Tuesday 31 July 2018 11:57 AM IST

ഇത് ട്രീസ െഡസ്മണ്ട്! ഇത്രയും പ്രായമുള്ള അധ്യാപിക ഒരുപക്ഷേ, ഇനി സങ്കൽപങ്ങളിൽ മാത്രം

V R Jyothish

Chief Sub Editor

teacher-kids2 ഫോട്ടോ: ബേസിൽ പൗലോ

‘ഗുഡ് മോണിങ് ടീച്ചർ’ കുട്ടികൾ എഴുന്നേറ്റു നിന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. ഗുഡ് മോണിങ് എന്നു പ്രത്യഭിവാദ്യം െചയ്ത് ട്രീസ ടീച്ചർ എല്ലാവരെയും ഒന്നു നോക്കി. കൂട്ടത്തിൽ യൂണിഫോം ശരിയായി ധരിക്കാത്ത ഒരു കുട്ടിയുടെ അടുത്തു ചെന്ന് അത് നേരെയാക്കി. പിന്നെ പറഞ്ഞു; ഇരിക്കൂ... എല്ലാവരും ഇരുന്നപ്പോൾ ടീച്ചർ ഓരോരുത്തരെയായി അടുത്തു വിളിച്ചു കുശലം ചോദിച്ചു. പിന്നെ, പുസ്തകം കയ്യിലെടുത്തു...

ഇത് ട്രീസ ഡസ്മണ്ട്. എഴുപത്തിരണ്ടാം വർഷമാണ് ട്രീസ ടീച്ചർ ക്ലാസിലെത്തുന്നത്. തൊണ്ണൂറാം വയസിലും ടീച്ചർ പഠിപ്പിക്കാനെത്തുന്നു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ അധ്യാപിക ഒരുപക്ഷേ ട്രീസ ഡസ്മണ്ട് ആയിരിക്കും.  ഇത്രയും ദീർഘകാലം അധ്യാപികയായി ജോലി ചെയ്ത, തൊണ്ണൂറാം വയസിലും പഠിപ്പിക്കാൻ ക്ലാസ്മുറിയിലെത്തുന്ന മറ്റൊരു അധ്യാപികയുണ്ടാവില്ല ചരിത്രത്തിൽ തന്നെ.

തിരുവനന്തപുരം കാരമൂട് ബിഷപ്പ് പെരേരാ മെമ്മോറിയ ൽ പബ്ലിക് സ്കൂളിലെ ഈ ക്ലാസ്മുറിയിൽ നിന്ന് ഗേളി മേം എന്നു വിളിപ്പേരുള്ള ട്രീസ ടീച്ചറുടെ ഓർമകളിൽ നിറയുന്നത് പള്ളിക്കൂടങ്ങളിൽ നിന്ന് ഉയരുന്ന ആരവങ്ങളാണ്. ഏഴു പതിറ്റാണ്ടായി ഒരേ ഓർമകൾ. കാരണം, എല്ലാ പള്ളിക്കൂടങ്ങൾക്കും ഒരേ ആരവമാണ്; ചിരിയും കരച്ചിലും ആർപ്പുവിളികളും ആഹ്ലാദവും കൂടിക്കലർന്ന ആരവങ്ങളുടെ ആവർത്തനമാണ് ഓരോ സ്കൂളും.

ഒാർമകളിൽ കൊച്ചി

അച്ഛൻ സെബാസ്റ്റ്യൻ ഗോമസ് കൊല്ലത്ത് പഴയ എ.ഡി. കോട്ടൺ മിൽസിൽ  ചീഫ്  അക്കൗണ്ടന്റായിരുന്നു. തിരുവല്ലയ്ക്കടുത്ത് കല്ലൂപ്പാറ തോപ്പിൽ വീട്ടിൽ അന്നയായിരുന്നു അമ്മ.  അച്ഛനോടൊപ്പം കൊല്ലത്തായിരുന്നു സകുടുംബം താമസിച്ചിരുന്നത്. ട്രീസയ്ക്ക് അഞ്ചു വയസുള്ളപ്പോഴാണ് അമ്മ അന്നയുടെ മരണം. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ മിഡ്ൈവഫായിരുന്ന അന്ന പ്രസവത്തോടെയാണ് മരിക്കുന്നത്. പ്രസവിച്ച് രണ്ടു ദിവസം വരെ മാത്രം പ്രായമുള്ളതു മുതൽ ഒൻപതു വയസ്സു വരെയുള്ള നാലു സഹോദരങ്ങൾ കൂടിയുണ്ടായിരുന്ന് അന്ന് അ‍ഞ്ചുവയസുകാരിയായിരുന്ന ട്രീസയോടൊപ്പം.

