Saturday 25 July 2020 05:01 PM IST

‘മരിക്കാൻ വിടില്ല, എന്റെ മുത്തിന് ഞാൻ കരൾ കൊടുക്കും’; കരൾ രോഗം ബാധിച്ച മകളെ മരണത്തിന്റെ വക്കിൽ നിന്നും തിരികെയെത്തിച്ച അമ്മ

Sruthy Sreekumar

Sub Editor, Manorama Arogyam

shini-

മക്കളെ കരളിന്റെ കരളെ എന്നു വിളിക്കുന്ന അമ്മമാർ എത്രയോ ഉണ്ട്. എന്നാൽ ഫോർട്ട് െകാച്ചി ചുള്ളിക്കൽ സ്വദേശിനിയായ ഷിനി ആ വിളി അക്ഷരാർത്ഥത്തിൽ നടപ്പാക്കി. ഗുരുതരമായ കരൾ േരാഗം പിടിപ്പെട്ട് മരണത്തിലേക്കു അടുക്കുകയായിരുന്ന 11ാം മാസം മാത്രം പ്രായമായ മകൾ െഹയ്സലിനു ഷിനി സ്വന്തം കരൾ പകുത്തു നൽകി. മകളുെട ജീവനു വേണ്ടി സ്വന്തം ആേരാഗ്യം മറന്ന് ജീവിച്ച് ആ നാളുകളെ കുറിച്ച് ഷിനി ഒാർത്തെടുക്കുന്നു.

കരൾ മാറ്റിവയ്ക്കൽ ഏക േപാംവഴി

മാസം തികയാതെയാണ് െഹയ്സൽ ജനിക്കുന്നത്, ഏഴാം മാസത്തിൽ. 2014 ഡിസംബറിൽ. ഏകദേശം ഒന്നര മാസത്തോളം മോൾ ആശുപത്രിയിലായിരുന്നു. ആശുപത്രിവാസത്തിനിടെ മകളുെട മലത്തിന് വല്ലാത്ത മഞ്ഞ നിറമായിരുന്നു. പിന്നീടും അതു തുടർന്നു. ഒടുവിൽ സ്കാൻ െചയ്തപ്പോഴാണ് മോളുെട പിത്തക്കുഴൽ വികസിക്കുന്നില്ല എന്ന് മനസിലാകുന്നത്. അങ്ങനെ പിത്തരസം െകട്ടിക്കിടന്ന് ലിവർ സിറോസിസ് അവസ്ഥയിലെത്തി. ആറാം മാസത്തിലാണ് േരാഗം സ്ഥിരീകരിക്കുന്നത്. അതുവരെ കരളിന്റെ നീർക്കെട്ടിനുള്ള ചികിത്സയാണ് കുഞ്ഞിന് നൽകിയിരുന്നത്.

േഡാക്ടർ കുഞ്ഞിന്റെ േരാഗത്തിന്റെ വിശദാംശങ്ങൾ ഒന്നും ഞങ്ങളോട് പറഞ്ഞില്ല. പകരം ഒരു കത്തു നൽകി മറ്റൊരു ആശുപത്രിയിലേക്കു റഫർ െചയ്തു. ഞങ്ങൾ അവിെട േപാകുന്നതിനു മുൻപ് എറണാകുളത്തെ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെയും െകാണ്ടുപോയി. അവിടുത്തെ േഡാക്ടറാണ് കുഞ്ഞിന്റെ േരാഗത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നത്. മാത്രമല്ല കരൾ മാറ്റിവയ്ക്കലാണ് ഏക േപാംവഴിയെന്നും പറഞ്ഞു.

ഈ സമയത്ത് ഭർത്താവ് ജിതിൻ വിദേശത്തേക്ക് മടങ്ങിപോയിരുന്നു. േഡാക്ടർ ശസ്ത്രക്രിയ പറഞ്ഞശേഷം പത്രത്തിൽ കണ്ട മാറ്റിവയ്ക്കലിന്റെ വാർത്തയിലെ വ്യക്തിയുെട നമ്പർ കണ്ടെത്തി ഞാൻ വിളിച്ചു സംസാരിച്ചു. അത്തരം കുറെപേരോട് സംസാരിച്ചു. അവരുെട അനുഭവം േകട്ടപ്പോൾ കുറച്ചൊക്കെ ധൈര്യം വന്നു.

