Thursday 16 May 2019 03:00 PM IST : By സ്വന്തം ലേഖകൻ

കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്; ഡോക്ടറാകാൻ കൊതിച്ച മിടുക്കിപ്പെണ്ണ്; എന്നിട്ടും അവൾ എന്തിനിത് ചെയ്തെന്ന് സഹപാഠികൾ

vaishnavi-friends

തന്റേടമുള്ള പെണ്ണായിരുന്നു അവൾ...കരളുറപ്പുള്ള പെണ്ണ്, പഠനത്തിലും മിടുക്കി. എന്നിട്ടും വൈഷ്ണവി ഇതു ചെയ്തെന്ന് കൂട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഉയരെ പറന്ന്, പഠിച്ച് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു വൈഷ്ണവിയുടെ ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളജില്‍ വന്നത്. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു.

കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്സനായിരുന്ന വൈഷ്ണവി പഠനത്തിൽ മിടുക്കിയുമായിരുന്നു. ക്ലാസ് ലീഡറായിരുന്നു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിരുന്നു. കൂട്ടുകാർ 'കരാട്ടേ വൈഷ്ണവി' എന്നാണ് വിളിച്ചിരുന്നതു പോലും.

അമ്മ ലേഖയെക്കുറിച്ചായിരുന്നു വൈഷ്ണവിയുടെ സംസാരം മുഴുവൻ. കൂട്ടുകാരോട് അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന വൈഷ്ണവിയെ കൂട്ടുകാരും ഓർമ്മിക്കുന്നു. എന്നാൽ സംസാരങ്ങളിൽ അച്ഛനെക്കുറിച്ചുള്ള ചർച്ചകൾ അധികം വരാറില്ല.

കുറച്ചു നാളുകളായി വൈഷ്ണവി ഏറെ മാനസികവിഷമം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നും നഷ്ടപ്പെടുമെന്നുമുള്ള പേടി ഉണ്ടെന്നും കൂട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നു. 

ഒരിക്കലും വൈഷ്ണവി സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നു മറുപടി. വൈഷ്ണവി ഇനി തങ്ങളോടൊപ്പമില്ലെന്ന് ഇപ്പോഴും പലർക്കും വിശ്വസിക്കാനാകുന്നില്ല.