കോപ്പർ ടി എത്രത്തോളം സുരക്ഷിതം ? മുലയൂട്ടുന്ന അമ്മയ്ക്ക് യോജിച്ച ഗർഭനിരോധന മാർഗം ഏത് ? അറിയാം കോൺട്രാസെപ്റ്റീവ്സിനെ കുറിച്ച്

Mail This Article
പല തരത്തിലുള്ള ഗർഭനിരോധന മാർഗങ്ങളുണ്ട്. ഓരോരുത്തരുടെയും അഭിരുചിയും സൗകര്യവും ആരോഗ്യസ്ഥിതിയും മുൻനിർത്തി യോജിച്ച മാർഗം തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനെ ‘കഫെറ്റീരിയ അപ്രോച്ച്’ എന്നു പറയും. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ (രക്താതിമർദം, പ്രമേഹം, മൈഗ്രേൻ, അപസ്മാരം, ലൂപസ് (എസ്എൽഇ), ഹൃദ്രോഗം എന്നിങ്ങനെ) ഒരു ഗൈനക്കോളജിസ്റ്റുമായി ചർച്ച ചെയ്തു വേണം ഉചിതമായ മാർഗം സ്വീകരിക്കാൻ.
മുലയൂട്ടുന്ന അമ്മമാരിൽ കൃത്യമായി ആർത്തവം വരാൻ ചിലപ്പോൾ ആറു മാസം മുതൽ ഒന്നര വർഷം വരെ സമയമെടുത്തേക്കാം. എങ്കിലും ഇവരിൽ കൃത്യമായി അല്ലെങ്കിൽ കൂടി അണ്ഡോൽപാദനം നടക്കാനും ഗർഭിണി ആകാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഉടനെ അടുത്ത കുട്ടി വേണ്ടാ എന്നു തീരുമാനിച്ചവർ ഗർഭനിരോധന മാർഗം ഉപയോഗിക്കേണ്ടതാണ്.
∙ കോപ്പർ ടി – ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുന്ന ഗർഭനിരോധന മാർഗം. 10 വർഷത്തെ കാലയളവാണ് ഉള്ളത്. അടുത്ത കുട്ടി വേണമെന്നു തീരുമാനിക്കുമ്പോൾ ഇതു നീക്കം ചെയ്ത് ഉടൻ തന്നെ ഗർഭം ധരിക്കാവുന്നതാണ്. 99 ശതമാനലധികം ഫലപ്രദമാണ് കോപ്പർ ടി. ഹോർമോൺ പാർശ്വഫലങ്ങളില്ല, മുലയൂട്ടലിനെ ബാധിക്കില്ല. CuT 380A സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നുണ്ട്.
∙ MIRENA – ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുന്ന പ്രൊജസ്ട്രോൺ അടങ്ങിയ ഗർഭനിരോധന മാർഗം. അമിത രക്തസ്രാവമുള്ളവരിൽ ബ്ലീഡിങ് കുറയ്ക്കാനും ഫലപ്രദമാണ്. അഞ്ചു വർഷം കാലാവധി. 3500 രൂപയോളം ചെലവ് വരും.
∙ DMPA ഇൻജക്ഷൻ – മൂന്നു മാസം കൂടുമ്പോൾ എടുക്കേണ്ട പ്രൊജസ്ട്രോൺ ഇൻജക്ഷൻ. ഒന്നോ രണ്ടോ വർഷം ഗർഭനിരോധനം ആവശ്യമുള്ളവർക്ക് നല്ല മാർഗമാണിത്. ചിലർക്ക് ആദ്യ മാസങ്ങളിൽ സ്പോട്ടിങ് ഉണ്ടാകാം. ഇൻജക്‌ഷൻ നിർത്തിയ ശേഷം ഗർഭധാരണത്തിനു ആറു മാസം വരെ സമയമെടുക്കാം.
∙ ഓറൽ കോൺട്രാസെപ്റ്റീവ് പിൽസ് – 35 വയസ്സിനു താഴെയുള്ളവരിൽ സുരക്ഷിതമായ ഓപ്ഷൻ. ശരീരഭാരം വർധിക്കുക, മുഖക്കുരു, തലവേദന എന്നിങ്ങനെ പാർശ്വഫലങ്ങളുണ്ടാകാം. കൃത്യമായി ഗുളിക കഴിക്കണം. മുലപ്പാലിന്റെ അളവു കുറയാൻ കാരണമാകാം.
∙ കോണ്ടം – കോണ്ടം പോലുള്ള ബാരിയർ മെതേഡ് ശ്രദ്ധയോടെ ഉപയോഗിക്കാം. കോണ്ടം പൊട്ടി പോയാൽ എമർജൻസി കോൺട്രാസെപ്റ്റീവ് പില്‍സ് വേണ്ടിവരാം. ഇവ തുടർച്ചയായി ഉപയോഗിക്കരുത്.
∙ ഇംപ്ലനോൺ ഇംപ്ലാന്റ്– ഒരു ചെറിയ റോഡ് കയ്യിൽ (Inner upper arm) ഇൻസേർട്ട് ചെയ്യും. ഇതു പ്രൊജസ്റ്റിൻ ഹോർമോണ്‍ രക്തത്തിലേക്കു റിലീസ് ചെയ്തു ഓവുലേഷൻ തടയും. മൂന്നു വർഷം കാലാവധിയുണ്ട്. ആർത്തവക്രമക്കേടുകൾ വരാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം