മലപ്പുറം ജില്ലയുടെ രണ്ടറ്റത്തുള്ള മുറികളിലായിരുന്നു ഷിഹാബിന്റെയും റജീനയുടെയും ജീവിതം. പുകയൂരിനടുത്തുള്ള കൂമണ്ണയിലെ വീട്ടിൽ പുകഞ്ഞു നീറി ഷിഹാബ് ഇരുന്നു. അങ്ങാടിപ്പുറത്തെ വീട്ടിലെ ജനാല തുറന്നിട്ടു മാനം നോക്കി റജീന ദിവസങ്ങളുടെ നീളം അളന്നു. മുറിക്കുള്ളിൽ പെട്ടു പോയ ശലഭങ്ങളെ പോലെ രണ്ടു പേർ. പുറത്തേക്കുള്ള വഴി തിരഞ്ഞു തിരഞ്ഞ് ഇനി ജീവിതം ഇതിനുള്ളിൽ തന്നെയെന്നു സങ്കടപ്പെട്ടു, നിരാശയോടെ വാതിലുകളടച്ച് ഒറ്റയ്ക്കു മിണ്ടി അങ്ങനെ ഇരുന്നു. ചിലപ്പോൾ കട്ടിലിലേക്കു തളർന്നു വീണു. പിന്നെയും എഴുന്നേറ്റു വഴി തിരഞ്ഞു. ഇതു വർഷങ്ങൾക്കു മുൻപുള്ള കഥ.
ആശിച്ചുകൊണ്ടേയിരുന്നാൽ ഏത് ആകാശമാണു തുറന്നു കിട്ടാത്തത്?
വീൽച്ചെയറിൽ നിന്നു വിമാനത്തിലേക്കാണു റജീന കയറിയത്, മൂന്നു വർഷം മുൻപ് െമക്കയിൽ പോയി വന്നു. കൂട്ടുകാർക്കൊപ്പം ഒാട്ടോ ഒാടിച്ച് ഒന്നു കറങ്ങി വന്നിട്ടേയുള്ളൂ ഷിഹാബ്. ഷിഹാബും റെജീനയും ഉണ്ടാക്കുന്ന പേപ്പർ പേനകൾ കുട്ടികൾക്കു പ്രിയപ്പെട്ടതായി. ദുബായ്‍യിൽ നിന്നുവരെ ഒാർഡർ കിട്ടി. ഒരേ വീട്ടിലെ രണ്ടു വീൽച്ചെയറുകളിൽ അവർ തൊട്ടുതൊട്ടിരുന്നപ്പോൾ, സ്വപ്നങ്ങളൊന്നായപ്പോൾ ജീവിതം വേഗത്തിലോടിത്തുടങ്ങി.
പറന്നുകയറിയ കാലം
ഷിഹാബിന്റെ കഥ തുടങ്ങേണ്ടതു നാട്ടിലെ മൂവാണ്ടൻമാവിന്റെ ഉച്ചിയിൽ നിന്നാണ്. ഏതുയരത്തിലേക്കും ചാടിക്കയറും. നാട്ടിലെ കളിക്കളത്തിൽ പന്തിനു പിന്നാലെ പായും. കുട്ടിക്കാലത്തേക്കു ഷിഹാബ് ഒാർമച്ചിറകിൽ തിരിച്ചു പറന്നു. ‘‘ഏഴു മക്കളായിരുന്നു ഞങ്ങൾ. ഉപ്പയ്ക്കു കൂലിപ്പണിയായിരുന്നു. പെരുെവള്ളൂർ സ്കൂളിലെ പഠനം ഞാൻ പത്താം ക്ലാസ്സിൽ വച്ചു നിർത്തി. എന്റെ കൂട്ടുകാരിൽ പലരും അങ്ങനെയായിരുന്നു. പത്താം ക്ലാസ്സു കഴിഞ്ഞാൽ നേരെ പണിക്കു പോയിത്തുടങ്ങും. കുറച്ചു നാൾ പൊടിമില്ലിൽ നിന്നു. പിന്നെ, ലൈസൻസ് എടുത്തു. ഒാട്ടോയും ജീപ്പുമൊക്കെ ഒാടിച്ചു. അതിനൊപ്പം പന്തലു പണിക്കും പോയിത്തുടങ്ങി. പടിക്കൽ എന്ന സ്ഥലത്തുള്ള പന്തലും മറ്റു വാടക സാധനങ്ങളും കൊടുക്കുന്ന കടയിലായിരുന്നു ജോലി. ഏതുയരത്തിലും പന്തലു കയറ്റാൻ ഞാൻ റെഡിയായിരുന്നു. മുള നാട്ടി മുള കൊണ്ടുതന്നെയുള്ള ഫ്രെയിം കെട്ടി അതിനു മുകളിൽ ടാർപോളിൻ വലിച്ചു കെട്ടാറാണു പതിവ്. ഇന്നത്തെ പോലെ അല്ല, അന്നു മിക്ക കല്യാണങ്ങളും വീട്ടിലാണു നടക്കുന്നത്. പറമ്പിൽ വലിയ പന്തലിടും.
