ADVERTISEMENT

അഞ്ച് ത്വക് രോഗങ്ങൾക്കുള്ള ആയുർവേദ പരിഹാരവും ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ പുലർത്തേണ്ട കാര്യങ്ങളും...

ചർമപ്രശ്നം ഏതുമാകട്ടെ, ആയുർവേദത്തിൽ കാണിച്ചു നോക്കൂ എന്നൊരു വായ്മൊഴിയുണ്ട്. സമയം കുറച്ചധികമെടുത്താലും പൂർണമായും നീക്കാനാകുമെന്ന പ്രതീക്ഷയാണ് ഈ വായ്മൊഴിയുടെ പിൻബലം.

ADVERTISEMENT

ആയുർവേദ പ്രകാരം ത്വക് രോഗം ഉണ്ടാകാനുള്ള മുഖ്യ കാരണം വിരുദ്ധങ്ങളായ ആഹാര വിഹാര മാനസിക ചര്യകളാണ്. ശരീരത്തിലെ വാത – പിത്ത – കഫ ദോഷങ്ങളും ധാതു സംബന്ധമായ അസന്തുലിതാവസ്ഥയും രോഗകാരണമാകും.  

കാലാവസ്ഥ വ്യതിയാനങ്ങൾ, ദേശ–കാല – ഋതു വ്യത്യാസങ്ങൾ ഇവയും ച ർമത്തെ പല തരത്തിൽ ബാധിക്കാം. പൊതുവേ കണ്ടുവരുന്ന അഞ്ചു ത്വക് രോഗങ്ങളും അവയ്ക്കുള്ള ആയുർവേദ പരിഹാരവും അറിയാം.  

ADVERTISEMENT

മൃദുലമാക്കാം ചർമം

ചർമം വരണ്ടും  തിളക്കമില്ലാതെ മ ങ്ങിയുമിരിക്കുന്ന അവസ്ഥയാണു വരണ്ട ചർമം. വെളുത്ത പൊടി പോ ലെ ചർമത്തിൽ കാണപ്പെടുകയും ചെയ്യും. ചൊറിച്ചിലും അനുഭവപ്പെടാം. കാലുകൾ, കൈകൾ, മുഖം എന്നീ ഭാഗങ്ങളിലാണു വരണ്ട ചർമം കൂടുലായി അലട്ടുക.  

ADVERTISEMENT

പരിഹാരം

അലർജി  മൂലമോ മറ്റു രോഗങ്ങളോട് അനുബന്ധിച്ചോ വരുന്ന വരണ്ട ചർമം അല്ല എന്നു ഡോക്ടറെ കണ്ട് ഉറപ്പുവരുത്തിയതിനു ശേഷമാണ് ചികിത്സ ആരംഭിക്കേണ്ടത്.

 ഏലാദി കേര തൈലം, ദിനേശ വല്യാദി കേര തൈലം, ദശപുഷ്പ കേര തൈലം, പിണ്ഡ തൈലം എന്നിവ ചർമത്തിന്റെ ഘടനയ്ക്കനുസരിച്ചു ഡോക്ടറുടെ നിർദേശാ  നുസരണം പുറമേ പുരട്ടി കുളിക്കാവുന്നതാണ്.

അധികം ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളം ചർമവരൾച്ച അധികമാക്കുന്നതിനാൽ ഇളം ചൂടു വെള്ളത്തിൽ കുളിക്കുക. കുളിക്കുന്ന സമയം പത്തു മിനിറ്റിൽ കൂടേണ്ട. അധികം മണമുള്ളതും പതയുള്ളതുമായ സോപ്പും ക്ലെൻസറും ഒഴിവാക്കുക.

തേങ്ങാപ്പിണ്ണാക്ക്, ഓട്മീൽ, പയറുപൊടി എന്നിവ നന്നായി പൊടിച്ചു വെള്ളത്തിൽ കുഴച്ചു സോപ്പിനു പകരം  ഉപയോഗിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.

അതിനു ശേഷം മോയിസ്ചറൈസറോ ഏലാദി ക്രീമോ പുരട്ടാം. സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.

ആഹാരത്തിൽ ആന്റി ഓക്സിഡന്റ്സ്, ഒമേഗ 3 എന്നിവ ധാരാളം ഉൾപ്പെടുത്തണം.

ഇളം ചൂടു കഞ്ഞിയിൽ നെയ്യ് ചേർത്തു കഴിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കാനും ഓർക്കുക.  

