഛൻ പറഞ്ഞു തന്നിട്ടില്ല. മറ്റുള്ളവരെ ആശ്രയിച്ചു നിൽക്കാതെ സ്വയംപര്യാപ്തമാകണം എന്നേ പറഞ്ഞിട്ടുള്ളൂ. നമ്മുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും തന്നു.
എൻജിനീയറിങ് പരീക്ഷ കഴിഞ്ഞ അടുത്ത ദിവസം ത ന്നെ എനിക്കു ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയപ്പോൾ അച്ഛൻ പറഞ്ഞ ഒരു കാര്യം ഒാർമയുണ്ട്. ‘ശമ്പളത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കു ബുദ്ധിമുട്ടുന്നവർക്കായി മാറ്റി വയ്ക്കണം. അവരെ സഹായിക്കണം. മറ്റൊരു ഭാഗം യാത്രകൾക്കായും മാറ്റി വയ്ക്കണം.’
വീട്ടിലെ അച്ഛൻ
വാതില്‍ തുറന്ന് അകത്തു വന്നു കഴിഞ്ഞാൽ പിന്നെ ‘അച്ഛനാണ്’. രാഷ്ട്രീയപ്രവർത്തകനോ മുഖ്യമന്ത്രിയോ ഒന്നുമല്ല. പുറത്ത് ഭൂകമ്പം നടന്നിട്ടുണ്ടാകും. പക്ഷേ, വീടിനുള്ളിൽ മറ്റൊരാളാണ്. അതൊന്നും ചർച്ച ചെയ്യാറുമില്ല.
വീട്ടിലാണെങ്കിലും ഒരുപാടു സംസാരിക്കുന്ന ആളല്ല അച്ഛൻ. ആ ശീലം പണ്ടു മുതൽക്കേ ഇല്ല. പറയാനുള്ള കാര്യം ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായും കൃത്യമായും പറയും. വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമാണ്. അതിൽ എല്ലാം ഉണ്ടാകും.
എല്ലാ ആഘോഷങ്ങൾക്കും ഒപ്പം നിൽക്കും. കുട്ടിക്കാലത്തു മാത്രമല്ല, ഇപ്പോഴും വീട്ടിൽ എല്ലാവരുടെയും പിറന്നാള്‍ വലിയ ആഘോഷമാണ്. ചുമരിൽ സ്റ്റിക്കറുകൾ ഒക്കെ ഒട്ടിച്ച്... കേക്കും ബിരിയാണിയും പായസവും. പരിപ്പു പ്രഥമനാണ് ഏറ്റവും ഇഷ്ടമുള്ള വിഭവം.
വീട്ടിലെത്തിയാൽ അച്ഛന് ചില ശീലങ്ങളുണ്ട്. എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ഒരിക്കലും ഭക്ഷണ സമയത്ത് വൈകാറില്ല, ‘വീട്ടിൽ നിന്നേ കഴിക്കൂ’ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യ സമയത്ത് തന്നെ എത്തും. ആരൊക്കെ വീട്ടിൽ വരുന്നോ അവർക്കൊക്കെ ഭക്ഷണം കൊടുക്കണമെന്നു നിർബന്ധമാണ്. പുറത്തു പോയാലും ഒപ്പമുള്ളവർക്ക് ഭക്ഷണമുണ്ടോ എന്ന് ഉറപ്പു വരുത്തിയിട്ടേ കഴിക്കൂ.
ആരോഗ്യകരമായ ഭക്ഷണമാണിഷ്ടം. വാരിവലിച്ചു കഴിക്കില്ല. ആവശ്യമുള്ളതേ എടുക്കൂ. മീനും പച്ചക്കറിയും നന്നായി കഴിക്കും. പുറംനാടുകളിൽ പോയാൽ അവിടുത്തെ ഭക്ഷണരീതി പരീക്ഷിക്കും. ചില കാര്യങ്ങൾ വേണ്ടെന്നു വച്ചാൽ പിന്നെ, ഒരിക്കലും പ്രലോഭനത്തിൽ വീഴില്ല. പണ്ട് ഒരുപാടു ചായ കുടിക്കുന്ന ആളായിരുന്നു. പെട്ടെന്ന് നിർത്തി. അതുപോലെ െഎസ്ക്രീം. അതും ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്തിയതാണ്. പിന്നെ, കഴിച്ചു കണ്ടിട്ടില്ല.
വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ്
മുന്നില്‍ വരുന്ന പ്രതിസന്ധികളെ അച്ഛൻ മറികടക്കുന്നത് കാണുമ്പോൾ ബഹുമാനം തോന്നാറുണ്ട്. പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴേ ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള ആളല്ലേ? മാധ്യമങ്ങളും പ്രതിപക്ഷവും ഇത്രയും വേട്ടയാടിയ രാഷ്ട്രീയ നേതാവ് വേറെ ഉണ്ടോ എന്നു പോലും സംശയമാണ്.
പക്ഷേ, ആരോപണങ്ങളൊന്നും അച്ഛനെ ബാധിക്കാറില്ല. അതിലൊന്നും ശ്രദ്ധിക്കാതെ തീരുമാനങ്ങളിൽ ഉ റച്ചു നിന്ന് അത് നടപ്പിലാക്കുന്ന അച്ഛൻ വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകുന്നത്. തെറ്റൊന്നും ചെ യ്യാത്ത ആൾക്കേ അങ്ങനെ നിൽക്കാനാകൂ.
തിരഞ്ഞെടുപ്പിനു മുൻപുള്ള ആറുമാസം ഒരുപാടു ആ രോപണങ്ങൾക്കിടയിലൂടെയാണ് കടന്നു പോയത്. മുൻപെങ്ങും ഇല്ലാത്ത വിധമായിരുന്നു ആക്രമണം. പിണറായിയുടെ മകളായതുകൊണ്ടാണ് എന്റെ പേരും വലിച്ചിഴച്ചത്. ആരോപണങ്ങളുന്നയിക്കുന്നവരുടെ രാഷ്ട്രീയ സ്വഭാവം അതാണ്. ആ രീതിയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. നമുക്കൊന്നും ചെയ്യാനാകില്ലല്ലോ. ഇങ്ങനെ പറ്റുന്ന രീതിയിലൊക്കെ പരിശ്രമിച്ചിട്ടും അതിനെയെല്ലാം മറികടക്കാൻ അച്ഛനു സാധിച്ചു. ആ ആത്മവിശ്വാസം അഭിമാനമാണ് ഉണ്ടാക്കിയത്.
കുട്ടിയെ പോലും വേദനിപ്പിക്കുന്നു
എന്റെ കുട്ടിക്കാലത്തും ഭീഷണിപ്പെടുത്തലുകളും വധഭീഷണികളും ഒരുപാടുണ്ടായിട്ടുണ്ട്. അന്ന് മൊബൈലില്ല. ലാൻഡ് ലൈനിലേക്ക് കോളുകൾ വരും. ചേട്ടനാകും പലപ്പോഴും ഫോണെടുക്കുക. ‘കൊന്നുകളയുമെന്നൊക്കെ’ കേട്ട് പേടിച്ചുപോയ ചേട്ടന്റെ മുഖം എനിക്കിപ്പോഴും ഒാർമയുണ്ട്. ‘അതെല്ലാം വെറുതെ പറയുന്നതാണ്. കുഴപ്പമില്ല’ എന്ന് അമ്മ സമാധാനിപ്പിക്കും.
സ്പ്രിൻക്ലർ വിവാദത്തിൽ എന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടു. ഒരു ദിവസം മകൻ വാർത്ത കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ ജോലിചെയ്യുന്ന െഎടി കമ്പനിയുടെ പേര് അതിൽ പറഞ്ഞു. അതോടെ അവൻ വാർത്ത ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് എന്റെ അടുത്തേക്ക് ഒാടി വന്നു, ‘അമ്മയെ പൊലീസ് പിടിച്ചു കൊണ്ടുപോകുമോ’ എന്നു ചോദിച്ചു. പണ്ട് അമ്മ എന്നെ സമാധാനിപ്പിച്ചതു പോലെ ഇന്ന് ഞാൻ അവനെ സമാധാനിപ്പിക്കുന്നു.
‘ഇഗ്‌നോർ ചെയ്യുക’ എന്ന പോളിസി ഞാൻ പണ്ടേ പഠിച്ചതാണ്. അച്ഛനാണ് അതിലും മാതൃക. ലാവ്‍ലിൻ കേസ്– അച്ഛനെ തകർക്കാനായോ? ആ ജീവിതം കണ്ടല്ലേ ഞങ്ങൾ വളർന്നത്. ഇതിലൊന്നും ഞാൻ തളരില്ല.
എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഞാൻ അച്ഛനോടാണ് പറയുക. എന്തിനും അച്ഛനൊപ്പമുണ്ടെന്ന ഉറപ്പുള്ളതു കൊണ്ടാകാം. കുട്ടിക്കാലം തൊട്ടേ അങ്ങനെയാണ്. എനിക്ക് കണക്കു പരീക്ഷ ഭയങ്കര പേടിയായിരുന്നു. ചോദ്യപേപ്പർ കയ്യിൽ കിട്ടിയാൽ പഠിച്ചതെല്ലാം മറന്നു പോകും. അതറിഞ്ഞ് അച്ഛനൊരു മരുന്നു പറഞ്ഞു തന്നു, ‘ടെൻഷനടിക്കണ്ട. പരീക്ഷാഹാളിൽ പേടി തോന്നിയാൽ കണ്ണുമടച്ച് എന്നെ ഒാർത്താൽ മതി’ ഇതത്ര വലിയ കാര്യമാണോ എന്നു പലർക്കും തോന്നാം. പക്ഷേ, എനിക്കത് വലിയ ധൈര്യം തന്നെയാണ് എന്നും.
പിണറായി എന്ന മുത്തച്ഛൻ
പിണറായി എന്ന അച്ഛനും മുത്തച്ഛനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പിണറായി എന്ന ‘അച്ഛൻ’ ചെയ്യാത്ത എല്ലാ കാര്യവും ‘മുത്തച്ഛൻ’ ചെയ്തു കൊടുക്കും.
മോൻ ഇഷാൻ. പത്തു വയസ്സിന്റെ എല്ലാ കുറുമ്പും ഉണ്ട്. കെഗു എന്നാണ് അവനെ വിളിക്കുന്നത്. മോന്റെ സന്തോഷത്തിനു വേണ്ടി പല കാര്യങ്ങളും അച്ഛൻ സമ്മതിച്ചു കൊടുക്കുന്നതു കണ്ടിട്ടുണ്ട്. എല്ലാ കുറുമ്പിനും കൂട്ടു നിൽക്കും. ഞാനും അമ്മയും സമ്മതിക്കാത്ത കാര്യം അവൻ പതുക്കെ അച്ഛനോടു സംസാരിച്ച് സാധിച്ചെടുക്കും. അതുപാടില്ലെന്ന പരാതി എനിക്കും അമ്മയ്ക്കും ഉണ്ട്.
അന്ന് അച്ഛന്റെ കണ്ണു നിറഞ്ഞോ?
ഒരിക്കൽ മാത്രമേ അച്ഛന്റെ കണ്ണു നിറഞ്ഞു ഞാൻ കണ്ടിട്ടുള്ളൂ. അച്ഛന്റെ മൂത്ത ചേട്ടൻ കുമാരൻ. അച്ഛൻ കോളജിൽ പോയി പഠിക്കാൻ കാരണമായത് അദ്ദേഹമാണ്. അച്ഛന്റെ ജീവിതം ഈ രീതിയിലേക്ക് മാറ്റിയതു തന്നെ മൂത്തച്ഛനാണെന്നു പറയാം.
കാൻസർ വന്നാണ് അദ്ദേഹം മരിക്കുന്നത്. ആശുപത്രിയിൽ ആയപ്പോൾ മൂത്തച്ഛൻ ഡോക്ടറോടു പറഞ്ഞു, ‘വിജയനെ ഒന്നു വിളിക്കാമോ, അവൻ വന്നാൽ എന്റെ എല്ലാ അസുഖവും പോകും. എനിക്ക് വീട്ടിലേക്കു പോകാം.’
അവസാന രണ്ടു മൂന്നു ദിവസങ്ങളിൽ അച്ഛൻ അദ്ദേഹത്തിന്റെ അടുത്തു നിന്ന് മാറിയിട്ടില്ല. കുട്ടികളെ പോലെ എല്ലാ കാര്യവും നോക്കി കൂടെ നിന്നു. മരിച്ചു കിടക്കുന്ന മൂത്തച്ഛനെ നോക്കി നിൽക്കുന്ന അച്ഛന്റെ കണ്ണുകൾ നിറഞ്ഞതു പോലെ തോന്നി. അതിനു മുൻപും പിൻപും അച്ഛന്റെ അങ്ങനെയൊരു മുഖം ഞാൻ കണ്ടിട്ടില്ല.
ഏട്ടനും ഞാനും
ഏട്ടൻ വിവേകും ഞാനും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അതുകൊണ്ടു വലിയ കൂട്ടുകാരെ പോലെയാണ് വളർന്നത്. ഇപ്പോൾ കുടുംബവുമൊത്ത് അബുദാബിയിലാണ്. അവിടെ ബാങ്കിങ് മേഖലയിലാണ് ജോലി. ഭാര്യ ദീപ, മോൻ വിവാൻ.
