ചില ജീവിതനിയോഗങ്ങളുണ്ട്. അശരണരുടെ വേദനയകറ്റി, വെളിച്ചമറ്റവരുടെ ജീവിതത്തിൽ മെഴുതിരി വെട്ടമായി അവതരിക്കുന്നവർ... ജീവിതത്തിന്റെ നിറമുള്ള കാഴ്ചകളും സന്തോഷങ്ങളും അനുഭവിക്കാതെ ഒറ്റപ്പെട്ടും വേദനിച്ചും കഴിയുന്ന അവരെ നാം ചിലപ്പോഴൊക്കെ ദൈവതുല്യരെന്ന് വിശേഷിപ്പിക്കാറുണ്ട്. സ്വാർത്ഥ ലാഭേച്ഛകളില്ലാതെ കർമം കൊണ്ട് കണ്ണീർ തുടയ്ക്കുന്ന നന്മമനസുകളുടെ പ്രതിനിധിയാണ് ഉമ പ്രേമനും.

ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പ്രസ്ഥാനത്തിലൂടെ പാവപ്പെട്ട രോഗികളുടെ അത്താണിയായി മാറിയ ഉമ തന്റെ കർമ വഴിയിൽ എത്രയോ ജീവിതങ്ങളിൽ വെളിച്ചം വീശി കടന്നു പോയിരിക്കുന്നു. അട്ടപ്പാടി ആദിവാസി ഊരുകളിലും സ്‌കൂളുകളിലും ആരോഗ്യ-ശുചിത്വ-പോഷകാഹാര പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഉമയും അവരുടെ സന്നദ്ധ സംഘടനയും സ്വാർത്ഥതയുടെ ലോകത്തെ നന്മയുടെ നേർസാക്ഷ്യമാണ്. അളവില്ലാത്ത നന്മയുടെയും അണമുറിയാത്ത സ്നേഹക്കണ്ണികളുടേയും പേരിൽ വനിത ‘വുമൺ ഓഫ് ദി ഇയർ’ പുരസ്കാരം നൽകി ആദരിച്ച ഉമ ഇപ്പോഴും നന്മയുടെ കരംപിടിച്ച് നിറഞ്ഞു സമൂഹത്തിൽ നിൽപ്പുണ്ട്.

ഉമിത്തീയിൽ വെന്തുരുകുന്ന ഒട്ടനവധി ജീവിതങ്ങളുടെ നേർക്ക് കരുണയുടെ കരംപിടിക്കുന്ന ഉമയുടെ നിയോഗങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കണ്ണെത്താദൂരെ, അങ്ങ് വടക്കു കിഴക്കിന്റെ മണ്ണിലെ ഒരുപിടി നിരാലംബ ജീവിതങ്ങളാണ് ആ കാരുണ്യ സ്പർശം ഒടുവിലറ‍ിഞ്ഞത്. അരുണാചൽ പ്രദേശിലെ ചങ്-ലോങ് ജില്ലയിൽ 51 അംഗൻവാടികൾ സ്ഥാപിച്ചതാണ് നന്മയുടെ ചരടിലെ ഒടുവിലത്തെ കണ്ണി. വർഷങ്ങളായി വിദ്യാഭ്യാസത്തിന് ഒരു അംഗൻവാടി പോലും ഇല്ലാത്ത ഈ മണ്ണിൽ ഇത്തരമൊരു സദ് ഉദ്യമം ഏറ്റെടുത്ത സാഹചര്യം ഉമ പ്രേമൻ തന്നെ വിശദമാക്കുന്നു.

