Tuesday 18 September 2018 11:52 AM IST : By സ്വന്തം ലേഖകൻ

ഹെല്‍മറ്റില്ലാതെ ട്രിപ്പിളടിച്ച് ഒരു ‘പൊലീസ് സവാരി’; പണികൊടുത്ത് ജനം: വിഡിയോ കാണാം

police

‘പൊലീസുകാർക്കൊക്കെ എന്തും ആവാല്ലോ’ എന്നാകും ഈ വിഡിയോ കാണുന്ന ചിലർക്കെങ്കിലും തോന്നുക. അതിൽ കാര്യമുണ്ട് താനും. കാരണം, പരസ്യമായി ട്രാഫിക് നിയമങ്ങൾ തെറ്റിച്ച്, ഹെൽമറ്റ് പോലുമില്ലാതെയാണ് മൂന്ന് പൊലീസുകാർ ഒരു ബൈക്കിൽ പാഞ്ഞത്.

ഹെല്‍മെറ്റ് ധരിക്കാതെയും ട്രിപ്പിളടിച്ചും ബൈക്കിൽ വരുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നവരാണ് പരസ്യമായി ഈ നിയമ ലംഘനം നടത്തിയതെന്നത് ഗൗരവതരമായി തന്നെ പരിഗണിക്കണം.

ഇവിടെ ഹെല്‍മെറ്റില്ലാതെ ട്രിപ്പിളടിച്ച് പോയ പൊലീസുകാർക്ക് പണികൊടുത്തത് കാര്‍ യാത്രികരാണ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. മൂന്ന് പോലീസുകാര്‍ പരസ്യമായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമായി. അനുരാഗ് സിങ്, മുരളിലാല്‍ വര്‍മ, കുന്‍വര്‍ ആനന്ദ എന്നീ പൊലീസുകാർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തങ്ങളുടെ ദൃശ്യം പകര്‍ത്തുന്നത് കണ്ട പോലീസുകാര്‍ യാത്രക്കാരെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് എ.എസ്.പി ആര്‍.എസ് നിം പറഞ്ഞു.