മരണത്തെ തോല്‍പ്പിച്ച അചഞ്ചലമായ സ്‌നേഹം!ഷില്‍നയേയും തിമിരിക്കാരന്‍ സുധാകരന്‍ മാഷിനേയും ഓര്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്നത് ഈ വാക്കുകളായിരിക്കും. മരിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍നിന്ന് രണ്ട് പൊന്നോമനകളെ പ്രസവിച്ച കണ്ണൂര്‍ സ്വദേശി ഷില്‍ന മരണമില്ലാത്ത പ്രണയത്തിന്റെ പ്രതീകമായി നമുക്ക് മുന്നിലുണ്ട്. തന്റെ പ്രിയപ്പെട്ടവനോടുള്ള പ്രണയം മുഴുവന്‍ ആ ചോരയില്‍ നിന്നും പിറവിയെടുത്ത കുഞ്ഞുങ്ങള്‍ക്ക് പകുത്തു നല്‍കുന്ന അമ്മ കൂടിയാണ് ഷില്‍നയെന്നതും ഏറെ ഹൃദ്യം. ഇവിടെയിതാ ഷില്‍നയെന്ന അമ്മയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സുനില്‍കുമാര്‍ കാവിന്‍ചിറ. ഷില്‍ന-സുധാരകന്‍ പ്രണയവും, ആ പ്രണയവല്ലരിയില്‍ വിരിഞ്ഞ കണ്‍മണികളെക്കുറിച്ചും സുനില്‍കുമാര്‍ മനോഹരമായി കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സുനില്‍കുമാറിന്റെ കുറിപ്പ്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;
രണ്ട്,
നാള്‍മുന്നെ,
അമ്മദിനമായിരുന്നല്ലോ.
എനിക്കേറെ,
ഇഷ്ടമുള്ള ഒരമ്മയെ കുറിച്ചാണ് ഈ കുറിപ്പ്....
ഷില്‍നയെ,
എനിക്കറിയില്ല...
പക്ഷെ...
നാടിനെ ഏറെ സ്നേഹിച്ച,
'തിമിരിക്കാരന്‍' സുധാകരന്‍മാഷിനെ അറിയാം...
മുഖപുസ്തകത്തിലെ,
സുഹൃത്ത് Shijina Kannan Das ഇടക്കിടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ഒരമ്മയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ മുഖപുസ്തകത്തിലിടാറുണ്ട്...
ആ,
അമ്മയുടെ,
കണ്ണുകളില്‍ കാണുന്ന നിശ്ചയദാർഢ്യത്തിന്‍റെയും, വത്സലൃത്തിന്‍റെയും, സുധാകരന്‍മാഷോടുള്ള തീരാ പ്രണയത്തിന്‍റെയും കാഴ്ചകളില്‍ നിന്നും ആ ചിത്രത്തെ ഞാന്‍ പലപ്പൊഴും വായിച്ചെടുക്കാറുണ്ട്...
അതെ,
അവരുടെ പേരാണ് 'ഷില്‍ന സുധാകരന്‍'...
മരിച്ച ഭർത്താവിന്റെ ബീജത്തിൽനിന്ന് രണ്ട് പൊന്നോമനകളെ പ്രസവിച്ച കണ്ണൂർ സ്വദേശി ഷിൽനയുടെ കഥ കണ്ണീരോടെ വായിച്ച് തീര്‍ത്തവരാണ് നമ്മള്‍...
#കഥയുടെ,
#തുടക്കം__ഇങ്ങനെയാണ്____
ഒൻപതാം,
ക്ലാസ്സിൽ പഠിക്കുമ്പോഴാണ്,
ഇന്റർസോൺ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ കോളേജ് വിദ്യാർത്ഥി കെ വി സുധാകരന്റെ കവിത, ഷിൽന വായിക്കുന്നത്. ആ കവിതയുടെ സൃഷ്ടാവിനോട് ആരാധന തോന്നിയ അവൾ, ഒരു നാലുവരി കത്തെഴുതി കോളേജിലെ വിലാസത്തിൽ അയാൾക്കയച്ചു. പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, അയാളുടെ മറുപടിക്കത്തവൾക്ക് കിട്ടി. കത്തുകളിലൂടെ അവർ കൂടുതൽ അടുത്തു. ഒരുനാൾ അവൾ അയാളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരിക്കൽപ്പോലും നേരിൽ കാണാതെ. അയാളവളെ പിൻതിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചു. ഒടുവിൽ പരിചയപ്പെട്ട് ആറ് കൊല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് അവരാദ്യമായി തമ്മിൽക്കണ്ടു.
തന്റെ പൊക്കമില്ലായ്മയും,
കഷണ്ടിയും, ദാരിദ്ര്യവും പറഞ്ഞ് അയാളവളെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവളയാൾക്കൊരു സമ്മാനം നൽകി...