പരിപാലന കൂട്ടുകൾ

∙ വെളിച്ചെണ്ണയിൽ  കറ്റാർവാഴയുടെ കാമ്പു  യോജിപ്പിച്ചു ദേഹത്തു പുരട്ടി 20 മിനിറ്റിനു ശേഷം കുളിക്കാം.

∙ ഒരു അവക്കാഡോ അരച്ചതിൽ ഒരു വലിയ സ്പൂൺ ഉരുക്കു വെളിച്ചെണ്ണയും അര വലിയ സ്പൂൺ തേനും ചേർത്തു മാസ്ക് ആക്കി ഉപയോഗിക്കാവുന്നതാണ്.

മുഖത്ത് ഇരുളിമയോ ?

നിരവധി പേരെ അലട്ടുന്ന ചർമപ്രശ്നമാണു ഹൈപ്പർ പിഗ്‌മന്റേഷൻ. തവിട്ടു നിറം കലർന്ന പാടുകൾ കവിളുകളിലോ നെറ്റിയിലോ മുഖത്തു മുഴുവനായോ വ്യാപിക്കുന്നതായി കാണാം. ചിലപ്പോൾ ചർമത്തിന്റെ ടെക്സ്ചറിലും മാറ്റം വരാം. സൂര്യപ്രകാശം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ കാരണം ഈ രോഗാവസ്ഥ വരാം.

ചിലപ്പോൾ പാടുകൾ   കുറച്ചു ദിവസങ്ങളിൽ രൂപം മാറുകയും പരക്കുകയും ചെയ്യാം. ഇത് ആന്തരിക പ്രശ്നങ്ങളോ അലർജിയോ പൂപ്പൽ ബാധയോ ആകാൻ സാധ്യതയുണ്ട്.

പരിഹാരം

രോഗാവസ്ഥയുടെ കാരണം ഡോക്ടറെ കണ്ടു കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.  

ധാരാളം വെള്ളം കുടിക്കുക, ശരീരത്തിലെ ചൂട് ക്രമീകരിക്കുക, എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കുക. ശരീരം തണുപ്പിക്കുന്ന ആഹാരവും പഴങ്ങളും ധാരാളം കഴിക്കാം. അമിതമായ ഉറക്കമൊഴിയൽ, കൃത്യതയില്ലാത്ത ആഹാരം നിയന്ത്രണം എന്നിവയും ഹൈപ്പർ പിഗ്‌മന്റേഷനു  കാരണമാകാം.

നാൽപാമരാദി കേരം, ഖജിതപിണ്ഡ തൈലം, ശതധൗതഘൃതം എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

പരിപാലന കൂട്ടുകൾ

∙ ഇരട്ടിമധുരം പാലിൽ കുറുക്കി ചൂടാറിയതിനു ശേഷം മുഖത്തു പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയുക.

∙ മഞ്ചട്ടിക്കോൽ, നീർമരുത് എന്നിവ പൊടിച്ചു പാലിൽ കുറുക്കി മുഖലേപമായി ഉപയോഗിക്കാം.

∙ രക്തചന്ദനം, മഞ്ജിഷ്ട ചൂർണം എന്നിവ പനിനീരിൽ ചാലിച്ചു മുഖത്ത് പുരട്ടാവുന്നതാണ്.  

മുഖക്കുരു മായും

കൗമാരക്കാരിൽ കൂടുതലായി കണ്ടുവരുന്ന ചർമപ്രശ്നമാണു മുഖക്കുരു (Acne). മുഖക്കുരുവിന്റെ ആദ്യഘട്ടം മുഖത്തു ചെറിയ ചുവപ്പു പാടുകളായി തുടങ്ങി വേദനയോടു കൂടിയ കുരുക്കളായി മാറുന്നു. ചില മുഖക്കുരുകളിൽ മുകളിലെ ഭാഗം വെള്ളയും അതിനു ചുറ്റുമുള്ള ഭാഗം ചുവപ്പും ആയിരിക്കും. ഇത് അണുബാധയുടെ ലക്ഷണമാകാം.

മുഖക്കുരു ഉള്ളവരിൽ മുഖത്തും മറ്റും സെബത്തിന്റെ അളവ് (എണ്ണമയം) കൂടുതലായിരിക്കും. ഇതു മൂലം മുഖത്തെ രോമകൂപങ്ങൾ അടഞ്ഞു ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും രൂപപ്പെടുന്നു. ഇ തിൽ ബാക്ടീരിയൽ അ ണുബാധ ഉണ്ടാകുമ്പോഴാണ് മുഖക്കുരുവായി മാറുന്നത്. കുരുക്കൾ പൊട്ടിയ ശേഷം അവയുടെ ഭാഗത്തു കറുത്ത പാടുകൾ രൂപപ്പെടാം.

