Tuesday 14 December 2021 04:57 PM IST

‘മനസുഖം ഇല്ലാത്തയാളെ വിവാഹത്തിലൂടെ നേരെയാക്കാം എന്നവർ കരുതി’: മാതൃത്വം എന്തെന്നറിയാത്ത ശ്രീഗീതയുടെ ജീവിതം

Rakhy Raz

Sub Editor

sreegeetha-58

എപ്പോഴാണ് ഇവര്‍ െപാട്ടിത്തെറിക്കുന്നതെന്നറിയില്ല. എന്തു െകാണ്ട് മൂഡ് മാറി അക്രമവാസനയിലേക്കു വഴുതി വീഴുന്നതെന്നറിയില്ല. നോക്കിയിരിക്കെ നിറം മാറുന്ന പൂവ് േപാെല, സ്വഭാവം മാറിമറിയുന്നവര്‍.

വിവാഹത്തിെന്‍റ ആദ്യ നാളുകളില്‍ ശ്രീഗീതയും പതറിപ്പോയത് ഭര്‍ത്താവിെന്‍റ െപാടുന്നനെയുള്ള ഈ ഭാവമാറ്റങ്ങള്‍ കണ്ടാണ്. ‘‘എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് ആദ്യമൊന്നും ഒരു പിടിയും കിട്ടിയില്ല...’’ ശ്രീഗീത ഒാര്‍ക്കുന്നു. ‘‘എന്‍റെ എന്തെങ്കിലും കുഴപ്പം െകാണ്ടാകുമോ ഭര്‍ത്താവ് ഇങ്ങനെയൊക്കെ െപരുമാറുന്നത് എന്നായിരുന്നു സംശയം. പിന്നെ, ഭര്‍ത്താവിെന്‍റ രോഗത്തിെന്‍റ ഗൗരവം മനസ്സിലായി.’’

സ്കിസോഫ്രീനിയ. ഏറ്റവും സൂക്ഷിച്ചു െെകകാര്യം െചയ്യേണ്ട മാനസികാവസ്ഥ. ഈ രോഗാവസ്ഥയുള്ള വ്യക്തിയെക്കൊണ്ടു കാര്യങ്ങൾ ചെയ്യിക്കുക വളരെ ദുഷ്കരമാണ്. പല കാര്യങ്ങളിലും സമർഥരാകുമെങ്കിലും രോഗം പിടിമുറുക്കുമ്പോള്‍ അവര്‍ യാഥാര്‍ഥ്യങ്ങൾ തിരിച്ചറിയില്ല. പൊടുന്നനെ മാറുന്ന ഭാവനയിൽ ഏറ്റവും സ്നേഹമുള്ള വ്യക്തിയെ പോലും അവർക്ക് കൊലയാളിയായി തോന്നിയേക്കാം. തന്നെക്കുറിച്ച് ടിവിയിലും റേഡിയോയിലും വാർത്തകൾ പ്രചരിക്കുന്നതായി വിശ്വസിക്കാം. തന്റെ ശത്രു ഇതാണ് എന്ന തോന്നലിൽ അതുവരെ പരിചരിച്ചിരുന്നവരെ പോലും ഉപദ്രവിക്കാം.

‘‘പങ്കാളിക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്നറിഞ്ഞാല്‍ പലരും ഉടനെ ഡിവോഴ്സ് നേടാനാണ് ശ്രമിക്കുക. പ ക്ഷേ, അതു വേണ്ടെന്നായിരുന്നു എന്‍റെ തീരുമാനം.’’ കല്ലുറപ്പുള്ള തീരുമാനത്തെക്കുറിച്ചു പറയുമ്പോള്‍ ശ്രീഗീതയുെട മുഖത്ത് കരുത്തിെന്‍റ ചിരിയാണ്.