2007 െമയ് 22. ചേളാരിയിൽ ഒരു കല്യാണവീട്ടിലായിരുന്നു അന്ന്. പന്തൽ അഴിക്കുന്ന പണി. ഞാൻ ഏറ്റവും മുകളിലെത്തി. ടാർപോളിൻ അഴിച്ചിട്ടു. പിന്നെ, മുകളിലിരുന്നു കയറഴിച്ചു മുളകൾ ഒാരോന്നായി താഴേയ്ക്കിറക്കാൻ തുടങ്ങി. ഏതാണ്ടു നടുക്ക് എത്തി. പെട്ടെന്നു മുള പൊട്ടിപ്പോയി. പിടുത്തം കിട്ടിയില്ല. ഇരുന്ന വഴി ഞാൻ താഴേക്കു പോന്നു. വീണില്ല, പകരം മുകളിൽ നിന്നു നേരെ വന്നു നിലത്ത് ഇരുന്നു പോയി. ശരീരത്തിൽ എന്തോ നുറുങ്ങുന്ന ശബ്ദം കേട്ടു, കാലോ കയ്യോ ഒടിഞ്ഞെന്നാണു തോന്നിയത്.
എഴുന്നേൽക്കാൻ നോക്കി. പറ്റിയില്ല. ആകെ മരവിച്ചു. അരയ്ക്കു താഴേക്ക് ഇല്ല എന്നാണു തോന്നിയത്. കൈ നീട്ടി കാലു തൊട്ടു നോക്കി. കൈ തൊടുന്നുണ്ട്. പക്ഷേ, കാൽ അറിയുന്നില്ല. കാലുകള്‍ അനക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എല്ലാവരും ഒാടി വന്നു. എന്നെ എടുത്തു ഒാട്ടോറിക്ഷയിൽ ഇരുത്തി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക്. സുഷുമ്ന നാഡിക്കു ക്ഷതമേറ്റു എന്നു കണ്ടെത്തി. അന്ന് ഇരുപത്തൊന്നു വയസ്സേയുള്ളൂ. ഇനി നടക്കാൻ പറ്റുമോ എന്ന് ഒരു ദിവസം ഡോക്ടറോടു ചോദിച്ചു, ആറുമാസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞു. അതൊരു പ്രതീക്ഷ മാത്രമായിരുന്നു.
പിന്നീട് എനിക്കു കാലുകൾ കുത്തി നടക്കാനായില്ല. ആയുർവേദവും ഹോമിയോയും ഒറ്റമൂലികളും എല്ലാം പരീക്ഷിച്ചു. അതിനൊന്നും പഴയ ജീവിതത്തിലേക്കു മടക്കികൊണ്ടുവരാനായില്ല. ഒന്നരവർഷത്തോളം വീട്ടിലായിരുന്നു. ആ കാലം എങ്ങനെ കഴിച്ചു കൂട്ടി എന്ന് ആലോചിക്കുമ്പോൾ അദ്ഭുതം തോന്നും. മുറിക്കു പുറത്തേക്ക് ഒരു ലോകം ഇനിയുണ്ടോ എന്നുപോലും ഉറപ്പില്ലായിരുന്നു. ആദ്യം എന്നെ കാണാൻ വന്നത് സാന്ത്വനസേവനം നടത്തുന്ന മമ്പുറത്തുള്ള ബഷീർക്ക ആയിരുന്നു. അദ്ദേഹത്തോടു കുറച്ചു സംസാരിച്ചപ്പോൾ മനസ്സൊന്നു തണുത്തു. പിന്നെ, എന്നെപ്പോലെ അപകടത്തില്‍ പെട്ടവരും ജന്മനാ അംഗപരിമിതരായവരും വന്നു. അവരോടൊക്കെ സംസാരിച്ചപ്പോൾ കൂട്ടിന് ആളുണ്ടെന്നു തോന്നി. ആയിടയ്ക്കാണു കൂട്ടുകാർ പിരിവിട്ടു മൂന്നു ചക്രമുള്ള സ്കൂട്ടർ വാങ്ങി തന്നത്. ഇന്നും ഒാർമയുണ്ട് അതിലിരുന്ന് ആദ്യമായി വൈകിട്ടു പുറത്തേക്കു പോയത്.’’ ഷിഹാബ് ഒാർമയിലൂടെയുള്ള യാത്ര തുടങ്ങി.
