മനംമടുത്തു രാജിക്ക് ഒരുങ്ങുകയാണോ ? ജോലിയിലെ സമ്മർദവും മനംമടുപ്പും നേരിടാൻ ഇവ ശ്രദ്ധിക്കാം Understanding Job-Related Stress and Its Impact

Mail This Article
ജോലിയിൽ മുന്നോട്ടു പോകാൻ സാധ്യമല്ല എന്നു ചിന്തിച്ച് രാജി വയ്ക്കാനുള്ള പ്രവണത പലർക്കും ഉണ്ടാകാം. സമ്മർദം നേരിടാനാകാതെയും സഹായം ആരിൽ നിന്നു തേടണമെന്നറിയാതെയും ചെയ്തുകൂട്ടുന്ന പൊല്ലാപ്പുകളിൽ ഒന്നുമാത്രമാണത്. സമ്മർദം താങ്ങാനാകാതെ സ്വയം എരിഞ്ഞടങ്ങൽ (burnout) എന്ന പ്രതിഭാസത്തിന്റെ ലക്ഷണമാണിത്. സാഹചര്യം തിരിച്ചറിഞ്ഞില്ലെങ്കിൽ വിഷാദരോഗത്തിലേക്കോ ആത്മഹത്യയിലേക്കോ വരെ എത്തിപ്പെടാം.
സമ്മർദത്തിന്റെ ലക്ഷണങ്ങൾ
ഉറക്കക്കുറവ്, അമിത ഉത്കണ്ഠ, വിഷാദരോഗം, ലഹരി അടിമത്തം തുടങ്ങിയവ അമിത സമ്മർദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. മനോജന്യ ശാരീരിക രോഗങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പ്രമേഹം, അമിത രക്തസമ്മർദം, പെപ്റ്റിക് അൾസർ, സന്ധിവാതം, ആസ്മ, ഹൃദ്രോഗങ്ങ ൾ, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യതയും സമ്മർദമുള്ളവരിൽ ഏറെയാണ്.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരം ക്ഷീണിക്കുക, ഭക്ഷണം കഴിക്കാനോ ജോലിയിൽ ശ്രദ്ധിക്കാനോ താൽപര്യം തോന്നാതിരിക്കുക, ജോലിക്കു പോകാൻ മടി തോന്നുക എന്നിവയൊക്കെ ജോലി സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. വീട്ടിലും പുറത്തും അകാരണമായി ദേഷ്യപ്പെടുക, ശബ്ദം കേൾക്കുമ്പോൾ അസഹിഷ്ണുത, നെഞ്ചെരിച്ചിലും വയറിന് അസ്വസ്ഥതയും, അമിതമായി നെഞ്ചിടിപ്പും കൈകാൽ വിറയലും തുടങ്ങിയവയൊക്കെ കരുതലോടെ സമീപിക്കണം.
തിരിച്ചറിയാം, നേരിടാം
മാനസിക സമ്മർദവുമായി പൊരുത്തപ്പെടാനും അധിക സമ്മർദം നിയന്ത്രിക്കാനും ഒട്ടേറെ ടിപ്സ് ഉണ്ട്. ജീവിതത്തിൽ സമയക്രമീകരണം പാലിക്കുന്നതും ആരോഗ്യകരമായ ദിനചര്യ ശീലമാക്കുന്നതുമാണ് ഇതിൽ പ്രധാനം. എട്ടുമണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക, ദിവസേന ഒരു മണിക്കൂർ സൂര്യപ്രകാശം കൊണ്ടുതന്നെ വ്യായാമം ചെയ്യുക, ഒരു മണിക്കൂറെങ്കിലും കുട്ടികളോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തുക. ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. കുട്ടികളും പങ്കാളിയും പറയുന്ന കാര്യങ്ങളെ മുൻവിധിയോടെ തള്ളിക്കളയാതെ ക്ഷമാപൂർവം കേട്ട ശേഷം അഭിപ്രായം പറയാം. കുറ്റപ്പെടുത്താതെ പരിഹാരം നിർദേശിക്കുക എന്നതു പ്രധാനമാണ്.