പറക്കമുറ്റാത്ത അഞ്ചു മക്കളെയും കെട്ടിപ്പിടിച്ച് ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന സെബാസ്റ്റ്യൻ ഗോമസ്‍ എന്ന അച്ഛനു മുന്നിൽ ദൈവം ചില വഴികൾ തുറന്നിട്ടിട്ടുണ്ടായിരുന്നു.  കന്യാസ്ത്രീയായസിസ്റ്റർ മേരി ഡിക്രൂസിന്റെ സഹായത്തോടെ ട്രീസയെയും ഏറ്റവും മൂത്ത സഹോദരിയെയും ബോർഡിങ് സ്കൂളിലേക്കു മാറ്റി. എറണാകുളത്ത് പോസ്റ്റ് മിസ്ട്രസായിരുന്നു സിസ്റ്റർ മേരി ഡിക്രൂസ്. അങ്ങനെയാണ് എൺപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് തന്റെ അഞ്ചാം വയസിൽ ട്രീസ എറണാകുളം സെന്റ് തെരേസാസ് ബോർഡിങ് സ്കൂളിലെത്തുന്നത്.

സെന്റ് തെരേസാസ് അന്നേ അറിയപ്പെടുന്ന വ നിതാ കോളജാണ്. മാത്രമല്ല ഏഴാം ക്ലാസുവരെ  സ്കൂളിൽ ബോർഡിങ്ങുമുണ്ട്. അങ്ങനെ വല്ലപ്പോഴും വന്നു പോകുന്ന അച്ഛനും ബന്ധുവായ കന്യാസ്ത്രീയും പിന്നെ, തന്നെപ്പോെല തന്നെ പറക്കമുറ്റാത്ത ചേച്ചിയും മാത്രം സ്വന്തക്കാരായി ട്രീസ സെന്റ് തെരേസാസ് സ്കൂൾ ബോർഡിങ്ങിൽ വളർന്നു. അന്ന് കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തണമെങ്കിൽ കുറഞ്ഞതു മൂന്നു ദിവസമെങ്കിലും യാത്ര െചയ്യണം. അത്രയ്ക്കും അകലെയായിരുന്നു കൊച്ചു ട്രീസയ്ക്ക് തന്റെ ഉറ്റവരും ഉടയവരും.

ഒരു അധ്യാപിക അരങ്ങേറുന്നു

ട്രീസ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ പുറത്ത് ലോകം തിളച്ചു മറിയുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടു. ഇന്ത്യയും ആക്രമിക്കപ്പെടാം  എന്ന  അവസ്ഥ.  തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒന്ന് അന്നും കൊച്ചിയാണ്. അതുകൊണ്ട് കൊച്ചിയിൽ ബോംബു വീഴാനുള്ള സാധ്യത ൈസന്യം തള്ളിക്കളഞ്ഞില്ല. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് കൊച്ചിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന ഉത്തരവ് വന്നപ്പോൾ സെന്റ് തെരേസാസ് റസിഡൻഷ്യൽ കോൺവെന്റ് സ്കൂളിനും പൂട്ടു വീണു. അങ്ങനെ ട്രീസ വീണ്ടും കൊല്ലത്ത് എത്തി. സെന്റ് ജോസഫ്സ് കോൺവെന്റിൽ ഹൈസ്കൂൾ പഠനത്തിനു ചേർന്നു.

പഠനത്തിന്റെ മൂന്നാം വർഷം ഒരു കരിനിഴൽ തെരേസടീച്ചറുടെ ജീവിതത്തിലൂടെ കടന്നുപോയി. അച്ഛൻ സെബാസ്റ്റ്യൻ ഗോമസിന്റെ മരണം. ഡിസംബറിലായിരുന്നു മരണം. മാർച്ചിലായിരുന്നു പത്താം ക്ലാസ് പരീക്ഷ. നല്ല മാർക്കോടെയാണ് അന്നത്തെ പത്താംക്ലാസ് ട്രീസ പാസായത്. സെന്റ് തെരേസാസിലെയും സെന്റ് ജോസഫ്സിലെയും കോൺവെന്റ് ജീവിതം ട്രീസയെ ആർജ്ജവമുള്ള ഒരു പെൺകുട്ടിയായി രൂപാന്തരപ്പെടുത്തി. ഇംഗ്ലിഷിലും ഫ്രഞ്ചിലും  പാണ്ഡിത്യം നേടി.  അതിനു സഹായിച്ചത് പഠിപ്പിച്ച അധ്യാപകർ തന്നെയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വന്ന അധ്യാപകരാണ് പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ നല്ലൊരു അധ്യാപികയാവണം എന്ന മോഹം പത്താം ക്ലാസു കഴിഞ്ഞപ്പോൾ തന്നെ ട്രീസ ടീച്ചറുടെ ഉള്ളിലുണ്ടായിരുന്നു.

