Wednesday 01 April 2020 05:09 PM IST

വേണമെങ്കിൽ തേയില അങ്കമാലിയിലും നുള്ളാം! ടാറ്റയും ഊറ്റം കൊള്ളും, പോളച്ചന്റെ ടീ എസ്‍റ്റേറ്റ് കണ്ടാൽ; ആവി പറക്കുന്ന അത്ഭുത കഥ കേൾക്കാം

Ammu Joas

Sub Editor

tea1

'അങ്കമാലിയിലെ വീട്ടിലെ തേയില നുള്ളിയുണ്ടാക്കിയ ചായേം കുടിച്ച്....'

'അങ്കമാലിയിലെ എന്താന്നാ പറഞ്ഞെ...'

ഞെട്ടേണ്ട മോനെ, അങ്കമാലി മുക്കന്നൂർ വീട്ടുവളപ്പിൽ തേയിലയുമുണ്ട്, ആ തേയില നുള്ളി, ഉണക്കിയെടുത്ത് ചായയുണ്ടാക്കി കുടിക്കാറുമുണ്ട് എം. വി പോളച്ചൻ.

ആറു വർഷം മുൻപ് മൂന്നാറിലെ ടാറ്റാ ടീ യിൽ നിന്നാണ് ഇദ്ദേഹത്തിന് തേയില തൈ കിട്ടിയത്. ''വെയിലും മഴയും ആവോളവും പേരിനു മാത്രം തണുപ്പുമുള്ള നമ്മുടെ നാട്ടിൽ തേയില വളർത്താനാകും എന്നു കരുതിയതേയല്ല. പല പരീക്ഷണങ്ങൾ നടത്തി. ഇന്ന് 20 ചുവട് തേയില ഉണ്ട്. ഉച്ച വരെ വെയിലും അതിനു ശേഷം തണലുമുള്ള ഇടത്ത് വേണം തേയില വളർത്താൻ. രാവിലെയും വൈകിട്ടും വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. ചാണകം പൊടിച്ചതാണ്‌ വളമായി നൽകുന്നത്."

tea2

തേയില നാമ്പ് ഇട്ട് ഗ്രീൻ ടീ ഉണ്ടാക്കി കുടിക്കുന്നത് പതിവായിരുന്നെങ്കിലും കടുപ്പത്തിലൊരു ചായയിട്ട് കുടിക്കുന്നത് ഇപ്പോഴാണെന്ന് പോളച്ചൻ. "വൈകുന്നേരത്തെ ചായയ്ക്കുള്ള തേയില കൊളുന്ത് രാവിലെ നുള്ളിയാൽ മതി. തേയില നാമ്പ് ചെറുതായി അരിഞ്ഞ് അമ്മിയിൽ മെല്ലെ ചതച്ചെടുത്ത് നീര് കളയണം. പിന്നെ, ഒരു തുണി കൊണ്ട് മൂടി വെയിലത്ത് വച്ചുണക്കണം. നാല് അഞ്ചു മണിക്കൂർ കൊണ്ട് ഉണങ്ങി കിട്ടും. കൈ കൊണ്ട് ഞെരടി പൊടിച്ചെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാൽ ചായ റെഡി." പീരുമേട്ടിലെ തനി നാട്ടിൻപുറത്തുകാരാണ് ഓർഗാനിക് ഹാൻഡ്മെയ്ഡ് ടീ ഉണ്ടാക്കാൻ പോളച്ചനെ പഠിപ്പിച്ചത്.

തേയില മാത്രമല്ല 10 വർഷമായി പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. പയർ, വെണ്ട, തക്കാളി, മുളക് എന്നിങ്ങനെ കാപ്സിക്കവും കോളിഫ്ളവറും വരെ ടെറസ്സിലെ ഗ്രോ ബാഗിൽ ജൈവവളത്തിന്റെ കരുത്തിൽ വളർന്നു നിൽക്കുന്നു. സ്റ്റാൻഡ് പണിത് ടെറസ്സിൽ നിന്നുണർത്തിയാണ് ഗ്രോ ബാഗ് വച്ചിരിക്കുന്നത്. ടെറസിൽ ഈർപ്പം തങ്ങിനിന്ന് സീലിങ്ങിനും ഭിത്തിക്കും ദോഷമാകേണ്ട എന്നു കരുതിയാണിത്. "പുറത്ത് നിന്ന് പച്ചക്കറി വാങ്ങാറേയില്ല. പപ്പായ, പേര, മാവ്, പ്ലാവ്, കൈത എന്നിവയെല്ലാം പറമ്പിൽ ഉള്ളതിനാൽ പഴങ്ങളും ഓർഗാനിക് ആണ്. എല്ലാ വർഷവും 30 കോഴി കുഞ്ഞുങ്ങളെ വാങ്ങും. ഒരു വർഷം ഉപയോഗിക്കാനുള്ള മുട്ടയും ഇറച്ചിയും ഇവ തരും. 20 വർഷമായി ബ്രോയിലർ കോഴി വീടിന്റെ പടി കേറിയിട്ടില്ല."

tea3

പ്രതിരോധ ശേഷി കൂട്ടാനും ആരോഗ്യത്തോടെ ഇരിക്കാനും രാസഘടകങ്ങൾ തെല്ലുമില്ലാത്ത ആഹാര ശീലം മതിയെന്നാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യം. "എനിക്ക് വർഷത്തിൽ ഒരിക്കൽ ഒരു തുമ്മലോ ജലദോഷമോ വന്നാലായി. അതും ചുക്ക്കാപ്പി കുടിച്ചാൽ മാറും. ഉപ്പിട്ട് വേവിച്ച പച്ചക്കറിയാണ് പ്രാതൽ. രണ്ടു നേരം ഗ്രീൻ ടീ കുടിക്കും."

കാലടി സംസകൃത സർവകലാശാലയിലെ ഡെപ്യൂട്ടി ചീഫ് ആയി കഴിഞ്ഞ മാസമാണ് പോള ച്ചൻ റിട്ടയേർഡ് ആയ " മുൻപ് കേരള കാർഷിക സർവ്വകലാശാലയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്നു. വിവിധ ക്യാംപസുകളിൽ പ്രവേശന പരീക്ഷ ക്ലാസുകൾ, മോട്ടിവേഷനൽ ക്ലാസ് ഇങ്ങനെ തിരക്കുകൾ ഇപ്പോഴും ഉണ്ട്. ജോലിത്തിരക്കിനിടയിലും കൃഷിക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ല. ലോക് ഡൗൺ ആയതോടെ മുഴുനീള കർഷകനായി എന്നു മാത്രം."

ഭാര്യ ഡെയ്സി വീട്ടമ്മയാണ്. മകൾ നിഷ കാനഡയിൽ ചർട്ടേർഡ് അക്കൗണ്ടന്റ്. മകൻ ജിയോ കോഴിക്കോട് എൻ ഐ ടി യിൽ ബി ടെക്കിന് പഠിക്കുന്നു.