വെറും രണ്ടു മാസത്തിൽ 17 കിലോ ശരീരഭാരം കുറച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാൻ. കഴിഞ്ഞ ദിവസമാണ് ജിമ്മിൽ പരിശീലിക്കുന്ന സർഫറാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. പൊണ്ണത്തടി കുറയ്ക്കാന്‍ കഠിന വ്യായാമത്തോടൊപ്പം താരം പിന്തുടർന്നത് ചിട്ടയായ ഭക്ഷണക്രമം.
പിതാവ് നൗഷാദ് ഖാനാണ് സർഫറാസിന്റെ ഭക്ഷണ രീതിയെക്കുറിച്ചു വെളിപ്പെടുത്തിയത്. സർഫറാസ് മാത്രമല്ല, കുടുംബത്തിലെ എല്ലാവരും ഈ ഭക്ഷണരീതിയാണ് ഇപ്പോൾ പിന്തുടരുന്നതെന്ന് നൗഷാദ് ഖാൻ വ്യക്തമാക്കി.
അരി, റൊട്ടി, പഞ്ചസാര, മൈദ എന്നിവ പൂർണമായും ഒഴിവാക്കിയാണ് സർഫറാസിന്റെ ഡയറ്റ്. ‘‘സർഫറാസ് ബേക്കറി ഉത്പന്നങ്ങള്‍ പൂർണമായും ഉപേക്ഷിച്ചു. ഗ്രിൽ ചെയ്ത കോഴിയിറച്ചി, മീന്‍, പുഴുങ്ങിയ മുട്ട, സാലഡുകൾ, ബ്രോക്കോളി, അവൊക്കാഡോ, ഗ്രീൻ ടീ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കി. ചീറ്റ് മീലുകളുടെ ഭാഗമായി മുന്‍പ് കഴിച്ചിരുന്ന പ്രിയപ്പെട്ട ബിരിയാണിയും സർഫറാസ് ഉപേക്ഷിച്ചു. ഇതോടെ ഒന്നര മാസം കൊണ്ട് പത്തു കിലോ കുറയ്ക്കാൻ സാധിച്ചു.’’– നൗഷാദ് ഖാൻ വ്യക്തമാക്കി.
മികച്ച ഫോം തുടരുമ്പോഴും ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിൽ താരത്തിന് പലതവണ ദേശീയ ടീമിൽ അവസരം നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് തടി കുറയ്ക്കാൻ സർഫറാസ് ശ്രമം തുടങ്ങിയത്. ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകൾ കളിച്ചിട്ടുള്ള സർഫറാസ് ഒരു സെഞ്ചറിയും മൂന്നു അർധ സെഞ്ചറികളും നേടിയിട്ടുണ്ട്.