തന്റെ,
ഫ്രെയിം ചെയ്ത ഒരു ഫോട്ടോ,
അത് വാങ്ങിനോക്കിയിട്ട് തിരികെ കൊടുത്തിട്ടയാൾ പറഞ്ഞു....
"ചോർന്നൊലിക്കുന്ന,
ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ
വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത്
എവിടെയെന്നെനിക്ക് അറിയില്ല...!
ആ കൂടിക്കാഴ്ചയ്ക്ക്,
ഒരു കൊല്ലത്തിനപ്പുറം അവർ വിവാഹിതരായി. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. സുധാകരന്റെ സ്വഭാവത്തിന് മുന്നിൽ, അയാളുടെ ദാരിദ്ര്യം ഷിൽനയുടെ വീട്ടുകാർക്കൊരു തടസ്സമായില്ല. ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്ക്കൂൾ അദ്ധ്യാപകനായും, ഷിൽനയ്ക്ക് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടി.
പിന്നീട്,
അദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം അദ്ധ്യാപകനായി.
ജീവിതം,
സന്തോഷമായി മുന്നോട്ടു പോയെങ്കിലും,
ഒരു കുഞ്ഞില്ലാത്ത ദു:ഖം അവരെ അലട്ടി. കോഴിക്കോട് എആർഎംസി യിലെ ഡോക്ടർ കുഞ്ഞുമൊയ്തീന്റെ കീഴിൽ അവർ വന്ധ്യതാ ചികിത്സ തുടങ്ങി. രണ്ട് തവണ ഐവിഎഫ് ചെയ്തെങ്കിലും പരാജയപ്പെട്ടു. ചികിത്സയുടെ ഭാഗമായി സുധാകരൻ മാഷിന്റെ ബീജം ആശുപത്രിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു.
2017 ഓഗസ്റ്റ് -18 ന്,
വീണ്ടും ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരൻ മാഷ് മരണപ്പെട്ടു.
''എനിക്കൊന്നുമില്ലായിരുന്നു ബാക്കി.
കുറച്ച് പുസ്തകങ്ങൾ, കുറെ കവിതകൾ, കത്തുകൾ...
''ഞാനാ ശരീരം നോക്കിയിരുന്നു.
കൊണ്ടുപോവാൻ നേരമായി...
അവസാനത്തെ 'ഉമ്മ'....
ആ,
നിമിഷം,
എനിക്കു തോന്നി,
''എനിക്കു,
മാഷിന്റെ ഒരു കുട്ടിയെ വേണം...
അടുത്ത ദിവസം ഞാൻ അനിയനോട്
പറഞ്ഞു.
''എനിക്ക്,
ചികിത്സ തുടരണമെന്നുണ്ട്,
അവൻ തലയാട്ടി. ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം.
''അച്ഛനും അമ്മയും സമ്മതിക്കുമോ?
എനിക്കു വേവലാതി തോന്നി. എന്റെ ഈ
പ്രായത്തിൽ ഇനിയും ഒരു ജീവിതം
തുടങ്ങിക്കൂടേ എന്ന് അവർ
ആലോചിച്ചാലോ?
''പക്ഷേ അച്ഛൻ...
അച്ഛൻ ഒരു വാക്ക് മറുത്തു പറഞ്ഞില്ല.
എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു
അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം...
അങ്ങനെ,
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ ബീജം സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഷിൽന ഗർഭിണിയായി.
അവളങ്ങനെ,
ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മമേകി, ഇരട്ടപ്പെൺകുട്ടികൾ.
നിമയും...♥ നിയയും...♥
ഷില്‍ന,
പറയുന്ന ഈ ജീവിതത്തിനപ്പുറം,
ഒരു കവിതയില്ല...
കണ്ണീരണിഞ്ഞ ഒരു കഥയുമില്ല...
മുഖപുസ്തകത്തിലെ,
മറ്റേത് ചിത്രത്തിനെക്കാളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നതാണ് ഈ അമ്മയും മാലാഖ കുഞ്ഞുങ്ങളുമാണ്....
ചില,
ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്...
ഷില്‍ന...
അങ്ങ് നന്‍മയുടെ ചരിത്രമാണ്...
സ്നേഹത്തിന്‍റെ വാത്സലൃത്തിന്‍റെ തീരാത്ത പ്രണയത്തിന്‍റെ ചരിത്രം...
അമ്മക്കും,
പൊന്നോമന വാവകള്‍ക്കും,
ആയുരാരോഗ്യ സൗഖ്യം നേരുന്നു....
പ്രിയ സഹോദരി,
നിങ്ങളാണ് എന്‍റെ അമ്മദിന സന്ദേശം....