കുഞ്ഞിന് ലിവർ സിറോസിസ് രണ്ടാമത്തെ സ്റ്റേജ് ആയി മാറിയിരുന്നു. കരൾ മാറ്റിവച്ചില്ലെങ്കിൽ മാസങ്ങൾക്കകം മരിക്കുമെന്ന അവസ്ഥ. ഞങ്ങൾ പല േഡാക്ടർമാരുെടയും അഭിപ്രായം േതടിയിരുന്നു. ഒരിടത്തു നിന്നും െപാസിറ്റീവായ മറുപടി കിട്ടിയില്ല. ഇത്രയും െചറിയ കുഞ്ഞിന് അവയവം മാറ്റിവച്ചാൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതിനെ കുറിച്ചുമെല്ലാം പറഞ്ഞു.

ശസ്ത്രക്രിയയുമായി മുന്നോട്ടു േപാകാൻ തന്നെ തീരുമാനിച്ചു. എന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയി. ജിതിന്റെ അച്ഛനും അമ്മയുമായിരുന്നു എന്റെ കൂെട ആശുപത്രിയിൽ വന്നിരുന്നത്. ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലേക്ക് േപാകാൻ തീരുമാനിച്ചു. അതിനു മുൻപ് ഒരു േഡാക്ടറെ കൂടി കാണാം എന്ന് കരുതിയാണ് ആസ്റ്ററിൽ എത്തുന്നത്. േഡാ. പി.സി. അലക്സാണ്ടറെ കണ്ടു. കരൾ മാറ്റിവയ്ക്കൽ തന്നെയാണ് പ്രതിവിധി എന്നാണ് അദ്ദേഹവും പറഞ്ഞത്. പക്ഷേ അന്ന് ആസ്റ്ററിൽ കുട്ടികളിൽ അവയവമാറ്റിവയ്ക്കൽ സൗകര്യം ആയിട്ടില്ലായിരുന്നു. െചന്നൈയിൽ െചയ്യുന്ന കാര്യം പറഞ്ഞപ്പോൾ മുന്നോട്ട് േപാകാൻ േഡാക്ടർ ധൈര്യം നൽകി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ േഡാ. അലക്സാണ്ടർ വിളിച്ച് ആസ്റ്ററിൽ ശസ്ത്രക്രിയാ സൗകര്യം തുടങ്ങിയ കാര്യം അറിയിച്ചു. ആസ്റ്ററിൽ കുട്ടികളിെല ആദ്യ അവയവമാറ്റ ശസ്ത്രക്രിയയായിരുന്നു മോളുേടത്. അവിടുത്തെ സർജന്മാരായ േഡാ. മാത്യൂ, േഡാ. റെയ്ഹാൻ, േഡാ. നവീൻ എന്നിവരുമായി സംസാരിച്ചു. അങ്ങനെ ശസ്ത്രക്രിയയ്ക്കു സമ്മതം അറിയിച്ചു.

shini-1

ഞാൻ അല്ലേ െകാടുക്കേണ്ടത് ?

ശസ്ത്രക്രിയയാണ് പോംവഴിയെന്ന് അറിഞ്ഞ സമയം. വീട്ടിൽ ഇതിനെ കുറിച്ചുള്ള ചർച്ച നടക്കുകയായിരുന്നു. മാറ്റിവയ്ക്കാൻ കരൾ എങ്ങനെ ലഭിക്കുമെന്ന് ആേരാ േചാദിച്ചപ്പോൾ, എന്റെ കുഞ്ഞിന് ഞാൻ െകാടുക്കും എന്നു പറയാൻ എനിക്കു ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. എനിക്കു െകാടുക്കാൻ കഴിയുമോ? അങ്ങനെ സംഭവിച്ചാൽ ഭാവിയിൽ ആേരാഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. എങ്ങനെയും എന്റെ മോളുെട ജീവനും ജീവിതവും തിരിച്ചുപിടിക്കണമെന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. െകാടുക്കുന്ന ആൾക്കു പരിശോധകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ െടൻഷനായി.

ശസ്ത്രക്രിയയ്ക്കു രണ്ടു ദിവസം മുൻപാണ് എനിക്ക് പരിശോധനകൾ നടത്തിയത്. ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്ന സമയമായിരുന്നു. െടസ്റ്റ് നെഗറ്റീവ് ആയാൽ എന്റെ കുഞ്ഞിന്റെ ജീവനാണ് അപകടത്തിലാവുക. ഒടുവിൽ നന്നായി പ്രാർഥിച്ചു െകാണ്ട് പരിശോധനകൾ നടത്തി. രക്തപരിശോധനകളും ട്രെഡ്മിൽ ടെസ്റ്റ് േപാലുള്ളവയും ഉണ്ടായിരുന്നു. ട്രെഡ്മില്ലിൽ നന്നായി ഒാടാൻ പറ്റുന്നുണ്ടായിരുന്നില്ല. അപ്പോൾ കുഞ്ഞിന്റെ മുഖവും അവൾ അനുഭവിക്കുന്ന വേദനയും മനസ്സിൽ തെളിയും. പിന്നീട് സർവശക്തിയും എടുത്ത് ഒാടും. അങ്ങനെ എല്ലാ പരിശോധനകളും െപാസിറ്റീവ് ആയി.

