കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹ ക്ഷണക്കത്തും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും സോഷ്യൽ മീഡിയയിൽ ഇനിയും അടങ്ങിയിട്ടില്ല. സുധയുടെ മകൾ മാളവിക രഘുനാഥൻ വിവാഹം ചെയ്യുന്നത് അമേരിക്കൻ പൗരനെയാണെന്ന് അറിഞ്ഞതു മുതൽ വർഗീയ–വംശീയ അധിക്ഷേപങ്ങളുമായി ഉറഞ്ഞു തുള്ളുകയായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം. അമേരിക്കന്‍ പൗരനായ മൈക്കിൾ മുര്‍ഫിയെയാണ് സുധയുടെ മകൾ മാളവിക രഘുനാഥന്‍ വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ വിദ്വേഷ പ്രചാരണങ്ങൾ മൂർച്ഛിച്ചു. സുധ രഘുനാഥന്റെ മകള്‍ മാളവിക ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നും അതോടെ ഹിന്ദുസഭകളിലും ക്ഷേത്രങ്ങളിലും സുധ രഘുനാഥനെ പാടാന്‍ അനുവദിക്കില്ലെന്നുമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നവര്‍ പറയുന്നത്. മൈക്കിൾ മുർഫിക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നടത്തിയവരും കുറവല്ല.
വിമർശനങ്ങൾ ഒരു വശത്ത് തുടരുമ്പോള്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സുധ രഘുനാഥൻ. താന്‍ ഇതിനെ ഒന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് സുധാ രഘുനാഥന്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം ആക്ഷേപങ്ങൾ കൊണ്ട് തന്നെ തളർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും അവർ ഒരുസ്വകാര്യ ചാനലിനോട് പറഞ്ഞു. ഇതു വരെ ചെയ്തതിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഇനി തനിക്ക് ചെയ്യാനുണ്ട്. ജനങ്ങളോട് ഇനി കൂടുതൽ അടുക്കാനാണ് ഇനി ശ്രമമെന്നും അവർ പറഞ്ഞു. സുധാ രഘുനാഥന് പിന്തുണയുമായി സംഗീത രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.