ADVERTISEMENT

നേരത്തെ കണ്ടെത്താവുന്നതും ഫലപ്രദമായിചികിൽസിക്കാൻ പറ്റുന്നതുമായ കാൻസറാണു സ്തനാർബുദം. അതേസമയം ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്നതും സ്തനാർബുദമാണ്. അതിനാലാണ് ഒക്ടോബർ മാസം സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്നത്.

ആരൊക്കെയാണു സ്തനാർബുദത്തെ ശ്രദ്ധിക്കേണ്ടത് ?‌

ADVERTISEMENT

ഒരിക്കൽ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്കു രണ്ടാമതും വരാനുള്ള സാധ്യത കൂടുതലാണ്. അർബുദമല്ലാത്ത മുഴകൾ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ സ്‌തനാർബുദമായി മാറാനുള്ള സാധ്യതയുമുണ്ട്.

12 വയസ്സിനു മുൻപ് ആർത്തവം ആരംഭിച്ചവർക്കും 55 വയസ്സിനു ശേഷം ആർത്തവവിരാമം സംഭവിച്ചവർക്കും സ്തനാർബുദ സാധ്യത കൂടുതലാണ്. ഹോർമോണുകൾ കൂടുതൽ കാലം ശരീരത്തിൽ നിലനിൽക്കുന്നതാണ് ഇതിന്റെ കാരണം. BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഉ ള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ കാൻസറിനുള്ള സാധ്യത കൂടുതലാണ്.

ADVERTISEMENT

അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ് ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്.

30 വയസ്സിനു മുമ്പു നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് പിന്നീട് ജീവിതത്തിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകൾക്കും സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട്.

ADVERTISEMENT

സ്തനാർബുദം തടയാനാകുമോ ?

ആർത്തവവിരാമത്തിനു ശേഷം അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം ഉള്ളവർക്കു സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അവർ കരുതലെടുത്തു വണ്ണം കുറയ്ക്കണം. ചില ഹോർമോൺ ചികിത്സകൾ സ്തനാർബുദ സാധ്യത വർധിപ്പിച്ചേക്കാം. അത്തരം ചികിത്സകൾക്കു വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം.

കോൺട്രാസെപ്റ്റീവ് ഗുളികകൾ ശ്രദ്ധയോടെ എടുക്കാം. ഇത്തരം ഗുളികകളുടെ അമിതമായ ഉപയോഗം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യപാനവും പുകവലിയും പാസ്സീവ് സ്മോക്കിങ്ങും സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു.

കുടുംബാംഗങ്ങൾക്കു സ്തനാർബുദമോ അണ്ഡാശയ കാൻസറോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടെസ്റ്റുകൾ നടത്തി നിങ്ങളുടെ ജീനുകളിലെ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാം.

ലക്ഷണങ്ങൾ എന്തൊക്കെ ?

സ്തനത്തിലോ കക്ഷത്തിലോ മുഴ, ചർമത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം, മുലക്കണ്ണിന്റെ ഭാഗത്തോ സ്തനത്തിലോ ചുവപ്പ് നിറം, അടർന്നു പോവുന്ന രീതിയിലുള്ള ചർമം, മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണിന്റെ ഭാഗത്തുള്ള വേദന, രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്, സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ മാറ്റം, വേദന എന്നിവ കണ്ടാൽ  ഡോക്ടറെ കാണാൻ മടിക്കരുത്.

സ്വയം സ്തനപരിശോധന എങ്ങനെ?

  • കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും, അരയിൽ കൈ വച്ചും കണ്ണാടിയുടെ മുന്നിൽ നിന്നു സ്തനങ്ങ ൾക്കു വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറവ്യത്യാസമുണ്ടോ എന്നും നോക്കുക.
  • കണ്ണാടിയുടെ മുന്നിൽ നിന്നു കൈകൾ ഉയർത്തി സ്തനത്തിലും ചർമത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
  • കിടന്നശേഷം വലതുകൈ കൊണ്ട് ഇടതുസ്തനത്തിൽ അമർത്തി മുഴകൾ ഉണ്ടോ എന്നു പരിശോധിക്കുക. ഇതേ രീതിയിൽ ഇടതുവശവും പരിശോധിക്കുക.
    വലതുകൈ കൊണ്ട് ഇടതുകക്ഷവും ഇടതുകൈ കൊണ്ടു വലതുകക്ഷവും പരിശോധിക്കുക. ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. വിരലുകളുടെ ഉൾഭാഗം കൊണ്ടു വൃത്താകൃതിയിൽ സ്പർശിച്ചു മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
  • സ്തനഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്നു നോക്കുക.

