Monday 17 June 2019 03:39 PM IST : By സ്വന്തം ലേഖകൻ

‘കുട്ടികളെ തള്ളി വിടാനുള്ള ഇടമല്ല ട്യൂഷൻ സെന്ററുകൾ’; മാതാപിതാക്കൾ അറിയാൻ; ശ്രദ്ധേയമായ കുറിപ്പ്

tuition

പുതിയ അധ്യായന വർഷം തുടങ്ങേണ്ട താമസമേയുള്ളൂ. വീട്ടിൽ നിന്നിറങ്ങിയാൽ സ്കൂൾ...സ്കൂൾ വിട്ടാൽ ട്യൂഷൻ...ട്യൂഷൻ കഴിഞ്ഞാൽ സ്പെഷ്യൽ ട്യൂഷൻ എന്നിങ്ങനെ വിദ്യാർത്ഥികളുടെ നെട്ടോട്ടമാണ്. പ്രത്യേകിച്ച് ഇടവേളകളില്ലാത്ത പിള്ളേരുടെ പഠന മാരത്തണിന് ചുക്കാൻ പിടിക്കുന്നത് നൂറു കണക്കിന് നൂറു കണക്കിന് ട്യൂഷൻ സെന്ററുകളാണ്.

മറ്റൊരു തരത്തിൽ വീട്ടിലിരുന്നാൽ ഒരു വക പഠിക്കില്ലയെന്ന് വിലപിക്കുന്ന മാതാപിതാക്കൾ മക്കളുടെ അഭയ കേന്ദ്രമായി കാണുന്ന സ്ഥലങ്ങളാണ് ട്യൂഷൻ സെന്ററുകള്‍. എന്നാൽ വിദ്യാർത്ഥികളുടെ കഴിവും താത്പര്യവും അളന്നും അറിഞ്ഞും പ്രവർത്തിക്കുന്നതിൽ ട്യൂഷൻ സെന്ററുകൾക്ക് കഴിയാറുണ്ടോ എന്ന ചർച്ച മുന്നോട്ടു വയ്ക്കുകയാണ് ഡോക്ടർ സിജെ ജോൺ. കൃത്യമായ വീക്ഷണമോ ലക്ഷ്യമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകളെ മാതാപിതാക്കൾ പുനരാലോചനയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ;

പള്ളിക്കൂടം തുറന്നു.ട്യൂഷൻ കേന്ദ്രങ്ങളുടെ പ്രചരണ കോലാഹലങ്ങളും തുടങ്ങി.ട്യൂഷൻ ക്ലാസ്സുകളുടെ പെരുപ്പം കാണുമ്പോൾ പള്ളിക്കൂടത്തിൽ ഒരു പഠിപ്പും നടക്കുന്നില്ലെന്ന് തോന്നും. എന്തിനാണ് കുട്ടിയെ അതിന് വിടുന്നതെന്ന് എത്ര മാതാ പിതാക്കൾ വിമർശന ബുദ്ധിയോടെ വിലയിരുത്തുന്നുണ്ട്?

സ്‌കൂൾ നേരം കഴിഞ്ഞാൽ മിക്കവാറും കുട്ടികൾക്കും ട്യൂഷൻ നേരമാണ്. പല വിഷയങ്ങളുടെ ട്യൂഷനും കഴിഞ്ഞു വരുന്ന കുട്ടിക്ക് പിന്നെ ഒന്നിനും നേരമുണ്ടാവില്ല. ഈ പഠനമാരത്തൺ കാരണം ചിലർക്കെങ്കിലും പഠനത്തോട് വെറുപ്പുണ്ടാവുകയും ചെയ്യും. ഇതിനെ ഒരു സമാന്തര വ്യവസായമാക്കുന്നതിൽ മാതാ പിതാക്കളുടെ പങ്ക് വലുതാണ്.വീട്ടിലിരുന്നാൽ ഒരു വക പഠിക്കില്ലയെന്ന് വിലപിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികളെ തള്ളി വിടാനുള്ള ഇടം കൂടിയാണ് റ്റ്യുഷൻ സെന്റർ. ആപ്പ് വന്നാലൊന്നും ഇത് ഇളകില്ല.

ക്ലാസ്സിൽ പഠിപ്പിച്ചത് വീണ്ടും പഠിപ്പിക്കാനും, ഹോം വർക്ക് ചെയ്യിക്കാനുമുള്ള ഇടമായി റ്റ്യുഷൻ സെന്ററുകൾ മാറാറുണ്ട്. അവർക്കും കൃത്യമായ വിഷൻ ഇല്ല. പഠിതാവിന്റെ ആവശ്യം അറിഞ്ഞുള്ള ശക്തിപ്പെടുത്തൽ പലപ്പോഴും ഉണ്ടാവാറില്ല. മാതാപിതാക്കളുടെ ടാസ്ക് ഷിഫ്റ്റിംഗ് കേന്ദ്രങ്ങളാണിവ. സാമൂഹിക വകതിരിവ് പതിയേണ്ട മേഖലയാണിത്.
(സി ജെ )