Tuesday 28 September 2021 02:56 PM IST : By സ്വന്തം ലേഖകൻ

കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി, മണലെടുത്ത കുഴികളിൽപെട്ട് അപകടം; വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം ലഭിച്ചു

valayaarrrfvgg65466

പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാർഥികളുടെയും മൃതദേഹം ലഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ്(16), ഫേസ് ടു തെരുവ് ജോസഫിന്റെ മകൻ ആന്റോ(16), കാമരാജ് നഗർ ഷൺമുഖന്റെ മകൻ പൂർണേശ്(16) എന്നിവരാണ് മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന സുന്ദരാപുരം സ്വദേശികളായ രാഹുൽ(15), പ്രണവ്(16) എന്നിവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറരയോടെ പൂർണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. തുടർന്നു കൊച്ചിയിൽ നിന്നെത്തിയ നാവിക സേനയുടെയും അഗ്നിരക്ഷാ സേന - സ്കൂബ ടീമിന്റെയും സംയുക്ത തിരച്ചിലിലാണ് ഉച്ചയോടെ മൃതദേഹങ്ങൾ  കണ്ടെത്തിയത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്താണു സംഘം കുളിക്കാനിറങ്ങിയത്. കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിയ മൂന്നു പേരും മണലെടുത്ത കുഴികളിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥികളാണ് ഇവർ. ആദ്യം വെള്ളത്തിൽ അകപ്പെട്ട സഞ്ജയ്‌യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു 2 പേർ അപകടത്തിൽപ്പെട്ടത്.

Tags:
  • Spotlight