ADVERTISEMENT

മുഖം ഒരു വശത്തേക്കു കോടുക, വാക്കുകൾ ഉച്ചരിക്കുന്നതിൽ ബുദ്ധിമുട്ടു നേരിടുക, കൈകാലുകൾക്കു ബലം കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ നിസാരമായി കാണരുത്. ഇവ കുറച്ചു നിമിഷങ്ങൾക്കോ മണിക്കൂറുകൾക്കോ ശേഷം പൂർണമായും ഭേദപ്പെട്ടെങ്കിലും ആശ്വസിക്കാൻ വരട്ടെ. മിനി സ്ട്രോക്ക് എന്നറിയപ്പെടുന്ന ഈ അവസ്ഥ ശരീരം നൽകുന്ന സൂചനകളാണ്.

മിനി സ്ട്രോക്ക് എന്ന വില്ലൻ

stroke2
ADVERTISEMENT

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറച്ച് സമയം മാത്രം തടസ്സപ്പെടുമ്പോഴാണ് ‘മിനി സ്ട്രോക്ക്’ (Mini Stroke) അഥവാ TIA (Transient Ischemic Attack) സംഭവിക്കുന്നത്. മിനി സ്ട്രോക്ക് സംഭവിച്ചാൽ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ മേജർ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ എത്രയും വേഗം ആശുപത്രിയിൽ എത്തി പരിശോധനയും ചികിത്സയും നേടണം. ആരംഭത്തിൽ തന്നെ അസ്വസ്ഥതകൾ തിരിച്ചറിയുന്നതും കൃത്യസമയത്തു ശരിയായ ചികിത്സ ലഭിക്കുന്നതും സ്ട്രോക്കിനെ അതിജീവിക്കുന്നതിൽ ഏറെ പ്രധാനമാണ്.

സ്ട്രോക്കിനെ പ്രതിരോധിക്കാൻ അവബോധവും അഭിഭാഷണവും ഒരുമിച്ചുകൊണ്ടുവരേണ്ടതുണ്ട് എന്നതാണ് 2025ലെ ലോക സ്ട്രോക് ദിന സന്ദേശം: സ്ട്രോക്കിനു മുൻപു ശരീരം നൽകുന്നസൂചനകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാംപെയിനിന്റെ ലക്ഷ്യം.

ADVERTISEMENT

എന്താണ് സ്‌ട്രോക്ക്?

തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ ര ക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു പെട്ടെന്നുണ്ടാകുന്ന ആഘാതമാണു സ്‌ട്രോക്ക്. രണ്ടുതരം സ്ട്രോക്കുകളാണ് സാധാരണ കണ്ടുവരുന്നത്.

ADVERTISEMENT

ഇഷിമിക് (ischemic) സ്‌ട്രോക്ക് : രക്തധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്‌ട്രോക്ക് ആണ്.

ഹെമൊറാജിക് (haemorrhagic) സ്‌ട്രോക്ക് : രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്. ഇഷിമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമൊറാജിക് സ്‌ട്രോക്ക്.

stroke3

മരണസംഖ്യ കൂടുതൽ സ്ത്രീകളിൽ

പുരുഷന്മാരിലാണു സ്ട്രോക്കിനുള്ള സാധ്യത കൂടുതലെങ്കിലും അതിന്റെ പാർശ്വഫലങ്ങളുടെ കാഠിന്യവും മരണസംഖ്യയും കൂടുതൽ സ്ത്രീകളിലാണ്. സാധാരണ 55 വയസ്സ് കഴിഞ്ഞവരിലാണു സ്ട്രോക്ക് കൂടുതലായും കാണുന്നത്. സ്ത്രീകളിൽ 20 മുതൽ 29 വയസ്സുവരെയും 85 വയസ്സിനു ശേഷവും സ്ട്രോക്ക് സാധ്യത അധികമാണ്.

ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്.

