ADVERTISEMENT

പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചവരുടെ വാർത്ത നിരന്തരം വരുന്നു. പേവിഷത്തിനെതിരേ കരുതലെടുക്കാം...

‘‘അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ... അതു തിന്നാൻ വന്ന പട്ടികളാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചു പറിക്കുകയായിരുന്നു. അപ്പഴേ എടുത്തോണ്ട് ആശുപത്രിയിൽ പോയി. ഇപ്പോ ദാ, കുഞ്ഞു പോയി. എനിക്കിനി കാണാൻ കുഞ്ഞില്ല...’’ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു പേവിഷപ്രതിരോധ വാക്സീനെടുത്തിട്ടും മരണത്തിനു കീഴടങ്ങേണ്ടി വന്ന കൊല്ലം പത്തനാപുരത്തെ നിയയുടെ അമ്മ കണ്ണീരോടെ കേരളത്തോടു പറഞ്ഞ വാക്കുകളാണിത്. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനു നായ്ക്കളുടെ ആക്രമണം നേരിട്ട നിയയ്ക്കു മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു.

ADVERTISEMENT

പണ്ടൊക്കെ ചില വീടുകളുടെ ഗേറ്റിൽ ഗമയോടെ ഇരുന്ന ബോർഡാണ് ‘നായയുണ്ട്, സൂക്ഷിക്കുക’ എന്നത്. ഇന്നു മിക്ക വീടുകളിലും ഒരു നായ എങ്കിലുമുണ്ട്. അവയുടെ റീലുകളും നായയുടെ സ്വന്തം പേജുകളും സോഷ്യൽ മീഡിയയിലും സജീവം. പക്ഷേ, അത്ര ലൈറ്റ് അല്ല വാർത്തകളിൽ നിറയുന്ന കാര്യങ്ങ ൾ. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങളടക്കം ഏഴു പേരാണു സംസ്ഥാനത്തു പേവിഷബാധയേറ്റു മരണപ്പെട്ടത്. നാലു വർഷത്തിനിടയിൽ സംസ്ഥാനത്തൊട്ടാകെ പേവിഷബാധയേറ്റു മരണപ്പെട്ടത് 89 പേരെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു.

പേവിഷ പ്രതിരോധപ്രവർത്തനങ്ങളിൽ എല്ലാ മുൻകരുതലും കൈക്കൊണ്ടിട്ടും എവിടെയാണു നമുക്കു പിഴച്ചത്? ആരാണ് ഈ മരണങ്ങൾക്ക് ഉത്തരവാദി? റോഡിൽ വച്ചു പിന്നിലൂടെ വന്ന് ആക്രമിക്കുന്ന തെരുവുനായ മുതൽ വീട്ടിലെ വളർത്തുമൃഗങ്ങൾക്കു വാക്സീനെടുക്കാതെ അലംഭാവം കാണിക്കുന്നവർ വരെ പ്രതിക്കൂട്ടിലാണ്. ഒരു കുര കേട്ടാൽ ഞെട്ടിത്തരിക്കുന്ന അവസ്ഥയിലേക്കു പോകാതിരിക്കാൻ മുൻകരുതലെടുക്കാം. ഭയമല്ല, ജാഗ്രതയാണു പ്രധാനം.

ADVERTISEMENT

ഞെട്ടിക്കുന്ന കണക്കുകൾ

സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റു ചികിത്സ തേടുന്നതു രണ്ടുലക്ഷത്തിലധികം പേരാണെന്നു കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അതു മൂന്നു ലക്ഷം കടക്കുകയും ചെയ്തു. തെരുവുനായ്ക്കൾ ആക്രമിച്ച കേസുകളുടെ എണ്ണം ഇവയിൽ നിന്നു കൃത്യമായി തരംതിരിച്ചു ലഭ്യമല്ല എന്നാണ് ആരോഗ്യവകുപ്പു പറയുന്നത്. എങ്കിലും ആക്രമണകാരികളായ തെരുവുനായ്ക്കളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ വർധനയുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് റിട്ട. ചീഫ് വെറ്ററിനറി ഓഫിസറായ ഡോ. ബിജു പറയുന്നു.