താരൻ മൂലവും മുഖക്കുരു ഉണ്ടാകാമെന്നതിനാൽ മുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധ വേണം. ഹോർമോൺ വ്യതിയാനം കൊണ്ടും ആർത്തവ ക്രമക്കേടുകൾ കൊണ്ടും മുഖക്കുരു വരാം. അതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുക.

പരിഹാരം  

എണ്ണമയം ഉള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ തൈര്, അ ച്ചാർ എന്നിവയുടെ ഉപയോഗം ക്രമീകരിക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വിയർത്തതിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക. അധികമായി വെയിലേൽക്കാതെ ശ്രദ്ധിക്കണം. ഫെയ്സ് സ്ക്രബുകളുടെ ഉപയോഗം ഒഴിവാക്കുക. ഇടയ്ക്കിടെ മുഖക്കുരുവിൽ തൊടുകയും പൊട്ടിക്കുകയും ചെയ്യുന്ന ശീലം വേണ്ട.  

നിംബാദി കഷായം, വരണാദി കഷായം, പുനർന്നവാദി കഷായം, ത്രായന്ത്യാദി കഷായം, കൈശോര ഗുൽഗുലു, കാഞ്ചനാര ഗുൽഗുലു, അവിപത്തി ചൂർണം, മാണിഭദ്രഗുളം എന്നിവ വൈദ്യ നിർദേശാനുസരണം ഉപയോഗിക്കാം.

മുഖക്കുരു അധികമായിട്ടുള്ള അവസ്ഥയിൽ അട്ട ചികിത്സ (ലീച് തെറാപ്പി) വളരെ ഫലപ്രദമാണ്.

പരിപാലന കൂട്ടുകൾ

∙ മുഖക്കുരുവിന്റെ ആദ്യ അവസ്ഥയിലും പഴുപ്പുള്ളപ്പോഴും ലേപങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. പകരം ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളമോ ത്രിഫലാദി ചൂർണം ഇട്ടു തിളപ്പിച്ച വെള്ളമോ ചൂടാറിയശേഷം തലയും മുഖവും കഴുകാനായി ഉപയോഗിക്കാം.

∙ പഴുപ്പില്ലാത്ത മുഖക്കുരുവില്‍ ത്രിഫല ചൂർണമോ ലോദ്രാധി ചൂർണമോ  ഇളം  ചൂടുവെള്ളത്തിൽ കുഴച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.

∙ കച്ചോലം അരച്ചതു കട്ടിയുള്ള മുഖക്കുരുവിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം.  

∙ ആര്യവേപ്പില,  ത്രിഫല ചൂർണം ഏലാദി ചൂർണം എന്നിവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ആവി കൊണ്ടു മുഖം വിയർപ്പിച്ചതിനു ശേഷം വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും നീക്കം ചെയ്യാവുന്നതാണ്.

വെള്ളപ്പാണ്ടിന് പരിഹാരം

വെള്ളപ്പാണ്ട് (Vitiligo) എന്നതു ചർമത്തിന്റെ നിറം നിർണയിക്കുന്ന മെലനിൻ നഷ്ടമാകുന്നതിലൂടെ ഉണ്ടാകുന്ന ത്വക്ക് രോഗം ആണ്. ചെറിയ വെളുത്ത പാടുകളായി ആരംഭിച്ചു ക്രമാതീതമായി വ്യാപിക്കുകയും ചെയ്യാം.

ഇതു രോഗിയുടെ ആരോഗ്യത്തിനു ഹാനികരമല്ലെങ്കിലും മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

പാടുകൾ സാധാരണയായി മുഖം, കൈ, കാൽ, ചുണ്ട്, കവിൾ, നാസാപ്രദേശം തുടങ്ങിയ ഇടങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം വ്യാപിച്ചു വലുതാകുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പരക്കുകയും ചെയ്യാം.

ചർമത്തിനൊപ്പം രോമങ്ങളും വെളുത്ത നിറത്തിലാകാം. ചൊറിച്ചിൽ വരാനും  സൂര്യ പ്രകാശം ഏൽക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് പാടുകൾ മാറാനും സാധ്യതയുണ്ട്.

പരിഹാരം

ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ചിത്രകാസവം, ഗോമൂത്രാസവം, ചിലവില്വാതി കഷായം, നിർഗുണ്ട്യാതി കഷായം, മാണിഭദ്ര ഗുളം, ആരഗ്വധ മഹാതിക്തക ഘൃതം ഇവ വൈദ്യ നിർദേശപ്രകാരം അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്. അവൽഗുജബീജാദി ചൂർണം ഉപയോഗിച്ചുള്ള ചികിത്സയുമുണ്ട്. ഇതിനും വൈദ്യനിർദേശം അത്യന്താപേക്ഷികമാണ്.