അതേ കാലം, റജീനയുടെ വീട്ടിൽ...
അങ്ങാടിപ്പുറത്തിനടുത്ത് വലമ്പൂരാണു റജീനയുടെ വീട്. ആറുമാസമുള്ളപ്പോൾ റജീനയ്ക്കു പെട്ടെന്നൊരു പനി വന്നു. ഡോക്ടറിന്റെ അടുത്തേക്കു വീട്ടുകാർ കൊണ്ടു പോയി. അവിടെ നിന്നു െമഡിക്കൽ കോളജിലേക്ക്. ഒടുവിൽ തിരിച്ചറിഞ്ഞു, കുഞ്ഞിനു പോളിയോ ആണ്. രണ്ടു കാലുകളും തളർന്നു പോയി. നിർമാണ തൊഴിലാളിയായിരുന്ന ബാപ്പ റജീനയെയും കൊണ്ടു പല നാട്ടിലും ചികിത്സയ്ക്കായി സഞ്ചരിച്ചു. വീടിനുള്ളിൽ പാദസരക്കിലുക്കത്തോടെ മകൾ ഒാടി നടക്കണമെന്ന സ്വപ്നമായിരുന്നു ബാപ്പയ്ക്ക്. കടം വാങ്ങിയും ചികിത്സ നടത്തി. ഒടുവിൽ മുട്ടുകുത്തി നടക്കാമെന്നായി. വീടിനുള്ളിലൂടെ റജീന മുട്ടുകുത്തി പിച്ച വച്ചു.
അഞ്ചു വയസ്സു കഴിഞ്ഞപ്പോൾ റജീനയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയി. പക്ഷേ, സ്കൂൾ അധികൃതർ പ്രോത്സാഹിപ്പിച്ചില്ല. കുട്ടിയെ സ്കൂളിലേക്ക് എത്തിക്കാനുള്ള പ്രയാസം, മറ്റു കുട്ടികൾക്കിടയിൽ ഒറ്റപ്പെട്ടു പോകും എന്ന ഉപദേശം, സ്കൂൾ വിട്ടാൽ എല്ലാ കുട്ടികളും ഒാടി വീട്ടിലേക്കു പോകും. ഈ കുട്ടിയെ എന്തുചെയ്യുമെന്ന ‘ആശങ്ക’. കൈത്താങ്ങില്ലാത്ത വാചകങ്ങളില്‍ നിരാശനായ ബാപ്പ റജീനയെയും കൊണ്ടു വീട്ടിലേക്കു മടങ്ങി. പിന്നെ, ആ കുഞ്ഞിന്റെ ലോകം വീടിനുള്ളിലായി. വല്ലപ്പോഴും ബന്ധുക്കളുടെ കല്യാണത്തിനു പോയാലായി. ഒടുവിൽ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണു റജീന ഒറ്റയ്ക്കു വീട്ടിൽ നിന്നിറങ്ങുന്നത്.
