ADVERTISEMENT

വിട്ടുമാറാത്ത അലർജിയാണ്, ഈയടുത്ത കാലത്തു നമ്മുടെ നാട്ടിൽ കുട്ടികളെ അലട്ടുന്ന പ്രധാനരോഗങ്ങളിലൊന്ന്. ചില കുട്ടികളിൽ അലർജി തുമ്മലായും മൂക്കൊലിപ്പായും മാത്രം കാണുമ്പോൾ, മറ്റു ചിലരിൽ, ഒരു പടി കൂടി കടന്നു, ചുമയും ശ്വാസംമുട്ടുമായി പരിണമിക്കുന്നു.

കുറെ പേരിൽ ഇത് അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനു കാരണമായി കൂടുതൽ സങ്കീർണമാകുന്നു. 

ADVERTISEMENT

ആര്‍ട്ടികേറിയ (Urticaria) പോലെയുള്ള ചൊറിച്ചിൽ ഉണ്ടാക്കുന്ന ത്വക്കു രോഗങ്ങൾ ആയാണു ചില കുട്ടികളിൽ അതു പ്രകടമാവുന്നത്. 

അടുത്തകാലത്ത് അലർജി പ്രശ്നങ്ങൾ കുട്ടികളിൽ ഇത്രയും അധികമാവാൻ കാരണം എന്തെന്ന വിലയിരുത്തലിനു വലിയ പ്രസക്തിയുണ്ട്. ഒരുപക്ഷേ, കൊറോണയ്ക്കു ശേഷം, പ്രതിരോധശക്തിയിൽ കാതലായ താളപ്പിഴകൾ വന്നതു തന്നെയാവണം ഈ രീതിയിൽ കുട്ടികളിൽ അലർജി രോഗങ്ങൾ വ്യാപകമാകുന്നതിന്റെ കാരണം എന്ന് അനുമാനിക്കാം. അന്തരീക്ഷ മലിനീകരണവും മറ്റൊരു കാരണമാണ്.  

ADVERTISEMENT

അതുപോലെ പ്രധാനപ്രശ്നമാണ് ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ. മിക്ക കുട്ടികളും, പലതരം ഫാസ്റ്റ് ഫൂഡു കളുടെ ആരാധകരാണ്. അതേസമയം ഇത്ര കനത്തിൽ ഉള്ള ആഹാരം ദഹിക്കാനാവുന്നത്ര വിശപ്പ് പല കുട്ടികൾക്കും ഇല്ല താനും. വീട് - സ്കൂൾ എന്ന രണ്ടിടങ്ങൾ വിട്ട്, കാര്യമായ കളിയോ വ്യായാമമോ ഇല്ലാത്ത സമകാലിക സാഹചര്യങ്ങൾ കൂടിയാകുമ്പോൾ അലർജികൾക്കുള്ള കളം ഒരുങ്ങുകയായി.

പൊതുവേ വിശപ്പില്ലാത്ത സമയം, ദഹിക്കാൻ പ്രയാസമായ ഇത്തരം വിഭവങ്ങൾ കൂടി ചെല്ലുന്നതോടെ, കുട്ടികളിൽ വിവിധ ദഹന പ്രശ്നങ്ങൾ കാണാൻ തുടങ്ങുന്നു.

ADVERTISEMENT

രാത്രി വൈകി ഭക്ഷണം കഴിക്കുക കൂടി ചെയ്യുന്നതോടെ ദഹനപ്രക്രിയ ഒന്നുകൂടി മാന്ദ്യത്തിലാവും. കൃത്യമായി പറഞ്ഞാൽ, ഇത്തരം ആഹാര ശീലങ്ങളാണു ക്രമേണ ഇവരെ അലർജിയിലേക്കു നയിക്കുന്നത്. ഇത്തരം അലർജികളെ ‘രക്ത ദുഷ്ടി’ എന്ന നിലയിലാണ് ആയുർവേദം കാണാറുള്ളത്.

അലർജിയുടെ ആന്റിബോഡി ടെസ്റ്റ് ആയ IgE രക്തത്തിൽ വളരെ ഉയർന്ന അളവു കാണിക്കുന്നത് അതിന്റെ പ്രത്യക്ഷ  ഉദാഹരണമാണ്. പൊതുവേ  300 നുള്ളിൽ നിൽക്കേണ്ട igE ആന്റിബോഡി വാല്യൂ പല കുട്ടികളിലും 6000-7000 ഒക്കെ വരെ കാണാറുണ്ട്. 

ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്തണം. രക്തദുഷ്ടി അകറ്റണം. ശമന ഔഷധങ്ങൾ കൊണ്ടോ  ചെറിയ വിരേചനൗഷധങ്ങൾ കൊണ്ടോ ഒക്കെ ഇവ ഇല്ലായ്മ ചെയ്യണം. രക്തത്തിലെ IgE യുടെ തോതു ക്രമേണ കുറഞ്ഞു വരും. ലക്ഷണങ്ങൾക്ക് അനുസരിച്ച് ആയുർവേദത്തിലെ പീനസ ചികിത്സ കൂടി വേണ്ടി വരാം.  

 അലർജി ഉള്ള എല്ലാവരിലും IgE ഉയർന്നു കാണണമെന്നുമില്ല. ഒപ്പം, അലർജിയുടെ ചികിത്സയോടൊപ്പം, അനുബന്ധ രോഗാവസ്ഥകളായി പലരിലും കാണാറുള്ള, അഡിനോയ്ഡും ആസ്മയും പോലെയുള്ള രോഗങ്ങൾ കൂടി, ചികിത്സിക്കുന്നതോടെ രോഗമുക്തി ഉറപ്പു വരുത്താം. 