‘‘മരുന്നും പരിചരണവും ഫലപ്രദമാകുന്നതിനനുസരിച്ച് സ്കിസോഫ്രീനിയ രോഗമുള്ള വ്യക്തിയുടെ പെരുമാറ്റത്തിന് വ്യത്യാസമുണ്ടാകും. അദ്ദേഹം സാധാരണ മനുഷ്യനായിരിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. പക്ഷേ, ഒന്നു പറയാനുണ്ട്. ഒരു വീട്ടിൽ മനസ്സിന് സുഖമില്ലാത്ത ഒരാളുണ്ടെങ്കിൽ അവരെ നിങ്ങൾ തന്നെയാണ് നോക്കേണ്ടത്. വിവാഹത്തിലൂടെ മറ്റൊരു വ്യക്തിയെ ഏൽപിക്കുകയല്ല വേണ്ടത്.’’ ശ്രീഗീത പറയുന്നു.

ഈ വാക്കുകൾ ഉറപ്പിച്ചു പറയുമ്പോഴും ശ്രീഗീത ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിക്കുന്നു. ഒരിക്കലും കൈവിടില്ല എന്ന ദൃഢനിശ്ചയം അതിനെ പൊതിഞ്ഞു നിൽക്കുന്നു. തന്‍റേതല്ലാത്ത കാരണങ്ങളാല്‍ തലച്ചോറിന്‍റെ കണക്കുകൂട്ടലുകള്‍ ഇടയ്ക്കിടെ മാറിമറിയുന്ന അദ്ദേഹം ആ കൈച്ചൂടിൽ, സ്വസ്ഥനായിരിക്കുന്നു.

വിവാഹത്തിലൂടെ ഉപേക്ഷിക്കുന്നവരോട്

മനസ്സിന് സുഖമില്ലാത്ത വ്യക്തികളെ വിവാഹത്തിലൂടെ സുഖപ്പെടുത്തി മാറ്റിയെടുക്കാം എന്നു കരുതുന്നവരുെട ചില പ്രവൃത്തികളുെട ഫലമാണ് മാതൃത്വം എന്തെന്നറിയാത്ത ശ്രീഗീതയുടെ ജീവിതം. ഇരുപത്തിനാലുകാരിയായ, ശലഭത്തെപ്പോലെ പാറിനടന്ന ഒരു പെൺകുട്ടിയുടെ ജീവിത സ്വപ്നങ്ങളാണ് അന്നു തകര്‍ന്നത്.

‘‘രോഗം തിരിച്ചറിഞ്ഞ നാളുകളില്‍ വിവാഹമോചനം നേടിയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്‍റെ ജീവിതം മറ്റൊരു രീതിയിലായേനെ. പക്ഷേ, ഞാനതിനു തയാറായില്ല. എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളു, ആരും മക്കളോട് ഇങ്ങനെ ചെയ്യരുത്.’’ ഒരു കുഞ്ഞിനോടുള്ള സ്േനഹവാത്സല്യങ്ങളോെട ശ്രീഗീത വീണ്ടും അദ്ദേഹത്തിെന്‍റ വിരലുകളില്‍ തൊടുന്നു.

ശ്രീഗീതയുെട തീരുമാനത്തോട് അച്ഛൻ രാമചന്ദ്രൻ ചെറുവള്ളിയും അമ്മ സരസ്വതിയും പൂര്‍ണമായും യോജിച്ചു. ഏക മകളെ പൊന്നുപോലെ വളർത്തിയെടുത്ത അവര്‍ ദൃഢനിശ്ചയത്തോെട അന്നു പറഞ്ഞു, ‘രോഗം ഒരു കുറ്റമല്ല, രോഗികളായവരെ കളയുകയല്ല വേണ്ടത്.’

വിവാഹം കഴിഞ്ഞ് കൊച്ചിയിലൊരു ഫ്ലാറ്റിലാണ് ശ്രീഗീതയും ഭർത്താവും താമസിച്ചത്. ഏകദേശം രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഭർത്താവ് സ്കിസോഫ്രീനിയ രോഗിയാണെന്നും ദാമ്പത്യ ജീവിതം നയിക്കാൻ പ്രാപ്തനല്ല എന്നും ശ്രീഗീതയ്ക്ക് പൂർണമായി മനസിലായത്.