ഞങ്ങൾ രണ്ടു പേരും രാഷ്ട്രീയത്തിൽ നിന്ന് അകന്നു ജീവക്കുന്നവരാണ്. എന്നാല്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. രാഷ്ട്രീയ ബോധമുള്ളവരുമാണ്.
പിണറായിയുടെ മകളായി നിൽക്കുമ്പോൾ പലരുമായും പരിചയപ്പെടേണ്ട സാഹചര്യങ്ങളുണ്ടാകും. പലരും സ്വാധീനിക്കാൻ ശ്രമിക്കും. പക്ഷേ, അതിലൊന്നും വീഴാതെ നേരായ മാർഗത്തിൽ മുന്നോട്ടു പോകാൻ കഴിയുന്നത് അച്ഛന്റെ ജീവിതം കണ്ടു പഠിച്ചതുകൊണ്ടാണ്. ഒന്നിലും ഭ്രമിക്കാതെ ജീവിക്കാൻ പറ്റുന്നതും അതുകൊണ്ടുതന്നെ.
അച്ഛന്റെ പല കാര്യങ്ങളും ജീവിതത്തിൽ പകർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അച്ഛൻ പറയും, ‘ജീവിതത്തിൽ രണ്ടു കാര്യങ്ങളിൽ മുങ്ങിപ്പോകരുത്. ഒന്ന് മറ്റുള്ളവർ പുകഴ്ത്തുമ്പോൾ. പിന്നെ, കുറ്റം പറയുമ്പോൾ. രണ്ടും നിങ്ങളെ തളർത്തുകയേയുള്ളൂ.’ അത് തിരിച്ചറിയുന്നത് കൊണ്ട് തലയുയർത്തി തന്നെ മുന്നോട്ടുപോകാനാകുന്നു.
റിയാസ് എന്ന സഖാവ്
ഞാനും റിയാസിക്കയും പുതിയ ജീവിതത്തിലേക്ക് കടന്നു. റിയാസിക്ക എസ്എഫ്െഎയിലും ഡിവൈഎഫ് െഎയിലുമൊക്കെ പ്രവർത്തിച്ചതുകൊണ്ടു തന്നെ ആദ്യമേ എനിക്ക് അറിയാമായിരുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി. ഒരുപോലെ ചിന്തിക്കുന്ന, നല്ല സൗഹൃദമുള്ള രണ്ടുപേർ. അതു തിരിച്ചറിഞ്ഞപ്പോൾ ഒന്നിക്കാം എന്നു തീരുമാനിച്ചു. രണ്ടു വീട്ടുകാർക്കും സന്തോഷം.
പക്ഷേ, ആ സമയത്ത് ഇല്ലാത്ത അർഥവും മാനവും ഈ വിവാഹത്തിനു കൊടുക്കാൻ പലരും ശ്രമിച്ചു. മതം, ജാതി, രാഷ്ട്രീയം തുടങ്ങി പല മാനങ്ങളും വന്നു. ഞങ്ങൾ അതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. ഞങ്ങളെ അതു ബാധിച്ചിട്ടുമില്ല.
സോഷ്യൽമീഡിയ വഴി വലിയ വ്യക്തിഹത്യ നടന്നെന്ന് പല സുഹൃത്തുക്കളും വിളിച്ചു പറഞ്ഞു. സാധാരണ ഇതൊന്നും കണ്ട് വിഷമിക്കാത്ത എന്റെ പല ബന്ധുക്കളും അത്തരം മോശം കമന്റുകൾ ഇടുന്നവരോട് പ്രതികരിക്കണം എന്നു പറഞ്ഞു. പക്ഷേ, ഞാനത് മനഃപൂർവം വിട്ടുകളഞ്ഞു. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും വ്യക്തിഹത്യ ചെയ്യാം എന്ന അവസ്ഥയാണിപ്പോൾ. അതില്ലാതാക്കാന്‍ നിയമം വരാത്തിടത്തോളം കാലം ഈ സാഹചര്യം മാറില്ല.
അച്ഛനിലും റിയാസിക്കയിലും കാണുന്ന പൊതുവായ കാര്യം അടിസ്ഥാന വർഗങ്ങളോടുള്ള കാരുണ്യമാണ്. അത് കമ്യൂണിസ്റ്റുകാരുടെ പൊതുസ്വഭാവമാണ്. പക്ഷേ, പ്രവർത്തന രീതിയിൽ വ്യത്യാസമുണ്ട്. രണ്ടുപേരും രണ്ടു കാലത്തെ രാഷ്ട്രീയക്കാരാണല്ലോ.