ഔദ്യോഗിക കാര്യങ്ങൾ കഴിയുന്നതും വീട്ടിൽ വച്ചു ചെയ്യാതിരിക്കുക. സംഗീതമോ സാഹിത്യമോ പാചകമോ ചിത്രകലയോ കൃഷിയോ അടക്കം ഹോബികൾക്കു വേണ്ടി ആഴ്ചയിൽ മൂന്നു മണിക്കൂറെങ്കിലും നീക്കി വയ്ക്കാം. ആഴ്ചയിലൊരിക്കലെങ്കിലും കുടുംബസമേതം പുറത്തു പോകുന്നതും സമ്മർദം ലഘൂകരിക്കാൻ ഗുണകരമാകും.
മനസ്സും ശരീരവും
പങ്കാളിക്കു വേണ്ടി ദിവസേന അൽപസമയം മാറ്റിവയ്ക്കണം. സ്നേഹം നൽകുകയും അവരിൽ നിന്നു സ്നേഹം സ്വീകരിക്കുകയും ചെയ്യുന്നതു തെറപി പോലെ സമ്മർദമകറ്റുന്ന വഴിയാണ്. മക്കൾക്കു വേണ്ടി സമയം നീക്കി വയ്ക്കാനും മടി കാട്ടാതിരിക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്തു സ്വന്തം ജീവിത സാഹചര്യങ്ങളെ ഇകഴ്ത്തി കാണാതിരിക്കുക.
ആരോഗ്യകാര്യങ്ങളിൽ കൃത്യമായി ശ്രദ്ധ അത്യാവശ്യമാണ്. വാർധക്യത്തെ മുൻകൂട്ടി കണ്ട് ഹെൽത്ത് ഇൻഷുറൻസ് പോലുള്ളവയിൽ ചേരുക. കഴിഞ്ഞുപോയ സംഗതികളെ കുറിച്ചുള്ള വ്യാകുലതകളോ വരാനിരിക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള ആധികളോ ആണു പലപ്പോഴും ഇന്നിനെ ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കുന്നത്. ഇതു രണ്ടും മറന്നു മനസ്സിനെ ഫ്രീയാക്കി വിടുക.
മനോനിറവ് പരിശീലനവും (mindfulness training), ശ്വസന വ്യായാമങ്ങളും, ധ്യാനരീതികളും, വ്യായാമങ്ങളുമൊക്കെ ചേർന്ന ചിട്ടകൾ സമ്മർദം അകറ്റി ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സഹായം തേടാൻ മടിക്കേണ്ട
സമ്മർദം പരിധി വിടുന്നു എന്നു തോന്നിയാൽ വിദഗ്ധസഹായം തേടാൻ മടിക്കരുത്. ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ, വൈകാരിക നിയന്ത്രണം ഇല്ലായ്മ, ലഹരി അടിമത്തം തുടങ്ങിയ പ്രശ്നങ്ങൾ സ്വന്തം നിലയ്ക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം സ്വീകരിക്കുക.
മനസ്സ് എന്നതു തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക ആണെന്നും മാനസിക പ്രശ്നങ്ങളൊക്കെ തലച്ചോറിന്റെ പ്രവർത്തന വൈകല്യം കൊണ്ടുണ്ടാകുന്നതാണെന്നും തിരിച്ചറിയണം.
തലച്ചോറിൽ ക്രമം തെറ്റി കിടക്കുന്ന രാസവസ്തുക്കളുടെ അളവു ക്രമീകരിക്കാനുള്ള മരുന്നുകളാണു മാനസിക ആരോഗ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. മറ്റേതു രോഗവും പോലെ മാനസിക പ്രശ്നങ്ങളും ചികിത്സിച്ചു ഭേദമാക്കാം. ഇക്കാര്യം മനസ്സിലാക്കുകയും, സമ്മർദം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു സഹായം തേടുകയും ചെയ്യുക പ്രധാനമാണ്. പരിധി കടന്നുള്ള മാനസിക സമ്മർദം ശാരീരിക– മാനസികാരോഗ്യം പൂർണമായി തകർക്കുന്ന അവസ്ഥ ഒഴിവാക്കാൻ നമുക്കു കൈകോർക്കാം.
വിവരങ്ങൾക്കു കടപ്പാട്– ഡോ. അരുൺ ബി. നായർ, പ്രഫസർ (സൈക്യാട്രി), ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഓണററി കൺസൽറ്റന്റ് സൈക്കാട്രിസ്റ്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്)