ADVERTISEMENT

‘പൊന്നുസാറേ, ഭൂമീലാർക്കും ഈ ഗതി വരുത്തരുതെ... അത്രയ്ക്ക് അനുഭവിച്ചേ... ഈ നരകത്തീന്നു രക്ഷിക്കണേ...’’ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ നോക്കി എല്ലാവരും പകച്ചുനിന്നു.  65 വയസ്സു  കാണും, ആരോഗ്യമുള്ള ദേഹപ്രകൃതം, നിലവിളിക്കുമ്പോഴും മുഖത്തു തെളിയുന്ന നിശ്ചയദാർഢ്യം. ചുറ്റുമുള്ളവർ ഒന്നും മിണ്ടാനാവാതെ നിന്നു. ‘എന്തു പറ്റിയെന്നു പറയൂ, എന്താണെങ്കിലും പരിഹാരമുണ്ടാക്കാം’ ഞാൻ ആശ്വസിപ്പിക്കാനൊരു ശ്രമം നടത്തി.

‘ഈ കാലമാടന്റെ  ഉപദ്രവങ്ങൾക്ക് കയ്യും കണക്കുമില്ല. എനിക്കു സഹിക്കാമ്മേല.’ വീണ്ടുമവർ നെഞ്ചത്തടിക്കാൻ തുടങ്ങി.

ADVERTISEMENT

‘നെ‍ഞ്ചത്തടിച്ചു കരഞ്ഞിട്ടെന്തു ഫലം?  ഭർത്താവ് ഉപദ്രവിക്കുന്നതിനേക്കാൾ വലിയ ഉപദ്രവം നിങ്ങൾ സ്വയം ചെയ്യുന്നുണ്ടല്ലോ. എന്താ പ്രശ്നം? ’  ഞാൻ ചോദിച്ചു.

‘ഞാൻ ഏലമ്മ, കെട്ടിയോൻ കുട്ടപ്പൻ. ആളു മദ്യപാനിയൊന്നുമല്ല. പക്ഷേ എന്നും തലമുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും, ചീത്ത  വിളിക്കും, ഭീഷണിപ്പെടുത്തും. വീട്ടീന്ന് എല്ലാ ദിവസോം തല്ലിയെറക്കും. എനിക്കിനി പറ്റത്തില്ല.’

ADVERTISEMENT

‘ഏലമ്മയ്ക്കു മക്കളുണ്ടോ?’

‘ദേ നിൽക്കുന്നു നാലെണ്ണം, ഒരു പ്രയോജനോമില്ല. പെറ്റു വളർത്തിയ തള്ളയെ സ്നേഹമില്ല, അസത്തുക്കളാ.’ ആ സ്വരത്തിലെ കടുപ്പവും വെറുപ്പും എവിടെയോ സംശയം ഉണ്ടാക്കി.

ADVERTISEMENT

‘മൂന്നു പെൺമക്കളും ഒരു മകനും.  നാലുപേരും  അമ്മയെ സ്നേഹിക്കാതിരിക്കുന്നതെന്താ?

‘എന്റെ കെട്ടിയോൻ, ആ ദുഷ്ടൻ നാലെണ്ണത്തിനേം വശത്താക്കി വച്ചിരിക്കുകയാ. കൈവെഷം കൊടുത്തിട്ടാരിക്കും.’

‘ഭർത്താവ് ഇനി മുതൽ ദേഹോപദ്രവമേൽപിക്കരുത്. അതല്ലേ ഏലമ്മയുടെയാവശ്യം?’

‘ഇയ്യാള് വീട്ടീന്ന് എറങ്ങിത്തരണം. എനിക്കു പണി കഴിഞ്ഞു വരുമ്പം മനസ്സമാധാനമായിട്ട് കെടന്നൊറങ്ങണം.  അതാണാവശ്യം.’

‘ഞാൻ കുട്ടപ്പനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി താക്കീതു ചെയ്തുവിടാം. ഇനി ഉപദ്രവിച്ചാൽ അടുത്ത നടപടിയിലേക്കു പോകാം.’ കുട്ടപ്പൻ എന്തോ പറയാനൊരുങ്ങിയപ്പോഴേക്കും ഏലമ്മ ഇടയ്ക്കു കയറി പറഞ്ഞു. ‘പറ്റുകേല. ഒരൊറ്റ ദിവസം പോലും ഇയാളാ വീടിന്റെ മുറ്റത്തു കേറാൻ സമ്മതിക്കരുത്. അത്രയ്ക്കു വെഷമാ ഇയ്യാള്.’

‘അയാളോടു ചോദിച്ചതിനു മറുപടി അയാൾ പറയട്ടെ. കുട്ടപ്പൻ പറയൂ.’ അതു കേട്ട് ഏലമ്മ അതൃപ്തിയോടെ നിന്നു.  

70 വയസ്സിനു മേൽ തോന്നിക്കുന്ന മെലിഞ്ഞുണങ്ങിയ ആ വൃദ്ധൻ വല്ലാത്ത കിതപ്പോടെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു, ‘സാറേ, എനിക്കു പറയാനൊന്നും മേല.’ ഇയാളാണോ ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്ന വില്ലൻ, എന്നു ഞാനോർത്തു.

‘അപ്പനു മിണ്ടാൻ വയ്യ. ശ്വാസംമുട്ടലാ. വർഷങ്ങളായിട്ട് അപ്പനു സുഖമില്ലാതിരിക്കുകാ.’ മധ്യവയസ്സു തോന്നിക്കുന്ന മകൾ പറഞ്ഞു.