uma-4

ഉമിത്തീയില്‍ ഈ ചിരി വിരിഞ്ഞു; ‘വനിത വുമണ്‍ ഓഫ് ദി ഇയര്‍ 2015’ ഉമ പ്രേമന്റെ കഥ

അക്ഷരവെളിച്ചം അരുണാചലിന്റെ മണ്ണിൽ

uma

പൊട്ടിപ്പൊളിയാറായ കൂരകൾ. ഓരോ കൂരകളിലും പത്തും ഇരുപതും കുട്ടികൾ. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിക്കുന്ന ഒരു ജനത. നല്ലൊരു റോഡ‍ില്ല, ഇലക്ട്രിസിറ്റിയില്ല. ‘ഞങ്ങൾക്ക് അംഗൻവാടി വേണ്ട... കളിസ്ഥലം മതി എന്ന് ആർത്തുവിളിക്കുകയാണവർ.’ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പോയിട്ട് ഇത്തിരിവെട്ടം പോലും ഇല്ലാത്ത ഒരു മണ്ണിലാണ് വലിയൊരു ലക്ഷ്യവുമായി ഞങ്ങള്‍ എത്തുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര.– ഉമ പ്രേമൻ പറഞ്ഞു തുടങ്ങുകയാണ്.

uma-5

അട്ടപ്പാടി ഊരുകളിൽ ഉൾപ്പെടെ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ കണ്ട് മനസിലാക്കിയ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ രവി വിൽഫ്രഡ് ഒരു പ്രോജക്ടിന്റെ ഭാഗമായി ഞങ്ങളെ നാഗാലാൻഡിലേക്ക് ക്ഷണിച്ചിരുന്നു. പ്രീ ഫാബ്രിക്കേറ്റഡ് ടെക്നോളജി ഉപയോഗിച്ച് കലക്ടർ ഓഫീസും മറ്റ് അനുബന്ധ കാര്യാലയവും നിർമിക്കുക. അദ്ദേഹം അവിടെ ഡെപ്യൂട്ടി കമ്മീഷണറാണ്, അതായത് നമ്മുടെ നാട്ടിലെ സബ് കലക്ടർ പദവി വഹിക്കുന്ന വ്യക്തി. ആ പ്രോജക്ട് വിശദമായി പൂർത്തീകരിച്ച ശേഷമാണ് അരുണാചൽ പ്രദേശിലേക്കുള്ള പുതിയ നിയോഗം എത്തുന്നത്.

uma-3

കാലി വളർത്തലിലും റേഷനരിയിലും ജീവിതം തള്ളിനീക്കുന്ന അവിടുത്തുകാർക്കിടയിൽ വിദ്യാഭ്യാസം കൊണ്ടു വരിക എന്നതാണ് ലക്ഷ്യം. അതിനായി ജില്ലയിലെ ജനവാസമുള്ള ഉൾപ്രദേശങ്ങളിൽ അംഗൻവാടികൾ സ്ഥാപിക്കുക. കേന്ദ്രസർക്കാർ അനുവദിച്ച ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുണ്ട് ഫണ്ട് മാത്രമായിരുന്നു ഇതിനായുള്ള മൂലധനം. മുന്നിലുള്ളതാകട്ടെ വലിയൊരു ലക്ഷ്യവും. അരുാണാചൽ പ്രദേശിലെ ചങ്–ലോങ്ങ് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ അതായത് സബ് കലക്ടർ ദേവ്നാശ് യാഥാവാണ് അവിടെ രക്ഷകനായി എത്തിയത്. അദ്ദേഹത്തിന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് 5 ലക്ഷത്തിലേറെ ചെലവു വരുന്ന പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിച്ചു.

പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി ചങ്–ലോങ്ങ് ജില്ലയിലേക്ക് എത്തുമ്പോഴും ഉണ്ടായിരുന്നു കടമ്പകൾ. രാവിലെ മൂന്ന് മണി-നാല് മണിയോടെ നേരം പുലരുന്ന നാടാണ് അരുണാചലിലെ ഈ ഉൾനാട്. നേരം വെളുത്താല്‍ ആർക്കും പ്രത്യേകിച്ച് പണിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ കാലി വളർത്തൽ മാത്രമാണ്. മൂന്നു നേരം റേഷനരിയിലാണ് ജീവിതം തള്ളിനീക്കുന്നത്. ഓരോ വീട്ടിലും പത്തും ഇരുപതും കുട്ടികളുണ്ടാകും. ഭൂരിഭാഗത്തിനും വിദ്യാഭ്യാസമില്ല. മദ്യത്തിനും മയക്കു മരുന്നിനും അടിമകളായ പുതുതലമുറ ചങ്ങ്–ലോങ്ങിന്റെ മറ്റൊരു മുഖം. ഈ പദ്ധതി പരിചയപ്പെടുത്തുമ്പോൾ പോലും നിരക്ഷരരായ അവർ മുഖം തിരിക്കുകയായിരുന്നു. ലഹരി മാഫിയയുടെ ഭീഷണി വേറെയും. അവിടെ ജില്ലാ ഭരണകൂടം ഞങ്ങളുടെ രക്ഷയ്ക്കെത്തി.