കോട്ടയത്തെ  മൗണ്ട് കാർമൽ സ്കൂളിൽ അധ്യാപികയായിരിക്കുമ്പോഴായിരുന്നു വിവാഹം. ചെറുവള്ളി എസ്‌റ്റേറ്റിൽ സൂപ്രണ്ടായിരുന്ന സൈമൺ ഫെർണാണ്ടസിന്റെ മകൻ ഡെസ്മണ്ട് ഫെർണാണ്ടസുമായി. ബോംബെയിൽ സിവിൽ എഞ്ചിനീയറായിരുന്നു െഡസ്മണ്ട്. കുടുംബജീവിതത്തോടൊപ്പം അ ധ്യാപക ജീവിതവും ഭംഗിയായി കൊണ്ടുപോകാൻ ടീച്ചർക്കു കഴിഞ്ഞു.

പിന്നീട് െചറുവള്ളി എസ്‌റ്റേറ്റിലെ ഏകാന്ത ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് തോന്നയ്ക്കലിനടുത്തുള്ള വീട്ടിൽ ഡെസ്മണ്ട് ഫെർണ്ടാസും കുടുംബവും താമസമാക്കി. ഒൻപതു പതിറ്റാണ്ടായി  നീണ്ടുപോകുന്ന ജീവിതത്തിനിടയിൽ ഈ ചെറിയ കാലയളവിൽ മാത്രമാണ് ട്രീസ ടീച്ചർ അധ്യാപനത്തിൽ നിന്നു വിട്ടു നിന്നത്.

teacher-kids1

വിജയമണി മുഴക്കി ഒരു പള്ളിക്കൂടം

കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ, വീടിനടുത്തുള്ള കടമുറിയിൽ അഞ്ചു കുട്ടികളെ ഒരു ബെഞ്ചിലിരുത്തി ട്രീസ ടീച്ചർ ഒരു സ്കൂൾ തുടങ്ങി. മുപ്പതു രൂപ ഫീസു കൊടുത്ത് പഠിക്കാൻ വന്ന കുട്ടികൾക്കു പഠനനിലവാരത്തിലുണ്ടായ ഉയർച്ച അദ്ഭുതമാണെന്നറിഞ്ഞതോടെ കൂടുതൽ കൂടുതൽ കുട്ടികൾ വന്നു. ഒരു കടമുറിയിൽ നിന്നു ഒന്നിലധികം മുറികൾ. അന്ന് തിരുവനന്തപുരത്ത് ലാറ്റിൻ ഡയോസിസിെല ബിഷപ്പ് പീറ്റർ പെരേരയാണു ട്രീസ ടീച്ചർക്കു ധൈര്യം കൊടുത്തത്. ചെറിയൊരു സ്കൂളായി തുടങ്ങിയതാണ് ഇന്ന് ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന വലിയൊരു സ്ഥാപനമായി മാറിയത്. ബിഷപ്പിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു തന്നെ സ്കൂളിനും കൊടുത്തു; ബിഷപ് പെരേര െമമ്മോറിയൽ പബ്ലിക് സ്കൂൾ’

ഏഴു പതിറ്റാണ്ടിനിടയിൽ എത്രയോ ആയിരം വിദ്യാർത്ഥികൾ. നാസയിലെ ശാസ്ത്രജ്ഞർ, വിദേശരാജ്യങ്ങളിലെ അംബാസിഡർമാർ തുടങ്ങി നാട്ടിലെ സാധാരണക്കാർ വരെ ജീവിത്തിെല പല തട്ടിലുമുള്ളവർ. ‘പക്ഷേ എല്ലാവരെയും ഓർക്കാൻ പറ്റില്ല. കാരണം എന്റെ മനസിൽ അവരൊക്കെ കുഞ്ഞുങ്ങളാണ്...’ ടീച്ചർ ചിരിക്കുന്നു.

