ADVERTISEMENT

ചുമയ്ക്കുക, തുമ്മുക, ചിരിക്കുക, ഭാരം ഉയർത്തുക എന്നിങ്ങനെ വയറിനുള്ളിൽ മർദം കൂടുന്ന അവസരങ്ങളിൽ (ചിലർക്ക് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ പോലും) മൂത്രം നിയന്ത്രിക്കാൻ കഴിയാതെ തുള്ളികളായി പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. സ്ട്രെസ് ഇൻകോൺടിനൻസ് എന്നാണ് ഇതിനെ പറയുന്നത്.

മൂത്രനാളിയെയും മൂത്രസഞ്ചി മൂത്രനാളിയുമായി ചേരുന്ന ഭാഗത്തെയും സപ്പോർട് ചെയ്യുന്നത് ആ ഭാഗത്തുള്ള സ്ഫിങ്റ്റർ, ഫേഷിയ, പെൽവിക് ‍ഫ്ലോർ മസിൽസ് എന്നിവയാണ്. പല കാരണങ്ങളാൽ ഇവ ബലഹീനമാകുന്നു. മൂത്രം പോകുന്നതിന്റെ അളവ് എത്രത്തോളം ബലക്ഷയം സംഭവിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. ആർത്തവ വിരാമമാകുമ്പോൾ ഈസ്ട്രജന്റെ അഭാവത്തിൽ പെൽവിക് ഫ്ലോർ മസിലും ഫേഷിയയും കൂടുതൽ ബലഹീനമാകുകയും ലക്ഷണങ്ങള്‍ കൂടുകയും ചെയ്യാം.

ADVERTISEMENT

അമിതവണ്ണം, പ്രസവം (പ്രസവസമയത്തെ ചെറിയ പരിക്കുകളും പേശികളിലുണ്ടായ വലിച്ചിലും കാരണം), തുടർച്ചയായ മലബന്ധം, ആർത്തവവിരാമം, ഈസ്ട്രജൻ ഹോർമോൺ അപര്യാപ്തത എന്നിവയാണു പ്രധാന കാരണങ്ങൾ. കൃത്യമായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ‌ബ്ലാഡർ ഡയറി വയ്ക്കാം. എപ്പോൾ എത്ര പ്രാവശ്യം, എത്ര അളവിൽ മൂത്രം പോകുന്നു എന്നത് മൂന്നു-ഏഴു ദിവസം വരെ ഈ ഡയറിയിൽ കുറിച്ചിടാം. ഇതു ഡോക്ടറെ കാണിക്കുക. കൂടാതെ കഫ് സ്ട്രെസ് ടെസ്റ്റ് ചെയ്യാം. അണുബാധയുണ്ടോ എന്നും പരിശോധിക്കാം.

ആവശ്യമെങ്കിൽ ഇൻകോൺടിനൻസ് പാഡ്, ഡയപ്പർ എന്നിവ ഉപയോഗിക്കാം. ആർത്തവവിരാമം ആകാത്തവരിൽ കീഗൽ വ്യായാമം (Kegal Exercise) നല്ലതാണ്. മൂത്രമൊഴിച്ചശേഷം ഇരുന്നോ കിടന്നോ ഈ വ്യായാമം ചെയ്യാം. മൂത്രം പിടിച്ചു നിർത്താൻ സഹായിക്കുന്ന പെൽവിക് ഫ്ലോർ പേശികളെ മൂന്നു - അഞ്ചു സെക്കൻഡ് മുറുക്കിപിടിച്ചശേഷം അയച്ചുവിടുക. ഒരു ദിവസം 24 തവണ വീതം ആറാഴ്ച ഇതു ചെയ്യാം. മരുന്ന്, മിനിമൽ ഇൻവേസീവ് സർജറി, ലാപ്രോസ്കോപിക് സർജറി എന്നിവ പ്രശ്നത്തിന്റെ തീവ്രതയനുസരിച്ചു ഡോക്ടർക്കു നിർദേശിക്കാനാകും.

ADVERTISEMENT

പുതിയ ലക്കം വനിതയിൽ കൂടുതൽ വായിക്കാം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

Shewellness
ADVERTISEMENT
ADVERTISEMENT