Tuesday 24 November 2020 04:16 PM IST

ഉറക്കമില്ല, വിശ്രമമില്ല, മുറിവും ഒപ്പം വേദനയും അസ്വസ്ഥതയും; മാനസിക മാറ്റങ്ങൾ ഗർഭാനന്തര വിഷാദത്തിലേക്ക് നയിക്കാം, അറിയേണ്ടതെല്ലാം

Rakhy Raz

Sub Editor

baby-and-mom

ഗർഭകാലത്ത് ശരീരത്തിലുണ്ടായിരുന്ന ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും വർധനവ് പ്ലാസെന്റയുടെ നഷ്ടത്തോടെ ഗണ്യമായി കുറയും. ഇത് വലിയ മാറ്റങ്ങളാകും ശരീരത്തിനും മനസ്സിനും ഉണ്ടാക്കുക.

ശാരീരിക മാറ്റങ്ങൾ

ഹോർമോൺ വ്യതിയാനം മൂലം ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിൽ കഴുത്തിലും വയറിലും കറുത്തതും വെളുത്തതുമായ പാടുകൾ വരാറുണ്ട്. സ്തനങ്ങൾക്ക് വലുപ്പം വയ്ക്കുകയും ശരീരത്തിന്റെ ഉറപ്പ് കുറഞ്ഞ് മാംസളമാകുകയും ചെയ്യാം.

മാനസിക മാറ്റങ്ങൾ

പ്രസവാനന്തരമുള്ള ഹോർമോൺ വ്യതിയാനം വിഷാദത്തിന് (പോസ്റ്റ് പാർട്ടം ബ്ലൂസ്) കാരണമാകാം. ഉത്കണ്ഠ, അകാരണമായി സങ്കടം എന്നിവ തോന്നാം. ഏറ്റവും അടുപ്പമുള്ളവരോട് പോലും അകൽച്ച തോന്നുന്ന സ്ഥിതി ചിലരിൽ ഉണ്ടാകാറുണ്ട്.

ശരിയായി ഉറക്കം ലഭിക്കുന്നില്ല, വേണ്ടത്ര വിശ്രമം ലഭിക്കുന്നില്ല, പ്രസവ ശസ്ത്രക്രിയ, പ്രസവാനന്തരം മുറിവിനു വേണ്ടി വരുന്ന തുന്നലുകൾ കൊണ്ടുള്ള വേദനയും അസ്വസ്ഥതയും, മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ, പ്രസവശേഷം എല്ലാവരും കുഞ്ഞിനെയാണ് ശ്രദ്ധിക്കുന്നത് എന്ന ചിന്ത എന്നിവയൊക്കെ പ്രസവാനന്തര വിഷാദത്തിലേക്ക് നയിക്കാം. തുടക്കത്തിലെ തന്നെ ശ്രദ്ധയും ചികിൽസയും ആവശ്യമുള്ള കാര്യമാണിത്.

എങ്ങനെ കൈകാര്യം ചെയ്യാം

വേണ്ടത്ര ശ്രദ്ധയും പരിഗണനയും അമ്മയ്ക്കും നൽകുന്നതിലൂടെ പോസ്റ്റ് പാർട്ടം ബ്ലൂസ് പരിഹരിക്കാനാകും. വിഷാദ രോഗത്തിലേക്ക് പോകാനുള്ള പ്രവണതയുള്ളവർക്ക് പോസ്റ്റ് പാർട്ടം ബ്ലൂസ്, പോസ്റ്റ് പാർട്ടം ഡിപ്രഷനായി മാറാം. ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ട അവസ്ഥയാണിത്. 

ശാരീരികമായ പ്രശ്നങ്ങൾ ഏകദേശം ആറു മാസം മുതൽ ഒരു വർഷത്തിനകം മാറും. പ്രസവശേഷം അമിത ഭക്ഷണം കഴിക്കേണ്ടതില്ല. പോഷകപ്രദമായ ഭക്ഷണം മിതമായ അളവിൽ കഴിച്ചാൽ മതിയാകും. സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങാതിരിക്കാൻ തുടക്കം മുതലേ നഴ്സിങ് ബ്രാ ഉപയോഗിക്കാം. സ്തനങ്ങളുടെ ശുചിത്വവും വളരെ പ്രധാനമാണ്.

അമ്മ മധുരവും ഹോർമോണും 

പ്രസവ ശേഷം  ആറു മാസത്തോളം മുലപ്പാലുണ്ടാകുന്നതിനുള്ള പ്രൊലാക്റ്റിൻ ഹോർമോൺ സ്ത്രീ ശരീരത്തിൽ അധികമായിരിക്കും. അതിന്റെ ഫലമായും ശാരീരിക– മാനസിക മാറ്റങ്ങൾ ഉണ്ടാകും.

ശാരീരിക മാറ്റങ്ങൾ 

പാൽ ഹോർമോണുകൾ സ്ത്രീയുടെ ലൈംഗികവാഞ്‌ജ കുറയ്ക്കും. ശസ്ത്രക്രിയ ചെയ്തവർക്കും യോനിയിലെ മുറിവിന് തുന്നൽ വേണ്ടി വന്നവർക്കും മൂത്രമൊഴിക്കുമ്പോഴും  മലശോധന സമയത്തും വേദനയും  അസ്വസ്ഥതകളും ഉണ്ടാകാം. 

മാനസിക മാറ്റങ്ങൾ

ശിശുപരിചരണവും കുഞ്ഞ് രാത്രി ഉറങ്ങാത്തതിനാലുള്ള ഉ റക്കക്കുറവും അമ്മയെ മാനസികമായി തളർത്താം. ലൈംഗി  ക വാഞ്ജക്കുറവ് ഭർത്താവ് വേണ്ടവിധം മനസ്സിലാക്കാത്തത് വിഷാദത്തിനും കാരണമാകാം. ഈ ഘട്ടത്തിൽ പങ്കാളിയുടെ പിന്തുണയും കരുതലും വളരെ പ്രധാനമാണ്.

എങ്ങനെ കൈകാര്യം ചെയ്യാം 

നന്നായി ഉറങ്ങാൻ സമയം കണ്ടെത്തണം. കുഞ്ഞിന്റെ ഉത്തരവാദിത്തം അമ്മയുടെ മാത്രം കടമയായി കാണാതെ കുടുംബാഗങ്ങളും സഹായിക്കണം. 

ലൈംഗിക  താൽപര്യക്കുറവ്  ആരോഗ്യ പ്രശ്നമായി തെറ്റിദ്ധരിക്കേണ്ടതില്ല. മുലയൂട്ടൽ കാലഘട്ടത്തെ ആഹ്ലാദത്തോടെ സ്വീകരിക്കുകയും  ഈ അവസ്ഥ താൽക്കാലികമാണെന്ന് മനസ്സിലാക്കുകയുമാണ് വേണ്ടത്. ഈ ഘട്ടത്തിൽ  ആർത്തവം വരാതെയും ക്രമമല്ലാതെയുമിരിക്കാം. അണ്ഡവിസർജനം   നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. വീണ്ടും ഗർഭിണിയാകാൻ സാധ്യതയുള്ള ഘട്ടം കൂടിയാണിത്. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. നിത്യ ചെറുകാവിൽ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, എറണാകുളം.

Tags:
  • Spotlight