‘‘ നല്ല ജോലിയുള്ള സുമുഖനായ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. വിവാഹം ഏറെക്കുറേ ഉറപ്പിച്ച ശേഷമാണ് ഡിപ്രഷന് മരുന്ന് കഴിക്കുന്ന കാര്യം എന്നോടു പറയുന്നത്. ആർക്കും ജീവിതത്തിൽ വന്നേക്കാവുന്ന ഒരവസ്ഥ. അത് തുറന്നു പറയുകയും ചെയ്തു. മരുന്ന് കഴിക്കുന്നതിനൊപ്പം സ്നേഹപൂർവം കരുതാനൊരു ആൾ കൂടി ഉണ്ടായാൽ തീരാവുന്ന പ്രശ്നം അല്ലേയുള്ളൂ എന്നാണു മനസ്സില്‍ കരുതിയത്. വിവാഹം മുന്നോട്ട് കൊണ്ടുപോകാമെന്നു തന്നെ തീരുമാനിച്ചു.

വിവാഹ ശേഷം പല കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. വളരെ പെട്ടെന്ന് മൂഡ് മാറ്റം സംഭവിക്കും. നമുക്ക് വളരെ നിസാരം എന്നു തോന്നുന്ന കാര്യങ്ങൾ വരെ. ആരെങ്കിലും രണ്ടുപേർ സംസാരിക്കുന്നത് കേട്ടാൽ അവർ അദ്ദേഹത്തെ കൊല്ലാൻ പദ്ധതിയിടുകയാണെന്ന സംശയത്തിലായിരിക്കും പെരുമാറുക. ഭക്ഷണത്തിൽ വിഷം ചേർത്തിട്ടുണ്ടോ എന്നാകും ചിലപ്പോൾ സംശയം.

അപ്പോൾ എനിക്കു തോന്നിത്തുടങ്ങി ഇതു വെറും ഡിപ്രഷൻ അല്ലല്ലോ എന്ന്. മരുന്നുകളാണെങ്കിൽ ചെന്നൈയില്‍ നിന്നു വരുത്തിയാണ് കഴിക്കുന്നത്. ഒരുദിവസം ഞാൻ അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ച്, ചെന്നൈയിലെ ഡോക്ടറെ എനിക്കു കൂടി കാണണം എന്നറിയിച്ചു. ‘അവൻ കാണിച്ചു കൂട്ടുന്നതു കണ്ട് ഗീത പേടിക്കേണ്ട. അതൊക്കെ അ വന്റെ നാടകമാണ്. അവനൊരു കുഴപ്പവും ഇല്ല...’ എന്നായിരുന്നു അദ്ദേഹത്തിെന്‍റ മറുപടി.

ഞാൻ ചെന്നൈയിലെ ഡോക്ടറുടെ നമ്പർ തപ്പിയെടുത്തു വിളിച്ചു. ഒട്ടും സുഖകരമല്ലാത്ത മറുപടിയാണ് അവിടെനിന്നു കിട്ടിയത്. ‘ഇനി ഈ കാര്യവും പറഞ്ഞ് എന്നെ വിളിക്കേണ്ട, ചികിത്സ ഞാനിനി തുടരുന്നില്ല...’ എന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. ഞാൻ അദ്ദേഹത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ചോദിച്ചാൽ പറയാനായി തയാറാക്കിവച്ച മറുപടിയായി എനിക്കു തോന്നി.

ഞാൻ ഭര്‍ത്താവിെനയും െകാണ്ട് െകാച്ചിയിലെ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. അദ്ദേഹം മരുന്നിൽ ചെറിയ മാറ്റം വരുത്തിയെങ്കിലും രോഗത്തിന്റെ തീവ്രത കൂടുകയാണു ചെയ്തത്. അദ്ദേഹത്തെ നിയന്ത്രിക്കാൻ വയ്യാതെയായി. വീടു വിട്ട് അച്ഛന്റെയും അമ്മയുടെയും കൂടെ പോകുകയാണ് ഏക വഴിയെന്നു തോന്നി.