‘‘ഇപ്പോഴത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. എന്തൊക്കെ സൗകര്യങ്ങൾ അവർക്കുണ്ട്. പല സ്കൂളുകളിലും ക്ലാസ് മുറിക്കുള്ളിൽ വരെ വീൽചെയർ എത്തും. അന്ന് ഒാട്ടോയിൽ കയറ്റിയൊന്നും എന്നെ സ്കൂളിലെത്തിക്കാനുള്ള സാമ്പത്തികസ്ഥിതി ബാപ്പയ്ക്ക് ഉണ്ടായിരുന്നില്ല. കുറച്ചു നാൾ ഒരു മാഷ് വന്നു പഠിപ്പിച്ചു. എഴുതാനും വായിക്കാനുമൊക്കെ അങ്ങനെ പഠിച്ചു. കുട്ടിക്കാലത്തെ കുറിച്ചു നല്ല ഒാർമകളൊന്നുമില്ല. ഇടയ്ക്കു പനി വരും. ആശുപത്രിയിലേക്കു പോകാനുള്ള ബുദ്ധിമുട്ട് ഒാർത്തു മരുന്നു കഴിച്ചു വീട്ടിലിരിക്കും. എത്രയോ രാത്രികളിൽ പനിച്ചു വിറച്ചു വീട്ടിൽ ഇരുന്നിട്ടുണ്ട്. കാലം അങ്ങനെ മുന്നോട്ടു പോയി. ഞാൻ വീടിനുള്ളിൽ തന്നെ. എന്റെ പ്രായത്തിലുള്ള കുട്ടികളുടെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ വീട്ടിൽ പറയുമ്പോൾ അതൊന്നും നമുക്കു പറഞ്ഞ കാര്യമല്ലെന്ന തോന്നലായിരുന്നു അന്ന്.
മുപ്പത്തി രണ്ടാമത്തെ വയസ്സിലാണു ഞാനാദ്യമായി ഒറ്റയ്ക്കു പുറത്തിറങ്ങുന്നത്. പെരിന്തൽമണ്ണയിൽ സാന്ത്വനം പാലിയേറ്റീവ് സെന്റർ അംഗപരിമിതരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. വീടിനടുത്തുള്ള ഒരു വോളന്റിയർ അതിൽ പങ്കെടുക്കാമോ എന്നു ചോദിച്ചു. പത്തു ദിവസത്തെ ക്യാംപ് ആയിരുന്നു. അതുവരെ ഞാൻ ഒറ്റയ്ക്കു പോയിട്ടില്ല, കുറേ ആലോചിച്ചു. അവസാനം ഏഴാം ദിവസമായപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു. അതൊരു വലിയ വഴിത്തിരിവായിരുന്നു. ഞാൻ മാത്രമല്ല എന്നെ പോലെ അല്ലെങ്കിൽ എന്നേക്കാൾ പ്രതിസന്ധികളുള്ള ഒരുപാടു പേരുണ്ടെന്ന് അന്നു തിരിച്ചറിഞ്ഞു. എന്നിട്ടും എത്ര നന്നായാണ് അവര്‍ ചിരിക്കുന്നത്, സംസാരിക്കുന്നത്. ഒരേ മനസ്സുള്ളവർക്കിടയിലേക്കു ഞാനും ഒഴുകി ചെന്നു. അന്നു തിരിച്ചു പോന്നെങ്കിലും രാത്രിയിൽ ഉറങ്ങാനായില്ല. എത്രയും വേഗം നേരം പുലരണം അവർക്കരികിലേക്കു തിരിച്ചു പോകണം എന്നു തോന്നി.
ആ കൂട്ടായ്മയിലൂടെ ഞാൻ തിരിച്ചു പിടിച്ചത് എന്റെ സന്തോഷങ്ങളാണ്. സ്വാതന്ത്യ്രമാണ്. ആ കൂട്ടായ്മയിൽ നിന്നാണ് ഞാൻ ഷിഹാബിനെ കാണുന്നതും വിവാഹം കഴിക്കുന്നതും.
ഒരേ സ്വപ്നം രണ്ടു പേർ കാണുന്നു
വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു ഷിഹാബും റെജീനയും. പരിചയമായി. കൂട്ടായി. ഇടയ്ക്കു റജീന ചോദിച്ചു, ‘നമ്മുടെയൊക്കെ ജീവിതത്തിൽ വിവാഹവും മറ്റും ഉണ്ടാകുമോ?’ ഷിഹാബ് വെറുതെ ചിരിക്കുക മാത്രം ചെയ്തു. പക്ഷേ, കാലം ഷിഹാബിനെയും റെജീനയെയും ഒന്നിപ്പിച്ചു.