ശസ്ത്രക്രിയ ഒാർത്ത് എനിക്ക് പേടിയൊന്നും േതാന്നിയില്ല. െടൻഷനടിച്ച് എന്തെങ്കിലും ആേരാഗ്യപ്രശ്നമുണ്ടായാൽ മോളുെട ജീവനാണ് അപകടത്തിൽപ്പെടുക. ആ സമയമായപ്പോഴെക്കും ജിതിനും വിേദശത്തുനിന്ന് വന്നിരുന്നു.

shini-2

കരൾ പകുത്ത് നൽകി

2015 ഡിസംബർ രണ്ടാം തീയതിയായിരുന്നു ശസ്ത്രക്രിയ. രാത്രിയായപ്പോൾ എനിക്കു േബാധം െതളിഞ്ഞു. മോളുെട ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് േഡാക്ടർ പറഞ്ഞതുേകട്ടപ്പോഴാണ് എനിക്കു ജീവൻ വീണത്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസമായിരുന്നു കുഞ്ഞിനെ കാണുന്നത്. എന്നെ ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് െചയ്തു. അതുവരെ വേദനയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ അതൊന്നും ഗൗനിച്ചില്ല എന്നതായിരുന്നു സത്യം. എത്രയും വേഗം സുഖമായി കുഞ്ഞിന്റെ അടുത്ത് എത്തുക എന്നായിരുന്നു മനസ്സിൽ. മോൾ മൂന്നു മാസം ഐസിയുവിൽ തന്നെയായിരുന്നു. ഇടയ്ക്ക് എനിക്കു െചക്കപ്പ് ഉണ്ടായിരുന്നു. പൂർണ ആേരാഗ്യവതിയായിരുന്നു ഞാൻ.

ശസ്ത്രക്രിയയുെടതായി മോൾക്കു കുറച്ച് സങ്കീർണതകൾ ഉണ്ടായിരുന്നു. ഭക്ഷണവും മരുന്നുമെല്ലാം മൂക്കിൽ ഘടിപ്പിച്ച ട്യൂബിലൂെടയായിരുന്നു നൽകിയത്. ആറ് മാസം കഴിഞ്ഞ് ട്യൂബ് ഒക്കെ മാറ്റി. ഭക്ഷണമൊക്കെ സാധാരണനിലയിൽ നൽകാൻ തുടങ്ങി. ഇപ്പോൾ രണ്ട് േനരം ഗുളിക ഉണ്ട്.

ഇന്ന് െഹയ്സൽ നഴ്സറിയിൽ േപാകുന്നുണ്ട്, ബീച്ചിൽ േപാകുന്നു, സൈക്കിളോടിക്കുന്നു.. ഇതെല്ലാം കാണുമ്പോൾ അനുഭവപ്പെടുന്ന സന്തോഷം പതിന്മടങ്ങാണ്. കാരണം ഇതെല്ലാം സംഭവിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. പിന്നെ ഒരുപാട് ആള് കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കാറുണ്ട്, പുറത്ത് നിന്നുള്ള ഭക്ഷണവും. ആദ്യമൊക്കെ കുഞ്ഞ് വീഴുമ്പോൾ േഡാക്ടറെ വിളിച്ചു േചാദിക്കുമായിരുന്നു. ഇപ്പോൾ അതൊന്നും പ്രശ്നമാക്കാറില്ല.

കുരുത്തക്കേട് കാട്ടിയാൽ വഴക്കും െകാടുക്കാറുണ്ട്. പെൺകുഞ്ഞാണ്. അവയവം മാറ്റിവയ്ക്കുന്നത് അവളുെട ഭാവി. വിവാഹം േപാലുള്ളവയെ ബാധിക്കുമോ എന്ന് കാര്യമായി ചിന്തിച്ചില്ല. കാരണം ആദ്യം അവൾ വളരട്ടെ, ഈ ലോകത്തെ അറിയട്ടെ എന്നായിരുന്നു. വിവാഹത്തിന്റെ കാര്യം.. അവളുെട കാര്യങ്ങൾ എല്ലാം അറിഞ്ഞ് സ്വീകരിക്കാൻ ആരെങ്കിലും തയാറായാലോ? ചിലപ്പോൾ അവൾ വിവാഹമേ കഴിക്കാതെ ജീവിക്കുമായിരിക്കും. നല്ലതു നടക്കുമെന്ന് വിശ്വാസമുണ്ട്. നമ്മുെട ലോകം വളരെ വിശാലമല്ലേ...