ADVERTISEMENT

കാണുന്നതെല്ലാം കരുതലല്ല

ചർമസംരക്ഷണത്തിനു മികച്ച പ്രാധാന്യം നൽകാറുണ്ടു മിക്കവരും. പക്ഷേ, ആധികാരികതയില്ലാത്ത ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പറയുന്നതു കേട്ടു പരീക്ഷണങ്ങൾ നടത്തി അലർജിയും കുരുക്കളുമായി നിരവധിപേർ ചർമരോഗവിദഗ്ധരുടെ അടുക്കലെത്തുന്നു. 

ചർമ സംരക്ഷണത്തിനായി ലളിതമായി ചില കാര്യങ്ങൾ ചെയ്താൽ മതി. മുഖചർമത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഫെയ്സ്‌വാഷ് ഉപയോഗിക്കുക, ആവശ്യമെങ്കിൽ മോയിസ്ചറൈസർ പുരട്ടുക, പതിവായി സൺ സ്ക്രീൻ ഉപയോഗിക്കുക.  

∙ ചർമപരിപാലനത്തിനുള്ള എന്തും ഉപയോഗിക്കും മുൻപു ഡോക്ടറെ കണ്ട് ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്നു ചോദിച്ചു മനസ്സിലാക്കുക. പ്രായവും ഓരോരുത്തരുടെയും ചർമാവസ്ഥയും കാലാവസ്ഥയും ഒക്കെ മനസ്സിലാക്കിയിട്ടു വേണം ദൈനംദിനം വേണ്ട ചർമസംരക്ഷണം നിശ്ചയിക്കേണ്ടത്. 

∙ പിഗ്‌മെന്റേഷൻ പ്രശ്നമുണ്ടെങ്കിൽ വൈറ്റമിൻ സി ചർമസംരക്ഷണത്തിൽ ഉൾപ്പെടുത്താം. 

∙ പ്രായാധിക്യത്തിന്റെ ലക്ഷണം വീണ ചർമമാണെങ്കിൽ രാത്രി റെറ്റിനോള്‍ അടങ്ങിയ സീറം ഉപയോഗിക്കാം. റെറ്റിനോൾ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. മുഖത്തു മുഴുവൻ ഉപയോഗിക്കും മുൻപ് ഏതെങ്കിലും ഒരു ഭാഗത്തു പുരട്ടി പരിശോധിച്ചുറപ്പിക്കാം. 

∙ മുഖക്കുരു ഉള്ളവർക്കു നിയാസിനമൈഡുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാം. കുറച്ചു കൂടി പ്രായമായ ചർമക്കാർക്ക് ഹയലറോണിക് ആസിഡ് ഉള്ള മോയിസ്ചറൈസർ നിർദേശിക്കാറുണ്ട്. 

∙ പ്രചാരമുള്ള ചർമസംരക്ഷണ രീതിയാണ് ‘എഎം – പിഎം റുട്ടീൻ’. ചില ചര്‍മ സംരക്ഷണ രീതികൾ രാവിലെ (എഎം) മാത്രമേ പറ്റൂ. ചിലതിനാകട്ടേ വെളിച്ചത്തോടുള്ള പ്രതികരണശേഷി കൂടുതലായിരിക്കും. അവ രാത്രി മാത്രമേ ഉപയോഗിക്കാവൂ. എഎമ്മിൽ സൺസ്ക്രീനുകളും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന മരുന്നുകളും ശീലിക്കാം 

∙ പല വസ്തുക്കൾ ഒരുമിച്ചിടേണ്ടി വരുമ്പോൾ ‘സാൻവിച്ച്’ ടെക്നിക് ഉപയോഗിക്കാം. മോയിസ്ചറൈസറിനു ശേഷം ചർമത്തിനനുയോജ്യമായ മരുന്ന്/ ആസിഡ് ഉപയോഗിച്ചിട്ട് അതിനു പുറമെ സൺസ്ക്രീൻ ഇടാം. 

∙ ഏതു പ്രോഡക്റ്റ് ആദ്യം ഇടണം എന്നു സംശയം വന്നാൽ മൃദുലമായതിൽ നിന്ന് കട്ടിയുള്ളവയിലേക്കു പോകുക. സീറം പോലുള്ളവ ആദ്യം മുഖത്തിടാം. പിന്നീട് കട്ടിയായവ പുരട്ടാം. 

നൂറോളം മറുകുണ്ടെങ്കിൽ

പൊതുവേ ഇന്ത്യൻ ചർമത്തിൽ മറുകുകൾ/ കാക്കപ്പുള്ളി വരുന്നതു തികച്ചും സാധാരണമാണ്. വിദേശികളെ അപേക്ഷിച്ചു നമുക്ക് അവ അത്ര പ്രശ്നക്കാരാകാറുമില്ല. എന്നിരുന്നാലും ഒരുപാടു മറുകുള്ളവർക്കു (നൂറിൽ കൂടുതലുള്ളവർക്ക്) മെലനോമ എന്ന കാൻസർ റിസ്ക് കൂടുതലാണ്. 

മറുകിനു പെട്ടെന്നു വലുപ്പം കൂടുക, ചൊറിച്ചിൽ അനുഭവപ്പെടുക, രൂപവ്യത്യാസം വരിക തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറെ കാണിച്ചു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാം. ജനിതകമായി മറുകുകൾ കൂടുതലുള്ളവർ അത്ര ഭയപ്പെടേണ്ടതില്ല. 

അധികം വെയിൽ കൊള്ളാതിരിക്കുകയും സ ൺസ്ക്രീനിന്റെ ഉപയോഗവും മറുകുകളുടെ എ ണ്ണം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. മുഖത്തും മറ്റും മറുകുകളുണ്ടെങ്കിൽ ലേസർ ചികിത്സ വഴിയോ സർജറി വഴിയോ അവ നീക്കം ചെയ്യാം. 

ചില മരുന്നുകളുടെ ഉപയോഗം മൂലം മറുകുകൾ കൂടി വരാറുണ്ട്. പ്രത്യേകിച്ചു കാൻസറിനുള്ള മരുന്നുകൾ. പക്ഷേ, മരുന്നുകൾ നിർത്തുന്നതോടെ അ വയുടെ എണ്ണം കുറയുന്നതും കാണാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സൗമ്യ ജഗദീശൻ വിവേക്, പ്രഫസർ, ഡെർമറ്റോളജി, അമൃത ഹോസ്പിറ്റൽ, എറണാകുളം. 

ADVERTISEMENT