രണ്ടുപേരുടെയും ചങ്ങാതിയായിരുന്ന നിസാർ വിവാഹകാര്യം വീട്ടിൽ അവതരിപ്പിച്ചു. രണ്ടു വീട്ടുകാർക്കും സമ്മതം. അങ്ങനെ ആറു വർഷം മുൻപ് അവർ പുതിയ ലോകം തുറന്നു. ‘‘ഒരേ മനസ്സുള്ളവർ ഒരേ പ്രതിസന്ധികളുള്ളവർ ഒന്നിക്കുമ്പോൾ കൂടുതൽ കരുത്തു തോന്നും പരസ്പരം താങ്ങാകാൻ പറ്റും.’’
ഷിഹാബിന്റെ വീൽച്ചെയറിനരികിലേക്കു നീങ്ങിയിരുന്നു റജീന പറയുന്നു. ‘‘ഇരുന്നുള്ള ജോലികളേ ചെയ്യാനാകൂ. പേപ്പർ പേന ഉണ്ടാക്കാറുണ്ട്. ഒരെണ്ണത്തിനു പത്തു രൂപയാണ്. ഇരുപത്തിയഞ്ചെണ്ണം കൊറിയർ ചാർജ് ഉൾപ്പെടെ 250 രൂപ. എല്ലാ പേനയ്ക്കുള്ളിലും പച്ചക്കറിയുടെയും പഴങ്ങളുടെയും വിത്തുകളുണ്ടാകും. സ്കൂളുകളിൽ വിതരണത്തിനായി ഒന്നിച്ച് ഒാർഡർ കിട്ടിയിരുന്നു, കോവിഡ് വന്നതോടെ അതു കുറഞ്ഞു. ദുബായിലേക്കും അയച്ചിട്ടുണ്ട്. പിറന്നാളിനും വിവാഹത്തിനുമൊക്കെ ഫോട്ടോ പ്രിന്റ് ചെയ്ത് ഒട്ടിച്ചു പേനയുണ്ടാക്കും. ലോകകപ്പു സമയത്തു മെസ്സി – നെയ്മാർ പേനകൾ ഹിറ്റായി. ഇതിനുള്ളിലെ വിത്തുകൾ ഞങ്ങളറിയാത്ത ഏതൊക്കെയോ നാട്ടിൽ പൊട്ടിമുളച്ചിട്ടുണ്ടാകും.
പിന്നെ ഒരു തയ്യൽ മെഷീനുണ്ട്, മോട്ടോർ പിടിപ്പിച്ചത്. പക്ഷേ, ഇതുകൊണ്ടു മാത്രം പറ്റില്ലല്ലോ. പേപ്പർബാഗ് ഉണ്ടാക്കാൻ പഠിക്കണമെന്നുണ്ട്. തയ്യലും പഠിക്കണം. ഞങ്ങൾ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ, വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ എന്റെ ലോകത്തിന് ഇത്രയും വെളിച്ചമുണ്ടാകില്ല. ഉറപ്പ്. എനിക്കു മക്കയിൽ പോകാനായത് ഇക്ക തന്ന പ്രോത്സാഹനം കൊണ്ടാണ്. ഒരിക്കൽ വരുന്ന അവസരം പിന്നീടു വരണമെന്നില്ലെന്നു പറഞ്ഞു. ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കുന്ന ഒരുപാടു പേരുടെ കാരുണ്യം ഒപ്പമുണ്ട്. അവരുടെ സഹായത്താലാണു മക്കയിൽ പോയത്.’’ ഒരേ പുഴയായി മാറിയതിനെക്കുറിച്ച് റജീന.
വൈകുന്നേരമായി. അങ്ങാടിയിൽ കൂട്ടുകാർ കാത്തു നിൽക്കുന്നുണ്ട്. കയ്യിൽ ബ്രേക്കും ഗിയറുമൊക്കെയുള്ള ആ ഒാട്ടോയ്ക്കരികിലേക്കു ഷിഹാബിന്റെ വീൽചെയർ ഉരുണ്ടു. വീടിനോടു ചേർന്നുള്ള റാംപിന്റെ അറ്റത്തു റജീന നോക്കി നിൽക്കുന്നു. ഉള്ളാട്ടിൽ എന്ന് പേരുള്ള ഈ വീടിന്റെ ഉള്ളു നിറയെ എന്തൊരു സ്നേഹമാണ്...