പല്ലിൽ കട്ടിയായി വരുന്ന മഞ്ഞ നിറമുള്ള പ്ലാക് വില്ലനാവാതെ നോക്കാം... മോണരോഗങ്ങൾ അകറ്റി നിർത്താനുള്ള വഴികളറിയാം... Effective Oral Hygiene Practices for Healthy Gums
Mail This Article
പല്ലിന്റെ കാര്യം വരുമ്പോൾ പലരും തുടക്കത്തിലുള്ള നിറം മാറ്റവും വേദനയും ഒക്കെ അവഗണിച്ച് ഒടുക്കം പല്ലു വേദന ഉറക്കം കെടുത്തുമ്പോഴാണ് ദന്തരോഗവിദഗ്ധരുടെ അടുത്തേക്ക് പായുക. അതിനു പകരം ദൈനംദിന ചര്യകളിൽ അൽപ്പം മാറ്റങ്ങൾ വരുത്തി സമയത്തിന് ദന്ത ഡോക്ടറെ കണ്ട് വേണ്ട പരിചണങ്ങൾ നൽകിയാൽ മോണരോഗങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താം. വ്യപകമായി മോണ രോഗങ്ങൾ കാണാറുണ്ടെങ്കിലും മിക്കവാറും പേരും അവയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകാറില്ല.
എന്താണ് മോണ രോഗം?
വായ തുറക്കുമ്പോൾ നമ്മൾ കാണുന്നത് പല്ലിന്റെ ക്രൗൺ ഭാഗം മാത്രമാണ്. താഴേക്ക് ഇതിന്റെ രണ്ടിരട്ടി നീളത്തിൽ വേരുകൾ എല്ലുകളിലുണ്ട്. ഇതിനെ മറച്ച് സംരക്ഷിക്കുന്ന ഭാഗമാണ് മോണ. അതിനുണ്ടാകുന്ന അണുബാധയാണ് മോണരോഗം എന്ന് ലളിതമായി പറയാം.
ലക്ഷണങ്ങൾ എന്തൊക്കെ?
മോണയ്ക്ക് ചുവപ്പു നിറം
പല്ലു തേയ്ക്കുമ്പോൾ മോണയിൽ നിന്നും രക്തം വരിക
പല്ലുകൾക്കിടയിൽ വിടവ് വരിക
പല്ലിന്റെ അറ്റം കാണും വരെ മോണ ഇറങ്ങി പോകുക
മോണ വീക്കം
വായ് നാറ്റം
പല്ലിളകി പോകുക
വായയുടെ ആകെപ്പാടെയുള്ള ശുചിത്വമില്ലായ്മയാണ് മോണരോഗങ്ങൾ വരാനുള്ള പ്രധാന കാരണം. ഭക്ഷണം കഴിച്ചു കഴിഞ്ഞ് നന്നായി വായ വൃത്തിയാക്കിയില്ലെങ്കിൽ മൃദുവായ ഭക്ഷണ പദാർഥങ്ങൾ പല്ലിന്റേയും മോണയുടേയും ഇടയിൽ പറ്റിപ്പിടിച്ചിരിക്കും. ഇത്തരം ഭക്ഷണ ഡെപ്പോസിറ്റുകളെയാണ് ‘പ്ലാക്’ എന്ന് വിളിക്കുന്നത്. അത് കട്ടിയാകുന്തോറും അത് കാൽക്കുലസ് അഥവ ഇത്തൽ ആയി രൂപാന്തരപ്പെടും. ഇവ ബാക്ടീരികളുടെ വാസസ്ഥലമാണ്. ഈ ബാക്ടീരികൾ പല്ലിന്റെ ഇനാമലിനെ വരെ സാരമായി ബാധിക്കുന്ന ആസിഡുകൾ ഉണ്ടാക്കും. പ്ലാക് കൂടുന്നതനുസരിച്ച് മോണരോഗം വരാനുള്ള സാധ്യതയും കൂടുമെന്നോർക്കാം.
മോണരോഗം കൂടുതലായി വരുന്നത് ആർക്കൊക്കെ?
പുകവലിക്കാർ
ലഘു ഭക്ഷണമോ പ്രധാന ഭക്ഷണമോ കഴിച്ചിട്ട് വായ നന്നായി കഴുകാത്തവർ
പ്രമേഹരോഗികളിൽ
രക്ത സംബന്ധമായ വ്യതിയാനങ്ങൾ ഉള്ളവർ
ഹോർമോണൽ വ്യതിയാനങ്ങൾ ഉള്ളവരിൽ
ചില മരുന്നുകൾ ദീർഘകാലം കഴിക്കുന്നവരിൽ
വിറ്റാമിൻ അപര്യപ്തതയുള്ളവർ
സ്ട്രെസ്സിനടിമപ്പെട്ടവർ
ഗർഭം ധരിച്ചവർ
വായയുടെ ആരോഗ്യം നിലനിർത്താനായി മോണരോഗമുള്ളവർ, പല്ലിൽ പ്ലാക് അടിഞ്ഞിട്ടുള്ളവർ ദന്തരോഗ വിദഗ്ധരുടെ അടുത്ത് പോയി പല്ലു വൃത്തിയാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം ഡന്റിസ്റ്റ് പരിശോധിച്ചിട്ട് ആവശ്യമെങ്കിൽ ഡീപ് ക്ലീനിങ്ങ് കൂടി ചെയ്യും. രോഗാവസ്ഥയ്ക്കനുസരിച്ച് മരുന്നുകളും മൗത്ത് വാഷും തന്നേക്കാം. അതിതീവ്രമായ മോണരോഗങ്ങൾ പരിഹരിക്കാനും പല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കാനും പ്ലാക് സർജറി, ബോൺഗ്രാഫ്റ്റ്, ഡെന്റൽ മെമ്പറെയ്ൻ എന്നിവയും നിർദേശിക്കാം.
പല്ലുകളുടെ പൊതു ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കഴിവതും രാത്രിയും പകലുമായി ദിവസവും രണ്ടു നേരം പല്ലു തേക്കുക
വലുതും ചെറുതുമായി എന്ത് ഭക്ഷണം കഴിച്ചാലും വായ കുലുക്കുഴിഞ്ഞ് കഴുകുന്നത് ശീലിക്കാം.
ഇടയ്ക്കൊക്കെ ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് വായിൽ അൽപ നേരം പിടിച്ചിട്ട് കളയുന്നത് നല്ലതാണ്.
ആറുമാസത്തിലൊരിക്കൽ ദന്തരോഗ വിദഗ്ധരുടെയടുക്കൽ പോയി പല്ല് ക്ലീൻ ചെയ്യുന്നതും പല്ലുകൾ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും.
കടപ്പാട്: ഡോ. ബാലു സോമൻ, ഡന്റൽ സർജൻ, സോമൻസ് സ്പെഷ്യാലിറ്റി ഡന്റൽ ക്ലിനിക്, കൊച്ചി.
