Monday 24 February 2020 02:22 PM IST : By സ്വന്തം ലേഖകൻ

നിറത്തിന്റെ പേരിൽ ‘നോട്ടപ്പുള്ളി’; ഫെയ്സ്ബുക്കിൽ പടമിട്ടാൽ ‘അലക്ക്’ വേറെ; വേദനകളെ മറന്ന് സെൽഫ് ട്രോളനായി; കുറിപ്പ്

reji

അപമാനിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും ക്വാഡന്റെ ആ തലയെടുപ്പിനു മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ്. പൊക്കക്കുറവിന്റെ പേരിൽ പരിഹാസ ശരങ്ങൾ ഏറ്റുവാങ്ങിയ ആ ഓസ്ട്രേലിയക്കാരൻ പയ്യൻ ഇന്ന് വിധിയെ തോൽപ്പിക്കുമ്പോൾ അതേറ്റെടുക്കാൻ‌ ഈ ലോകം തന്നെ ഒപ്പമുണ്ട്.

അപമാന ഭാരത്താൽ മരിക്കാനൊരുങ്ങി അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ ആ പയ്യൻ ആയിരങ്ങൾക്ക് പ്രചോദനമായ കഥയാണ് സോഷ്യൽ മീഡിയ മുഴുവൻ. ക്വാഡനു പിന്നാലെ അപമാനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും അതിനെ അതിജീവിച്ച കഥ പറയാനും നിരവധി പേരെത്തി. നിറത്തിന്റെ പേരിൽ കളിയാക്കലുകൾ ഏറ്റുവാങ്ങിയ കഥയാണ് ആർട്ടിസ്റ്റു കൂടിയായ റെജി സെബാസ്റ്റ്യൻ പങ്കുവയ്ക്കുന്നത്.

റെജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ക്വാഡൻ...
ഇതൊക്കെ എന്ത്...
ഞാനും അനുഭവിച്ചിട്ടുണ്ട് ഈ വേദനയൊക്കെ..
എന്തിന് ഇപ്പോഴും കിട്ടുന്നുണ്ട്...

ഓർമ വച്ച നാൾ മുതൽ നിറത്തിന്റെ കാര്യത്തിൽ നമ്മളൊരു നോട്ടപ്പുള്ളിയാ. വീട്ടിൽ ചേട്ടന്മാരും പെങ്ങളും നിറമുള്ളവർ. നമ്മള് മാത്രം ഇങ്ങനെ.
സ്കൂളിലും കോളേജിലും ജോലിസ്ഥലങ്ങളിലും ഒക്കെ നേരിട്ടും അല്ലാതെയും നിറത്തിന്റെ പേരിൽ നല്ല അലക്ക് കിട്ടിയിട്ടുണ്ട്. ഫേസ്ബുക്കിൽ ഒരു ഫോട്ടോയിട്ടാൽ കിട്ടുന്ന കമന്റുകൾ വേറെ..
കുറേക്കഴിഞ്ഞപ്പോൾ എനിക്കിതൊന്നുന്നും ഒരു പ്രശ്നമല്ലാതായി. നമ്മൾ തന്നെ നമ്മളെ ട്രോളാൻ തുടങ്ങി. പിന്നെന്ത് പ്രശനം..?

ഇറ്റാലിയൻ ഫുടബോള്ർ ബലോട്ടെല്ലി,
കാമറൂണിന്റെ സാമുവൽ എറ്റൂ തുടങ്ങി എത്രയോ കായിക താരങ്ങൾ കളിക്കിടയിൽ വംശീയവും വര്ണവെറിയും നിറഞ്ഞ അധിക്ഷേപങ്ങൾ കാണുന്നു.. കേൾക്കുന്നു. പരിഹാസങ്ങൾ ഉതിർക്കുന്നവരുടെ മാനസീക പ്രശനങ്ങൾ അല്ലെങ്കിൽ വൈകല്യങ്ങൾ തന്നെയാണ് ഇതിനൊക്കെ കാരണം. ചുമ്മാ ചൊറിയുമ്പോൾ കിട്ടുന്ന സന്തോഷം അല്ലാതെന്ത്.

ഭൂമിയിൽ ജനിച്ചു വീഴുമ്പോൾ നമ്മൾ തീരുമാനിച്ചിട്ടൊന്നുമല്ലല്ലോ നിറവും വംശവും ജാതിയും മതവുമൊക്കെ കിട്ടുന്നത്.അതൊക്കെ എങ്ങനെയോ നടക്കുന്ന പ്രോസസ്. അതൊക്കെ എന്റെ മിടുക്കുകൊണ്ടാണെന്നു കരുതുന്നവർക്കാണ് ഈ "ചൊറിച്ചിലുകൾ " കൂടുതൽ.. അതങ്ങനെ തന്നെ തുടരും. ലോകമുള്ള കാലം വരെ.

ക്വാഡൻ..
പരിഹാസങ്ങൾ അതിന്റെ വഴിക്കു പോവട്ടെ
അല്ല പിന്നെ..

(ഞാൻ എനിക്കിട്ടു തന്നെ ട്രോളിയ ട്രോളാണ് ഒരു ഫോട്ടോ )