ADVERTISEMENT

ആദ്യ പ്രസവം സിസേറിയനായിരുന്നു. ഇനി എനിക്കു സാധാരണ പ്രസവം സാധ്യമാണോ? ഇത് എത്രത്തോളം സുരക്ഷിതമാണ് ?

ജ്വാല, ചാവക്കാട്

ADVERTISEMENT

ആദ്യ സിസേറിയനു ശേഷം എല്ലാവർക്കും സാധാരണ പ്രസവം (VBAC–Vaginal Birth After Caesarian / TOLAC–Trial Of Labour After Caesarian) സാധ്യമല്ല. എന്നാൽ, 50-60% പേരിലും സാധ്യമാണ്. VBAC ചെയ്യാൻ കഴിയുന്ന ഗർഭിണികളെ വളരെ കൃത്യതോടെയാണ് തിരഞ്ഞെടുക്കുക.

∙ എന്തു കാരണത്താലാണ് ആദ്യ പ്രസവം സിസേറിയൻ ആയത് ? ∙ ഓപ്പറേഷൻ സമയത്തു സങ്കീർണതകൾ ഉണ്ടായിട്ടുണ്ടോ ? ∙ ഗർഭപാത്രത്തിലെ മുറിവു മുകളിലേക്കു നീട്ടേണ്ടി വന്നിട്ടുണ്ടോ ? ∙ സിസേറിയനു ശേഷം അ ണുബാധ ഉണ്ടായിട്ടുണ്ടോ ? ∙ ഇവരുടെ ഇടുപ്പെല്ലിനു സാധാരണ പ്രസവം സാധ്യമാകും വിധം വികാസമുണ്ടോ? തുടങ്ങിയ പല ഘടങ്ങളെ ആശ്രയിച്ചാണ് VBAC തിരഞ്ഞെടുപ്പ്. ഇതിൽ 90% വരെയും സാധാരണ പ്രസവം സാധ്യമാണ്. 

ADVERTISEMENT

സിസേറിയനുശേഷം സാധാരണ പ്രസവത്തിനു ഒരുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രധാന സങ്കീർണത ഗർഭപാത്രത്തിലെ തുന്നൽ വിട്ടുപോകുക (Uterine rupture) എന്നതാണ്. അതുവഴി ഉള്ളിൽ കിടക്കുന്ന കു‍ഞ്ഞിനു ശ്വാസം മുട്ടൽ,  ഗർഭിണിക്ക് അമിത രക്തസ്രാവം, ഗർഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവ മുതൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ വരെ അപകടത്തിലാകാം. അതിനാൽ തുന്നല്‍ വിട്ടുപോകാൻ സാധ്യതയുള്ളവരിൽ സാധാരണ പ്രസവം നടത്താൻ ശ്രമിക്കുന്നതു നല്ലതല്ല.

മാത്രമല്ല, സുസ്ഥിരമായ നിരീക്ഷണ സൗകര്യമുള്ള ആശുപത്രികളിൽ മാത്രമേ ഇതിനു മുതിരാവൂ. 24x7 ഗൈനക്കോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, ബ്ലഡ് ബാങ്ക്, ശിശുരോഗ വിദഗ്ധർ, നഴ്സിങ് കെയർ എന്നീ സൗകര്യങ്ങൾ വേണം. തുന്നൽ പൊട്ടിയേക്കാം എന്നു സംശയം തോന്നുന്ന സാഹചര്യത്തിൽ അടിയന്തര സിസേറിയൻ നടത്താനും ആശുപത്രി സജ്ജമായിരിക്കണം.

ADVERTISEMENT

എല്ലാ സങ്കീർണതകളും ഗർഭിണിയെയും പങ്കാളിയെയും പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ പൂർണ അറിവോടും സമ്മതത്തോടും കൂടി ശ്രദ്ധയോടെ തിരഞ്ഞെടുത്തവരെ സാധാരണ പ്രസവത്തിന് ഒരുക്കാം.