അമിത രക്തസമ്മര്‍ദ്ദം, പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ്, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവരിലും ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരിലും ഹൃദയമിടിപ്പു ക്രമം അല്ലാത്തവരിലും സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി, അമിത വണ്ണം, ഉയർന്ന രക്തസമ്മർദം, മാനസികസമ്മർദം എന്നിവയാണു ചെറുപ്പക്കാരിൽ വില്ലനാകുന്നത്. ഇതുകൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തംകട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും ചെറുപ്പകാലത്തെ സ്‌ട്രോക്ക് ഉണ്ടാകാം. കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയവയുടെ ഉപയോഗം സ്ട്രോക്ക് സാധ്യത കൂട്ടും.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

മിക്ക സ്ട്രോക്കുകളും ജീവിതശൈലി മാറ്റങ്ങൾ കൊണ്ടും രോഗങ്ങൾ നിയന്ത്രിച്ചും തടയാൻ സാധിക്കും.

  • രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുക.
  • ദിവസവും കുറഞ്ഞതു മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.
  • വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫൂഡ് എന്നിവ പരമാവധി ഒഴിവാക്കുക.
  • ഹൃദയ– സൗഹൃദ ഭക്ഷണങ്ങളായ പഴം, പച്ചക്കറി, മീൻ, മുഴധാന്യങ്ങൾ മുതലായവ ധാരാളം കഴിക്കണം.
  • പുകയില ഉൽപന്നങ്ങൾ, മദ്യം തുടങ്ങിയവയുടെ ഉപയോഗം നിർ‌ബന്ധമായും ഒഴിവാക്കുക.
  • ബോഡി മാസ്സ് ഇൻഡെക്സ് ഇരുപത്തിയഞ്ചിൽ താഴെ നിർത്തുക
  • മാനസിക സമ്മർദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവ പിന്തുടരാം
  • ഹൃദയാരോഗ്യം പരിശോധിച്ചു പ്രശ്നമൊന്നുമില്ലെന്ന് ഉ റപ്പുവരുത്തുക.
  • ദിവസം 7–8 മണിക്കൂർ ഉറങ്ങുക. ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത കൂട്ടും.

വീട്ടിൽ ചെയ്യാം BE FAST & SMILE പരിശോധനകൾ

ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത് ബി ഫാസ്റ്റ് (BE FAST) ടെസ്റ്റ് ആണ്

  • B- പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ
  • E- eye : പെട്ടെന്നു കാഴ്ച്ച മങ്ങുന്നതു പോലെയോ രണ്ടായി കാണുന്നതു പോലെയോ തോന്നുക
  • F- face : രോഗിയോടു ചിരിക്കാൻ പറയുക. ഒരു വശത്തേക്കു കോടുന്നുണ്ടോ എന്നു നിരീക്ഷിക്കുക.
  • A – Arms : രണ്ടു കൈകളും ഉയർത്താൻ പറയുക. സ്ട്രോക് ആണെങ്കിൽ ഒരു കൈ താഴേക്കു വീഴും.
  • S – Speech : ഒരു ലളിതമായ വാചകം പറയാൻ പറയുക. വാക്കുകൾ കിട്ടാതെയോ കുഴഞ്ഞോ ഉച്ചരിക്കാം.
  • T – Time : ഈ ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ ഉ ടൻ ആശുപത്രിയിൽ എത്തിക്കുക.

സ്ട്രോക്കിന്റെ തുടക്കത്തിൽ ലക്ഷണം കണ്ടെത്താൻ ഉള്ള ലളിതമായ പരിശോധനയാണ് സ്മൈൽ ടെസ്റ്റ്. രോഗിയോടു ചിരിക്കാൻ പറയുക. ഒരു വശത്തേക്കു കോടി പോകുന്നതു പോലെ തോന്നിയാൽ അതു മുഖനാഡി ദൗർബല്യമാണെന്നു മനസ്സിലാക്കുക.

stroke4

സ്ട്രോക്കിലെ ഗോൾഡൻ അവർ

സ്ട്രോക്ക് സംഭവിച്ചത്തിനുശേഷമുള്ള ആദ്യത്തെ നാലര മണിക്കൂറാണ് ‘ഗോൾഡൻ അവർ’ എന്ന് അറിയപ്പെടുന്നത്. ഈ സമയത്തു രോഗിയെ ശരിയായ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയനാക്കുന്നതു നിർണായകമാണ്. ‌രക്തയോട്ടം തടസ്സപ്പെടുമ്പോൾ ബ്രെയിൻ സെല്ലുകൾ വളരെ വേഗം നശിക്കുന്നു. ഓരോ മിനിറ്റിലും ലക്ഷക്കണക്കിനു നാഡീകോശങ്ങളാണു നഷ്ടപ്പെടുക.

