ADVERTISEMENT

ഗര്‍ഭാശയ മുഴകള്‍ അഥവാ യൂട്ടറൈന്‍ ഫൈബ്രോയ്ഡ് രോഗവുമായി ബന്ധപ്പെട്ടു ഗൈനക്കോളജിസ്റ്റിനെ തേടി വരുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗര്‍ഭധാരണ സാധ്യതയുള്ള പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ഇത് മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണവുമാകാറുണ്ട്.

എന്താണ് ഫൈബ്രോയ്ഡ്

ADVERTISEMENT

നെല്ലിക്കയുടെ വലിപ്പം മുതല്‍ തണ്ണീര്‍മത്തന്റെ വരെ വലിപ്പം വരാവുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍. മുഴകള്‍ എന്നു കേള്‍ക്കുമ്പോഴേ കാന്‍സര്‍ ഭീതി ആളുകളുടെ മനസ്സില്‍ വരുന്നത് വ്യാപകമായിട്ടുണ്ടെങ്കിലും ഫൈബ്രോയ്ഡുകള്‍ അധികവും കാന്‍സര്‍ അല്ലാത്ത മുഴകളാണ്. ഗര്‍ഭപാത്രത്തിലെ പേശികളില്‍ നിന്നുണ്ടാകുന്ന ഈ മുഴകള്‍ പലപ്പോഴും അധികം പേരിലും പ്രത്യേകിച്ച് ലക്ഷണമൊന്നും ഇല്ലാതെ പോകുന്നു. ഏതാണ്ട് 50 ശതമാനം സ്ത്രീകളിലും ഇത്തരത്തിലുള്ള അവസ്ഥ കണ്ടു വരുന്നുണ്ട്. ബഹുഭൂരിപക്ഷം പേരിലും പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാത്തതുകൊണ്ടു തന്നെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വയര്‍ സ്‌കാന്‍ ചെയ്യുമ്പോഴാണ് മുഴയുണ്ടെന്നുള്ള വിവരം അറിയുക.

ലക്ഷണങ്ങള്‍

ADVERTISEMENT

ഇതിന് പ്രധാനമായുള്ള ലക്ഷണങ്ങള്‍ ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം, ആര്‍ത്തവസമയത്തിലുള്ള ക്രമക്കേട്, ഇടവിട്ടിടവിട്ടുള്ള ആര്‍ത്തവം, ആര്‍ത്തവ സമയത്ത് കഠിനമായ വയറുവേദന തുടങ്ങിയവയാണ്. ചിലര്‍ക്ക് അടിവയറ്റില്‍ വലിയ ഭാരമുള്ളതു പോലെ അനുഭവപ്പെടാം.

ഫൈബ്രോയ്ഡുകളുടെ സ്വഭാവമനുസരിച്ച് പലപ്പോഴും രക്തസ്രാവം വളരെ കൂടുതലാവും. കട്ടകളായും മറ്റുമൊക്കെയുള്ള രക്തം പോകുന്നത് തുടരും. അതുപോലെ വലിയ മുഴകള്‍ മൂത്രതടസ്സം, ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പ്, മലബന്ധം എന്നിവയുണ്ടാക്കും. 30 മുതല്‍ 50 വയസ്സുവരെയുള്ള ഘട്ടത്തിലാണ് രോഗലക്ഷണങ്ങള്‍ അധികവും കാണാറുള്ളത്. ഫൈബ്രോയ്ഡ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മുമ്പു കാലത്ത് 50 വയസ്സിനു ശേഷമുള്ളവരിലാണ് അധികം കണ്ടിരുന്നതെങ്കില്‍ ഇന്ന് വന്ധ്യതയുടെ വലിയ കാരണങ്ങളില്‍ ഒന്നായി അത് മാറിയിട്ടുണ്ട് എന്നതാണ് വസ്തുത. പലപ്പോഴും ഗര്‍ഭം ധരിക്കാനുള്ള കാലതാമസവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളിലാണ് ഫൈബ്രോയ്ഡ് ആദ്യമായി കണ്ടെത്തുന്നത് തന്നെ.

ADVERTISEMENT

ആര്‍ത്തവ വിരാമത്തിനു ശേഷം പലപ്പോഴും ഫൈബ്രോയ്ഡിന്റെ അഥവാ മുഴയുടെ വലിപ്പം ചുരുങ്ങുന്നതായാണ് കാണാറുള്ളത്.