രക്ഷിതാക്കൾക്കു ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ, ഇത്തരം അലർജി സംബന്ധമായ രോഗാവസ്ഥകൾ മുളയിലെ നുള്ളി കളയാം. കൂടുതൽ സങ്കീർണമായ അവസ്ഥകളിലേക്കു വളരാതെ തടയാം. ഇടതടവില്ലാതെ തുമ്മിയും ചുമച്ചും കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ, അസുഖം പൂർണമായി മാറാതെ വളരുമ്പോൾ ഭാവിയിലും ആരോഗ്യപ്രശ്നങ്ങൾ വരാം. 

കുട്ടികളിലെ അഡിനോയ്ഡ് വീക്കം 

സർജറി ചെയ്യാതെ തന്നെ ആയുർവേദ ചികിത്സകൊണ്ട് പൂർണമായി മാറ്റാൻ കഴിയുന്ന ചില അസുഖങ്ങളുണ്ട്. അ ങ്ങനെയുള്ള രോഗങ്ങളിൽ ഒന്നാണ് അഡിനോയ്ഡ് ഗ്രന്ഥി വീക്കം. (Benign hypertrophy of adenoid). നാസാദ്വാരത്തിന് ഉള്ളിലും  പുറകിലുമായി കാണുന്ന ലിംഫോയ്ഡ് ഗ്രന്ഥിയാണ് അഡിനോയ്ഡ്.

മൂക്കിലൂടെ ഉള്ളിൽ പ്രവേശിക്കുന്ന വൈറസിനെയും ബാക്ടീരിയയെയും ട്രാപ്പ് ചെയ്യുന്നത് ഉൾപ്പെടെ, രോഗപ്രതിരോധത്തിൽ വലിയ പങ്കുള്ള ഗ്രന്ഥിയാണിത്. 

അലർജി കൊണ്ടും നീർവീക്കം കൊണ്ടും കുട്ടികൾക്ക് ഈ ഗ്രന്ഥിയുടെ വീക്കം വളരെ സാധാരണമാണ്. ശ്രദ്ധിച്ചു നോക്കിയാൽ തന്നെ  കുട്ടികളിൽ  അഡിനോയ്ഡ് വീക്കം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റും. മുഖം കൂർത്തു മുന്നോട്ടു തള്ളി വരിക,  നിർവികാരമായ സവിശേഷ മുഖഭാവം ഇവയൊക്കെ  പ്രത്യക്ഷത്തിൽ തന്നെ പ്രകടമാകുന്ന ലക്ഷണങ്ങളാണ് (Adenoid face).

രാത്രി, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി വായ തുറന്നു കിടക്കുക, ഇടയ്ക്കിടയ്ക്കു ചെവിയിൽ അണുബാധ വരിക, ഉറക്കം തടസ്സപ്പെടുക, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം ഉണ്ടോ എന്നു പരിശോധിക്കണം.

അഡിനോയ്ഡ് ഗ്രന്ഥി വീങ്ങി 80 ശതമാനത്തിലധികമാകുന്ന അവസ്ഥയെത്തുമ്പോൾ പൊതുവേ ഡോക്ടർമാർ സർജറിയാണു നിർദേശിക്കാറുള്ളത്. എന്നാൽ, തുടക്കത്തിലേ ചികിത്സിച്ചാൽ സർജറി കൂടാതെ തന്നെ ഇതു പൂർണമായും മാറ്റാവുന്ന ചികിത്സാരീതികൾ ആയുർവേദത്തിലുണ്ട്. 

തലയിൽ തേക്കുന്ന എണ്ണയും ചെറിയ ചില ആഹാര  മാറ്റങ്ങളും ആയുർവേദത്തിൽ പറയുന്ന പീനസ- ഗ്രന്ഥി ചികിത്സയും കൊണ്ടു രോഗം മാറ്റാൻ കഴിയും.  സർജറി ചെയ്തു കഴിഞ്ഞവരിലും  ചില സങ്കീർണതകൾ കണ്ടുവരാറുണ്ട്. അതുകൊണ്ടു തന്നെ തുടക്കത്തിലേ വിദഗ്ധ ആയുർവേദ പരിഹാരം തേടാവുന്നതാണ്. കൃത്യമായി മരുന്നു കഴിക്കുകയും പഥ്യം പാലിക്കുകയും ചെയ്താൽ ഒരു മാസം കൊണ്ടു തന്നെ അഡിനോയ്ഡ് വീക്കം പരിഹരിക്കാം. 

കടപ്പാട്- ഡോ. ഷാബു. എ., മെഡിക്കല്‍ ഓഫിസര്‍ , മാത്തൂർ , ഗവ. ആയുർവേദ ഡിസ്പെന്‍സറി, പാലക്കാട്. ഡോ. അശ്വതി എസ്. ,  മെഡിക്കല്‍ ഓഫിസര്‍ , ത്വക് രോഗ  വിഭാഗം സ്പെഷലിസ്റ്റ്‌ ഗവ.ആയുർവേദ ഹോസ്പിറ്റൽ, വെങ്ങാനൂർ, തിരുവനന്തപുരം.  ഡോ നിഷ കെ. , മെഡിക്കല്‍ ഓഫിസര്‍,  കുഴൂര്‍,  ഗവ :ആയുര്‍വേദ  ഡിസ്പെന്‍സറി, തൃശൂര്‍  

ADVERTISEMENT