സ്ട്രോക്ക് വന്നാലുടൻ രോഗിയെ ആശുപത്രിയിൽ എത്തിച്ച് ഗോൾഡൻ അവറിൽ ചികിത്സ നൽകുന്നത് ജീവൻ രക്ഷിക്കുന്നതിലും വൈകല്യമൊഴിവാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.

സ്ട്രോക്കിന് ശേഷവും ജീവിക്കാം

സ്ട്രോക്കിനു ശേഷമുള്ള വീണ്ടെടുപ്പ് (recovery) ഓരോ മനുഷ്യരിലും വ്യത്യസ്തമാണ്. ലക്ഷണങ്ങളുടെ സ്വഭാവം, ചികിത്സ കിട്ടിയ സമയം, രോഗിയുടെ ആരോഗ്യനില എന്നിവയെ ആശ്രയിച്ചാണു പുരോഗതി.

സ്ട്രോക്കിന് ശേഷം വീണ്ടെടുപ്പു യഥാർഥത്തിൽ പുതുജീവിതമാണ്. ഒരു കുഞ്ഞു പിച്ചവയ്ക്കുന്നതുപോലെ മാത്രമേ രോഗിക്കു ജീവിതത്തിലേക്കു മടങ്ങിയെത്താൻ സാധിക്കുകയുള്ളൂ. ശരിയായ ചികിത്സ, തെറപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവ ലഭിച്ചാൽ രോഗി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. വീണ്ടെടുപ്പു ഘട്ടങ്ങളെ മൂന്നായി തിരിക്കാം

1.ആദ്യകാലം (Acute phase)

∙ആശുപത്രിയിലെ ചികിത്സ. ജീവൻ രക്ഷിക്കുന്നതു മുതൽ തലച്ചോറിലെ കേടുപാടുകൾ കുറയ്ക്കുന്നതുവരെ ഈ ഘട്ടത്തിലാണ്.

2. വീണ്ടെടുപ്പ് (Rehabilitation phase)

∙ ഫിസിയോതെറപ്പിയിലൂടെ കൈ,കാലുകളുടെ ശക്തി, ബാലൻസ് എന്നിവ വീണ്ടെടുക്കാം.

∙ ഒക്യുപ്പേഷനൽ തെറപി വഴി നടത്തം, ഭക്ഷണം കഴിക്കേണ്ട രീതി തുടങ്ങി ദിവസവും ചെയ്യേണ്ടവ പഠിക്കാം.

∙ സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു സ്പീച്ച് തെറപ്പിയും വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കു സ്വാളോവിങ്ങ് തെറപിയും നൽകാം.

∙ വിഷാദം, ആശങ്ക, ഓർമക്കുറവ് എന്നിവയുള്ളവർക്കു മാനസിക പിന്തുണയാണ് അത്യാവശ്യം.

3. ദീർഘകാലം (Long-term recovery)

ചിലർക്കു മാസങ്ങൾക്കുള്ളിൽ നല്ല പുരോഗതി ഉണ്ടാകും. എന്നാൽ, ചിലരിൽ ഇതു വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വൈകല്യങ്ങൾക്കു കാരണമായേക്കാം. കൃത്യമായ മരുന്ന്, ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ സ്ട്രോക്കിന്റെ തുടർസാധ്യത തടയാനാകും.

വിവരങ്ങൾക്കു കടപ്പാട്

ഡോ കൃഷ്ണശ്രീ കെ.എസ്.,അസോഷ്യേറ്റ് കൺസൽറ്റന്റ്,

ന്യൂറോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം

ADVERTISEMENT