ADVERTISEMENT

‘‘തെരുവുനായ്ക്കൾക്കു കഴിക്കാൻ പാകത്തിനു ഭക്ഷണമാലിന്യം റോഡരികിലും മറ്റും തള്ളുന്നതു നമ്മൾ തന്നെയാണ്. കൂടുതൽ ഭക്ഷണം കഴിക്കുന്ന പെൺനായ്ക്കൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കും എന്നതാണു പ്രത്യേകത. അതുകൊണ്ടു തെരുവുനായ്ക്കൾ വളരെ പെട്ടെന്നു പെറ്റു പെരുകും.

rabies-stray-dog

അനിമൽ ബെർത് കൺട്രോൾ (എബിസി) സെന്ററുകളിലൂടെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള ശ്രമങ്ങ ൾ നടന്നിരുന്നെങ്കിലും അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനോ പേവിഷബാധ തടയുന്നതിനോ ഫലപ്രദമായ ഒരു മാതൃക സംസ്ഥാനത്തില്ല എന്നതു വസ്തുത തന്നെയാണ്. 1996– 97 കാലഘട്ടത്തിൽ തെരുവുനായ്ക്കളെ ദയാവധം ചെയ്തു നിർമാർജനം ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. 30 വർഷങ്ങൾക്കിപ്പുറവും തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾക്കു ശമനമില്ല.

ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളും വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്നവയാണ്. കീരി, കുറുക്കൻ പോലുള്ള മൃഗങ്ങൾ പേവിഷ രോഗാണുവിന്റെ നിശബ്ദവാഹകരാണ്. അവയിൽ നിന്നു വളർത്തുനായ്ക്കൾക്കും തെരുവുനായ്ക്കൾക്കും രോഗബാധ വരാം. മനുഷ്യരുമായി ഇടപഴകി ജീവിക്കുന്ന നായ്ക്കളിലൂടെ അവ മനുഷ്യന് അപകടമാകാം. രോഗവാഹകരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണു പേവിഷബാധ ഉണ്ടാകുന്നത്.

കടിയേൽക്കില്ല എന്നു കരുതി പൂച്ചയെ പാവത്താനാക്കേണ്ട. എപ്പോഴും കയ്യും കാലും നക്കിക്കൊണ്ടിരിക്കുന്ന സ്വഭാവം പൂച്ചകളിൽ കണ്ടിട്ടില്ലേ. ഉമിനീരിൽ നിന്നു നഖങ്ങളിലേക്കെത്തുന്ന രോഗാണു ചെറിയ പോറലുകൊണ്ടു വരെ മനുഷ്യനിലേക്കു കടന്നെത്താം. മറ്റൊരു വില്ലൻ നീർനായയാണ്. കേരളത്തിലെ മിക്ക ആറുകളിലും ഇപ്പോൾ നീർനായ സാന്നിധ്യമുണ്ട്. അവയിലൂടെയും പേവിഷബാധ നായ്ക്കളിലേക്കും മനുഷ്യനിലേക്കും എത്താം.’’

വരുത്തി വയ്ക്കുന്ന വിനകൾ

കോവിഡ് കാലത്തു വീട്ടിലിരുന്നവർ ശീലിച്ച ജൈവകൃഷിയും നായ് പ്രേമവും ഇപ്പോഴത്തെ അവസ്ഥയ്ക്കു കുറച്ചേറെ കാരണമാണെന്നു പറയേണ്ടി വരും. ലോക്ഡൗൺ അ വസാനിച്ചതോടെ വർക് ഫ്രം ഹോം തീർന്നു ജോലിക്കു പോയി തുടങ്ങിയ പലരും വീട്ടിൽ വളർത്തിയ നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചു കടന്നു. അവ പെറ്റുപെരുകി തെരുവുനായ്ക്കളുടെ എണ്ണം കൂട്ടി.

വീട്ടിൽ വളർത്തുന്ന നായ്ക്കളെ രാത്രി റോഡിലേക്ക് അഴിച്ചു വിടുന്ന രീതിയും ശരിയല്ല. കൂടിന്റെ കെട്ടുപാടുകളിൽ നിന്നു വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് എത്തുമ്പോൾ അവ തിരികെ പോകാൻ ഇഷ്ടപ്പെടില്ല. തെരുവിൽ നിന്ന് ഇഷ്ടം പോലെ ഭക്ഷണവും കിട്ടുമ്പോൾ അവ ക്രമേണ ‘ബെൽറ്റിട്ട’ തെരുവുനായയാകും.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും വാക്സീനെടുക്കുന്നതിനും മൃഗാശുപത്രികളുടെ നേതൃത്വത്തിൽ നടപടികൾ നേരത്തേ തന്നെയുണ്ട്. ആക്രമണകാരികളായ നായ്ക്കളെ കൂട്ടിലാക്കി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പഞ്ചായത്തുകളിൽ നടപ്പിലാക്കി തുടങ്ങിയിട്ടുമുണ്ട്. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്കു പ്രതിരോധ വാക്സീൻ നിർബന്ധമായും എടുത്തിരിക്കണം. വാക്സീനെടുത്ത നായ്ക്കൾക്കു തെരുവുനായുടെ കടിയേറ്റാൽ പേവിഷബാധ ഉണ്ടാകാതെ സംരക്ഷണം കിട്ടും. കടിയേറ്റ ശേ ഷം പോസ്റ്റ് ബൈറ്റ് വാക്സീൻ കൂടി എടുക്കുന്നതു നൂറു ശതമാനം സംരക്ഷണം ഉറപ്പാക്കും.

എന്നാൽ, കടിയേൽക്കാതെ തന്നെ രോഗാണു പകരുന്ന സാഹചര്യങ്ങളുണ്ട്. രോഗവാഹകരായ കീരി കടിച്ച ഭ ക്ഷണവസ്തുക്കൾ കഴിക്കുന്നതിലൂടെ നായയുടെ ഉമിനീരിലേക്കും രോഗാണുക്കൾ കടന്നെത്താം. നായ്ക്കുട്ടികളുടെ പാൽപ്പല്ലു കൊഴിയുന്ന ഘട്ടത്തിൽ വായിലുണ്ടാകുന്ന മുറിവുകളിലേക്ക് ഇവ കടന്നാൽ പേവിഷബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടികൾക്കു മൂന്നു മാസത്തിനുള്ളിൽ തന്നെ പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരിക്കണം. നായ്ക്കുട്ടികളുമായി ഇടപഴകുന്ന കുട്ടികൾ വീട്ടിലുണ്ടാകുമ്പോൾ ഇക്കാര്യത്തിൽ രക്ഷിതാക്കൾ വളരെ ശ്രദ്ധ വയ്ക്കണം.

കുട്ടികളെ കാക്കണേ...

ലോകത്തിൽ ഏറ്റവും കൂടുതൽ തെരുവുനായ്ക്കളുള്ള രാജ്യം ഇന്ത്യയാണ്. എബിസി നയപ്രകാരം പേപ്പട്ടിയെ പോ ലും കൊല്ലാനുള്ള അനുവാദം ഇന്ത്യയിലില്ല. അതിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നു ശിശുരോഗ ചികിത്സാ വിദഗ്ധനായ ഡോ. എം. മുരളീധരൻ പറയുന്നു. ‘‘സീറോ സ്ട്രേ ഡോഗ് (തെരുവുനായ്ക്കൾ ഇല്ലേയില്ല) പോളിസി പൂർണമായി നടപ്പാക്കിയ ആദ്യ രാജ്യം നെതർലൻഡ്സാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളും ഈ മാതൃക പിന്തുടരുന്നുണ്ട്. അതിനായി CNRV രീതിയാണ് അവർ പിന്തുടരുന്നത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സീൻ നൽകി ഷെൽട്ടറിലാക്കുകയോ തിരികെ വിടുകയോ ചെയ്യുന്ന രീതിയാണിത്. ഷെൽട്ടറിൽ നിന്നു നായ്ക്കളെ അഡോപ്ഷനു നൽകും.

rabies-alert-1

കുട്ടികളാണു നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. കുട്ടികൾ പൊതുവേ ഉയരം കുറഞ്ഞവരാണ്. അതുകൊണ്ടു നായ്ക്കൾക്കു മുഖത്തും കയ്യിലുമൊക്കെ ആക്രമിക്കാനാകും. ആക്രമിക്കപ്പെടുമ്പോൾ കുട്ടികൾ വീണുപോകാം. അപ്പോൾ ശ രീരമാസകലം കടിയേൽക്കും. മുതിർന്നവരെ പോലെ ധൈര്യത്തോടെ പ്രതികരിക്കാനും പ്രതിരോധിക്കാനും കുട്ടികൾക്കു കഴിയണമെന്നില്ല.  