സുഹൃത്തുക്കളോടും മറ്റു പലരോടും അദ്ദേഹം ഈ സംഭവത്തെപറ്റി പറഞ്ഞത് ഞാൻ പതിനഞ്ചു ലക്ഷം രൂപ അദ്ദേഹത്തിൽ നിന്നു മോഷ്ടിച്ചുവെന്നും എന്റെ അച്ഛൻ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുന്നു എന്നുമാണ്. പുറമേയുള്ള പെരുമാറ്റത്തിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ആദ്യം എല്ലാവരും അതു വിശ്വസിച്ചു. ഞങ്ങൾ അദ്ദേഹത്തെ അപായപ്പെടുത്തും എന്നു ഭയന്ന് അദ്ദേഹം എന്റെയും അച്ഛന്റെയും നമ്പറുകൾ ബ്ലോക് ചെയ്തു.

രോഗമില്ലാത്ത നേരത്ത് അദ്ദേഹം നല്ല രീതിയിലാണ് പെരുമാറിയിരുന്നതെങ്കിലും കാര്യങ്ങൾ എങ്ങനെ നേരിടണം എന്ന് അന്നേരം എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. അതിനാലാണ് വീട്ടിലേക്ക് പോയത്.

ആ വിളി മനസ്സിനെ തൊട്ടു

ഒരു ദിവസം എന്റെ അച്ഛന് അദ്ദേഹത്തിന്റെ ഫോൺ വന്നു. ‘എന്നെ രക്ഷിക്കണം, ഞാൻ മരിച്ചു കിടക്കുകയാണെങ്കിൽ എന്റെ അച്ഛൻ ആയിരിക്കും അത് ചെയ്തത് എന്ന് എല്ലാവരോടും പറയണം ’ എന്നാണ് ഫോണിലൂടെ അറിയിച്ചത്. രോഗാവസ്ഥ വളരെ രൂക്ഷമാണെന്ന് ഇതു കേട്ടതോടെ ഞങ്ങൾക്കു മനസ്സിലായി. ഞാനും അച്ഛനും അദ്ദേഹം താമസിക്കുന്നയിടത്തേക്ക് പുറപ്പെട്ടു.

ഞങ്ങളെ കണ്ടതും അദ്ദേഹത്തിന്റെ വിധം മാറി. ‘എന്റെ കയ്യിൽ നിന്നു പണം മോഷ്ടിച്ച കള്ളനും കള്ളിയും കൂടി ദേ, വന്നിരിക്കുന്നു’ എന്നു പറഞ്ഞ് ബഹളം തുടങ്ങി. അവിടെ നിന്നു കയ്യും കാലും കെട്ടിയാണ് ആംബുലൻസിൽ ക യറ്റിയത്.

പാലക്കാട്ടെ മനോരാഗ ആശുപത്രിയിലേക്കാണു പോയത്. ആരുമില്ലാത്ത മനോരോഗികളെ വിടുന്ന സ്ഥലമാണതെന്ന് അവിെട ചെന്നപ്പോള്‍ ബോധ്യമായി. അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്യാൻ അവർ പറഞ്ഞെങ്കിലും എനിക്കതു സമ്മതമായിരുന്നില്ല.

പിന്നീട് തൃശൂെര ആശുപത്രിയിലേക്ക് വന്നു. കാറിലിരുന്ന് ഞങ്ങളെ കടിക്കുകയും കുത്തുകയും ഒക്കെ ചെയ്തു. അശുപ്രതിയിലെത്തി ഷോക് ട്രീറ്റ്മെന്റ് നൽകിയതോെടയാണ് ശാന്തനായത്. അവിടുത്തെ േഡാക്ടറാണ് ഭര്‍ത്താവിെന്‍റ രോഗം എന്താണെന്നു ഞങ്ങളോടു പറയുന്നത്, ‘സ്കിസോഫ്രീനിയ.’

അവിടെ ചികിത്സയിലിരിക്കെ ഭര്‍ത്താവിെന്‍റ അച്ഛനും അമ്മയും ഡോക്ടർക്ക് ഒരു അപേക്ഷ സമർപ്പിച്ചു. ‘മകൻ ഞങ്ങളുടെ വീട്ടിലേക്കാണ് വരുന്നതെങ്കിൽ മദ്രാസ് മെന്റൽ അസൈലത്തിൽ കൊണ്ടു വിടാൻ കത്തു തരണം’. േഡാക്ടര്‍ അതു സമ്മതിച്ചില്ലെന്നു മാത്രമല്ല‍, ‘അദ്ദേഹത്തിന്റെ ബന്ധുക്കൾ വന്നാൽ കാണിച്ചു കൊടുക്കരുത്’ എന്ന നിർദേശവും നല്‍കി.

രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഞങ്ങള്‍ വീട്ടിലേ ക്കു മടങ്ങി. സ്കിസോഫ്രീനിയയ്ക്ക് മരുന്നു കൊടുത്താലും കുറച്ചു മാസങ്ങൾ കഴിഞ്ഞു മാത്രമേ ഫലം ലഭിക്കൂ. വിദഗ്ധ ചികിത്സയ്ക്കായി ഞങ്ങൾ നിംഹാൻസിലെത്തി. (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെന്‍റല്‍ െഹല്‍ത്) അവിടെ വച്ചാണ് സ്കിസോഫ്രീനിയ എത്ര ഭീതിദമാകാം എന്നു മനസിലാകുന്നത്. കയ്യും കാലും വിലങ്ങുവച്ച രോഗികളായ ക്രിമിനലുകളെ ചികിത്സയ്ക്ക് കൊണ്ടുവരുന്നത് കണ്ടു. രോഗമാണ് അവരെ കുറ്റവാളികളാക്കിയിരിക്കുന്നത്.

ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ തന്നെ തുടര്‍ന്നാല്‍ മതി എന്നാണ് അവിെട നിന്നു ലഭിച്ച ഉപദേശം. പിന്നീടു ഞാൻ സ്കിസോഫ്രീനിയയെക്കുറിച്ച് നന്നായി പഠിച്ചു. രോഗികളോട് എങ്ങനെ പെരുമാറണം എന്നു മനസിലാക്കി. അതിന്റെ ഫലമായി ഇന്ന് അദ്ദേഹം ശാന്തമായ ജീവിതം നയിക്കുന്നുണ്ട്. ജോലി സമർഥമായി ചെയ്യുന്നു.

എന്നോട് അമ്മയോടെന്ന പോലെയാണ് പെരുമാറ്റം. വാത്സല്യത്തോടെ ഞാനും അദ്ദേഹത്തെ പരിചരിക്കുന്നു. ജീവിതം ചിലപ്പോൾ ത്യാഗമാക്കി മാറ്റേണ്ടി വരുമെന്ന് ഭാഗവത പാരായണ പണ്ഡിതനായ അച്ഛൻ രാമചന്ദ്രൻ ചെറുവള്ളി കുട്ടിക്കാലത്തേ പറഞ്ഞുതന്നിരുന്നു. ആ വാക്കുകളോര്‍ത്തു ഭർത്താവിനെ, മകനായി സ്വീകരിച്ചു ഞാൻ സംരക്ഷിക്കുന്നു.

ഞാൻ സ്വത്തിന് വേണ്ടിയാണ് കൂടെ നിൽക്കുന്നതെന്നൊക്കെ ചിലര്‍ അദ്ദേഹത്തോട് പറയും. അപ്പോൾ അദ്ദേഹം ‘മൂഡ് ഔട്ട്’ ആകും. അതു കാണുമ്പോഴേ എനിക്കു മനസിലാകും. ഞാൻ ആശ്വസിപ്പിക്കും. ‘ആളുകൾ ഇഷ്ടമുള്ളത് പറയട്ടേ ഏട്ടാ..’

എെന്‍റ െെകത്തണ്ടയില്‍ മുറുകെ പിടിച്ച് ഇടയ്ക്കൊക്കെ ഉപേദശിക്കാറുമുണ്ട്, ‘നിന്റെ അരികിൽ ഞാൻ സുരക്ഷിതനാണ്, പക്ഷേ എന്റെ അരികിൽ നീ സുരക്ഷിതയല്ല കേട്ടോ.’ അദ്ദേഹത്തിന്റെ ഈ തിരിച്ചറിവാണ് ശ്രീഗീതയുടെ വിജയവും പുഞ്ചിരിയുടെ രഹസ്യവും.

രാഖി റാസ്

ഫോട്ടോ ബേസിൽ പൗലോ