എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് കുടലിൽ നിന്നാണെന്നു ഹിപ്പോക്രറ്റീസ് പറഞ്ഞതു സഹസ്രാബ്ദങ്ങൾക്കു മുൻപാണ്. ആരോഗ്യത്തിന്റെ സ്പന്ദനം ദഹനവ്യവസ്ഥയിലാണെന്നു സാരം. പല രോഗങ്ങളുടെയും തുടക്കം ഉദരാരോഗ്യത്തിലെ (Gut health) അപാകതകളിൽ നിന്നാണ്.
ഒരു ദിവസം ദഹന പ്രശ്നം, പിന്നെ നിരന്തരം അലട്ടുന്ന ചുമ, കടുത്ത തലവേദന, അസിഡിറ്റി, ചർമപ്രശ്നങ്ങൾ. അങ്ങനെ ഒന്നിനു പിറകെ ഒന്നായി പല പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ ലക്ഷണങ്ങൾക്കു മാത്രം പോര ചികിത്സ. സമയം വൈകാതെ ഉദര ആരോഗ്യത്തിൽശ്രദ്ധിക്കാം. അതെങ്ങനെ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നറിയാം.
എന്താണു ഗട്ട് ഹെൽത് ?
ദഹനവ്യവസ്ഥയിൽ (Digesetive system) ഒരുപാട് അവയവങ്ങൾ ഭാഗമാണ്. ഭക്ഷണം കഴിക്കുന്നത്, ദഹനം, പോഷകങ്ങളുടെ ആഗിരണം, വിസർജനം വരെ നീളുന്നതാണ് ഇതിന്റെ പ്രവർത്തനം.
ദഹനപ്രക്രിയയിൽ കരൾ, പാൻക്രിയാസ്, പിത്താശയം എന്നിവയൊക്കെ അവയുടേതായ പങ്കുവഹിക്കുന്നുണ്ട്. ഉദരാരോഗ്യം ഉള്ള വ്യക്തിയിൽ ഇവയുടെയെല്ലാം പ്രവർത്തനം സ്വാഭാവിക താളത്തിൽ നടക്കും. താളപ്പിഴകൾ ഉണ്ടാകുമ്പോൾ പലതരം രോഗങ്ങളായി അതു പ്രകടമാകും.
വയറുവേദന വരുമ്പോൾ, വയറു വീർക്കുമ്പോൾ, ഒരുപാട് ഏമ്പക്കം വരുമ്പോൾ, മലബന്ധം, രക്തസ്രാവം, ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവ രംഗത്തു വരുമ്പോൾ മാത്രമാണു നമ്മളിൽ പലരും ഉദരാരോഗ്യത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്.
ശരീരമൊരു ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന കാറാണെന്നു കരുതുക. അപ്രതീക്ഷിതമായി ഒരു ദിവസം ആ കാറിൽ നിന്നു പലതരം ശബ്ദങ്ങളും പൊട്ടലും ചീറ്റലും വന്നുവെന്നിരിക്കട്ടെ. നമ്മൾ മെക്കാനിക്കിനെ വിളിച്ചു പ്രശ്നം പരിഹരിക്കും. അതുപോലെ തന്നെയാണു വയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടറെ കാണുന്നതും. ദഹനവ്യവസ്ഥയിലെ അപകാതകൾ എല്ലാം കാൻസർ സാധ്യതയായി കാണുന്ന ആളുകളും ഇന്ന് ധാരാളമുണ്ട്. എന്നാൽ, വലിയ ശതമാനം ഉദരാരോഗ്യപ്രശ്നങ്ങൾക്കും കാരണം അസിഡിറ്റിയാണ്. ഏതു സമയത്താണു ദഹനപ്രശ്നങ്ങൾ ദിനചര്യകളെ പോലും ബാധിച്ചു തുടങ്ങുന്നത് അപ്പോൾ സ്ഥിതി തീർത്തും മോശമായി എന്നു മനസ്സിലാക്കണം.

എന്തൊക്കെയാണ് അപായലക്ഷണങ്ങൾ?
ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മോശം ഉദരാരോഗ്യത്തെ രണ്ടായി തിരിക്കാം. ഒന്ന് അപായ ലക്ഷണങ്ങൾ (Red flag symptoms). രണ്ട് അപായകരമല്ലാത്ത സാധാരണ ലക്ഷണങ്ങൾ. വളരെ വ്യാപകമായി കാണുന്ന അപായ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.