ആറടി ഉയരമുള്ള മുതിർന്ന ഒരാളിന്റെ കയ്യിലോ കാലിലോ കടിയേൽക്കുന്നതും ചെറിയ കുട്ടികളുടെ കയ്യിലോ കാലിലോ കടിയേൽക്കുന്നതും ഒരുപോലെയല്ല അപകടതോത് നിർണയിക്കുന്നത്. നാഡികളിലൂടെ തലച്ചോറിലേക്കുള്ള പേവിഷ വൈറസിന്റെ സഞ്ചാരം 24 മണിക്കൂറിൽ 1.2 സെന്റിമീറ്റർ മുതൽ പത്തു സെന്റിമീറ്റർ വരെയാണെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. അതായത് ഉയരമുള്ള ഒരാളിന്റെ തലച്ചോറിലേക്കു വൈറസ് എത്തുന്നതിനേക്കാൾ കുറഞ്ഞ സമയം മതി കുട്ടികളുടെ തലച്ചോറിലേക്കെത്താൻ. ഈ കാലയളവിനുള്ളിൽ എത്രയും വേഗം പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നു പറയുന്നത് ഇക്കാരണം കൊണ്ടാണ്. മുഖത്തോ തലയിലോ നെർവ് എൻഡിങ്ങുകൾ കൂടുതലുള്ള കൈവിരലുകളിലോ ക ടിയേറ്റാൽ തലച്ചോറിലേക്കു രോഗാണുവെത്താൻ വളരെ കുറച്ചു സമയം മതി. അതുകൊണ്ടു വാക്സീൻ എടുക്കുന്ന കാര്യത്തിൽ അലംഭാവം കാണിക്കരുത്.

കുട്ടികളിൽ പേവിഷബാധ ഉണ്ടായാൽ അപകട തീവ്രത കൂടുതലാണെന്ന സാഹചര്യം മനസ്സിലാക്കി വാക്സിനേഷൻ ഷെഡ്യൂളിൽ പേവിഷ പ്രതിരോധ കുത്തിവയ്പു കൂടി ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിനു ഗൗരവപൂർവം പരിഗണിക്കാവുന്നതാണ്.’’

വാക്സീൻ പ്രധാനം

ആക്രമിക്കുന്ന മൃഗത്തിനനുസരിച്ചും രോഗതീവ്രതയിൽ ഏറ്റക്കുറച്ചിലുണ്ടാകാം. നായയോ ചെന്നായയോ കടിച്ചാ ൽ ആഴത്തിൽ മുറിലേൽക്കുകയും രോഗബാധ കടുത്തതാകുകയും ചെയ്യും. പൂച്ചയുടെയോ മുയലിന്റെയോ കുരങ്ങന്റെയോ മാന്തലിലൂടെ ഏൽക്കുന്ന അണുബാധയുടെ തീവ്രത താരതമ്യേന കുറവാകാം. ഒരു നായ പല ആളുകളെ കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകളുടെ ആഴവും എണ്ണവുമനുസരിച്ചും രോഗതീവ്രത വ്യത്യാസപ്പെടാം.

തലച്ചോറിലേക്കു വേഗത്തിൽ രോഗാണുവെത്താൻ കാരണമാകുന്ന മറ്റൊരു ഘടകം നാഡീഅഗ്രങ്ങൾ (നെർവ് എൻഡിങ്) കൂടുതലുള്ള ഇടങ്ങളിൽ കടിയേൽക്കുന്നതാണ്. മുഖം, തല, ചെവി, കൈകാലുകൾ എന്നിവിടങ്ങളിലൊക്കെ നെർവ് എൻഡിങ്ങുകൾ കൂടുതലാണ്. അതിനാൽ ഈ ഭാഗങ്ങളിൽ കടിയേറ്റാൽ ഒട്ടും വൈകാതെ പ്രതിരോധ വാക്സീൻ എടുക്കണം. പക്ഷേ, പല സാഹചര്യത്തിലും ഇതു വൈകുന്നത് അപകടതോത് കൂട്ടും.

അമ്പലപ്പുഴയിൽ നായയുടെ കടിയേറ്റ വിവരം പുറത്തറിയിക്കാതെ വച്ചിരുന്ന പ്ലസ്ടു വിദ്യാർഥി പേവിഷബാധയേറ്റു മരിച്ച വാർത്ത പുറത്തുവന്നതു കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. നായ കടിച്ചാലോ മാന്തിയാലോ കുട്ടികൾ വീട്ടുകാരോടു മറച്ചു വയ്ക്കുന്നതു തല്ലുപേടിച്ചാണ്. ഇതു മാറണമെന്നു കോട്ടയം ജനറൽ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൽറ്റന്റ് ഡോ. സിന്ധു ജി. നായർ പറയുന്നു.

rabies-alert2

‘‘രോഗസാധ്യതയുള്ള മൃഗത്തിന്റെ കടിയേറ്റാൽ എത്രയും വേഗം ആശുപത്രിയിലെത്തണം. നാളെയാകട്ടെ എ ന്നു കരുതുന്നതു രോഗസാധ്യത കൂട്ടും. പേവിഷ പ്രതിരോധ വാക്സീൻ എത്രയും വേഗമെടുക്കുന്നോ, അത്രയും നല്ലത്. അതിനൊപ്പം മുറിവിനു ചുറ്റും രോഗപ്രതിരോധം ഉറപ്പാക്കുന്ന ഇമ്യൂണോഗ്ലോബുലിനും കുത്തിവയ്ക്കും. മുറിവിലുള്ള വൈറസുകളെ നിർവീര്യമാക്കുന്നതിനാണ് ഇത്.

ആന്റി റാബീസ് വാക്സീൻ കുത്തിവയ്ക്കുമ്പോൾ, ശരീരത്തിൽ തന്നെ ആന്റിബോഡി ഉൽപാദിപ്പിച്ചു വൈറസിനെ നിർവീര്യമാക്കുകയാണു ചെയ്യുന്നത്. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ആ കാലയളവിനുള്ളിൽ രോഗബാധ തീവ്രമാകാതിരിക്കാനാണ് ഇത്തരത്തിൽ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി സൂക്ഷിച്ചുവച്ചു രോഗിയി ൽ നേരിട്ടു കുത്തിവയ്ക്കുന്നത്. തലച്ചോറിലേക്കു പെട്ടെന്നു വൈറസ് കടക്കാൻ സാധ്യതയുള്ള ഭാഗങ്ങളിലെ മുറിവുകളിലും ആഴത്തിലുള്ള മുറിവുകളിലും ആന്റിബോഡി സീറം നേരിട്ടു കുത്തിവയ്ക്കും. ഇതോടെ വൈറസിനെതിരായ പ്രവർത്തനം ശരീരത്തിൽ വേഗം തന്നെ ആരംഭിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിർദേശപ്രകാരം എല്ലാ ഡോസ് വാക്സീനും കൃത്യമായി എടുക്കണം.

കുട്ടികൾക്കു പൊതുവേ മൃഗങ്ങളോട് അനുകമ്പയുണ്ട്. അവയോട് ഇടപഴകുന്നതിനിടെ കടിക്കുകയോ മാന്തുകയോ ചെയ്താൽ അവർ വീട്ടിൽ പറയാൻ മടിക്കും. കുട്ടികളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. വളർത്തു നായയുടെ കടിയേറ്റാലും പ്രതിരോധ വാക്സീനെടുക്കണം.’’

പൂച്ച, കീരി, കുരങ്ങ് എന്നിവയിലൂടെയും പേവിഷ ബാധയേൽക്കാം. അതിനാൽ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കണം.

ജാഗ്രത വേണം

പേവിഷബാധയിൽ കഴുത്തിനു മുകളിലേക്കും കൈകാലുകളിലുമുള്ള മുറിവുകളാണ് അപകടസാധ്യത കൂടുതലുള്ളത്. രക്തം പൊടിഞ്ഞു മാംസം മുറിഞ്ഞുള്ള ആഴത്തിലുള്ള മുറിവുകളും അപകടകാരികളാണ്. അതിനാൽ കരുതലെടുക്കേണ്ടതു പ്രധാനമാണ്.