സ്ത്രീകളുടെ അണ്ഡാശയത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന് ഫൈബ്രോയ്ഡുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് പ്രത്യുല്‍പാദന സാധ്യതയുള്ള പ്രായത്തില്‍ അഥവാ ആര്‍ത്തവം തുടങ്ങുന്ന പ്രായം മുതല്‍ ആര്‍ത്തവം അവസാനിക്കുന്ന പ്രായം വരെയാണ് ഇത്തരം മുഴകള്‍ കാണാറുള്ളത്.

ചികിത്സ എങ്ങനെ?

ഗര്‍ഭാശയഭിത്തിക്കുള്ളിലെ സ്ഥാനമനുസരിച്ച് മൂന്നു തരം ഫൈബ്രോയ്ഡുകളാണുള്ളത്. സബ് മ്യൂക്കോസല്‍, ഇന്‍ട്രാമ്യൂറല്‍, സബ്‌സിറോസല്‍. മുഴയുടെ വലിപ്പം, രോഗിയുടെ ലക്ഷണങ്ങള്‍, പ്രായം എന്നിവ കണക്കാക്കിയാണ് ഫൈബ്രോയ്ഡിനുള്ള ചികിത്സ നിശ്ചയിക്കുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ സ്‌കാനിംഗിനിടെ അവിചാരിതമായി കാണുന്ന ചെറിയ മുഴകള്‍ക്ക് ചികിത്സ ഒന്നും തന്നെ ആവശ്യമില്ല. ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമുള്ള ചികിത്സകളോ നിര്‍ദ്ദേശങ്ങളോ തേടുക മാത്രം ചെയ്താല്‍ മതി.

ലക്ഷണങ്ങളോടെയുള്ള ഫൈബ്രോയ്ഡുകള്‍

രോഗലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടു വരുന്ന ഫൈബ്രോയ്ഡിന് സാധാരണ ഗതിയില്‍ ചികിത്സ ആവശ്യമുണ്ട്. മരുന്നുകള്‍, പ്രധാനമായും ഹോര്‍മോണ്‍ ഗുളികകള്‍ അമിതരക്തസ്രാവം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. -മിറീന-mirena- പോലുള്ള ഹോര്‍മോണ്‍ ഉപകരണങ്ങള്‍ ഗര്‍ഭാശയത്തിനകത്ത് ഇട്ടുവയ്ക്കുന്ന മരുന്നാണ്. ഇത് അമിതരക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കുന്നു.

ശസ്ത്രക്രിയയും മറ്റു മാര്‍ഗ്ഗങ്ങളും

വന്ധ്യതയ്ക്ക് കാരണമാകാറുള്ള ഇന്‍ട്രാമ്യൂറല്‍, സബ്മ്യൂക്കോസിസ് ഫൈബ്രോയ്ഡ്, അതുപോലെ വലിയ ഫൈബ്രോയ്ഡുകള്‍ എന്നിവയ്ക്ക് ശസ്ത്രക്രിയയാണ് സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴിയും വയറു തുറന്നും മുഴ എടുത്തു കളയുന്ന രീതിയാണിപ്പോഴുള്ളത്.

രോഗിയുടെ മറ്റു പ്രത്യേകതകള്‍, പ്രായം, മുഴയുടെ വലിപ്പം തുടങ്ങിയവയുടെ സ്വഭാവം അനുസരിച്ച് ചിലപ്പോള്‍ ഗര്‍ഭപാത്രത്തോടു കൂടെ മുഴ നീക്കം ചെയ്യേണ്ടി വരും. ഇപ്പോള്‍ നൂതനമായ ചികിത്സാ രീതിയാണ് യൂട്ടറൈന്‍ ആര്‍ട്ടറി എംബൊളൈസേഷന്‍. ഫൈബ്രോയ്ഡ് ചികിത്സയ്ക്ക് ശസ്ത്രക്രിയ ഒഴിവാക്കിക്കൊണ്ടുള്ളൊരു രീതിയാണിത്. അതായത് ഫൈബ്രോയ്ഡുകളിലേക്കുള്ള രക്തപ്രവാഹം മുറിച്ചുകൊണ്ട് അവയെ ചുരുക്കിക്കളയുന്ന രീതിയാണിത്.

ഏതു തരത്തിലായാലും ഫൈബ്രോയ്ഡ് കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍തന്നെ തേടാന്‍ മടിക്കരുത്.

ഡോ. ദര്‍ശന കെ.

സീനിയ൪ കണ്‍സല്‍ട്ടന്റ്- ഗൈനക്കോളജിസ്റ്റ്,

കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിംഗ് ഹോം,

കോഴിക്കോട്

 

 

 

ADVERTISEMENT