അതിരാവിലെ സ്കൂളിലെത്തുന്ന ട്രീസ ടീച്ചർ ക്ലാസ്മുറികൾ വൃത്തിയാക്കും. പിന്നീട് പത്രവായന. ഇപ്പോൾ ക്ലാസ്മുറികൾ വൃത്തിയാക്കാനൊക്കെ ജീവനക്കാരുെണ്ടങ്കിലും ട്രീസ ടീച്ചറുടെ ദിനചര്യയിൽ മാറ്റമൊന്നുമില്ല. സ്കൂൾ ക്ലാസുകൾ എല്ലാം നന്നായി ൈകകാര്യം െചയ്തിരുന്നെങ്കിലും ഇപ്പോൾ നഴ്സറി ക്ലാസുകളിലാണ് ടീച്ചർ പഠിപ്പിക്കുന്നത്. ‘ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കുന്നതു തന്നെ വലിയ സന്തോഷമാണ്. ഞാനും ചിലപ്പോൾ അവരിൽ ഒരാളായിപ്പോവും. അങ്ങനെ ജീവിക്കുന്നതാവും എന്റെ ആരോഗ്യ രഹസ്യം.’ ട്രീസ ടീച്ചർ ചിരിക്കുന്നു.

അഞ്ചു  മക്കളാണ് ഡെസ്മണ്ട് –ട്രീസ ദമ്പതികൾക്ക്. സെറീന, മരിയ, െവനീഷ്യ, പേഴ്സി, ദിലിപ്. അഞ്ചുപേരും നല്ല നില യിൽ സ്വദേശത്തും വിദേശത്തുമായി കഴിയുന്നു.
സ്കൂൾ ബെല്ലിൽ വീണ്ടും ഓർമകൾ മുറിഞ്ഞു. ടീച്ചർ മെല്ലെ ക്ലാസിൽ നിന്നു പുറത്തേക്കിറങ്ങി....

ആദ്യം െബഞ്ചിലിരുത്തി പഠിപ്പിച്ച ആ അഞ്ചുകുട്ടികൾ ഇപ്പോൾ എവിടെയാണെന്നു ചോദിച്ചപ്പോൾ ടീച്ചർ ചിരിച്ചു; ‘ഇപ്പോൾ വിശ്രമജീവിതത്തിലാവും. ചിലരൊക്കെ വന്നു കാണാറുണ്ട്. എങ്കിലും എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല എന്റെ മുന്നിലിരുന്ന അഞ്ചു വയസുകാരനാണ് ഇപ്പോൾ അറുപതു കഴിഞ്ഞ് എന്നെ കാണാൻ വരുന്നതെന്ന്...’

ചിലതൊക്കെ മാറേണ്ടതു തന്നെയാണ്

ഏഴു പതിറ്റാണ്ടായി വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ കാണുന്നുണ്ട് ട്രീസ ടീച്ചർ. ഏതു രീതിയാണു നല്ലതായി തോന്നുന്നത്?

‘പഴയ വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണു നല്ലത്. കുട്ടികൾക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നു. ഇപ്പോൾ കുട്ടികൾ ആഗ്രഹിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. അവരുടെ ആഗ്രഹങ്ങൾക്ക് പക്വതയുണ്ടാവില്ല. നമ്മൾ അത് തിരിച്ചറിയുന്നില്ല. പണ്ട് അധ്യാപകരായിരുന്നു അവരുടെ മാതൃക. ഇന്ന് അധ്യാപകരെ മാതൃകയാക്കാൻ അവർ ശ്രമിക്കുന്നില്ല. മാതാപിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുന്നില്ല. ഫീസു കൊടുത്താൽ അവരുടെ ജോലി കഴിഞ്ഞു എന്നതാണു മനോഭാവം. അത് ശരിയല്ല. കുട്ടികളോടൊപ്പം നിൽക്കുകയാെണങ്കിൽ മാത്രമേ അവരെ നല്ല വഴിക്കു നയിക്കാൻ കഴിയൂ. കുട്ടികൾ ൈദവത്തെക്കാൾ മൊബൈൽ ഫോണിനെ സ്േനഹിക്കുന്നു. ദിനപത്രങ്ങൾ വായിക്കാൻ ആരും കുട്ടികളെ പഠിപ്പിക്കുന്നില്ല. ഇന്റർനെറ്റിൽ വായന ശരിയാവില്ല. പേപ്പർ കൈയിലെടുത്തു വായിക്കണം. പത്രങ്ങളിൽ വാർത്ത മാത്രമല്ല പഠിക്കാനുള്ള ടെക്നോളജി വരെ വരുന്നുണ്ടല്ലോ.