ചർമ സംരക്ഷണം എസ്ഐപി പോലെയാണ്. ചെറിയ തുക ചിട്ടയായ ക്രമത്തിൽ നിക്ഷേപിച്ചു വലിയൊരു സമ്പാദ്യം നേടുക. അതേ രീതി ചർമകാന്തിയുടെ സംരക്ഷണത്തിലും പിന്തുടരാം.
സ്കിൻ കെയർ ഉൽപന്നങ്ങളിൽ കുറച്ചു പണവും സമയവും നിക്ഷേപിക്കുന്ന രീതിയാണു ‘സ്കിൻവെസ്റ്റ്മെന്റ്’. നല്ല നിക്ഷേപ പോർട്ഫോളിയോ തിരഞ്ഞെടുക്കാൻ വിദഗ്ധ സഹായം തേടുന്ന കരുതൽ ഇക്കാര്യത്തിലും വേണം. അലട്ടുന്ന പ്രശ്നങ്ങൾ, ചർമസ്വഭാവം ഇവ പരിഗണിച്ചു ചർമത്തിനിണങ്ങുന്ന ഉൽപന്നങ്ങൾ വിദഗ്ധ നിർദേശത്തോടെ ഉപയോഗിച്ചു തുടങ്ങാം.
∙ 30–35 വയസ്സാകുമ്പോൾ സൗന്ദര്യവർധക ഉൽപന്നങ്ങൾ റിവ്യൂ ചെയ്യണം. കാലം മാറിയതിനൊപ്പം ചർമസ്വഭാവവും മാറാം. എണ്ണമയമുള്ള ചർമക്കാർ വരണ്ട ചർമത്തിലേക്കു മാറിയോ സാധാരണ ചർമമുള്ളവർ കോംബിനേഷന്‍ സ്കിൻ ആയോ എന്നെല്ലാം വിലയിരുത്തണം.
∙ വരണ്ട ചർമപ്രകൃതം ഉള്ളവർക്കാണു വേഗത്തിൽ ചുളിവ് വീഴുന്നത്. മോയിസ്ചറൈസേഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയേ വേണ്ട. രാവിലെയും വൈകിട്ടും മോയിസ്ചറൈസർ പുരട്ടണം. മുഖം കഴുകാൻ സോപ്പ് മാറ്റി ഫെയ്സ് വാഷ് ഉപയോഗിച്ചു നോക്കൂ. മാറ്റം വേഗമറിയാം.
∙ സൂര്യപ്രകാശവും കൊളാജനും തമ്മിൽ അത്ര രസത്തിലല്ല. അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കൽ ഡാമേജ് ചർമത്തിലെ കൊളാജൻ നശിപ്പിക്കും. ചുളിവുകൾ വരാം, ചർമം അയയാം. പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എസ്പിഎഫ് 30+ സൺസ്ക്രീൻ ഉപയോഗിക്കണം. നാലു മണിക്കൂര്‍ ഇടവേളയിൽ വീണ്ടും പുരട്ടാം.
∙ 30 കഴിഞ്ഞാൽ പിന്നെ, കൂടെയുണ്ടാകണം സീറം. പിഗ്‌മന്റേഷൻ അകറ്റുന്ന വൈറ്റമിൻ സി, ജലാംശം നിലനിർത്തുന്ന ഹയലറോണിക് ആസിഡ്, മൃദുത്വമേകുന്ന നിയാസിനമൈഡ് എന്നിങ്ങനെ ഓപ്ഷനുകൾ നിരവധിയുണ്ട്.
∙ രാത്രി റെറ്റിനോൾ പുരട്ടുന്നതു ശീലമാക്കിയാൽ ചുളിവുകൾ വരാതെ കാക്കാം. മുഖക്കുരുവുള്ളവർക്ക് റെറ്റിനോൾ ഇണങ്ങണമെന്നില്ല. ചർമത്തെ അറിഞ്ഞ് ഉപയോഗിച്ചു തുടങ്ങാം.
∙ ചർമത്തിന്റെ കവചത്തിനുള്ള കാവൽക്കാരാണ് സിറമൈഡ്സ് എന്ന നാചുറൽ ലിപിഡ്. പ്രായം കൂടുന്നതിന് അനുസരിച്ചു സിറമൈഡ്സ് നശിച്ചു തുടങ്ങും. അതിനാൽ ഇതടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കാം.
വേണമീ നിക്ഷേപങ്ങളും
∙ കണ്ണിനു ചുറ്റുമുള്ള ചർമം നേർത്തതാണ്. ചുളിവുകൾ വേഗമെത്തും. പതിവായി അണ്ടർ ഐ ക്രീം പുരട്ടുക വഴി ഈ പ്രശ്നവും കണ്ണിനു ചുറ്റുമുള്ള തടിപ്പും കരിവാളിപ്പും തടയാം.
∙ യങ് ലുക്കിൽ ചുണ്ടുകൾക്കുമുണ്ട് പങ്ക്. പകൽ എസ്പിഎഫ് അടങ്ങിയ ലിപ് ബാമും രാത്രിയിൽ ഹൈഡ്രേറ്റിങ് ലിപ് ബാമും പുരട്ടാം. ആഴ്ചയിലൊരിക്കൽ ലിപ് എ ക്സ്ഫോളിയേറ്റിങ് സ്ക്രബും ഹൈഡ്രേറ്റിങ് മാസ്ക്കും ഉപയോഗിക്കാം.
∙ മുഖത്തിനു മാത്രമല്ല കഴുത്തിനും കൈകാലുകൾക്കും വേണം പരിചരണം. കുളി കഴിഞ്ഞു വന്നാൽ ഈർപ്പത്തോടെ തന്നെ മോയിസ്ചറൈസർ പുരട്ടാം. മുഖത്തിനു നൽകുന്ന അതേ പരിഗണന കഴുത്തിനും നൽകണം. കഴുത്തിലെ ചർമം അയയുന്നതു പ്രായം തോന്നിപ്പിക്കും.
∙ എന്നും മുടി കഴുകുന്നതു ശിരോചർമത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. അധികം വിയർക്കുന്നില്ലെങ്കിൽ തലകഴുകൽ രണ്ടു ദിവസത്തിലൊരിക്കൽ മതി.
∙ ഹെയർ കളർ ചെയ്താൽ നര കൂടുമോ എന്ന ടെൻഷൻ വേണ്ട. പിപിഡി, അമോണിയ എന്നിവയടങ്ങാത്ത ഹെയർ കളർ ഉപയോഗിക്കാം. മാസത്തിലൊരിക്കൽ മതി കളറിങ്.
∙ ഹെയർ കളർ ഉപയോഗിക്കുന്ന ചിലരുടെ മുഖത്ത് പിഗ്‌മന്റേഷൻ വരാം. തല കഴുകുന്ന വെള്ളം ചർമത്തിൽ വീഴാതെ നോക്കണം. ശരീരവും മുഖവും തുടയ്ക്കാനും തല തോർത്താനും പ്രത്യേകം ടവ്വൽ ഉപയോഗിക്കുക.
∙ മാസത്തിൽ ഒരിക്കൽ ഹെയർ സ്പായോ പ്രോട്ടീൻ ട്രീറ്റ്മെന്റോ നൽകി മുടിയെ സ്നേഹിക്കാനും മടിക്കേണ്ട. മസാജിന്റെ ഉന്മേഷവും കരുത്തുറ്റ മുടിയും സ്വന്തമാകും.