Saturday 08 August 2020 03:06 PM IST

‘ആൺകുട്ടികൾ നൂറു പുഷ്അപ് എടുക്കുമ്പോൾ പെൺകുട്ടികൾക്ക് അൻപതെണ്ണം’; ഇളവുകൾക്ക് പിടികൊടുക്കാത്ത ശ്രീലേഖ ഐപിഎസ്

Vijeesh Gopinath

Senior Sub Editor

sreelekhaipsgygubj

ആദ്യ വനിത– കരിയറിലെങ്ങും ഈയൊരു വിശേഷണം തേടിയെത്തുന്നത് അത്യപൂർവമാണ്. സംസ്ഥാനത്തെ ആദ്യ വനിത െഎപിഎസ് ഉദ്യോഗസ്ഥ ഇപ്പോൾ ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയായി. ഒപ്പം ഫയർ ആൻഡ് റെസ്ക്യു സർവീസ് മേധാവിയും. 

മൂന്നു വർഷം മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ശ്രീലേഖ ഐപിഎസ് പറഞ്ഞു,‘‘പരിശീലന കാലത്തേ ‍ഞാൻ ഒരു കാര്യം തീരുമാനിച്ചിരുന്നു, സ്ത്രീ ആയതുകൊണ്ടു കിട്ടുന്ന പരിഗണനകൾ ഒരിക്കലും സ്വീകരിക്കില്ല. മസൂറിയിലെ ട്രെയിനിങ് കാലത്ത് ഞങ്ങൾക്ക് കിരൺബേദി എന്നൊരു തലതൊട്ടമ്മ ഉണ്ടായിരുന്നു.‘ഒരുപാട് ഒൗദാര്യങ്ങൾ വച്ചു നീട്ടും. പക്ഷേ, ഒന്നും സ്വീകരിക്കരുത്. സ്വീകരിച്ചാൽ അതോടെ നമ്മൾ രണ്ടാംനിരയിലേക്ക് ആയിപോകും’ ഇതാണ് കിരൺബേദി ഞങ്ങൾക്കു തന്ന ആദ്യ ഉപദേശം.

ആൺകുട്ടികൾ നൂറു പുഷ് അപ് എടുക്കുമ്പോൾ പെൺകുട്ടികൾ അൻപതെണ്ണം എടുത്താൽ മതി എന്ന ഇളവുകൾ പലരും പറഞ്ഞു. പക്ഷേ, അതിനു നിന്നു കൊടുത്തില്ല. വനിതാ ഓഫിസറാകുമ്പോൾ ഇത്രയൊക്കെയേ നടക്കൂ എന്ന ചിന്ത പലരിലും ഉണ്ടാകാം. അതുകൊണ്ടു തന്നെ എനിക്ക് ജോലി ചെയ്താൽ മാത്രം പോരായിരുന്നു. സ്ത്രീ ആയതുകൊണ്ട് രണ്ടാംനിരയിലല്ല എന്നു തെളിയിക്കുക കൂടി വേണമായിരുന്നു.’’

ഈ വരികളിലുണ്ട് ശ്രീലേഖ ഐപിഎസ് എന്ന കരുത്തുറ്റ പൊലീസ് ഓഫിസറുടെ മനസ്സ്. 1987 െഎപിഎസ് ബാച്ചിലാണ് പൊലീസ് യൂണിഫോമിൽ ശ്രീലേഖ കേരളത്തിലേക്കു വന്നത്, ഇരുപത്തിയാറാമത്തെ വയസ്സിൽ. മൂന്നു പതിറ്റാണ്ടു ക ഴിഞ്ഞിട്ടും ആ മനസ്സിനും അന്നെടുത്ത തീരുമാനങ്ങൾക്കും ഒരിളക്കവും വന്നിട്ടില്ല.

അഴിമതിക്കെതിരെ

കോട്ടയത്ത് എഎസ്പിയായി ആദ്യ നിയമനം. 1991 ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. പിന്നീടങ്ങോട്ട് ചുളിവു വീഴാതെ നിയമം കാത്തു സൂക്ഷിക്കാനുള്ള ശ്രമങ്ങൾ. ത‍ൃശൂരും ആലപ്പുഴയിലും പത്തനംതിട്ടയിലും ജില്ലാ പൊലീസ് മേധാവിയായി. സിബിെഎയിൽ കേരളത്തിന്റെ ചുമതലയുള്ള എസ്പി ആയി വന്നപ്പോഴാണ് ആ ഇരട്ട പേരു വീണത്– റെയ്ഡ് ശ്രീലേഖ. അഴിമതി നടക്കുന്നെന്ന് പരാതിയുയർന്ന എല്ലാ ഒാഫിസുകളിലും മിന്നല്‍ പരിശോധന നടത്തിയതോടെ വീണ ഇരട്ടപ്പേര്.    

എറണാകുളം റെയിഞ്ച് ഡിെഎജിയായതിനു ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുമെത്തി. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായി. ട്രാൻസ്പോർട് കമ്മിഷനറായ ശേഷം നടപ്പിലാക്കിയ തീരുമാനങ്ങൾ രാജ്യാന്തരശ്രദ്ധ നേടി.  റോഡപകടനിരക്ക് റെക്കോർഡ് നേട്ടത്തിൽ കുറയ്ക്കാനായി.  

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രൂപം നൽകിയ നിർഭയപദ്ധതി ശ്രീലേഖയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ഷെവനിങ് ഫെലോഷിപ്പ് ഉൾപ്പടെ പുരസ്കാരങ്ങൾ നേടി. യൂണിഫോമിനു പുറത്തും സജീവമായിരുന്നു ശ്രീലേഖ െഎപിഎസ്. 2005ൽ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ നിന്ന് ഹ്യൂമൻ റിസോഴ്‍സ് മാനേജ്മെന്റിൽ എംബിഎ പൂർത്തിയാക്കി. ബാലസാഹിത്യക‍ൃതികളും കുറ്റാന്വേഷണ കഥകളും നോവലുകളുമുൾപ്പടെ പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്. ഭർത്താവ് ഡോ. സേതുനാഥ്. മകൻ ഗോകുൽ. 

Tags:
  • Spotlight
  • Inspirational Story