പേവിഷബാധയുള്ള നായ്ക്കളുടെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകും. അവ പ്രകോപനമില്ലാതെ ആ ക്രമിക്കാം. അക്രമകാരിയായ നായ്ക്കളെ അകറ്റിനിർത്തുന്നതാണു പ്രധാന മുൻകരുതൽ. അവയെ കല്ലെറിഞ്ഞു പ്രകോപിപ്പിക്കുന്നതും ഭക്ഷണം നൽകി മെരുക്കാൻ ശ്രമിക്കുന്നതും ഒരുപോലെ അപകടമാണ്. പേവിഷബാധയുണ്ടായ നായ്ക്കൾക്ക് അവശതയും കാലുകൾക്കു തളർച്ചയും പോലുള്ള ലക്ഷണങ്ങൾ കാണും. അവ കുരയ്ക്കാനും പ്രയാസപ്പെടും. ഇവയെ ശുശ്രൂഷിക്കാൻ ശ്രമിക്കുന്നതും അ പകടമാണ്. നായയുടെ വായിൽ നിന്ന് അസ്വാഭാവികമായി ഉമിനീരും നുരയും വരുന്നുണ്ടെങ്കിൽ എത്രയും വേഗം മൃഗാശുപത്രിയിൽ വിവരമറിയിക്കുക.

വഴിയിൽ കാണുന്ന നായ്ക്കളെ ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്. നായ ആക്രമിക്കുമെന്നു തോന്നിയാൽ പരമാവധി ധൈര്യം സംഭരിച്ചു പ്രതിരോധിക്കുക. നായയെ അകറ്റുന്ന തരത്തിൽ വടിയോ കുടയോ വീശണം. പേടിച്ചോടിയാൽ അവ പിന്നാലെയെത്തി ആക്രമിക്കാം. പരിഭ്രമത്തിൽ മറിഞ്ഞു വീണുപോയാൽ കടുത്ത ആക്രമണം നേരിടാം.

മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക എന്നിവ ഉണ്ടായാൽ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. മുറിവുള്ള ഭാഗത്തു മൃഗങ്ങൾ നക്കിയാലോ ചുണ്ടിലോ വായിലോ നക്കിയാലോ വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും നിർബന്ധമായും എടുത്തിരിക്കണം. തൊലിപ്പുറത്ത് ഏൽക്കുന്ന മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്കും പ്രതിരോധ കുത്തിവയ്പ് എടുക്കണം.

മൃഗങ്ങളുമായി നിരന്തരം സമ്പർക്കമുണ്ടെങ്കിൽ പേവിഷപ്രതിരോധ വാക്സീൻ മുൻകൂട്ടി എടുക്കാം. ഇതിനായി മൂന്നു ഡോസ് വാക്സീൻ 0, 7, 21 അല്ലെങ്കിൽ 28 എന്നീ ദിവസങ്ങളിൽ എടുക്കാം. അതിനുശേഷം മൂന്നു മാസത്തിനുള്ളിൽ നായ കടിച്ചാൽ വാക്സീൻ എടുക്കേണ്ടതില്ല.

കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്

എല്ലാ മുറിവുകളും എത്രയും പെട്ടെന്നു കഴുകുക. 15 മിനിറ്റെങ്കിലും സോപ്പും വെള്ളവുമുപയോഗിച്ചു നന്നായി പതപ്പിച്ചു കഴുകണം. ബക്കറ്റിലെ വെള്ളത്തിൽ മുക്കി മുറിവു കഴുകുന്ന രീതി ശരിയല്ല. പൈപ്പിനു കീഴിൽ പിടിച്ചാണു കഴുകേണ്ടത്. കാരത്തിന്റെ അളവു കൂടുതലുള്ള അലക്കുസോപ്പാണു നല്ലത്. എത്രനേരം കഴുകുന്നോ അത്രയും വൈറസ് പോകും. മുറിവു കെട്ടുന്നതും മഞ്ഞൾപൊടി പോലുള്ള നാട്ടുമരുന്നുകൾ പുരട്ടുന്നതും നല്ലതല്ല. നന്നായി കഴുകിയ ശേഷം എത്രയും വേഗം ആശുപത്രിയിലെത്തി വാക്സീൻ എടുക്കണം.

കടിയേറ്റ ഉടനേയും മൂന്നാം ദിവസവും ഏഴാം ദിവ സവും 28ാം ദിവസവുമായാണു വാക്സീൻ എടുക്കേണ്ടത്. ഇതിനു ശേഷം മൂന്നു മാസത്തിനുള്ളിൽ വീണ്ടും ക ടിയേറ്റാൽ വാക്സീൻ എടുക്കേണ്ടതില്ല. എന്നാൽ, മൂന്നു മാസത്തിനു ശേഷം ഡോക്ടറുടെ നിർദേശപ്രകാരം വാക്സീനെടുക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.

ADVERTISEMENT