ഏതു രോഗബാധയെയും സൂക്ഷ്മതയോടെ ഒഴിച്ചു നിർത്തേണ്ട കാലമാണ് ഗർഭകാലം. അനാവശ്യ മരുന്ന് ഉപയോഗം പൂർണമായി കുറയ്ക്കുക തന്നെയാണ് ലക്ഷ്യം. കോവിഡ് കാലം ഗർഭിണികൾക്കും കൂടെയുള്ളവർക്കും ഭയം തോന്നാം. ഈ കാലത്ത് ഗർഭിണികൾ എന്തെല്ലാം ശ്രദ്ധിക്കണം. കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റിവ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് നിത്യ ചെറുകാവിൽ പറയുന്നത് കേൾക്കാം.
ഗർഭിണി ആയതുകൊണ്ട് കോവിഡ് ബാധ ഗുരുത്തരമാകാനുള്ള സാധ്യത ഇല്ല. ഏതൊരാളെയും ബാധിക്കുന്ന വിധത്തിലേ ഗര്ഭിണിക്കും കോവിഡ് ബാധ ഉണ്ടാകൂ. അതിനാൽ യാത്ര ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക, മൂക്കിലും വായിലും സ്പർശിക്കുന്നത് പരമാവധി കുറയ്ക്കുക, സാമൂഹിക അകലം കർശനമായി പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ പിടിക്കുക എന്നീ അഞ്ചു കാര്യങ്ങൾ പാലിക്കുക.
ഇതുവരെ കോവിഡ് ബാധിച്ച ഗർഭിണികളിൽ ഭൂരിഭാഗം പേർക്കും കോവിഡ് ഗുരുതരമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരം ആണ്. അതിനാൽ കോവിഡ് ബാധിച്ചാലും ഭയപ്പെടാതെ ആത്മവിശ്വാസത്തോടെ ചികിത്സ തേടുക. കോവിഡ് ബാധ മൂലം ഗർഭം അലസൽ, ഭ്രൂണത്തിന് വളർച്ചക്കുറവ്, അമ്മയിൽ നിന്ന് കുഞ്ഞിന് രോഗബാധ എന്നിവ ഉണ്ടാകാൻ സാധ്യത ഇല്ല.
ഗർഭ സംബന്ധമായി പ്രമേഹം, രക്താതി സമ്മർദ്ദം എന്നിവ ഉള്ളവർ, കരൾ - വൃക്ക രോഗങ്ങൾ, ആസ്തമ, എന്നിവ ഉള്ളവർ, മുൻപ് ഉണ്ടായിട്ടുള്ളവർ, പ്രത്യേക സാഹചര്യങ്ങളാൽ പ്രതിരോധശേഷി നിയന്ത്രിച്ചു നിർത്തുന്ന മരുന്നുകൾ (ഇമ്മ്യൂണോ സപ്രസ്സീവ് മെഡിസിൻസ്) കഴിക്കുന്നവർ കൂടുതൽ കരുതലോടെ ഇരിക്കുക.
ഗർഭിണികൾ ഗർഭകാല ചെക്കപ്പുകളുടെ തവണ ഡോക്ടറുടെ നിർദേശപ്രകാരം കുറയ്ക്കുക. അത്യാവശ്യ ചെക്കപ്പുകൾ മാത്രം എടുക്കുക. ഫോൺ, വീഡിയോ കോണ്ഫറൻസിങ് വഴി ഡോക്ടറോട് ആശയവിനിമയം ചെയ്യാൻ കഴിയുമെങ്കിൽ നന്നായിരിക്കും.
കുഞ്ഞിന്റെ അനക്കം ദിവസവും സ്വയം പരിശോധിക്കുക. എത്ര അനക്കം ഉണ്ടെന്ന് എഴുതി വയ്ക്കുക. വെയിങ് മെഷീൻ, ഇലക്ട്രോണിക് ബി പി അപ്പാരറ്റസ് എന്നിവ വീട്ടിൽ വാങ്ങി വച്ചു സ്വയം ബി പിയും ഭാരവും നോക്കാം. ബി പി പരിശോധിക്കാൻ അടുത്തുള്ള ആരോഗ്യപ്രവർത്തകർ ഡോക്ടർമാർ എന്നിവരുടെ സഹായം തേടാം. അനക്കം, ബി പി, ഭാരം എന്നിവ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ ഫോൺ മുഖേന അറിയിക്കുക.
ആശുപത്രിയിൽ എത്തി ചെക്കപ്പ് ചെയ്യേണ്ട അവസരങ്ങളിൽ അപ്പോയിന്റിമെന്റ് എടുത്തു സമയം നിശ്ചയിച്ചു ആശുപത്രിയിൽ എത്തുകയും എത്രയും പെട്ടെന്ന് തിരികെ പോകുകയും ചെയ്യുക. ആശുപത്രിയിൽ വരുമ്പോൾ മാസ്‌ക്ക് ധരിക്കുക. ആശുപത്രിയിൽ കഴിച്ചു കൂട്ടുന്ന സമയം പരമാവധി കുറയ്ക്കുക. ആശുപത്രി സന്ദർശിക്കേണ്ടി വരുമ്പോൾ ഒരാൾ മാത്രം ഗർഭിണിയുടെ കൂടെ ഉണ്ടായാൽ മതിയാകും. കുട്ടികളെ കൂടെ കൂട്ടരുത്.
പ്രതിരോധ ശേഷി കൂട്ടുക കോവിഡ് പ്രതിരോധത്തിന്റെ ഭാഗം ആണെങ്കിലും അമിത പോഷണം വേണ്ട. സാധാരണ നിലയിൽ പോഷക പ്രധാനമായ ആഹാരം കഴിച്ചാൽ മതി. നോൺ വെജ് കഴിക്കുന്നത് കോവിഡ് സാധ്യത ഉണ്ടാക്കുന്നില്ല എന്നതിനാൽ ഗർഭിണിക്കും കഴിക്കാം.
ഡോക്ടർ നിർദേശിക്കാത്ത ഒരു ഹെൽത്ത് സപ്ലിമെന്റുകളും ഉപയോഗിക്കരുത്. ഗർഭ സുരക്ഷയ്ക്കായി ഡോക്ടർ നിർദേശിച്ചിരിക്കുന്ന ഫോളിക് ആസിഡ്, അയൺ -കാൽസ്യം സപ്ലിമെന്റുകൾ, പ്രോട്ടീൻ പൗഡർ, മൈക്രോ ന്യൂട്രിൻറ്സ് എന്നിവ സമയ നിഷ്ഠയോടെ മുടങ്ങാതെ കഴിക്കുക.
ഗർഭിണികൾ ആയ ആരോഗ്യ പ്രവർത്തകർ ഈ അവസരത്തിൽ പ്രവർത്തിക്കണോ എന്നു തീരുമാനിക്കുക. 28 ആഴ്ചയ്ക്ക് മുൻപ് വരെ കൃത്യമായ സുരക്ഷാ സംവിധാനത്തോടെ വേണമെങ്കിൽ പ്രവർത്തിക്കാം. 28 ആഴ്ച കഴിഞ്ഞാൽ പ്രവർത്തിക്കാതിരിക്കുകയാണ് നല്ലത്.