aw

വടക്കേ ഇന്ത്യയുടെ അറ്റത്ത് കിടക്കുന്ന ബർമ്മ അതിർത്തികള്‍ ഉൾപ്പെടെ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ പ്രയാണം അങ്ങനെ തുടങ്ങി. 4662 ചതുരശ്ര കിലോമീറ്റർ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ജില്ലയിൽ 51 അംഗൻവാടികൾ പണിയാനാണ് എന്നെ ഏൽപ്പിക്കുന്നത്.പല ഗ്രാമങ്ങളിലും വൈദ്യുതി ഇല്ല. കിലോമീറ്ററുകളോളം ജനറേറ്ററുകളും ചുമന്നു കൊണ്ടായിരുന്നു ഇരുപതോളം പേരടങ്ങുന്ന ഞങ്ങളുടെ സംഘം എത്തിയത്. ഇവിടുത്തെ ദുർഘടമായ റോഡുകളും അകലെയുള്ള യാത്രകളും ജീവിതത്തിലെ ഒരു നേർ കാഴ്ച തന്നെയാണ്. നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ കയറ്റിയ ജീപ്പിൽ 85 കിലോമീറ്ററോളം ഇവിടെയുള്ള കുട്ടികളുടെ ഒപ്പം യാത്ര ചെയ്ത അനുഭവം മറക്കി്ല. റോഡിന്റെ ശോചനീയാവസ്ഥകൾ താണ്ടി നിർമാണത്തിന് ആവശ്യമായ മെറ്റീരിയൽസ് ഇറക്കാൻ ഉത്സാബിച്ച ഇവിടുത്തെ സന്നദ്ധ പ്രവർത്തകരെ അഭിനന്ദിച്ചാലും മതിയാകില്ല. വെറുമൊരു സ്ത്രീയാണ് എന്ന യാതൊരു പരിഗണനയും നൽകാതെ വിവേചനം കൽപ്പിക്കാതെ എന്നെ പരിഗണിച്ചു എന്നതാണ് മറ്റൊരു സന്തോഷം.

ഒമ്പത് മാസം കടന്നു പോകുമ്പോൾ വലിയൊരു ലക്ഷ്യം പൂർത്തീകരിച്ചതിന്റെ ചാരിതാർത്ഥ്യമുണ്ട്. പദ്ധതി പ്രകാരം 51 അംഗൻവാടികളും പൂർത്തിയാക്കി ആ നാടിന് സമർപ്പിച്ചു. ഒരു കാര്യം കൂടി ചേർത്തു വയ്ക്കട്ടെ. ജീവിതത്തിൽ ഈയൊരു സന്തോഷം വേറെ പല കാര്യങ്ങൾ ചെയ്തപ്പോഴും ലഭിച്ചിട്ടില്ല. അക്ഷരം പഠിക്കാൻ വരുന്ന കുഞ്ഞുങ്ങൾക്ക് അറിവ് നേടിക്കൊടുക്കാനായി കൊച്ചു അംഗൻവാടി പണിയാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഞാനിപ്പോൾ. ലിംഗസമത്വം എന്നെ പഠിപ്പിച്ച സുബ്രമണ്യഭാരതിയെയും എന്റെ പ്രിയപ്പെട്ട അച്ഛനെയും ഞാൻ ഈ അവസരത്തിൽ നന്ദിയോടെ ഒർക്കുന്നു.– ഉമ പ്രേമൻ പറഞ്ഞു നിർത്തി.