∙ സ്ഥിരമായുള്ള ഛർദി
∙ തുടർച്ചയായോ ഇടയ്ക്കോ മലത്തിൽ രക്തം
∙ വിട്ടുമാറാത്ത വയറുവേദന
∙ പതിവായുള്ള വിശപ്പില്ലായ്മ
∙ അനിയന്ത്രിതമായ ഭാരക്കുറവ്
ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ ഒട്ടും വൈകാതെ തന്നെ ഡോക്ടറുടെ സേവനം തേടണം. സ്വയംചികിത്സ നടത്തരുത്. വീട്ടുപരിഹാരങ്ങൾ കൊണ്ടു പ്രശ്നം മാറുമെന്നും കരുതരുതേ.
ഇനി അത്ര അപായകരമല്ലാത്ത ലക്ഷണങ്ങളെക്കുറിച്ചു പറയാം. തുടക്കത്തിൽ തന്നെ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ ഇവയും ആരോഗ്യത്തെ സാരമായി ബാധിക്കാം.
∙ അസിഡിറ്റി
∙ നെഞ്ചെരിച്ചിൽ
∙ പുളിച്ചു തികട്ടൽ
∙ ഗ്യാസ് വന്നു വയറു വീർക്കൽ
∙ അസ്വാഭാവികമായ ഏമ്പക്കം
ഒട്ടേറെ അവയവങ്ങളും ദഹനരസങ്ങളും ചേർന്നുള്ള പ്രവർത്തനമായതിനാൽ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടുപിടിക്കാൻ പല തരത്തിലുള്ള പരിശോധനകൾ വേണ്ടി വരാം.
ശരീരത്തിലെ ഒരു അവയവവും ഒറ്റപ്പെട്ടു നിൽക്കുന്നില്ല. ഒന്നു മറ്റൊന്നിനോട് ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഉദരാരോഗ്യം മോശമായാൽ അത് എന്തിനെയൊക്കെ ബാധിക്കും എന്നു പ്രത്യേകമായി എടുത്തു പറയാനാവില്ല.
ഒരാൾക്ക് ആസിഡ് റിഫ്ലെക്സ് ഉണ്ടെന്ന് കരുതുക. അ തായതു ശരീരത്തിൽ ദഹനത്തിനായി ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് തെറ്റായി അന്നനാളത്തിലേക്കു കയറി വരുന്ന അവസ്ഥ.
ഈ ആസിഡ് റിഫ്ലെക്സ് കാരണം നെഞ്ചുവേദന വ രാം. ഇതു ഹൃദയാഘാതമാണെന്നു തെറ്റിധരിക്കാനിടയുണ്ട്. ഈ ആസിഡ് തന്നെ അൽപം കൂടി കയറി വന്നാൽ അതു നിർത്താതെയുള്ള ചുമയായി മാറും. അല്ലെങ്കിൽ ശ ബ്ദത്തിൽ ചെറിയ മാറ്റം വരുന്നതായി അനുഭവപ്പെടാം.
ചിലരിൽ കടുത്ത തലവേദന ആകും ലക്ഷണം. അങ്ങനെ ഓരോ വ്യക്തിയിലും ഓരോ തരത്തിലാകും അസ്വസ്ഥതകൾ പ്രകടമാകുന്നത്.

രോഗം വരുന്ന വഴികൾ
ഉദരാരോഗ്യം മോശമാക്കുന്ന പൊതുവായ ഘടകങ്ങൾ എ ന്തെല്ലാമാണെന്ന് അറിയാമോ?
∙ അനാരോഗ്യകരമായ ഭക്ഷണരീതികൾ
∙ ജീവിതരീതികളിൽ വരുന്ന മോശം വ്യതിയാനങ്ങൾ
∙ അണുബാധകൾ
∙ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ– ഇമ്മ്യൂണ്‍ അവസ്ഥ
∙ കാൻസറുമായി ബന്ധപ്പെട്ടവ
∙ പിത്താശയക്കല്ല് മൂലമുള്ള ദഹനപ്രശ്നങ്ങൾ
∙ പുകവലി, മദ്യപാനം, ലഹരി ഉപയോഗം
ഇങ്ങനെ കാരണങ്ങൾ നിരവിധിയാണ്. അറുപതു വർഷം മുൻപുണ്ടായിരുന്ന ഭക്ഷണരീതിയുടെ പാറ്റേൺ പരിശോധിച്ചാൽ ഏറെ സമാനതകൾ കാണാം. ലഭ്യമായ വിഭവങ്ങൾ, ഭക്ഷണം കഴിക്കുന്ന സമയം ഇതൊക്കെ ഏറക്കുറെ ഒരുപോലെയായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയല്ല.