മറ്റൊരു കാര്യത്തിനു സ്കാൻ ചെയ്തപ്പോഴാണ് PCOD/PCOS ഉണ്ടെന്ന് അറിയുന്നത്. എനിക്കു മാസമുറ കൃത്യമാണ്. പിസിഒഎസ് ഉണ്ടെങ്കിൽ ആർത്തവം തെറ്റേണ്ടതല്ലേ ?

നീലിമ, വടകര

അൾട്രാസൗണ്ട് സ്കാൻ പരിശോധന കൊണ്ടു മാത്രം പിസിഒഎസ് എന്നു പറയാനാകില്ല. സ്കാനിങ്ങിൽ അണ്ഡാശയങ്ങൾക്കു വലുപ്പക്കൂടുതലും ചെറിയ കുരുപ്പുകളും (follicles) കണ്ടതാകാം പിസിഒഎസ് സാധ്യതയെന്നു വിലയിരുത്തിയത്. 20 ശതമാനം സ്ത്രീകളിൽ യാതൊരു തകരാറും ഇല്ലാതെ സ്കാൻ ഇത്തരത്തിൽ കാണാം.   

പിസിഒഎസ് ഉള്ളവരിൽ TSH, LH, FSH, Androgen, Blood Sugar തുടങ്ങിയ രക്തപരിശോധനകൾ നടത്താറുണ്ട്. കാരണം പിസിഒഎസ്സിന്റെ പ്രധാന കാരണം ഇൻസുലിൻ റെസിസ്റ്റൻസും പിറ്റ്യൂറ്ററി ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന LH, FSH ഹോർമോണുകളുടെ വ്യതിയാനവുമാണ്. അതിനാൽ സ്കാൻ കൊണ്ടു മാത്രം പിസിഒഎസ് ആണെന്നുറപ്പിക്കാതെ മറ്റു ടെസ്റ്റുകൾ കൂടി ചെയ്യുക.

സ്ത്രീകളിൽ ക്രമം തെറ്റിവരുന്ന മാസമുറയുടെ, പ്രത്യേകിച്ചു മാസങ്ങളുടെ ഇടവേളകളിൽ മാത്രം വരുന്ന മാസമുറയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് PCOS/PCOD (Polycystic Ovarian Syndrome/Disease). ഇനി പറയുന്ന മൂന്നു കാര്യങ്ങളിൽ രണ്ടെണ്ണം ഉണ്ടെങ്കിൽ പിസിഒഎസ് ആണെന്ന് അനുമാനിക്കാം (Rotterdam Criteria).

∙ പിസിഒഎസ് ഉള്ള 70-75% പേരിലും മാസമുറ വ്യതിയാനങ്ങൾ ഉണ്ടാകും. വർഷത്തിൽ ഒൻപതിൽ താഴെ തവണ മാത്രം മാസമുറയുണ്ടാകുക, ഓരോ ആർത്തവചക്രവും 45 ദിവസത്തിൽ കൂടുതൽ ഇടവേളയിൽ മാത്രം ഉണ്ടാകുക തുടങ്ങിയവയാണു പ്രധാനം. 

∙ പുരുഷ ഹോർമോണായ ആൻഡ്രജന്റെ അളവു കൂടു ന്നതു മൂലം അമിത രോമവളർച്ച, മുഖക്കുരു, കഷണ്ടി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം.

∙ പിസിഒഎസ് ഉള്ള വ്യക്തിയുടെ അൾട്രാസൗണ്ട് സ്കാ നിൽ അണ്ഡാശയത്തിനു വലുപ്പകൂടുതലും 2–9mm സൈസിൽ അണ്ഡാശയത്തിൽ 20ൽ കൂടുതൽ ഫോളിക്കിൾസും ഒന്നിച്ചു കാണപ്പെടും. എന്നാൽ അണ്ഡോൽപാദനം നടക്കാനുള്ള ഡോമിനന്റ് ഫോളിക്കിള്‍ ഉണ്ടാകുകയുമില്ല.  

ADVERTISEMENT