ഭക്ഷണ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും ഒക്കെ പാലിക്കുന്ന ചിട്ടകൾ നമ്മൾ ശബ്ദത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടോ? അമിതമായി ശബ്ദം സ്വയം പുറപ്പെടുവിക്കാതെയും പുറത്തു നിന്നുള്ള തുടർച്ചയായ ശബ്ദ മലിനീകരണത്തിന് അടിമപ്പെടാതെയും ശബ്ദത്തിന്റെ കാര്യത്തിൽ വരുത്തുന്ന ചിട്ടയാണ് സൗണ്ട് ഹൈജീൻ എന്ന് ലളിതമായി പറയാം.
വാഹനങ്ങളിൽ നിന്നും ആഘോഷവേളകളിൽ പൊട്ടിക്കുന്ന ഘോരശബ്ദമുള്ള പഠക്കങ്ങളിൽ നിന്നും ലൗഡ് സ്പീക്കറിൽ നിന്നും ഡിജിറ്റൽ നോയിസ് / ഇലക്ട്രോണിക് നോയിസിൽ (ഇയർ ഫോൺ പോലുള്ളവ ഉൾപ്പെടെ) നിന്നൊക്കെയാണ് നിലവിൽ കേൾവിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി നമ്മൾ നേരിടുന്നത്.
ശരിയായ കേൾവി നടക്കുന്നതു തലച്ചോറിലാണ്. ചെവി എന്നതു ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗമാക്കി തലച്ചോറിലെത്തിക്കാനുള്ള ഉപാധി മാത്രമാണ്. ഉറക്കത്തിലായാൽ പോലും ഈ തരംഗങ്ങൾ തലച്ചോറിലെത്തുന്നുണ്ട്. പത്തോ പതിനഞ്ചോ കിലോമീറ്റർ തുടർച്ചയായി ഓടിയാൽ പേശികൾക്കു ക്ഷീണം വരും പോലെ തലച്ചോറും ക്ഷീണിക്കും.
സുരക്ഷിത കേൾവിക്ക് ഇണങ്ങുന്ന ശബ്ദം 40-45 ഡെസിബെൽ ആകണമെന്നാണു പറയുന്നത്. പൊതു ഇടങ്ങളിൽ ലൗഡ് സ്പീക്കർ വയ്ക്കാൻ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. രാത്രി പത്തിനും പകൽ ആറിനും ഇടയ്ക്ക് വലിയ ശബ്ദങ്ങൾ ഉപയോഗിക്കരുതെന്നും നിയമമുണ്ട്. ഇതൊക്കെ കൃത്യമായി ഇവിടെ പാലിക്കപ്പെടാറുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. വലിയ ശബ്ദം നമ്മുടെ ഓട്ടോണമസ് നെർവസ് സിസ്റ്റത്തെയാണു ത്വരിതപ്പെടുത്തുന്നത്. ഇതു ഹൃദയമിടിപ്പു കൂട്ടും. അതുവഴി രക്തസമ്മർദവും രക്തത്തിലെ പ്രമേഹവും കൂടും. ലൈംഗികശേഷിയുമായി ബന്ധപ്പെട്ട ഹോർമോണുകളായ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ ഇവയുടെ അളവു കുറയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ ശബ്ദ ശീലങ്ങൾക്കായി മുൻകരുതലെടുക്കാം
∙ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ അവയുണ്ടാക്കുന്ന ശബ്ദം താരതമ്യം ചെയ്തു ശബ്ദം കുറഞ്ഞവ വാങ്ങാം. വണ്ടി വാങ്ങുമ്പോഴും താരതമ്യേന ശബ്ദം കുറവുള്ളതു വാങ്ങാം.
∙ ഫോൺ ഉപയോഗിക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ സ്പീക്കറിൽ കേൾക്കുക. കഴിവതും സ്പീക്കറിലിട്ടു സംസാരിക്കുക. ഇയർ ഫോണിൽ ശബ്ദം കുറവാണെങ്കിൽ പോലും ആ ശബ്ദത്തിന്റെ നൂറു ശതമാനവും ചെവിയുടെ ടിമ്പാനത്തിൽ സ്പർശിക്കുന്നുണ്ട്, ഇയർ ഡ്രമ്മിൽ തട്ടുന്നുണ്ട്.
∙ പാട്ടും മറ്റും കേൾക്കുന്ന നേരത്തു മണിക്കൂറുകളോളം തുടർച്ചയായി കേൾക്കുന്നതിനു പകരം ഇടയ്ക്ക് 5- 10 മിനിറ്റു നിർത്തി വിശ്രമം നൽകിയശേഷം കേൾവി തുടരാം.
∙ 60-60 റൂൾ ഓർക്കാം. ഹെഡ്ഫോണിലും മറ്റുംമറ്റും എന്തെങ്കിലും കേൾക്കുമ്പോൾ 60 ശതമാനമോ അതിലും കുറവ് ശബ്ദത്തിലോ മാത്രം കേൾക്കാം, ഫുൾ വോളിയം ഒഴിവാക്കാം. അതേപോലെ തുടർച്ചയായി അമിത ശബ്ദം കേൾക്കേണ്ടി വന്നാൽ കഴിവതും 60 മിനിറ്റ് നേരമെങ്കിലും വിലയ ശബ്ദങ്ങളിൽ നിന്നും വിട്ടു നിൽക്കാം.
∙ വീട്ടിലെ ഇലക്ട്രിക് വസ്തുക്കളിൽ നിന്നു വലിയ ശബ്ദം വന്നാൽ പരിശോധിച്ചു തകരാർ മാറ്റുക.
∙ കേൾവി പ്രശ്നങ്ങളുള്ളവർ പുറത്തു പോകുമ്പോൾ ഇയർ പ്ലഗ് ഉപയോഗിക്കുക. സിനിമാ തിയറ്ററിൽ പ്രത്യേകിച്ചും. ഇതുവഴി 20 ശതമാനം വരെ ശബ്ദം നിയന്ത്രിക്കാൻ സാധിക്കും.
∙ വീട്ടിലും ഓഫീസിലും ശബ്ദം കുറഞ്ഞ അന്തരീക്ഷം നിലനിർത്താൻ പരമാവധി ശ്രമിക്കാം. ശബ്ദം ആഗിരണം ചെയ്യുന്ന പഞ്ഞി, അകോസ്റ്റിക് ഫോം, ഫൈബർ ഗ്ലാസ് പോളിസ്റ്റർ ഫൈബർ പോലുള്ള തുണിത്തരങ്ങളോ വസ്തുക്കളോ ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ജോൺ പണിക്കർ,
കൺസൽറ്റന്റ് ഇഎൻടി ഹെഡ് ആൻഡ് നെക് സർജൻ,
ഗുഡ് ഹെൽത് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.