ADVERTISEMENT

കൊളസ്ട്രോളിനെ എല്ലാവർക്കും പേടിയാണ്. എന്നാൽ വറപൊരി സാധനങ്ങളും ഫാസ്റ്റ് ഫൂ‍ഡ് വിഭവങ്ങളും കണ്ടാൽ പലരുടെയും കൺട്രോൾ പോകും.

ഹാർട്ട് അറ്റാക്കും ബ്രെയ്ൻ അറ്റാക്കും പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കൊളസ്ട്രോൾ കൂടിയാൽ ഉണ്ടാകും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നു പോലെ തന്നെ പ്രധാനമാണ് ഭക്ഷണ നിയന്ത്രണവും വ്യായാമവും. അമിത കൊഴുപ്പും അധിക മധുരവും അമിതോർജവുമുള്ള വിഭവങ്ങൾ കൊളസ്ട്രോളിന്റെ പ്രശ്നമുള്ളവർ ഒഴിവാക്കണം.

ADVERTISEMENT

പോഷക സമ്പുഷ്ടമാണെങ്കിലും മുട്ട പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ നില അപകടത്തിലാക്കും. കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ ഉപയോഗം പരിമിതമാക്കണം. ഒപ്പം പാചകരീതി‌യിലും ശ്രദ്ധിക്കണം.

മുട്ട സമീകൃതഭക്ഷണം

ADVERTISEMENT

ശരീരത്തിനാവശ്യമായ നിരവധി വൈറ്റമിനുകളും ധാതുക്കളും അനേകം സൂക്ഷ്മപോഷകങ്ങളുമടങ്ങിയ മുട്ട പോഷക പ്രധാനമായ വിഭവം തന്നെയാണ്. പ്രോട്ടീൻ സമ്പന്നമാണ് മുട്ട. 100 ഗ്രാം കോഴിമുട്ടയിൽ ഏതാണ്ട് 12.56 ഗ്രാം പ്രോട്ടീനുണ്ട്. കൂടാതെ സിങ്ക്, സെലീനിയം, ടോകോഫെറോൾസ് തുടങ്ങിയ സൂക്ഷ്മപോഷകങ്ങളുമുണ്ട്. മുട്ടയിലെ മഞ്ഞക്കരുവിലെ കൊളസ്ട്രോളാണ് പ്രശ്നം.

ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്നു മാത്രം ഏകദേശം 200 മില്ലിയിലധികം കൊളസ്ട്രോളാണു ലഭിക്കുന്നത്. മുട്ട വെള്ള സുരക്ഷിതമാണ്. അതിൽ പ്രോട്ടീൻ മാത്രമേയുള്ളൂ. അന്നജവും കൊഴുപ്പുമില്ല. മഞ്ഞക്കരുവിലെ പൂരിത കൊഴുപ്പും അമിത കാലറിയുമാണ് ഹൃദയാരോഗ്യത്തിനു ഭീഷ‌ണിയാകുന്നത്.

ADVERTISEMENT

മുട്ട പൂർണമായി ഒഴിവാക്കണോ?

പോഷക സമൃദ്ധമായ മുട്ട പൂർണമായി ഒഴിവാക്കേണ്ടതില്ല. എന്നാൽ ഉപയോഗം നിയന്ത്രിക്കണം. കൊളസ്ട്രോളിന്റെ പ്രശ്നമുള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുകയാണു നല്ലത്. കൊളസ്ട്രോൾ ഇല്ലാത്തതും മാംസ്യസമ്പുഷ്ടവുമായ വെള്ള കഴിക്കാം.

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മുട്ട കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. കോഴിമുട്ടയിലുള്ളതിലും അധികം കൊളസ്ട്രോൾ താറാമുട്ടയിലുണ്ട്. അതുകൊണ്ട് കൊള സ്ട്രോൾ പ്രശ്നമുള്ളവർ താറാമുട്ട ഒഴിവാക്കണം. പാരമ്പര്യമായി കൊളസ്ട്രോൾ കൂടാനുള്ള സാധ്യതയുള്ളവരും പ്രമേഹമുള്ളവരും കൊളസ്ട്രോൾ നില നോർമലാണെങ്കിൽ പോലും മുട്ടയുടെ ഉപയോഗം പരിമിതമാക്കണം.

മുട്ട എങ്ങനെ കഴിക്കണം?

മുട്ടയുടെ ഉപയോഗം മിതമാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മുട്ടയുടെ പാചകരീതിയും. മുട്ട പൊരിച്ചോ ഓംലറ്റാക്കിയോ കഴിക്കുമ്പോൾ വേണ്ടതിലധികം എണ്ണ ചേരുന്നു. ഒരു ദിവസം നമുക്ക് 20 ഗ്രാം അല്ലെങ്കിൽ നാലു ചെറിയ സ്പൂൺ ആണ് പാചക എണ്ണയുടെ രൂപത്തിൽ ഉപയോഗിക്കാവുന്നത്. അതുകൊണ്ട് കൊളസ്ട്രോൾ അലട്ടുന്നവർ മുട്ട പുഴുങ്ങിക്കഴിക്കുന്നതാണ് നല്ലത്.

വെള്ള കഴിച്ചു മഞ്ഞക്കരു കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാം. മുട്ട ഒഴിവാക്കുന്നതോടൊപ്പം മുട്ട ചേർത്ത വിഭങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധിക്കണം. പലഹാരങ്ങളിലും ഡിസേർട്ടിലും മറ്റുമായി മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കാറുണ്ട്. ഒരു ഡിസേർട്ടിൽ അഞ്ചു മഞ്ഞക്കരു വരെ ചേർക്കാറുണ്ട്. അതുകൊണ്ട് കൊളസ്ട്രോൾ കൂടുതലുള്ളവർ ഡിസേർട്ടും ട്രാൻസ് ഫാറ്റ് കൂടുതലുള്ള കേക്ക്, കുക്കീസ്, ബേക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങൾ, ബേക്കറി പലഹാരങ്ങൾ ‌എന്നിവയും ഒഴിവാക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.ബി.പത്മകുമാര്‍ പ്രിൻസിപ്പൽ, ഗവ. മെഡിക്കല്‍ േകാളജ്, കൊല്ലം

English Summary:

Cholesterol is a concern for many, and managing it is vital for heart health. Dietary control and exercise are crucial in managing cholesterol levels, along with limiting egg yolk intake and high-fat foods.

ADVERTISEMENT