പലരും പല ജോലികളാണു ചെയ്യുന്നത്. അതിൽ ത ന്നെ മിക്കവാറും യാത്ര ചെയ്യുന്നവരും ഏറെ. അതുകൊണ്ടു തന്നെ വീട്ടിൽ നിന്നു തന്നെ മൂന്നു നേരവും ഭക്ഷണം കഴിക്കുന്ന രീതി പലർക്കും പ്രായോഗികമല്ല.
വീട്ടിൽ നിന്നു തന്നെയാണെങ്കിലും വല്ലതും തട്ടിക്കൂട്ടി ഉണ്ടാക്കി കഴിക്കുന്ന രീതി പതിവാക്കിയവരുമുണ്ട്. ഇങ്ങനെയുള്ള ആളുകളോടൊക്കെ നിർബന്ധമായി ‘ഇന്ന രീതിയിൽ മാത്രം കഴിക്കണം’ എന്നു പറയാൻ സാധിക്കില്ല. പലർക്കും ഇന്നു ഭക്ഷണം അവരുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യമായി മാറി.
എന്തൊക്കെ മാറ്റങ്ങളാണു വേണ്ടത് ?
ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചമാക്കാൻ എന്തെല്ലാം കാര്യങ്ങളാണു പൊതുവായി ശ്രദ്ധിക്കേണ്ടതെന്നു മ നസ്സിലാക്കാം.
∙ പതിവായി കൃത്യ സമയത്തു ഭക്ഷണം കഴിക്കാം.
∙ ഭക്ഷണത്തിനിടയിൽ നാല് – അഞ്ച് മണിക്കൂർ ഇടവേള എങ്കിലും പാലിക്കാൻ ശ്രമിക്കുക.
∙ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക. പുലർച്ചെ മൂന്നു മണി വരെ ഉണർന്നിരിക്കുന്നവരോടു രാവിലെ എട്ടു മണിക്കു പ്രഭാത ഭക്ഷണം കഴിക്കണമെന്നു പറയാൻ കഴിയില്ല. അവരെ സംബന്ധിച്ച് പ്രാതൽ സമയം ഉച്ചയ്ക്കാണ്.
∙ ദഹനം നന്നായി നടക്കാൻ ശാരീരിക വ്യായാമം അ ത്യന്താപേക്ഷിതമാണ്. തീരെ നടക്കാതെ സ്ഥിരമായി ഇരുന്ന് മാത്രം ജോലി ചെയ്യുന്ന വ്യക്തികളിൽ അസിഡിറ്റി മുത ലായ ആരോഗ്യപ്രശ്നങ്ങൾ കൂടി വരുന്നു. അതോടൊപ്പം അത്തരക്കാർക്ക് അമിതവണ്ണം, പ്രമേഹം, രക്താതിമർദം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.
∙ ഡയറ്റിന്റെ ഘടനയും പ്രധാനമാണ്. കഴിവതും സമീകൃതമായി കഴിക്കുക. അവരവരുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ശരീരത്തിന് ആവശ്യമായ പോഷകഘടങ്ങൾ ഭക്ഷണത്തിലൂടെ ഉറപ്പു വരുത്തുകയെന്നതാണു പ്രധാനം.
∙ അന്നജം കിട്ടുന്നവ– ചോറ്, ഗോതമ്പ്, മില്ലറ്റ് മുതലായവയും കിഴങ്ങു വർഗങ്ങളും ഉൾപ്പെടുത്താം.
∙ പരിപ്പ്, കടല വർഗങ്ങൾ സോയ, മീൻ, മുട്ട, ഇറച്ചി, പാ ൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രോട്ടീൻ അഥവ മാംസ്യത്തിന്റെ പ്രധാന സ്രോതസുകൾ. ആരോഗ്യകരമായ പല കൊഴുപ്പുകളും ശരീരത്തിന് ആവശ്യമാണ്. കുറഞ്ഞ അളവു പാലിച്ചു പല തരം എണ്ണകൾ ഡയറ്റിൽ ഉൾപ്പെടുത്താം.
∙ ദഹനം നന്നായി നടക്കാൻ നാരടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കാം. വെണ്ടയ്ക്ക, വഴുതനങ്ങ, വാഴപ്പിണ്ടി, വാഴക്കുടപ്പൻ, പയർ, ബീൻസ് മുതലായ പച്ചക്കറികളും വാഴപ്പഴം, ഓറഞ്ച്, പൈനാപ്പിൾ, പേരയ്ക്ക മുതലായ വയും ഡയറ്റിൽ ഉൾപ്പെടുത്താം .