‘എന്നിട്ടാണോ അമ്മയെ ഉപദ്രവിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത്?’

‘സാറൊന്നും വിശ്വസിക്കരുത്. എല്ലാം  ഞങ്ങടെ അമ്മച്ചീന്നു പറയുന്ന ഈ സ്ത്രീ പറയുന്ന നൊണയാ. അപ്പൻ ഒരിക്കൽ പോലും അമ്മച്ചീനെ ഉപദ്രവിച്ചിട്ടില്ല.’ മറ്റൊരു മകൾ പറഞ്ഞു.

‘അമ്മച്ചിയാ എല്ലാ പ്രശ്നത്തിനും കാരണം. അമ്മച്ചീടെ നാക്കും പ്രവൃത്തീം തീരെ...’ മകനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഏലമ്മ ചീറ്റപ്പുലിയെപോലെ ചാടിവീണു.

‘മിണ്ടാതിരിക്കിനെടാ. എനിക്കു പറയാനൊള്ളതു മുഴുവൻ പറഞ്ഞാലൊണ്ടല്ലോ... നിന്നെയൊക്കെ അകത്താക്കും ഞാൻ...’

‘നിർത്ത്. ഈ മാതിരി വൃത്തികെട്ട  ഭാഷ ഉ പയോഗിക്കാനാണു ഭാവമെങ്കിൽ, ആദ്യം നിങ്ങളെയായിരിക്കും പിടിച്ച് അകത്തിടുന്നത്.’ ഞാനും കയർത്തു.

ഏലമ്മ എന്തൊക്കെയോ അംഗവിക്ഷേപങ്ങളോടെ പിന്നെയും ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഭർത്താവിനേയും മക്കളേയും ശപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു കൊണ്ടിരുന്ന അവരെ ശാന്തയാക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.

‘നിങ്ങളിലാരു പറയുന്നതാ സത്യം? എന്താണു നിങ്ങളുടെ യഥാർഥ പ്രശ്നം?’ യാഥാർഥ്യം സ്വയം വെളിപ്പെട്ടിരുന്നെങ്കിലും വിശദാംശങ്ങൾക്കു വേണ്ടിയാണ് അങ്ങനെ ചോദിച്ചത്.  

‘ഞങ്ങളൊന്നും പറയുന്നില്ല. ദേ, എല്ലാം  ഫോണിൽ പിടിച്ചിട്ടൊണ്ട്, ഒന്നു കേട്ടു നോക്കിക്കേ.’ ഇളയ മകൾ ഫോൺ നീട്ടി.

‘അമ്മയാണ് പ്രശ്നക്കാരി. മുൻപ് രണ്ടുതവണ കെട്ടിച്ചയച്ചതാ അമ്മേനെ. കൊറേ കഴിയുമ്പം കെട്ടിയോന്മാരുമായി വഴക്കൊണ്ടാക്കി പോരും. ഞങ്ങടെയപ്പൻ തീരെ പാവമായതുകൊണ്ട് പത്തുനാൽപത്തഞ്ചു കൊല്ലമായിട്ടും ബന്ധം നിലനിൽക്കുന്നു. ഇതിനെടേല് എത്ര പേരുടൊപ്പം അമ്മച്ചി ഒളിച്ചോടിപ്പോയെന്നോ. അപ്പന്റെ പേരിലൊള്ള വീടും സ്ഥലോം കൈക്കലാക്കീട്ട് അപ്പനെ തല്ലിയെറക്കാനാ ഇപ്പോഴത്തെ വരവ്. അമ്മച്ചിക്ക് 66 വയസ്സായി. 62 വയസ്സൊള്ള ഒരാളുമായി ഇപ്പോ അടുപ്പമാ. അയാളെ വീട്ടിക്കേറ്റി താമസിപ്പിക്കാന്‍ വേണ്ടിയാ അപ്പനോട് യുദ്ധം ചെയ്യുന്നേ.’

അവർ പറഞ്ഞതു സാധൂകരിക്കുന്ന സംഭാഷണങ്ങൾ, അല്ല ആക്രോശങ്ങളും പ്രകോപനപരമായ പരിഹാസങ്ങളുമായിരുന്നു ഫോണിൽ. എത്ര വഴക്കുണ്ടാക്കിയാലും ഒരക്ഷരം പറയാതെ കേട്ടു നിൽക്കുന്ന ആ വൃദ്ധനെക്കുറിച്ച് എന്ത് ആരോപണങ്ങളാണ് ഏലമ്മ വിളിച്ചു കൂവിയത്!

‘വനിതാ കമ്മിഷനിൽ വന്നിട്ടും എന്റെ കാര്യം  നടന്നില്ല. പെണ്ണുങ്ങളെ സഹായിക്കാനാണ് കമ്മിഷന്‍ന്നാ വിചാരിച്ചത്. ഇയാളെ തല്ലിയെറക്കാൻ കമ്മിഷനു പറ്റുകില്ലെങ്കിൽ, എനിക്കറിയാം ചെയ്യാൻ’ എന്നൊരു ഭീഷണിയോടെയാണ് ഏലമ്മ ഇറങ്ങിപ്പോയത്.

(ഇതിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല. ജീവിതത്തിൽ കണ്ടുമുട്ടിയ, ഒരിക്കലും മറക്കാനാകാത്ത ചില സ്ത്രീ ജീവിതങ്ങൾ വരച്ചിടുന്നു- ജെ. പ്രമീളാദേവി)

ADVERTISEMENT