ഫോണിനും വെള്ളത്തിനും എന്താണ് തലവേദനക്കാര്യത്തിൽ എന്ത് പങ്കെന്നോ? അറിയാം ഈ നിശ്ബ്ദ വില്ലന്മാരെ Dehydration and Over Usage of Phone: The Silent Causes Behind Headaches
Mail This Article
ഉറക്കക്കുറവ്, വെയിൽ കൊള്ളുക, ഏറെ നേരം വലിയ ശബ്ദം കേട്ടുകൊണ്ടിരിക്കുക തുടങ്ങി തലവേദന വരാനുള്ള ചില ‘സ്ഥിരം’ കാരണങ്ങളുണ്ട്. ഇതിനും അപ്പുറം നമ്മൾ അത്ര ഗൗരവമായി കാണാത്ത കാരണങ്ങൾ കൊണ്ടും തലവേദന ബുദ്ധിമുട്ടിക്കാം. അവയിൽ ചിലതിനെ കുറിച്ച് വായിക്കാം...
ഫോൺ വില്ലനാകാതിരിക്കാൻ
ജോലി, പഠനം തുടങ്ങി പലതിനും ഇന്ന് ഫോൺ ഉപയോഗം തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഫോൺ മാറ്റിവയ്ക്കുക എന്നത് പലർക്കും പ്രയോഗകമായൊരു വഴിയല്ല. എന്നിരുന്നാലും ഗാഡ്ജറ്റുകൾ ഉപയോഗിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം മെച്ചപ്പെടുത്താം.
– പത്ത് മിനിറ്റിൽ കൂടുതൽ നേരം തുടർച്ചയായി സ്ക്രീൻ നോക്കാതിരിക്കുക.
– സ്ക്രീനിന്റെ ബ്രൈറ്റ്നെസ് കുറയ്ക്കുക.
– കണ്ണിന് നേരേ വച്ച് മാത്രം സ്ക്രീൻ നോക്കാൻ ശ്രമിക്കുക.
– മൊബൈൽ ഉപയോഗത്തിന് സമയം ക്രമപ്പെടുത്തുക. എല്ലാം ഫോണിൽ ചെയ്യുന്ന രീതി സൗകര്യപ്രദമാണ്, എന്നാൽ ഇത് നമ്മളെ കൂടുതൽ സ്ക്രീൻ അഡിക്റ്റുമാക്കും. കൂടുതൽ നേരം അതിൽ ചിലവഴിക്കാൻ തോന്നും. കുറച്ച് കാര്യങ്ങൾ കംപ്യൂട്ടർ വഴി മാത്രമേ ചെയ്യൂ എന്ന് തീരുമാനിക്കാം.
– രാത്രി കിടന്നുള്ള മൊബാൽ ഉപയോഗം വേണ്ട. കഴിവതും ഇരുന്ന് മാത്രം ഫോൺ ഉപയോഗിക്കുക.
– രാത്രി ലൈറ്റ് അണച്ചിട്ട് ഫോൺ നോക്കുന്നത് കണ്ണിനും തലയ്ക്കും ഒക്കെ അപകടമുണ്ടാക്കും.
– സ്ക്രീൻ ധാരാളം ഉപയോഗിക്കുന്നവർ പ്ലെയിൻ ഗ്ലാസെങ്കിലും ഉപയോഗിക്കുക. പറ്റുന്നവർ ആന്റി–ഗ്ലെയർ ഗ്ലാസ് ഉപയോഗിക്കുക.
വെള്ളം കുടി മറക്കാതിരിക്കാം
വെള്ളം കുടിയും തലവേദനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പനിയും മറ്റും വരുമ്പോൾ അനുബന്ധമായി വരുന്ന തലവേദനയ്ക്കുള്ള പ്രധാന കാരണമായി പറയുന്നത് നിർജ്ജലീകരണമാണ്. വെള്ളം ആവശ്യത്തിന് കുടിക്കാതിരുന്നാൽ രക്തം കട്ടിയാകും അതിന്റെ സഞ്ചാരം തന്നെ ബുദ്ധിമുട്ടാകും. അത് തലവേദനയുണ്ടാക്കും. രക്തം കട്ടിയാകാതെ തടസമില്ലാതെ ഒഴുകുമ്പോഴാണ് നമുക്ക് ഊർജ്ജസ്വലതയും ഉൻമേഷവും കിട്ടുക. 8–10 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം.
പനിയും വയറിളക്കവുമൊക്കെയുണ്ടെങ്കിൽ അതിനനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടണം.
കടപ്പാട്: ഡോ. ഹരികൃഷ്ണൻ
എച്ച്.ഒ.ഡി.,, ഇന്റേണൽ മെഡിസിൻ ആന്റ് ഹേമറ്റോളജി, ഗവ. മെഡിക്കൽ കോളജ്, ഇടുക്കി