എന്താണ് സ്തനാർബുദ സ്ക്രീനിങ് ?

രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുൻപുതന്നെ സ്തനങ്ങളിൽ കാൻസറുണ്ടോ എന്നു പരിശോധിക്കുന്ന ടെസ്റ്റാണിത്. ഈ സ്ക്രീനിങ് രീതിയിൽ ഒരു ഡോക്ടറോ ട്രെയിൻഡ് നഴ്‌സോ കൈകൾ ഉപയോഗിച്ച് മാറിടം പരിശോധിക്കും. മൂന്നു മുതൽ ആറു മാസം കൂടുമ്പോൾ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ ചെയേണ്ടതാണ്.

breastcancerquestionsandanswersvanitha2

മാമോഗ്രാം എന്തിന് ?

സ്തനത്തിന്റെ എക്സ്റേ ചിത്രമാണു മാമോഗ്രാം. സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ ഇതു സഹായിക്കും. 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ രണ്ടു വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്നാണു വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

സ്തനാർബുദ സാധ്യതയുള്ള വിഭാഗത്തിൽ പെടുന്നവർ നിർബന്ധമായും വർഷത്തിൽ ഒരിക്കൽ മാമോഗ്രാം ചെയ്യണം. ആർത്തവം വരുന്നതിനു മുൻപുള്ള ആഴ്‌ചയോ ആർത്തവ സമയത്തോ മാമോഗ്രാം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. പരിശോധന നടത്തുന്ന ദിവസം ഡിയോഡറന്റ്, പെർഫ്യൂം, പൗഡർ എന്നിവ ഉപയോഗിക്കരുത്.

സ്തനാർബുദ സാധ്യത കൂടുതലുള്ള സ്ത്രീകളെ പരിശോധിക്കാൻ മാമോഗ്രാമിനൊപ്പം ബ്രെസ്റ്റ് എംആർഐയും ഉപയോഗിക്കുന്നു.

പുരുഷന്മാരിൽ സ്തനാർബുദം വരുമോ ?

പുരുഷന്മാർക്കും സ്തനാർബുദം വരാം. 100 സ്തനാർബുദ ങ്ങളിൽ ഒരെണ്ണം പുരുഷനിൽ കാണപ്പെടുന്നു എന്നാണു പഠനങ്ങൾ പറയുന്നത്.

പുരുഷന്മാരിൽ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്- സ്തനത്തിൽ ഒരു മുഴ അല്ലെങ്കിൽ വീക്കം, ചുവപ്പ് അല്ലെങ്കിൽ അടരുന്ന ചർമം, മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്, മുലക്കണ്ണിൽ വേദന. കാൻസർ അല്ലാത്ത അവസ്ഥകളിലും ഈ ലക്ഷണങ്ങൾ വരാം.

അതിനാൽ ലക്ഷണങ്ങളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

പുരുഷന്മാരിൽ സ്തനാർബുദ സാധ്യത ഉണ്ടാക്കുന്ന ഘടകങ്ങൾ എന്തൊക്കെ ?

പ്രായം, ജനിതകമാറ്റങ്ങൾ, സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം, അമിതഭാരം, പൊണ്ണത്തടി എന്നിവയ്ക്കൊപ്പം നെഞ്ചിൽ റേഡിയേഷൻ തെറപി നടത്തിയവർക്കും, പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിക്കാൻ ഈസ്ട്രജൻ അടങ്ങിയ മരുന്നുകൾ എടുത്തവർക്കും സ്തനാർബുദ സാധ്യത വരാം. എക്സ് ക്രോമസോം കൂടുതലുള്ള അപൂർവ ജനിതക അവസ്ഥയുള്ളവർക്കും വൃഷണങ്ങളെ ബാധിക്കുന്ന ചില അവസ്ഥകളും പുരുഷന്മാരിലെ സ്തനാർബുദ സാധ്യത വർധിപ്പിക്കും.