സൂര്യപ്രകാശം ഏൽക്കുകയും ദഹന പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കുകയും വേണം. വെള്ളം ധാരാളം കുടിക്കുക.

പ്രതിരോധശക്തി കൂട്ടുന്ന ആ ഹാരം ശീലമാക്കാം. ഇലക്കറികൾ, ഈന്തപ്പഴം, പഴവർഗങ്ങൾ പ്രത്യേകിച്ചു വാഴപ്പഴം, ആപ്പിൾ, കിഴങ്ങ് വർഗങ്ങൾ പ്രത്യേകിച്ചു ബീറ്റ്റൂട്ട്, കാരറ്റ്, റാഡിഷ് മുതലായവ നല്ലതാണ്.

മദ്യപാനം പൂർണമായും ഒഴിവാക്കണം. അച്ചാറുകൾ, പുളിരസം കൂടുതലുള്ള പഴങ്ങൾ,  തൈര്, കോഫി, ജങ്ക് ഫൂഡ്, തക്കാളി, ഉഴുന്ന് ചേർന്ന ആഹാരം എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക. വ്യക്തിഗത ഭക്ഷണ നിയന്ത്രണവും വേണം.  

‘കാക്കപ്പുള്ളി’ രോഗമല്ല

മുഖത്തു പുള്ളികുത്തുന്ന കാക്കപ്പുള്ളി/കറുത്ത കുത്തുകൾ (freckles) മുഖത്തും പുറമേ കാണുന്ന മറ്റു ചർമഭാഗങ്ങളിലും കാണപ്പെടാം. പ്രധാനമായും കവിളിലും മൂക്കിലും. സൂര്യപ്രകാശം ഏറ്റതിനു ശേഷം ചർമത്തിലെ പിഗ്‌മന്റേഷൻ ക്രമം തകരുമ്പോഴാണ് ഇ വ രൂപപ്പെടുക. ചിലർക്ക് ഇതു പാരമ്പര്യമായും വരാം.

കാക്കപ്പുള്ളികൾ കറുത്തതോ തവിട്ടുനിറത്തോടു കൂടിയതോ ആയിരിക്കും. ചിലർക്കു ശക്തമായ സൂര്യപ്രകാശം നേരിട്ട് ഏൽക്കുമ്പോൾ മാത്രമേ പാടുകൾ തെളിയുകയുള്ളു. വേനൽക്കാലത്തു കൂടുതൽ തിളക്കത്തോടെ  കാണപ്പെടുകയും ചെയ്യാം. 

സാരമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ വേദനയിലേക്കോ നയിക്കാത്ത അവസ്ഥയാണിത്. ചർമത്തിന്റെ ഉപരിതലത്തിൽ മാത്രമുള്ള ചെറിയ നിറവ്യത്യാസം ആയതിനാൽ രോഗം എന്നതിലുപരി, സൗന്ദര്യപ്രശ്നം എന്ന നിലയിലാണ്കാണാറുള്ളത്.   

സൂര്യപ്രകാശത്തിൽ അധികസമയം ചെലവഴിക്കുന്നവർക്കും സൺസ്ക്രീൻ ഉപയോഗിക്കാത്തവർക്കും പാടുകൾ വേഗത്തിൽ ഇരുണ്ടതാകാം. 

പരിഹാരം  

ശരീരത്തിന്റെ ചൂടു നിയന്ത്രിക്കണം. ഗുളുച്യാദി കഷായം, ശാരിബാദ്യാസവം, ഉശീരാസവം, ചന്ദനാസവം, അ വിപത്തി ചൂർണം എന്നിവ വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

പുറമെ ഉള്ള ലേപനങ്ങൾ വലിയ മാറ്റം വരുത്താറില്ല. നാല്പാമരാദി കേരതൈലം, കുങ്കുമാദിതൈലം എന്നിവ പുറമെ പുരട്ടാം.

പരിപാലന കൂട്ടുകൾ

∙ രക്തചന്ദനം, മഞ്ജിഷ്ട ചൂർണം പനിനീരിൽ ചലിച്ചു പുറമെ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകുക.

∙ യഷ്ടിചൂർണമോ ഗുളുച്യാദി കഷായ സൂക്ഷ്മ ചൂർണമോ പാലിൽ കുറുക്കി തണുത്തതിനു ശേഷം പുറമെ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. 

ADVERTISEMENT