∙ അമിതമായുള്ള മധുരവും ഉപ്പും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക തന്നെ വേണം.
കറികളിലും മറ്റും ഇടുന്നതു മാത്രമല്ല, അച്ചാർ, കൊണ്ടാട്ടം, ചട്നിപ്പൊടി, പപ്പടം മുതലായവയിലും ധാരാളം ഉ പ്പുണ്ട്, അവയിലും നിയന്ത്രണം വേണം.
∙ പലരുടേയും വിചാരം കൊഴുപ്പു കൂടുതലടങ്ങിയ വിഭ വങ്ങൾ കഴിച്ചാൽ മാത്രമാണ് ശരീരത്തിൽ കൊഴുപ്പു കൂടുന്നതെന്നാണ്. എന്നാൽ നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും അന്നജമാണ് ശരീരത്തില്‍ ഏറ്റവും കൂടുതൽ കൊഴുപ്പായി മാറുന്നത്. അമിതമായി കഴിക്കുന്ന ചോറ്, മധുരം, മൈദ ഇ വയൊക്കെ ശരീരം കൊഴുപ്പാക്കി മാറ്റുന്നു.
ആരോഗ്യത്തിലേക്കുള്ള വഴികൾ
ദഹനാരോഗ്യത്തെ മോശമാക്കുന്ന പ്രധാനഘടകങ്ങളിൽ ഒന്നാണു സ്വയം തിരഞ്ഞെടുക്കുന്ന ആന്റിബയോട്ടിക് മരുന്നുപയോഗം.
∙ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കാവൂ. ശാരീരികാവസ്ഥ പരിശോധിച്ചാണ് ഡോക്ടർമാർ ആന്റിബയോട്ടിക് മരുന്നുകൾ നിർദേശിക്കുന്നത്. അല്ലാതെ ഇവ കഴിച്ചാൽ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെ കൂടി ഈ മരുന്നുകൾ ഇല്ലാതാക്കുന്ന സ്ഥിതി ഉണ്ടാകാം.
ഇതു ശരീരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഉദര ആരോഗ്യം മോശമാകും. പതിവു മരുന്നുകൾ പോലും ഫലിക്കാത്ത സ്ഥിതിയും വരാം.
∙ ഗട്ടിനെ മോശമാക്കുന്ന രണ്ടാമത്തെ ഘടകം പ്രോസസ്ഡ് ഫൂഡ് ആണ്. ജങ്ക് ഫൂഡ് എന്ന ഗണത്തിൽ പൊതുവേ അറിയപ്പെടുന്നവ മാത്രമല്ല ദോഷകരം. ഉയർന്ന താപനിലയിൽ എണ്ണയിൽ വറുത്തെടുക്കുന്ന പരിപ്പുവടയും മുളക് ബജിയും പോലുള്ള നാടൻ പലഹാരങ്ങളും ഒഴിവാക്കേണ്ടതാണ്.
∙ മൈദ അടങ്ങിയവ, കാർബണേറ്റഡ് പാനീയങ്ങൾ, മ ധുരം കൂടുതലായടങ്ങിയവ എന്നിവയൊക്കെ ഒഴിവാക്കണം. ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെ (മൈക്രോബയോം) ദോഷകരമായി ബാധിക്കുന്നവയാണ് ഇവ.
∙ ഇതുപോലെ തന്നെ അനാരോഗ്യത്തിലേക്കു വഴിവയ്ക്കുന്നതാണു ക്രമം തെറ്റിയ ഉറക്കം. ഉറക്കം എന്നു പറയുന്നതു വെറും വിശ്രമം മാത്രമല്ല. നമ്മുടെ ശരീരം പല കാര്യങ്ങളും ചെയ്യുന്നതു നമ്മൾ ഉറങ്ങുമ്പോഴാണ്. ഉദാഹരണത്തിന്, ദഹനം, രണ്ടാമത്തേതു തലച്ചോറിലെ ചില വൃത്തിയാക്കൽ പ്രവർത്തനങ്ങൾ.
∙ പകൽ സമയത്തു നമ്മൾ തലച്ചോർ ഉപയോഗിച്ചു ചെയ്യുന്ന പല പ്രവർത്തനങ്ങളും കഴിഞ്ഞു വരുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന മൈക്രോഗ്ലിയൽ സെല്ലുകൾ നന്നായി പ്രവർത്തിക്കുന്നത് ഉറക്കത്തിലാണ്.