പുരുഷന്മാരിൽ ആൻഡ്രോജന്റെ അളവു കുറയ്ക്കുകയും  ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്ന രോഗമാണു ലിവർ സിറോസിസ്. ഈ അവസ്ഥ സ്തനാർബുദ സാധ്യത വർധിപ്പിക്കും.

ചികിത്സ  എങ്ങനെ ?

സ്തനാർബുദ ചികിത്സയ്ക്കായി വിവിധ സ്പെഷാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർ പലപ്പോഴും ഒരുമിച്ചു പ്രവർത്തിക്കുന്നു. ഓപ്പറേഷൻ നടത്തുന്ന ഡോക്ടർമാരാണ് സർജന്മാർ. കാൻസറിനെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ. റേഡിയേഷൻ ഉപയോഗിച്ച് കാൻസറിനെ ചികിത്സിക്കുന്ന ഡോക്ടറാണ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്.

അർബുദത്തിന്റെ തരത്തെയും വ്യാപനത്തെയും അടിസ്ഥാനമാക്കി പല തരത്തിലാണു സ്തനാർബുദ ചികിത്സ  നടത്തുന്നത്. കാൻസർ കോശങ്ങളെ ചുരുക്കാനോ നശിപ്പിക്കാനോ പ്രത്യേക മരുന്നുകൾ ഉപയോഗിച്ചു നടത്തുന്ന ചികിത്സയാണ് കീമോ തെറപി. കാൻസർ കോശങ്ങൾക്കു വളരാൻ ആവശ്യമായ ഹോർമോണുകൾ ലഭിക്കുന്നതു തടയുന്ന രീതിയാണു ഹോർമോൺ തെറപി. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജ രശ്മികൾ (എക്‌സ്റേയ്ക്ക് സമാനമായി) ഉപയോഗിക്കുന്ന ചികിത്സയാണ് റേഡിയേഷൻ തെറപി.

എന്താണ് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ?

സ്തനാർബുദത്തിൽ സാധാരണയായി കാണപ്പെടുന്ന റിസപ്റ്ററുകളൊന്നും ഇല്ലാത്ത അവസ്ഥയാണ് ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ. സാധാരണ കാൻസറുകളിൽ റിസപ്റ്ററുകൾ എന്നു വിളിക്കപ്പെടുന്ന മൂന്നു തരം ലോക്കുകൾ ഉണ്ടായിരിക്കാം-സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, ഹ്യൂമൻ എപിഡെർമൽ ഗ്രോത്ത് ഫാക്ടർ (HER2) എന്ന പ്രോട്ടീൻ ഇവയൊക്കെയാണ് ആ ലോക്കുകൾ.

ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ആ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഡോക്ടർമാർക്കു താക്കോലുകളുമുണ്ട്. എന്നാൽ, ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദത്തിൽ ഈ മൂന്നു ലോക്കുകളും ഉണ്ടാകില്ല. അതായതു ചികിത്സയ്ക്കായി താക്കോലുകൾ കുറവാണ് എന്നർഥം. കീമോതെറപി, മുഴ നീക്കം ചെയ്യാനുള്ള സർജറി തുടങ്ങിയവയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.  സ്തനത്തിൽ നിന്നു മുഴയും അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്ന സർജറിയാണ് ലംപെക്ടമി. മുഴുവൻ സ്തനവും എടുത്തു കളയുന്ന സർജറിയാണ് മാസ്റ്റെക്ടമി.

സ്തനാർബുദ സാധ്യത എങ്ങനെ കുറയ്ക്കാം ?

ആരോഗ്യകരമായ ഭാരം നിലനിർത്തുക, മദ്യവും പുകവലിയും ഒഴിവാക്കുക, ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കുക.

Can Breast Cancer Be Prevented?:

Breast cancer is a treatable cancer if detected early, but it is also the most common cancer worldwide. October is observed globally to raise awareness about breast cancer and to educate people about preventive measures and early detection. Who should pay attention to Breast Cancer ? How to perform self-breast examination ? What are the symptoms of Breast Cancer ?

ADVERTISEMENT