∙ സ്ഥിരമായി ഉറക്കമിളച്ചാൽ മൈക്രോഗ്ലിയൽ പ്രവർത്തനങ്ങളിൽ വ്യത്യാസം വരും. ഇതു മറവി രോഗത്തിനുള്ള സാധ്യത കൂട്ടുന്നതായും പല പഠനങ്ങളും പറയുന്നു.
∙ ഉറക്കം നന്നായില്ലെങ്കിൽ ദഹനം കൃത്യമാകില്ല. ഭക്ഷണം കഴിച്ചിട്ട് ഉടനെ തന്നെ കിടക്കുകയാണെങ്കിലും മദ്യപിച്ചിട്ടു കിടക്കുകയാണെങ്കിലും ദഹന പ്രക്രിയ താറുമാറാകും.
ഇതു കൂടാതെ രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നവരിൽ ആസിഡ് റിഫ്ലെക്സ് കൂടുതലാകുന്നുണ്ട്. അതു കൊണ്ട് ആരോഗ്യകരമായ ഉണരാൻ നന്നായി ഉറങ്ങുക.
ഹെൽത് സപ്ലിമെന്റ്സ് വിനയാകുമോ?

സമീകൃത ആഹാരം കഴിക്കുന്ന ആരോഗ്യവാനായ വ്യക്തിക്ക് സപ്ലിമെന്റ്സ് ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ ഇവ സ്വീകരിക്കേണ്ടതുമാണ്.
∙ ഗർഭധാരണത്തിന് ഒരുങ്ങുമ്പോൾ മുതൽ വൈറ്റമിൻ സപ്ലിമെന്റ്സ് കഴിക്കണം. ∙ കാൻസർ രോഗചികിത്സയുടെ ഭാഗമായി കീമോ എ ടുക്കുന്നവർ, പല തരം പനികൾ ബാധിച്ചവർ അങ്ങനെ ആരോഗ്യം ക്ഷയിക്കുന്ന സാഹചര്യങ്ങൾ നേരിടുന്നവർക്കു സപ്ലിമെന്റ്സ് ആവശ്യമായി വരും. ഏതു സാഹചര്യത്തിലായാലും സപ്ലിമെന്റ്സ് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സ്വീകരിക്കുക.
∙ അടിസ്ഥാന യോഗ്യത പോലുമില്ലാത്തവർ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ കണ്ട് സപ്ലിമെന്റ് എടുക്കുന്നത് അപകടത്തിലേക്കു നയിക്കും.
വളരട്ടെ, നല്ല ബാക്ടീരിയ
നമ്മുടെ ശരീരത്തിൽ കോശങ്ങളേക്കാൾ കൂടുതലുണ്ട് ബാക്ടീരിയയുടെ എണ്ണം. എല്ലാ ബാക്ടീരിയയും രോഗാണുക്കളല്ല. ഒരാളുടെ ദഹനപ്രവർത്തനത്തെ രൂപീകരിക്കുന്നതിൽ ഇവയ്ക്കു നിർണായക പങ്കുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ളതു പോലെ തന്നെ അവരുടെ ദഹനവ്യവസ്ഥയിലെ ബാകീടിരിയയിലും (മൈക്രോ ബയോം) വ്യത്യാസമുണ്ട്.
∙ ആരോഗ്യകരമായ ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യന്റെ സമ്പാദ്യം തന്നെയാണ്. നാരടങ്ങിയ ഭക്ഷണം ആരോഗ്യകരമായ ബാക്റ്റീരിയകളെ വളരാൻ സ ഹായിക്കും.
∙ പ്രോബയോട്ടിക് ഭക്ഷണങ്ങളായ തൈര്, മോര്, പഴങ്കഞ്ഞി ഒക്കെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയൊക്കെ ‘ഫെർമെന്റഡ്’ ഭക്ഷണങ്ങളാണ്. ഇവ നല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കും.
∙ നിലവില്‍ പല തരം ഫെർമെന്റഡ് ഡ്രിങ്കുകളും ന മ്മുടെ നാട്ടിലും ലഭിക്കുന്നുണ്ട്. ടെപാചേ, കംബൂച്ച തുടങ്ങിയവ വാങ്ങുകയും വീട്ടിൽ തന്നെ നിർമിക്കുകയും ചെയ്യുന്ന രീതിക്കും പ്രചാരമേറുന്നു.
കടപ്പാട്: ഡോ. രാജീവ് ജയദേവൻ, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്, കൺവീനർ – റിസർച്ച് സെൽ, ഐ.എം.എ, കേരള, എറണാകുളം